
ശാസ്ത്രീയ ഗവേഷണത്തിൽ അടിസ്ഥാന ധാർമ്മിക തത്വങ്ങൾ എങ്ങിനെ പ്രയോഗിക്കുമെന്ന സമസ്യയാണ് ഗവേഷണ നൈതികത (research ethics) കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിന്റെ പൊതുവായ ധാർമ്മിക പ്രശ്നങ്ങളിൽ പരീക്ഷണ വസ്തുക്കളായി മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുമ്പോഴുള്ള പ്രശ്നങ്ങളും, ഗവേഷണത്തിന്റെ രൂപകല്പനയും നടപ്പാക്കുന്ന രീതിയും വ്യാഖ്യാനവും ഉൾപ്പെടുന്നു. വഞ്ചന, കോപ്പിയടി, അനുചിതമായ സമ്പ്രദായങ്ങൾ തുടങ്ങിയ ദുരാചാരങ്ങളും ഇതിൽ വരും.
ഗവേഷണത്തിന്റെ സമീപകാല ചരിത്രം തിരയുകയാണെങ്കില്‍, ധാര്‍മ്മികത കാറ്റില്‍ പറത്തിയ അവകാശ ലംഘനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാകും. എഡ്വേര്‍ഡ് ജെന്നര്‍ വസൂരിക്ക് വാക്‌സിന്‍ വികസിപ്പിച്ചതാണ് അറിയപ്പെടുന്ന ഒന്ന്. 1796-ല്‍, എഡ്വേര്‍ഡ് ജെന്നര്‍ എട്ട് വയസ്സുള്ള ജെയിംസ് ഫിപ്പ്‌സ് എന്ന കുട്ടിയെ കടംവാങ്ങി അവനെ കൗപോക്‌സ് എന്ന അസുഖം ബാധിക്കാന്‍ വിട്ടു. കൗപോക്‌സ് താരതമ്യേന നിരുപദ്രവകരമായ ഒരു രോഗമാണ്, എന്നാല്‍ കുട്ടി കൗപോക്‌സില്‍ നിന്ന് സുഖം പ്രാപിച്ചപ്പോള്‍, അക്കാലത്തെ ഭയാനക രോഗമായ വസൂരി പിടിക്കുന്നതിന് അനുവദിച്ചു. ഭാഗ്യവശാല്‍, കുട്ടി സുഖം പ്രാപിച്ചു, ഈ സംഭവം വസൂരി തടയുന്നതിനുള്ള ഉറപ്പായ മാര്‍ഗമായി വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് വഴിയൊരുക്കി.
വാക്‌സിനേഷന്‍ ഡ്രൈവ് വളരെ ഫലപ്രദമായിരുന്നു, ലോകമെമ്പാടും വസൂരി തുടച്ചുനീക്കപ്പെട്ടു. വാക്‌സിനേഷനിലേക്ക് നയിക്കുന്ന ഗവേഷണം വിജയിച്ചെങ്കിലും, ആധുനിക ലോകത്ത് അംഗീകരിക്കാന്‍ കഴിയാത്ത ഒരു അധാര്‍മ്മിക രീതിയാണ് ജെന്നര്‍ പ്രയോഗിച്ചത്!

ന്യൂറംബര്‍ഗ് കോഡ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍കാര്‍ ബന്ദികളാക്കിയ മനുഷ്യരെ പരീക്ഷണ വസ്തുവാക്കി നടത്തിയ ഗവേഷണങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭയാനകവും വെറുപ്പുളവാക്കുന്നതുമായ രീതികളില്‍ നിന്നാണ് ഗവേഷണ നൈതികതയെപ്പറ്റിയുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്. മേല്‍പ്പറഞ്ഞത് പോലെയുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മനുഷ്യര്‍ ഉള്‍പ്പെടുന്ന നൈതിക മാനദണ്ഡങ്ങളില്‍ സമവായവും പെരുമാറ്റച്ചട്ടങ്ങളും കൊണ്ടുവരാന്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കി. ചില രാജ്യങ്ങള്‍ക്ക് ദേശീയ നയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അവ പര്യാപ്തമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ന്യൂറംബര്‍ഗ് യുദ്ധക്കുറ്റങ്ങളുടെ വിചാരണയിലൂടെയാണ് ഇത് വികസിച്ചു വന്നത്. 1945 മുതല്‍ 1949 വരെ നടന്ന ന്യൂറംബര്‍ഗ് വിചാരണ നാസി യുദ്ധക്കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സഹായിച്ചു, തുടര്‍ന്ന്, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തിയ ഡോക്ടര്‍മാരെ കേന്ദ്രീകരിച്ചുള്ള മറ്റൊരു കൂട്ടം വിചാരണകളും നടന്നു. അതില്‍ അധാര്‍മ്മിക പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട 23 ഡോക്ടര്‍മാര്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിട്ടു. ഈ വിചാരണകളില്‍ നിന്നാണ് 1947-ലെ ന്യൂറംബര്‍ഗ് കോഡ് സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യര്‍ ഉള്‍പ്പെടുന്ന ഗവേഷണത്തെ നിയന്ത്രിക്കുന്ന പത്ത് ധാര്‍മ്മിക തത്വങ്ങളുടെ ഒരു സമാഹാരമാണ് ന്യൂറംബര്‍ഗ് കോഡ്.

ന്യൂറംബര്‍ഗ് കോഡിന് തൊട്ടുപിന്നാലെ 1948-ലെ ജനീവ പ്രഖ്യാപനം ഉണ്ടായി, അതില്‍ രോഗിയുടെ ആരോഗ്യമാണ് ഡോക്ടറുടെ പ്രഥമ പരിഗണനയെന്നും മെഡിക്കല്‍ അറിവ് ഒരിക്കലും മനുഷ്യാവകാശ ലംഘനത്തിന് ഉപയോഗിക്കരുതെന്നും പറയുന്നുണ്ട്. മനുഷ്യപങ്കാളികളെ ഉപയോഗിച്ചുള്ള മെഡിക്കല്‍ ഗവേഷണം സംബന്ധിച്ച ഔപചാരികമായ രേഖയോ നൈതികതയുടെയും തത്വങ്ങളുടെയും സമാഹാരമോ യുദ്ധത്തിന് മുമ്പ് നിലവിലുണ്ടായിരുന്നില്ല. ഈ രണ്ട് രേഖകളില്‍ നിന്നാണ് ''ഹെല്‍സിങ്കി പ്രഖ്യാപനം'' (The Declaration of Helsinki) വികസിച്ചു വരുന്നത്. മനുഷ്യര്‍ ഉള്‍പ്പെടുന്ന ഗവേഷണത്തില്‍ മെഡിക്കല്‍ സമൂഹത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള നൈതിക തത്വങ്ങളുടെ ഒരു പ്രഖ്യാപനമാണ് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ (WMA) പ്രൊമോട്ട് ചെയ്ത ''ഹെല്‍സിങ്കി പ്രഖ്യാപനം''. ഈ സുപ്രധാന രേഖ ഗവേഷണം നിയന്ത്രിക്കുന്നതിനുള്ള മെഡിക്കല്‍ കമ്മ്യൂണിറ്റിയുടെ ആദ്യത്തെ സുപ്രധാന ശ്രമമായി കണക്കാക്കപ്പെടുന്നു, 1964 ജൂണില്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ ഈ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടു, അതിനുശേഷം അത് ഏഴ് പുനരവലോകനങ്ങള്‍ക്ക് വിധേയമായി; ഏറ്റവും പുതിയത് 2013 ല്‍ ആയിരുന്നു.

മെഡിക്കല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് കര്‍ശനമായി പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനെക്കുറിച്ചും ഗവേഷണത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. അമിതമായ, കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഗവേഷണത്തിന്റെ ഫലപ്രാപ്തി പരിമിതപ്പെടുത്തുമെന്ന് ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു, ഒരുപക്ഷേ, പല സുപ്രധാന പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം സമൂഹത്തിന് നിഷേധിക്കപ്പെടാം! പക്ഷേ, നിയന്ത്രണങ്ങളൊന്നും ഇല്ലെങ്കില്‍, ചില ശാസ്ത്രജ്ഞര്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന അനീതിപരമായ പരീക്ഷണ സമ്പ്രദായങ്ങള്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരും മൃഗങ്ങളും പരീക്ഷണത്തില്‍ ഉള്‍പ്പെടുമ്പോഴുള്ള ഗവേഷണ നൈതികതയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം.
സ്വമേധയാ പങ്കാളിത്തം
സ്വമേധയാ പങ്കാളിത്തം (voluntary participation) അടുത്തിടെ വികസിപ്പിച്ചെടുത്ത ഒരു ധാര്‍മ്മിക പദപ്രയോഗമാണ്. മനുഷ്യരെ ഗവേഷണത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്, മറിച്ച് സ്വമേധയാ പങ്കെടുക്കണം എന്നാണ് ഇതിന്റെ അര്‍ഥം. സമൂഹം മനുഷ്യാവകാശങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായതിനാല്‍ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. ഗവേഷകര്‍ മുന്‍കാലങ്ങളില്‍ തടവുകാര്‍, അടിമകള്‍, യുദ്ധക്കുറ്റവാളികള്‍, അഭയാര്‍ഥികള്‍ തുടങ്ങിയവരെയാണ് പരീക്ഷണങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്, ഈ രീതികള്‍ സ്വാഭാവികനീതിക്ക് എതിരാണ്.
അറിവോടെയുള്ള സമ്മതം
മനുഷ്യര്‍ ഉള്‍പ്പെടുന്ന ഗവേഷണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ നടപടിക്രമങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് പൂര്‍ണമായി അറിയിക്കുകയും പങ്കെടുക്കാനുള്ള അവരുടെ സമ്മതം നേടുകയും വേണം. ഇതിനെ 'അറിവോടെയുള്ള സമ്മതം' (informed consent) എന്ന് വിളിക്കുന്നു. പങ്കെടുക്കുന്നവരുടെ അറിവോ പ്രകടമായ സന്നദ്ധതയോ ഇല്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് അനീതിയായി കണക്കാക്കപ്പെടുന്നു. 'അറിവോടെയുള്ള സമ്മതം' എന്നതു മുകളില്‍ സൂചിപ്പിച്ച 'സ്വമേധയാ പങ്കാളിത്തം' എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിന് ഉപയോഗിക്കുന്നവരെ എന്തിന്, എങ്ങനെ തിരഞ്ഞെടുത്തു എന്നതുള്‍പ്പെടെയുള്ള ഗവേഷണത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയിക്കണം. അറിവോടെയുള്ള സമ്മതം ഗവേഷണത്തിന്റെ അപകടസാധ്യതകളെയും ഉദ്ദേശിച്ച നേട്ടങ്ങളെയും കുറിച്ചുള്ള പൂര്‍ണമായ വെളിപ്പെടുത്തല്‍ ഉള്‍ക്കൊള്ളുന്നു; പങ്കെടുക്കാന്‍ വിസമ്മതിക്കുന്നതിനുള്ള അവകാശവും ഇത് അംഗീകരിക്കുന്നു.

അപകട സാധ്യത
പരീക്ഷണത്തിലുള്ള ആളുകളുടെ പങ്കാളിത്തം നിമിത്തം ഗവേഷകര്‍ അവരെ അപകടാവസ്ഥയില്‍ നിര്‍ത്തരുതെന്നും ഗവേഷണ നൈതികത ആവശ്യപ്പെടുന്നു. ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. മനുഷ്യ വിഷയങ്ങളെ ഉള്‍പ്പെടുത്തി ഗവേഷണം നടത്തുമ്പോള്‍, അപകടങ്ങള്‍ കുറയ്ക്കുന്നതിന് മതിയായ മുന്‍കരുതലുകള്‍ എടുക്കണം.
രഹസ്യാത്മകത
പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടണം. അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് രണ്ട് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍, രഹസ്യസ്വഭാവവും (confidentiality) അജ്ഞാതത്വവും (anonymity) , പ്രയോഗിക്കുന്നു. മനുഷ്യരെ പരീക്ഷണത്തിന് വിധേയരാക്കുമ്പോള്‍, പ്രതികരിക്കുന്നവരെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ഗവേഷണത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ പങ്കിടുന്നത് അധാര്‍മികമാണ്. മിക്ക ഗവേഷകരും പങ്കെടുക്കുന്നവര്‍ക്ക് രഹസ്യാത്മകത ഉറപ്പ് നല്‍കുന്നു. ഈ ഉറപ്പിന് വിരുദ്ധമായി, പഠനത്തില്‍ നേരിട്ട് ഉള്‍പ്പെടാത്ത ആരോടും ഗവേഷകര്‍ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തരുത്.

അജ്ഞാതത്വം
പരീക്ഷണം പൂര്‍ത്തിയാകുമ്പോഴോ അല്ലെങ്കില്‍ ആവശ്യമെങ്കില്‍ പരീക്ഷണത്തിന് ശേഷവും പങ്കെടുക്കുന്നയാള്‍ അജ്ഞാതനായി തുടരുമെന്ന് അജ്ഞാതതയുടെ തത്വം ഉറപ്പാക്കുന്നു. പ്രതികരിക്കുന്നയാളെ അവരുടെ അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വൈകല്യങ്ങള്‍ എന്നിവ ഉപയോഗിച്ച് തിരിച്ചറിയുന്നത് അനീതിയാണ്. ഈ സ്റ്റാന്‍ഡേര്‍ഡ് സ്വകാര്യതയുടെ ശക്തമായ ഗ്യാരണ്ടി ആണെങ്കിലും, ചിലപ്പോള്‍ അത് നടപ്പിലാക്കാന്‍ പ്രയാസമായേക്കും. ഉദാഹരണത്തിന്, പങ്കെടുക്കുന്നവര്‍ നിരന്തരം തുറന്നുകാട്ടപ്പെടുന്ന സാഹചര്യങ്ങളില്‍, പ്രത്യേകിച്ചും പഠനത്തിന് മുമ്പും ശേഷവുമുള്ളതുപോലെ ഒന്നിലധികം സമയ പോയിന്റുകളില്‍ അളക്കേണ്ടിവരുമ്പോള്‍, ആളുകള്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, അജ്ഞാതത്വം തന്ത്രപരമായി സൂക്ഷിക്കാന്‍ വേണ്ടത്ര ശ്രദ്ധിക്കേണ്ടതുണ്ട്.

സേവനത്തിനുള്ള അവകാശം
ഒരു വ്യക്തിയുടെ സേവനത്തിനുള്ള അവകാശത്തിന്റെ ധാര്‍മ്മിക പ്രശ്‌നവും ഗവേഷകര്‍ അഭിസംബോധന ചെയ്യണം. മുകളില്‍ സൂചിപ്പിച്ചതുപോലെ, മെഡിക്കല്‍ പരീക്ഷണങ്ങളില്‍ പലപ്പോഴും ഒരു ''ഒന്നും ചെയ്യാ പ്രയോഗം'' (നോ-ട്രീറ്റ്‌മെന്റ് കണ്‍ട്രോള്‍) അല്ലെങ്കില്‍ പ്ലാസിബോയുടെ ഉപയോഗം ഉണ്ടാകും (ഒരു രോഗിക്ക് യഥാര്‍ഥ ഫലത്തേക്കാള്‍ മാനസിക ആശ്വാസത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്ന നിരുപദ്രവകരമായ മരുന്നാണ് പ്ലാസിബോ). അതായത്, പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവരുടെ ഒരു കൂട്ടത്തിന് നിര്‍ദിഷ്ട ചികിത്സ നല്‍കില്ല. പക്ഷേ, പഠനത്തിന്‍ കീഴിലുള്ള ചികിത്സയ്ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, സേവനങ്ങളിലേക്കുള്ള തുല്യ പ്രവേശനത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി കണ്‍ട്രോള്‍ ഗ്രൂപ്പിലേക്ക് നിയോഗിക്കപ്പെട്ട വ്യക്തികള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ പഠനത്തിന്റെ ആഘാതം വിലയിരുത്തുകയും അതനുസരിച്ച് പങ്കെടുക്കുന്നവരെ അറിയിക്കുകയും വേണം.
ദോഷഫലങ്ങളും പ്രത്യാഘാതങ്ങളും
ഗവേഷണ ഫലങ്ങള്‍ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഫലങ്ങളും ശാസ്ത്ര നൈതികതയില്‍ ഉള്‍പ്പെടുന്നു. ഗവേഷണ ഫലങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും, ഗവേഷണത്തിന് ധനസഹായം നല്‍കുന്നതില്‍ ആര്‍ക്കാണ് താല്‍പ്പര്യമുള്ളതെന്നും അവരുടെ പ്രതീക്ഷകളില്‍ നിന്ന് അറിയുന്നതിലൂടെയും നിങ്ങള്‍ക്ക് ചില ആശയങ്ങള്‍ രൂപീകരിക്കാനാകും. ഉദാഹരണത്തിന്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര ഗ്രൂപ്പുകളുടെയും ഫണ്ടിംഗിന് ചില ചരടുകള്‍ ഉണ്ടായിരിക്കാം. അതുപോലെതന്നേ സൈനിക സ്ഥാപനങ്ങളിലും ചില വ്യവസായ ഗ്രൂപ്പുകളുടെ ഗവേഷണ-വികസന വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ കര്‍ശനമായ രഹസ്യം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൈന്യമോ വ്യവസായ സ്ഥാപനങ്ങളോ പരിപാലിക്കുന്ന രഹസ്യം ചില ശാസ്ത്രജ്ഞര്‍ക്ക് സ്വീകാര്യമായിരിക്കാം, പക്ഷേ എല്ലാവര്‍ക്കും ആകണമെന്നില്ല. ആണവായുധങ്ങള്‍ അല്ലെങ്കില്‍ സൂക്ഷ്മജീവി യുദ്ധം പോലുള്ള മനുഷ്യരാശിക്ക് അപകടസാധ്യതയുള്ള ഗവേഷണ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു ശാസ്ത്രജ്ഞന്റെ സന്നദ്ധത പ്രധാനമായും പ്രൊഫഷണല്‍ നൈതികതയെക്കാള്‍ വ്യക്തിപരമായ ധാര്‍മ്മികതയാണ്. എന്നിരുന്നാലും, സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഹാനികരമായ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ തുനിയുന്നത് അധാര്‍മ്മികമാണ്. അന്തരാഷ്ട്രതലത്തിലുള്ള നൈതിക നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചു ഭാരതത്തില്‍ ''ദേശീയ നൈതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍'' രൂപീകരിക്കപ്പെട്ടിടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 'National Ethical Guidelines for Biomedical and Health Research Involving Human Participants' എന്ന പേരില്‍ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 170 പേജുള്ള ഈ പുസ്തകം താഴെ പറയുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. https://ethics.ncdirindia.org/asset/pdf/ICMR_National_Ethical_Guidelines.pdf

പരീക്ഷണ മൃഗങ്ങള്‍
ഗവേഷണ നൈതികതയുടെ മറ്റൊരു ആശങ്ക, പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്ന മൃഗങ്ങള്‍ക്ക് പരീക്ഷണങ്ങളില്‍ നിന്ന് സംഭവിക്കാനിടയുള്ള ദോഷമോ പരിക്കോ സംബന്ധിച്ചുള്ളതാണ്. ഗിനിപ്പിഗ് എലികള്‍ മെഡിക്കല്‍ രംഗത്ത് സാധാരണ ഉപയോഗിക്കുന്ന ഒരു ജീവിയാണ്. അതുപോലെ തന്നെ, വെറ്ററിനറി ഗവേഷണങ്ങള്‍ പൂര്‍ണമായും കന്നുകാലികള്‍, കുതിര, ഒട്ടകം, കഴുത, വളര്‍ത്തു പക്ഷികള്‍, ഓമന മൃഗങ്ങള്‍ എന്നിവയിയിലായിരിക്കുമല്ലോ? ഗവേഷണത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുമ്പോള്‍, മൃഗങ്ങളോട് ശരിയായ ബഹുമാനവും പരിചരണവും കാണിക്കേണ്ടതുണ്ട്. മൃഗങ്ങളുമായി അനാവശ്യമായതോ മോശമായി രൂപകല്‍പ്പന ചെയ്തതോ ആയ പരീക്ഷണങ്ങള്‍ നടത്തരുത്. മൃഗങ്ങളുടെ ആരോഗ്യം, സുഖം, ക്ഷേമം എന്നിവയെക്കുറിച്ച് ഗവേഷകന്‍ മതിയായ ശ്രദ്ധ ചെലുത്തണം. ജീവനുള്ള മൃഗങ്ങള്‍ ഉള്‍പ്പെടുന്ന വെറ്റിനറി ഗവേഷണത്തില്‍ ഇത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, മൃഗങ്ങളുടെ കൈകാലുകള്‍ക്കോ മറ്റ് സുപ്രധാന അവയവങ്ങള്‍ക്കോ കേടുപാടുകള്‍ വരുത്തുന്നതും അത്തരം സംഭവങ്ങള്‍ ചികിത്സിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ്, ഇത് മൃഗസ്‌നേഹികളുടെ ക്രോധം ക്ഷണിച്ചുവരുത്തുന്നതിനെക്കാള്‍ ധാര്‍മ്മിക പ്രശ്‌നങ്ങളും അടങ്ങിയിരിക്കുന്നു.

ഇന്ത്യയില്‍, മൃഗങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങളില്‍ ഗവേഷണ നൈതികത ഉറപ്പ് വരുത്തുന്നതിനു ഒരു നിയമാനുസൃത സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ''മൃഗങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും വേണ്ടിയുള്ള കമ്മിറ്റി'' (Committee for Control and Supervision of Experiments on Animals, CCSEA) എന്നത് 1960 ലെ ''മൃഗങ്ങളോടുള്ള ക്രൂരത തടയല്‍'' (Prevention of Cruelty to Animals (PCA) Act, 1960) നിയമം പ്രകാരം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ (MoFAH&D) കീഴില്‍ വരുന്ന മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന്റെ (DAHD) ഒരു നിയമാനുസൃത സമിതിയാണ്. പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുമ്പോ ശേഷമോ ശേഷമോ മൃഗങ്ങള്‍ അനാവശ്യമായ വേദനയ്ക്കോ കഷ്ടപ്പാടുകള്‍ക്കോ വിധേയമാകുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പ്രകാരം, ലബോറട്ടറി മൃഗങ്ങളുടെ ബയോ-മെഡിക്കല്‍ ഗവേഷണം, ബ്രീഡിംഗ്, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ CPCSEA-യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. CPCSEA ക്കു മാത്രമായി ഒരു വെബ്‌സൈറ്റ് ഉണ്ട് (https://ccsea.gov.in/Auth/index.aspx).
Content Highlights: is research in animals really linked to medical ethics, biotalks column
Published: 04 Jan 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented