കേരളത്തിന്റെ ഗ്രാമീണ ഭൂപ്രകൃതിയുമായി ഇഴുകിച്ചേർന്നിരിക്കുന്ന സ്ഥാപനങ്ങളാണ് അമ്പലങ്ങളും കാവുകളും. കേരളത്തിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനേകം ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളായ, ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളാണ് കാവുകൾ അഥവാ വിശുദ്ധവനങ്ങൾ (sacred groves). ജനസംഖ്യ വൻതോതിൽ ഉയർന്നിട്ടും വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളെ ഇത്തരം കാവുകൾ അതിജീവിച്ചു. ഓരോ പുണ്യവന ശകലത്തിനും അതിന്റേതായ സാംസ്കാരിക, ജൈവ, പാരിസ്ഥിതിക മാനങ്ങളുണ്ട്. കഥകളും പറയാനുണ്ടാകും. 

To advertise here,

എന്താണ് കാവുകൾ?

മലയാള ഭാഷയിൽ ‘കാവ്’ എന്ന വാക്കിന് ‘വൃക്ഷങ്ങളുടെ കൂട്ടം’ എന്ന അർത്ഥമുണ്ട്. കേരളത്തിൽ ബുദ്ധമത സ്വാധീനം നിലനിന്ന കാലഘട്ടത്തിൽ അവർ സ്ഥാപിച്ച സംഘാരാമങ്ങളാണ് കാവുകൾ എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ദേവന്മാരുടെയും ദേവതകളുടെയും വാസസ്ഥലമെന്ന നിലയിൽ മതവിശ്വാസങ്ങളുടെ ശക്തിയാൽ സംരക്ഷിക്കപ്പെടുന്ന പവിത്രമായ, നിത്യഹരിതവനങ്ങളുടെ ശേഷിപ്പുകളായ വനപ്രദേശങ്ങളാണ് കാവുകൾ. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചുപോരുന്ന സ്വാഭാവിക കാടിന്റെ ലഘുരൂപങ്ങൾ!

കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകിക്കൊണ്ട് പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നു. പല ഔഷധസസ്യങ്ങളുടെയും കലവറയാണ് കാവുകൾ. ഇവ ചുറ്റുമുള്ള പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുന്നു. കാവുകളിലെ കുളങ്ങളും കിണറുകളും വറ്റാത്ത ജലസ്രോതസ്സുകളാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴഞ്ചൊല്ല് കാവുകളുടെ തനിമ വിളിച്ചോതുന്നു. വിശ്വാസത്തിന്റെ പിൻബലം കൊണ്ടാണ് പല കാവുകളെയും കന്യാവനങ്ങൾ പോലെ സംരക്ഷിക്കാൻ സാധിക്കുന്നത്. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ഒരു പ്രദേശത്ത് കാണപ്പെടുന്ന അപൂർവവും വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ നിരവധി സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിന് കാവുകൾ സഹായിക്കുന്നു. സങ്കീർണമായ ഇടപെടലുകളുള്ള കാവുകൾ ഏതൊരു പ്രദേശത്തെയും സസ്യജന്തുജാലങ്ങളെയും സൂക്ഷ്മ കാലാവസ്ഥയെയും സ്വാധീനിക്കുന്നു. ജലചക്രത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിലും, കാർബൺ പിടിച്ചുവെക്കുന്നതിലും ഗ്രാമങ്ങളുടെ ഭൂപ്രകൃതിയിലുള്ള കാവുകളുടെ സംഭാവനകൾ അംഗീകരിച്ചിട്ടുള്ളതാണ്.

ആൽമരങ്ങൾ (Ficus spp.), കാഞ്ഞിരം (Strychnos nux-vomica) ഏഴിലംപാല/യക്ഷിപ്പാല (Alstonia scholaris), തൊണ്ടി (Sterculia urens), ഇലഞ്ഞി (Mimusops elengi), താന്നി (Terminalia bellirica), ആഞ്ഞിലി (Artocarpus hirsutus), ചുരുളി (Mesua ferrea), വെള്ളപ്പൈൻ (Vateria indica), മരോട്ടി (Hydnocarpus pentandra), കരിഞ്ചേര് (Holigarna arnottiana) എന്നിവയാണ് കാവുകളിൽ കാണപ്പെടുന്ന സാധാരണ മരങ്ങൾ. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം (Hopea parviflora, Hopea ponga), വെങ്കോട്ട (Lophopetalum wightianum), ഇലവംഗം (Cinnamomum verum), വെട്ടി (Aporosa cardiosperma) മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും. വള്ളിക്കാഞ്ഞിരം (Strychnos colubrina), കരനാടകം (Anamirta cocculus), കൊട്ടവള്ളി (Tetracera akara), ഇഞ്ച (Acacia intsia) എന്നിവ മരവള്ളികളിൽ (lianas) ഉൾപ്പെടുന്നു. ചെറുകുറവ് (Ixora nigricans), മരച്ചെത്തി (Ixora bracteata), കറുത്ത അമൽപ്പൊരി (Chassalia curviflora) മുതലായവ കുറ്റിച്ചെടികൾക്ക് ഉദാഹരണങ്ങളാണ്. 

placeholder
ഫോട്ടോ: മധുരാജ് / മാതൃഭൂമി

കേരളത്തിലെ കാവുകൾ 

കേരളത്തിലെ കാവുകളെ കാളിക്കാവ്, സർപ്പക്കാവ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പറയാറുണ്ട്. സർപ്പക്കാവുകളാണ് കൂടുതൽ. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, തിറയാട്ട കാവ്‌, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്, പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെയും വിഭജിക്കാം. 

ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നുണ്ട്. ഇവയോട് അനുബന്ധമായി കുളങ്ങൾ സാധാരണയാണ്. ഗ്രാമങ്ങളിലെ പഴയ ഹൈന്ദവ കുടുംബങ്ങളുടെ (തറവാട്) വീട്ടുവളപ്പിലാണ് ഇവയെ പലപ്പോഴും കാണുന്നത്. അവർ വസിക്കുന്ന ഭൂമിയുടെ ഒരു ഭാഗം നാഗദൈവത്തിനോ ദുർഗ്ഗാദേവിക്കോ നൽകുകയെന്നത് ജനങ്ങൾക്കിടയിലുള്ള ഒരു പതിവായിരുന്നു. ഈ ദേശങ്ങളിൽ നിന്ന് മരങ്ങൾ വെട്ടുകയോ, എന്തിന്, ചില്ലകൾ നീക്കം ചെയ്യുന്നത് പോലും നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. കൂട്ടുകുടുംബങ്ങളായിരുന്നു ഇത്തരം ചെറുവനങ്ങളുടെ സംരക്ഷണവും പരിപാലനവും നിർവഹിച്ചിരുന്നത്. ജൈവവൈവിധ്യവും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനുള്ള ഗ്രാമങ്ങളുടെ പരമ്പരാഗത ശ്രമങ്ങളായി ഇത്തരം പുണ്യവനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പ്രകൃതിയെ ആരാധിക്കാനുള്ള ഇടമായും അവ വർത്തിച്ചു. അതായത്, പരമ്പരാഗത സമീപനങ്ങൾ ഉപയോഗിച്ച് പൊതുജൈവവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി മനുഷ്യസമൂഹങ്ങൾ വികസിപ്പിച്ചെടുത്ത തന്ത്രങ്ങളിലൊന്നായി ‘പുണ്യവനം’ അഥവാ ‘സേക്രഡ് ഗ്രോവ്’ എന്ന ആശയത്തെ കരുതാവുന്നതാണ്. 

കേരളത്തിലെ ജില്ലതിരിച്ചുള്ള കാവുകളുടെ എണ്ണം

ജില്ല
 
എണ്ണംവിസ്തീര്‍ണം (ഹെ)
 
തിരുവനന്തപുരം
 
45245.60
കൊല്ലം
 
89597.50
ആലപ്പുഴ
 
2242182.93

പത്തനംതിട്ട
 
72158.47
കോട്ടയം
 
56235.20
ഇടുക്കി
 
323.00
എറണാകുളം
 
70861.87
തൃശ്ശൂര്‍
 
97032.54
പാലക്കാട്
 
18422.03
മലപ്പുറം
 
112088.50
കോഴിക്കോട്
 
1231143.97
വയനാട്
 
13725.00
കണ്ണൂര്‍
 
1096263.82
കാസര്‍കോട്
 
392148.31
ആകെ10742
 
1208.74

Source: Institution of Foresters 2024. Comprehensive Survey of Sacred Groves in Kerala
Available: https://foresterskerala.org/activities.html 

ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഫോറസ്റ്റെഴ്സ് (Institution of Foresters) എന്ന സംഘടന നടത്തിയ പഠനങ്ങൾ പ്രകാരം കേരളത്തിൽ ആകെ 10,742 കാവുകളാണുള്ളത്, മൊത്തം വിസ്തീർണം 1208.74 ഹെ. ഏറ്റവും കൂടുതൽ കാവുകളുള്ളത് തീരദേശ ജില്ലയായ ആലപ്പുഴയിലാണ്. ഒരുപക്ഷേ, കാട് ഏറ്റവും കുറവുള്ള ആലപ്പുഴക്കാർ കാവുകൾ സൃഷ്ടിച്ച് പ്രായശ്ചിത്തം ചെയ്യുന്നതാവാം! വനമേഖല ധാരാളമുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ് കാവുകളുള്ളത്.

കാവുകൾ നേരിടുന്ന ഭീഷണികൾ 

വംശനാശഭീഷണി നേരിടുന്ന ധാരാളം ജീവജാലങ്ങളെ കാവുകളിൽ കാണാം. പഴയ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും കുടുംബസ്വത്തുക്കളുടെ വിഭജനവും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കൊപ്പം അണുകുടുംബങ്ങളുടെ ആവിർഭാവവുമാണ് കേരളത്തിലെ കാവുകളുടെ നിലനിൽപ്പിന് പ്രധാന ഭീഷണി. പഴയ തറവാടുകളുടെ സ്ഥാനത്ത് പുതിയ വീടുകൾ നിർമിക്കുന്നത് ദുർബലമായ പാരിസ്ഥിതിക വ്യവസ്ഥയെ തകിടം മറിക്കുന്നതിനാൽ കാവുകളുടെ ക്രമാനുഗതമായ നാശത്തിന് കാരണമാകുന്നതായി പറയുന്നുണ്ട്. കാവിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതിൽ പുതിയ തലമുറക്ക് ആർജവം കുറവാണ് എന്നൊരു പരാതി നിലനിൽക്കുന്നുണ്ട്. വലിയ മരങ്ങളും അനുബന്ധ ആവാസ വ്യവസ്ഥകളും മറ്റ് ആവശ്യങ്ങൾക്കായി പൂർണമായും മാറ്റുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, പ്രതിഷ്ഠയോടൊപ്പം കാവിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഒരു വൃക്ഷത്തെ സംരക്ഷിച്ച് കാവിനെ പ്രതീകാത്മകമായി നിലനിർത്തുന്ന സൂത്രപ്പണികളുമുണ്ട്! 

മറ്റൊരു പ്രധാന ഭീഷണി വർധിച്ച തോതിലുള്ള മനുഷ്യപ്രവർത്തനങ്ങളും കന്നുകാലി മേയ്ക്കലുമാണ്. കേരളത്തിൽ ഭൂമിയുടെ ആവശ്യം എപ്പോഴും കൂടുതലായതിനാൽ, കാവ് ചുരുങ്ങുന്നത് ഉടമകളുടെ അനിവാര്യമായ ആവശ്യങ്ങളുടെ അനന്തരഫലമായി മാറുന്നു. ചില ജില്ലകളിലെ മനഃപൂർവമുള്ള കൈയേറ്റവും വലിയ കാവുകൾ ചുരുങ്ങുന്നതിന് കാരണമായിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ കാവുകളിലെ പഴക്കം ചെന്ന മരങ്ങൾ പ്രകൃതിക്ഷോഭത്തിൽ പിഴുതെറിയപ്പെട്ടേക്കാം; വീണത് വിദ്യയാക്കി കാവുകളുടെ വിസ്തൃതി കുറയാൻ ഇതും കാരണമാകുന്നു. ക്ഷേത്രത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി മരങ്ങൾ മുറിക്കുന്ന സംഭവങ്ങളും ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാവുകൾ മിക്കവാറും ജനവാസകേന്ദ്രങ്ങളുടെ നടുവിലായതിനാൽ, ഇവിടെ നിന്നും കന്നുകാലി മേച്ചിൽ, ഉണങ്ങിയ ഇലകൾ, വിറക് ശേഖരിക്കൽ എന്നിവ ഒരു സാധാരണ കാര്യമായി മാറുന്നു . ഇതും കാവുകളെ ക്ഷീണിപ്പിക്കും. 

placeholder
ഫോട്ടോ: മധുരാജ് / മാതൃഭൂമി

കാവുകളെ എങ്ങിനെ സംരക്ഷിക്കും? 

ജലക്ഷാമം, കാലാവസ്ഥാ മാറ്റം എന്നിവ അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ കാവുകളുടെ സംരക്ഷണം സുപ്രധാനമാണ്; അതുപോലെ വിഷമം പിടിച്ചതുമാണ്. ഇക്കാര്യത്തിൽ കേരള സംസ്ഥാന വനംവകുപ്പും ജൈവവൈവിധ്യ ബോർഡും ചേർന്ന് കാവുകൾ നിലനിർത്താൻ യോജിച്ച ശ്രമം നടത്തണം. കാവിന്റെ ഉടമകൾക്ക് സാമ്പത്തിക പ്രോത്സാഹനവും അവാർഡുകളും നൽകി അവരെ പരിപാലിക്കാൻ സർക്കാർ ശ്രമിക്കണം. കാവുകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്ന പരിപാടികളും നടത്തണം. മരങ്ങൾ മുറിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതും നിരോധിക്കേണ്ടതുണ്ട്. കാവുകളിലെ അപൂർവയിനം മരങ്ങൾ അവയുടെ ലഭ്യത ഉറപ്പാക്കാൻ വിത്ത് ബാങ്കുകളിൽ സംരക്ഷിക്കുന്നത് നന്നായിരിക്കും. 

കേരളത്തിലെ കാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനം വകുപ്പും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ധനസഹായമുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുകയോ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

ജൈവവൈവിധ്യ പ്രാധാന്യവും പ്രകൃതി, സംസ്ക്കാരം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ചരിത്രപ്രധാന്യമുള്ള കാവുകളെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിനും കഴിയും. ജൈവവൈവിധ്യ നിയമം (ബയോളജിക്കൽ ഡൈവേഴ്‌സിറ്റി ആക്ട്) പ്രകാരം അംഗീകരിക്കപ്പെട്ട ഒരു സവിശേഷമായ സംരക്ഷണപ്രദേശമാണ് ‘ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങൾ’ (Biodiversity Heritage Sites). സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശങ്ങളെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യാവുന്നതാണ്.

ഉടമസ്ഥതയുടെ പ്രശ്നമോ പ്രാദേശിക എതിർപ്പുകളോ ഉണ്ടെങ്കിൽ ആലോചിക്കാവുന്ന മറ്റൊരു സമീപനം കൂടിയുണ്ട്. സംരക്ഷിത പ്രദേശ (protected areas) സമീപനത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു പുതിയ പരിരക്ഷണ സമീപനമാണിത്. OECM (Other Effective Area-based Conservation Measures) ആയി അംഗീകരിക്കുക എന്നതാണിത്. 'മറ്റ് ഫലപ്രദമായ പ്രദേശാധിഷ്ഠിത പരീരക്ഷണ നടപടി' (OECM) എന്ന പ്രയോഗം, ഒരു സംരക്ഷിത പ്രദേശമല്ലാത്ത, എന്നാൽ ജൈവ വൈവിധ്യസമ്പന്നവും ഭൂമിശാസ്ത്രപരവുമായി പ്രാധാന്യമുള്ള ഒരു സ്ഥലത്തെ വിവരിക്കുന്നു. അത് ന്യായമായ മാനേജ്മെന്റ് സംവിധാനത്തിന് കീഴിൽ ദീർഘകാല ജൈവവൈവിധ്യ പരീരക്ഷണം നൽകുന്നു. തദ്ദേശീയരും പ്രാദേശിക സമൂഹങ്ങളും സർക്കാർ ഏജൻസികളും അതുപോലെ തന്നെ സ്വകാര്യ സംഘടനകളും വ്യക്തികളും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് OECM-കളെ നിയന്ത്രിക്കാനാകും. 2022 ലെ CBD-COP 15ൽ അംഗീകരിച്ച കുൻമിങ്-മോൺട്രീൽ ഗ്ലോബൽ ബയോഡൈവേർസിറ്റി ഫ്രയിംവർക്കിൽ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ഒരു പ്രധാന സമീപനമായി സംരക്ഷിത പ്രദേശങ്ങൾക്കൊപ്പം OECM-കളും പരാമർശിച്ചിരിക്കുന്നത് കാണാം.