
ഹരിതഗൃഹ വാതകങ്ങൾ, ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നൊക്കെ നാം സ്ഥിരമായി കേൾക്കുന്നുണ്ട്, പറയുന്നുണ്ട്! അതൊക്കെ സർക്കാറുകൾ ചെയ്യേണ്ട വലിയ കാര്യങ്ങളാണ് എന്നാവും പലരും കരുതുന്നത്. സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്, അത് ചെയ്യാനും ചെയ്യിപ്പിക്കാനുമായിട്ടാണ് UNFCC, IPCC, പാരിസ് ഉടമ്പടി, വർഷം തോറും നടക്കുന്ന COP-കൾ (അടുത്തിടെ നടന്നത് COP 28) മുതലായവ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, നയപരിഷ്കാരങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ നിരവധി നടപടികൾ നടപ്പിലാക്കുന്നുണ്ട്. പക്ഷേ, വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൗഹാര്‍ദ ജീവിതശൈലി പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ് ഹരിതഗൃഹ വാതക തള്ളൽ കുറയ്ക്കാൻ കഴിയും.
വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളിലുള്ള ജനങ്ങളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളെ നല്ലൊരു പരിധി വരെ അതിജീവിക്കാൻ കഴിയും. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) വിഭാവനം ചെയ്യുന്നതനുസരിച്ച്, 800 കോടി വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ആഗോള കാർബൺ ഉദ്‌വമനം ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും! ഈ പശ്ചാത്തലത്തിൽ, ഗ്ലാസ്‌ഗോയിലെ COP26-ൽ ഇന്ത്യ അവതരിപ്പിച്ച ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LiFE) എന്ന ആശയത്തിന് വൻ പ്രസക്തിയാണുള്ളത്. കാർബൺ പാദമുദ്ര കുറയുന്ന ഒരു ജീവിതം നയിക്കാൻ വ്യക്തികളും സമൂഹവും ഏറ്റെടുക്കേണ്ട 75 ലളിതമായ കടമകളാണ് LIFE ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴേ പ്രയോജനമുണ്ടാകൂ. ഏട്ടിലെ പശു പുല്ല് തിന്നില്ല! കുട്ടികൾ ഇതൊക്കെ അറിഞ്ഞ് വളരണം

എന്താണ് കാർബൺ പാദമുദ്ര?
കാർബൺ കുറയ്ക്കുന്ന സുസ്ഥിര ജീവിത ശൈലിയിലേക്ക് കടക്കുന്നതിന് മുമ്പ് വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവ “കാർബൺ പാദമുദ്ര” (carbon footprint) യുടെ കാര്യത്തിൽ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്താണ് കാർബൺ പാദമുദ്ര, അതിന്റെ പ്രാധാന്യം, ഓരോരുത്തരുടെയും “കാർബൺ പാദമുദ്ര” എത്രയാണ് എന്നൊക്കെ അറിയുന്നത്, തങ്ങളുടെ കാര്യത്തിൽ അവ ഏതു തരത്തിലൊക്കെയാണ് കുറക്കാൻ സാധിക്കുക എന്നു ചിന്തിക്കുന്നതിന് ഉപകാരപ്പെടും.
ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉല്പന്നം, പ്രദേശം എന്നിവയാൽ നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും ഉദ്വമനം തത്തുല്യമായ കാർബൺ ഡൈ ഓക്‌സൈഡായി (CO2e) പരിവർത്തനം ചെയ്ത് പറയുന്നതിനെയാണ് കാർബൺ പാദമുദ്ര (carbon footprint) എന്ന് വിളിക്കുന്നത്. എമിഷൻ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ പരിവർത്തനം നടത്തുക. പ്രാദേശികമായി എമിഷൻ ഘടകങ്ങൾ ലഭ്യമല്ലെങ്കിൽ ദേശീയ പ്രസിദ്ധീകരണങ്ങളിൽ നിന്നോ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ നിന്നോ എടുക്കാം.
കാർബൺ പാദമുദ്രകൾ അറിയുന്നത് അത് സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യാൻ ആവശ്യമാണ്. വ്യക്തിഗത കാർബൺ പാദമുദ്രകൾ ഒറ്റരാത്രികൊണ്ട് കുറയ്ക്കാൻ പറ്റുമെന്ന് വിചാരിക്കരുത്! ഓരോ വ്യക്തിയും ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്. എങ്ങിനെ സഞ്ചരിക്കുന്നു, ഏതൊക്കെ ഭക്ഷണം കഴിക്കുന്നു, വസ്ത്രങ്ങൾ ഏതൊക്കെ, എങ്ങിനെ ഉപയോഗിക്കുന്നു, അലക്കുന്നു, ഊർജ്ജം പോലെയുള്ള വിഭവങ്ങൾ ഉപയോഗിക്കുന്നു, മറ്റു ഉപഭോഗവസ്തുക്കൾ ഏതൊക്കെ, മാലിന്യങ്ങൾ എത്രമാത്രം ഉണ്ടാക്കുന്നു, കൈകാര്യം ചെയ്യുന്നു എന്നിവയൊക്കെ പ്രധാനമാണ്. നിങ്ങൾ ഉപേക്ഷിക്കുന്ന കാർബൺ പാദമുദ്രയാണ് അല്ലെങ്കിൽ കാൽപ്പാടുകളാണ് നിങ്ങളുടെ വ്യക്തിഗത കാർബൺ പാദമുദ്രകൾ എന്നു മനസ്സിലാക്കുക.
വളരെ കുറച്ചു സമയത്തിനുള്ളിൽ നിങ്ങളുടെ വ്യക്തിഗത കാർബൺ പാദമുദ്രകൾ കണക്കാക്കാൻ ഇന്റർനെറ്റിൽ നിരവധി സൗജന്യവും ലളിതവുമായ “ആപ്പുകൾ” (കാർബൺ കാൽക്കുലേറ്ററുകൾ) ലഭ്യമാണ്. തിരഞ്ഞെടുത്ത അഞ്ച് കാർബൺ കാൽക്കുലേറ്റർ ആപ്പുകൾ താഴെ കൊടുത്തിരിക്കുന്നത് കാണുക. സമഗ്രമായവയും പ്രത്യേക കാര്യങ്ങൾക്ക് യോജിച്ചവയുമുണ്ട് (sectoral). ആദ്യം കൊടുത്തിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാർബൺ കാൽക്കുലേറ്റർ ഒരു കുടുംബത്തിന്റെ കാർബൺ പാദമുദ്ര എളുപ്പത്തിൽ കാണുന്നതിന് ഉപയോഗിക്കാം. ഭവനത്തിന്റെ തരം, വലിപ്പം, ഊർജ്ജ കാര്യക്ഷമത, ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗങ്ങൾ, മാംസത്തിന്റെയും പ്രാദേശിക ഉൽപന്നങ്ങളുടെയും ഉപഭോഗം, ഭക്ഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, സാങ്കേതിക വിദ്യ എന്നിവ പോലുള്ള നമ്മുടെ ജീവിതശൈലി ഇവയൊക്കെ കണക്കിലെടുക്കണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇ-അമൃത്(e-amrit)വാഹനയാത്രയുടെ കാർബൺ പാദമുദ്രയാണ് കണക്കു കൂട്ടിത്തരിക. ഇവ ഉപയോഗിച്ച് നിങ്ങളുടെ കാർബൺ പാദമുദ്രകൾ കണ്ടെത്താൻ ശ്രമിച്ചു നോക്കൂ!
- https://offset.climateneutralnow.org/footprintcalc
- https://www.tatapower.com/sustainability/sustainability-initiatives/customer/calculate-carbon-footprints.aspx
- https://www.carbonfootprint.com/calculator.aspx
- https://www.nature.org/en-us/get-involved/how-to-help/carbon-footprint-calculator/
- https://e-amrit.niti.gov.in/co2-calculator

വ്യക്തിഗത കാർബൺ പാദമുദ്രകൾ എങ്ങിനെ കുറയ്ക്കാം?
1. ഗാർഹിക ഊർജഉപയോഗം കുറയ്ക്കുക.
വീടുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഉപകരണങ്ങൾ മാത്രം വാങ്ങുക, ഊർജം ലാഭിക്കാൻ അകത്തളങ്ങളുടെയും മുറികളുടെയും ചൂടാക്കലും എയർ കണ്ടീഷനിംഗും നിയന്ത്രിക്കുക. ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ആവശ്യമുള്ള ഊർജ്ജം സോളാർ പാനലുകൾ സ്ഥാപിച്ചു കോണ്ട് സൗരോർജ്ജത്തിൽ നിന്നു ലഭ്യമാക്കാം. ഇക്കാര്യങ്ങൾ പണം ലാഭിക്കാനുമുതകും!
2. ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടു വരിക
ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ 14.5 ശതമാനം കന്നുകാലികളാണ് സൃഷ്ടിക്കുന്നത് (ഇന്ത്യയിൽ 8% മാത്രം). വ്യക്തികളുടെ കാർബൺ ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം ഭക്ഷണത്തിൽ മാംസവും പാലുൽപ്പന്നങ്ങളും കുറയ്ക്കുക എന്നതാണ്, പ്രത്യേകിച്ച് ഗോമാംസവും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം. ഒരു കിലോഗ്രാം മാട്ടിറച്ചി ഉൽപ്പാദിപ്പിക്കുന്നതിനു 25 കിലോഗ്രാം ധാന്യവും 15,497 ലിറ്റർ ജലവും വേണ്ടിവരുമെന്നാണ് കണക്ക്. പൂർണ്ണമായും ‘വീഗൻ’ (vegan) ആവണമെന്നില്ല, ഭക്ഷണ ക്രമത്തിൽ കൂടുതൽ സസ്യജന്യ വസ്തുക്കൾ ഉൾപ്പെടുത്തിയാലും മതി. ലോകത്തിലെ കാർഷിക ഭൂമിയുടെ നല്ലൊരു പങ്ക്(വികസിത രാജ്യങ്ങളിൽ 60 ശതമാനം) കന്നുകാലി മേയ്ക്കലിനായി ഉപയോഗിക്കുന്നു. ആഹാരരീതി മാറ്റുന്നത് വഴി ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാൻസർ തുടങ്ങിയ പല ജീവിതശൈലി രോഗങ്ങളെയും വരുതിയിൽ കൊണ്ടുവരാൻ സാധിക്കും.
2. ഭക്ഷണം ഒരിക്കലും പാഴാക്കരുത്
ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഓരോ വർഷവും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നു. യു.എൻ.ഇ.പി.യുടെ ഫുഡ് വേസ്റ്റ് ഇൻഡക്സ് റിപ്പോർട്ട് 2021 അനുസരിച്ച്, ആഗോളതലത്തിൽ ആളുകൾ ഓരോ വർഷവും 100 കോടി ടൺ ഭക്ഷണം പാഴാക്കുന്നു, ഇങ്ങിനെ നഷ്ടപ്പെടുകയോ പാഴാകുകയോ ചെയ്യുന്ന ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ വിഭവങ്ങളുടെ കാർബൺ പാദമുദ്ര ഏകദേശം 330 കോടി ടൺ CO2e ആണ്. ഇത് ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 8-10 ശതമാനം വരും!
നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി അവശിഷ്ടം ഒഴിവാക്കുക. നിങ്ങൾ വാങ്ങുന്ന ഭക്ഷ്യോൽപ്പന്നത്തിന്റെ എല്ലാ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളും പ്രയോജനപ്പെടുത്തുക. ഭക്ഷണം ശരിയായി സംഭരിക്കുക, സൂക്ഷിച്ച് വെക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായും അയൽക്കാരുമായും മിച്ചം വരുന്നതു പങ്കിടുകയും ഭക്ഷണം പങ്കിടൽ പദ്ധതികൾ രൂപീകരിച്ചു സംഭാവന നൽകുകയും ചെയ്യുക. ഭക്ഷ്യയോഗ്യമല്ലാത്ത അവശിഷ്ടങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കി നിങ്ങളുടെ പൂന്തോട്ടത്തിന് വളമിടാൻ ഉപയോഗിക്കാം. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനൊപ്പം ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മർഗ്ഗങ്ങളിലൊന്നാണ് കമ്പോസ്റ്റിംഗ്.
3 . കുറച്ച് ഡ്രൈവ് ചെയ്യുക, കുറച്ച് മാത്രം പറക്കുക
ആഗോള ഹരിതവാതക ബഹിർഗമനത്തിന്റെ നാലിലൊന്നിന് ഗതാഗതമാണ് ഉത്തരവാദി. പൊതു ഗതാഗതം, സൈക്കിൾ, അല്ലെങ്കിൽ കാൽനടയാത്ര തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ വാങ്ങുകയും ചെയ്യുക. നിങ്ങളുടെ കാർ വീട്ടിൽ ഉപേക്ഷിച്ച് സാധ്യമാകുമ്പോഴെല്ലാം നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക. നീണ്ടയാത്രയാണെങ്കിൽ പൊതുഗതാഗതം തിരഞ്ഞെടുക്കുക. നിങ്ങൾ ഡ്രൈവ് ചെയ്യേണ്ടതുണ്ടെങ്കിൽ, മറ്റുള്ളവരുമായി കാർപൂൾ ചെയ്യാൻ ശ്രമിക്കുക. ഫോസിൽ ഇന്ധനകാറുകൾക്ക് പകരം ഇലക്ട്രിക് കാർ വാങ്ങുക. വിമാനയാത്രകൾ കഴിവതും ചുരുക്കണം. വ്യോമയാന മേഖല പ്രതിവർഷം ഏകദേശം 100 കോടി ടൺ CO2 ഉദ്‌വമനം നടത്തുന്നു. ആകെ കാർബൺ എമിഷന്റെ 2.5 ശതമാനം വരുമിത്. 2013 മുതൽ 2019 വരെ, വ്യോമയാന മേഖലയിൽ നിന്നുള്ള ഉദ്‌വമനം 30% വർധിച്ചതായി ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ റിപ്പോർട്ട് പറയുന്നു.
4. വസ്ത്രങ്ങളിൽ മിതത്വം പാലിക്കുക
ഫാഷൻ വ്യവസായം, എല്ലാ വസ്ത്രങ്ങളുടെയും ഉത്പാദനം ഉൾപ്പെടെ, അതിന്റെ നീണ്ട വിതരണ ശൃംഖലയും ഊർജ്ജതീവ്രമായ ഉൽപാദനവും കാരണം ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10 ശതമാനത്തോളം സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്! വ്യോമയാന, ഷിപ്പിംഗ് വ്യവസായം എന്നിവയെക്കാൾ കൂടുതൽ ഊർജ്ജം ഫാഷൻ വ്യവസായം ഉപയോഗിക്കുന്നു! കൂടാതെ, ഇത് ധാരാളം വെള്ളവും ഉപയോഗിക്കുന്നു. ഒരു ജോഡി ജീൻസിനാവശ്യമായ ഒരു കിലോ പരുത്തി വളർത്താൻ ഏകദേശം 10,000 ലിറ്റർ വെള്ളം ആവശ്യമാണ്. മൊത്തത്തിൽ, ഫാഷൻ വ്യവസായം ആഗോള മലിനജലത്തിന്റെ 20 ശതമാനം ഉത്പാദിപ്പിക്കുന്നു.
ഈ പ്രവണതകൾ വ്യക്തികൾ മനസ്സുവെച്ചാൽ മാറ്റിയെടുക്കാം. പുതിയ വസ്ത്രങ്ങൾ കുറച്ച് മാത്രം വാങ്ങുക, കൂടുതൽ സമയം ധരിക്കുക. സുസ്ഥിരമായ ലേബലുകൾ തേടുകയും പ്രത്യേക അവസരങ്ങളിൽ ഒരിക്കൽ മാത്രം ധരിക്കുന്ന വസ്ത്രങ്ങൾക്ക് വാടക സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങൾ റീമോഡൽ ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ചെറിയ ഒരു കേടുണ്ടാകുമ്പോഴേ വലിച്ചെറിയുന്നതിനു പകരം നന്നാക്കി ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടണം. ഉദാഹരണത്തിന്, വസ്ത്രത്തിലെ ചെറിയ പിഴവുകൾ കാണുന്നപാടെ ഉപേക്ഷിക്കുന്നതിന് പകരം പിഴവ് പരിഹരിച്ച് നിങ്ങളുടെ ആഘാതം പരിമിതപ്പെടുത്താം. ഇതിന് ഉദ്ദേശമില്ലെങ്കിൽ വെറുതെ വലിച്ചെറിയാതെ ആവശ്യമുള്ളവർക്ക് സംഭാവന ചെയ്യുക.
5 . വാങ്ങുന്നതിനുമുമ്പ് ചിന്തിക്കുക, ആവശ്യമെങ്കിൽ മാത്രം വാങ്ങുക.
സാധനങ്ങൾ വെറുതെ വാങ്ങികൂട്ടുന്നതിന് പകരം ആവശ്യം നോക്കി വാങ്ങുക. അത് പോലെ തന്നെ, കൂടുതൽ കാലം നിലനിൽക്കുമെന്ന് കരുതുന്ന ഉയർന്ന നിലവാരമുള്ള ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. കടലാസ്സ് പാഴാക്കുന്നത് കുറയ്ക്കുക. ബില്ലുകൾ, മെയിലുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവക്ക് ഇലക്ട്രോണിക് മീഡിയം ഉപയോഗിക്കുന്നത് വഴി കടലാസ്സിന്റെ ഉപയോഗം കുറക്കാം.
6. ഉത്തരവാദ ഉപഭോഗം പ്രോത്സാഹിപ്പിക്കുക.
പ്രാദേശിക ഉത്പ്പന്നങ്ങളെയും സുസ്ഥിര ഉത്പാദനത്തെയും അടിസ്ഥാനമാക്കിയാവണം ഉപഭോഗം. മാലിന്യങ്ങൾ കുറച്ച് പ്ലാസ്റ്റിക്ക് സഞ്ചികളുടെ കാര്യത്തിൽ കർശനമായ മിതത്വം പാലിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം എന്നു മനസ്സിലാക്കുക. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ മർഗ്ഗങ്ങൾ അവലംബിക്കുക. നിങ്ങളുടെ ഭക്ഷണത്തിന്റെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന്, പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ച് ലഭിക്കുന്നതുമായ ഭക്ഷ്യവിഭവങ്ങൾ മാത്രം വാങ്ങുക. ഈ രീതിയിൽ നിങ്ങളുടെ പ്രദേശത്തെ ചെറുകിട ബിസിനസുകാരെയും കൃഷിക്കാരെയും സഹായിക്കാനും ഗതാഗതം, കോൾഡ് ചെയിൻ സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട ഫോസിൽ ഇന്ധന ഉദ്‌വമനം കുറക്കാനും കഴിയും.
7 . കാർബൺ പാദമുദ്രയെക്കുറിച്ച് സംസാരിക്കുക
കാർബൺ മലിനീകരണം കുറയ്ക്കാൻ നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും കാർബൺ പാദമുദ്രയയെക്കുറിച്ച് സംസാരിക്കുക. അവ കുറച്ചുകൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും എങ്ങിനെയെന്നും ചർച്ച ചെയ്യുക. നേരത്തെ പറഞ്ഞതുപോലെ 100 കോടി ആളുകളെങ്കിലും ശരിയായ തീരുമാനങ്ങളുമായി മുമ്പോട്ടു പോയാൽ ആഗോള കാർബൺ ഉദ്‌വമനത്തിന്റെ 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന് മനസ്സിലാക്കുക!
Content Highlights: about lifestyle and carbon footprint biotalks column
Published: 05 Feb 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented