
ആഗോളതലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി ഉടമ്പടികളും കരാറുകളുമുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചട്ടക്കൂട് ഉടമ്പടി’ (United Nations Framework Convention on Climate Change, UNFCC). ഈ ഫ്രെയിംവർക്ക് ഉടമ്പടിയിൽ ഇതേവരെ 27 അംഗ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 198 കക്ഷികൾ ഒപ്പ് വെച്ചിട്ടുണ്ട്. കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് UNFCC യുടെ ആത്യന്തിക ലക്ഷ്യം. ഉടമ്പടിയിൽ ഒപ്പുവെച്ച കക്ഷികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി വർഷംതോറും നടത്തുന്ന കോൺഫറൻസിന് പറയുന്ന പേരാണ് ‘കോൺഫറൻസ് ഓഫ് പാർട്ടീസ്’ അഥവാ COP. ഈ വർഷത്തെ, അതായത്, 29 മത് കോൺഫറൻസ് (COP 29) അസർബജനിലെ ‘ബാക്കു’ വിൽ വെച്ചായിരുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട വർഷമാണ് 2025 എന്നതിനാൽ COP29 ന് അതീവ പ്രാധാന്യം കൈവന്നു.
കാലാവസ്ഥാ നടപടികൾ നടപ്പിലാക്കുന്നതിന് ധനം കുറച്ചൊന്നും പോര!
UNFCC സ്ഥാപിതമായതിന് ശേഷം ആഗോളതാപനം കുറച്ചുകൊണ്ട് വരുന്നതിന് ലോക രാജ്യങ്ങൾ ക്യോട്ടോ പ്രോട്ടോകോൾ (Kyoto protocol) എന്ന് വിളിക്കുന്ന ഒരു കരാറിന് രൂപം നല്കുകയുണ്ടായി, 2008-2012 ആയിരുന്നു ആദ്യ പ്രതിബദ്ധതാ കാലയളവ്. ഇക്കാലയളവിൽ വികസിത രാജ്യങ്ങൾ ആഗോളതാപനം കുറക്കുന്നതിന് നിശ്ചിത നടപടികളെടുക്കണം എന്ന് നിബന്ധനയുണ്ടായിരുന്നു. പക്ഷേ, അവയൊന്നും കാര്യമായി നടപ്പിലായില്ല, താപനിലയും കുറഞ്ഞില്ല!അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ക്യോട്ടോ ഉടമ്പടിയിൽ ഒപ്പിട്ടുമില്ല. ക്യോട്ടോ ഉടമ്പടി പരാജയപ്പെടുന്നു എന്ന് കണ്ടതോടെയാണ് വികസിത, വികസ്വര ഭേദമന്യേ എല്ലാ രാജ്യങ്ങൾക്കും ബാധകമായ ‘പാരിസ് ഉടമ്പടി’ 2015 ൽ കൊണ്ടുവരുന്നത്. പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം, “കാലാവസ്ഥാ മാറ്റത്തിന്റെ അപകടസാധ്യതകളും ആഘാതങ്ങളും ഗണ്യമായി കുറക്കുന്നതിന് ആഗോള താപനിലയിലെ ശരാശരി വർദ്ധനവ് വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 2ഡിഗ്രി സെൽഷ്യസിനു താഴെയായി കൊണ്ടുവരികയും; താപനിലവർദ്ധന വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക” എന്നതാണ് (ആർട്ടിക്കിൾ 2.1a).
ക്യോട്ടോ ഉടമ്പടിയിലെ കാർബൺ കുറയ്ക്കൽ വ്യവസ്ഥകൾ തുടക്കത്തിൽ വികസിത രാഷ്ടങ്ങൾക്ക് മാത്രമായിരുന്നു ബാധകം. പക്ഷേ, പാരിസ് ഉടമ്പടി പ്രകാരം, എല്ലാ രാജ്യങ്ങൾക്കും നെറ്റ് സീറോ ലക്ഷ്യവും അതിലേക്ക് എത്തുന്നതിനുള്ള കാലാവസ്ഥാ നടപടികളും നിർബന്ധമാക്കി. നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന് ഓരോ രാജ്യവും നടപ്പിലാക്കേണ്ട ‘കാലാവസ്ഥാ നടപടികളുടെ’ ഔദ്യോഗിക നാമം ‘ദേശീയമായി നിശ്ചയിച്ച സംഭാവനകൾ’ (Nationally Determined Contributions, NCD) എന്നാണ്. ഇത് തയ്യാറാക്കേണ്ടത് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common But Differentiated Responsibilities and Respective Capabilities, in the light of different National Circumstances, CBDR-RCNC) അനുസരിച്ചായിരിക്കണമെന്നും ഉടമ്പടിയിൽ പറയുന്നുണ്ട്.
ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത കഴിവുകളും, ഉത്തരവാദിത്തങ്ങളും, ദേശീയ സാഹചര്യങ്ങളും, കണക്കിലെടുത്തുകൊണ്ടാകണം ആഗോള താപനത്തിനെതിരെയുള്ള പ്രവർത്തന പദ്ധതി രൂപകല്പ്പന ചെയ്യേണ്ടത്. ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (CBDR-RCNC) എന്ന തത്ത്വം കാലാവസ്ഥാ നീതി (climate justice), നീതിപൂർവമായ പരിവർത്തനം (just transition) എന്നിവ കണക്കിലെടുക്കുന്നുണ്ട് എന്നാണ് അവകാശവാദം. അതായത്, ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്നാൽ തുല്യ ഉത്തരവാദിത്തമല്ല!
ചരിത്രപരമായി ഹരിതഗൃഹ വതകങ്ങളുടെ എമിഷൻ വൻതോതിൽ നടത്തി കാലാവസ്ഥയെ കുഴപ്പത്തിലാക്കിയവർക്ക്, പ്രത്യേകിച്ച്, യു. എസ്. എ., യു. കെ., യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ വികസിത രാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ കൂടുതലുണ്ടാകും. ഇതിനർത്ഥം ഓരോ രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങളും അവരുടെ ഭൗതികവും സാമ്പത്തികവുമായ ശേഷികളും കണക്കിലെടുത്തുകൊണ്ട് കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികളും അഡാപ്റ്റേഷൻ മെക്കാനിസങ്ങളും ആസൂത്രണം ചെയ്യണം എന്നാണ്. ചുരുക്കത്തിൽ, രാജ്യങ്ങൾ അവരുടെ അവസ്ഥയും കഴിവുമനുസരിച്ച് നെറ്റ് സീറോ ലക്ഷ്യവും അത് കൈവരിക്കുന്നതിനുള്ള കാലാവസ്ഥാ നടപടികളും (NCD) പ്രഖ്യാപിക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും വേണം. ഉദാഹരണത്തിന്, ഇന്ത്യയുടെ കാർബൺ ഉൽസർജനം 2040 നും 2045 നും ഇടയിൽ പാരമ്യത്തിലെത്തി പിന്നീട് കുറഞ്ഞു വരും എന്ന അനുമാനത്തിലാണ് 2070 ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, യു.എസ്.എ എന്നിവർ 2050 ആണ് ലക്ഷ്യമാക്കിയിരിക്കുന്നത്, ചൈനയുടേത് 2060.
ഇന്ത്യ 2015 ഒക്‌ടോബർ 2-ന് CBDR-RCNC തത്ത്വം പാലിച്ച് കൊണ്ടുതന്നെ, ‘ദേശീയ കാലാവസ്ഥാ നടപടികൾ’ സമർപ്പിച്ചിരുന്നു. ഇതിൽ എട്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പാരിസ് ഉടമ്പടി പ്രകാരം രാജ്യങ്ങളോട് അവരുടെ NDC-കൾ 2020 മുതൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പ്രതിബദ്ധതകൾ മെച്ചപ്പെടുത്തി പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യം കൊണ്ട് പല രാജ്യങ്ങൾക്കും 2020 ൽ NCD പുതുക്കി നല്കാൻ സാധിച്ചില്ല.
2022 ഓഗസ്റ്റിൽ, ഇന്ത്യ NDC കൾ പുതുക്കി നല്കി; പ്രധാനമായും മൂന്നു ലക്ഷ്യങ്ങളിലാണ് പുതുക്കൽ നടത്തിയത്. ഒന്നാമത്തെ ലക്ഷ്യത്തോടൊപ്പം വ്യക്തികൾക്കും സമൂഹത്തിനും ബാധകമായ 'പരിസ്ഥിതിക്കുള്ള ജീവിതശൈലി' (Lifestyle for Environment, LIFE) കൂട്ടിചേർത്തു. NDC യുടെ മൂന്നാമത്തെ ലക്ഷ്യവും പുതുക്കി; അതനുസരിച്ച് 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ഉൽസർജന തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക എന്നതിന് പകരം 45 ശതമാനം വരെ കുറക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായി. കൂടാതെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ ലക്ഷ്യം 2030-ഓടെ 40 ശതമാനം എന്നതിന് പകരം 50 ശതമാനം ആയും ഉയർത്തി. ഇനി 2025 ൽ, 2035 ലക്ഷ്യം വെച്ച്കൊണ്ട് എല്ലാ ലോക രാജ്യങ്ങളും 2025 ൽ NDC കളുടെ മൂന്നാമത് പുതുക്കൽ നടത്തണം, അതായത് NDC 3.0.
ഇന്ത്യ 2022 ൽ പുതുക്കി നല്കിയ, 2030 ലേക്കുള്ള 8 NDC ലക്ഷ്യങ്ങളിൽ വ്യക്തമായി അളക്കാവുന്നത് മൂന്നെണ്ണം മാത്രമാണ് (ലക്ഷ്യങ്ങൾ 3,4,5). ഇവ മൂന്നും നടപ്പിലാക്കുന്നതിന് നല്ല തോതിൽ പണം ചിലവഴിക്കണം. ഇന്ത്യയുടെ NDC ലക്ഷ്യങ്ങളിൽ നാലാമത്തേത് ശ്രദ്ധിക്കുക, “സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള ചിലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവ ഉപയോഗിച്ച് 2030-ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കുക”. ഇതൊരു സോപാധിക NCD ലക്ഷ്യമാണ്, ‘ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം’ ലഭിക്കുന്നില്ലെങ്കിൽ ഇതിൽ പറഞ്ഞ ‘2030-ഓടെ’, ‘50 ശതമാനം’ എന്നിവ എങ്ങിനെ നിറവേറ്റും? പല രാജ്യങ്ങളും ഇത്തരം സോപാധിക ലക്ഷ്യങ്ങൾ NDC ൽ ഉൾപ്പെടുത്തിയിട്ടുണ്ട്! മാത്രമല്ല, ലോക രാജ്യങ്ങൾ സമർപ്പിച്ചിരിക്കുന്ന NDC കൾ എല്ലാം നടപ്പിലാകണമെങ്കിൽ 5,00,000 കോടി മുതൽ 6,90,000 കോടി (5-6.9 ട്രില്ല്യൺ) വേണ്ടി വരുമെന്നാണ് നിഗമനം. പാരിസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 2.1c യിൽ വ്യക്തമായി പറയുന്നുണ്ട്, “കുറഞ്ഞ ഹരിതഗൃഹ വാതകഉൽസർജനം, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വികസനം (climate-resilient development). എന്നിവയിലേക്കുള്ള മാറ്റത്തിന് അനുരൂപമായി ധനപ്രവാഹം സൃഷ്ടിക്കുക”. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് നൽകേണ്ട സാമ്പത്തിക പിന്തുണയും, സാങ്കേതിക പിന്തുണയും, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും കരാറിലുണ്ട്. ഈ പിന്തുണ ദരിദ്ര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ ലഘൂകരണ നടപടികളിലും (mitigation) പൊരുത്തപ്പെടൽ ശ്രമങ്ങളിലും (adaptation) അവരെ സഹായിക്കാൻ ഉദ്ദേശിച്ച് കൊണ്ടാണ്. ആർട്ടിക്കിൾ 9.1 ൽ കുറച്ച് കൂടി വ്യക്തത വരുത്തുന്നുണ്ട്, “ വികസിത രാജ്യ പാർട്ടികൾ വികസ്വര രാജ്യങ്ങളെ പാരിസ് ഉടമ്പടിയുടെ കീഴിലുള്ള അവരുടെ ബാധ്യതകൾ നിലവിലുള്ളതിന്റെ തുടർച്ചയിൽ ലഘൂകരിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് സാമ്പത്തിക സഹായം നൽകും”. ഈ സാമ്പത്തിക പിന്തുണ 2025 മുതൽ എത്രയായിരിക്കുമെന്നതായിരുന്നു COP 29 ലെ പ്രധാന തർക്കവിഷയം. വെറുതെ തർക്കിച്ചു നേടാൻ പറ്റുന്ന ഒന്നല്ല ഇത്! മാത്രമല്ല, ചരിത്രപരമായി, ആഗോള കാർബൺ മലിനീകരണത്തിന് ഏറ്റവുമധികം ഉത്തരവാദിയായ അമേരിക്കയിലെ ഭരണ മാറ്റം അവരുടെ നിലപാടുകളെ എങ്ങിനെയാണ് സ്വാധീനിക്കുക എന്നും നോക്കണം.
കാർബൺ ഫൈനാൻസ് ചർച്ചയുടെ പര്യവസാനം
2024 ലെ കാലാവസ്ഥാ കോൺഫറൻസ് 2024 നവം. 11 മുതൽ 22 വരെയായി ഉദ്ദേശിച്ചിരുന്നത് ഒരു ദിവസം വൈകി നവം.23 രാത്രി മാത്രമേ അവസാനിച്ചുള്ളൂ. വികസ്വര രാഷ്ട്രങ്ങൾക്കുള്ള കാലാവസ്ഥാ ഫണ്ടിന്റെ കാര്യത്തിൽ സമവായം ഉണ്ടാക്കാതെ കോൺഫറൻസ് അവസാനിപ്പിക്കാൻ സാധിക്കില്ലായിരുന്നു; അതാകട്ടെ, ‘പുതിയ കൂട്ടായ അളവ് ലക്ഷ്യത്തോടെ’ തീരുമാനിക്കണം (New Collective Quantified Goal on Climate Finance, NCQG). എന്താണീ NCQG?
വികസ്വര രാഷ്ടങ്ങൾ NCQG യുടെ കാര്യത്തിൽ എന്തു കൊണ്ട് നിർബന്ധം പിടിച്ചു എന്ന് മനസ്സിലാവണമെങ്കിൽ കാലാവസ്ഥാ ഫണ്ടിങ്ങിന്റെ കുറച്ച് ചരിത്രം കൂടി അറിയണം. 1992-ൽ ലോകരാഷ്ട്രങ്ങൾ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) ചർച്ച ചെയ്തപ്പോൾ, കാലാവസ്ഥാ മാറ്റത്തെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് വികസിത രാജ്യങ്ങൾ ധനസഹായം നൽകുമെന്ന് സമ്മതിച്ചിരുന്നു. 2009-ൽ (COP 15 കോപ്പെൻഹേഗൻ) വികസിതരാജ്യങ്ങൾ, വികസ്വരരാജ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് 2020-ഓടെ, പ്രതിവർഷം 10,000 കോടി ഡോളർ സമാഹരിച്ച് നൽകാമെന്ന് ഉറപ്പ് നല്കിയിരുന്നതാണ്. പക്ഷേ, ഈ 10,000 കോടി ഡോളർ എന്ന ലക്ഷ്യം നടപ്പിലാകുന്നത് 2022 ലാണ്. കോവിഡ് സാഹചര്യമാണ് ഒരു കാരണമായി പറയുന്നത്.
2015 ലെ പാരീസ് ഉടമ്പടിയിൽ, മുമ്പ് സൂചിപ്പിച്ചപോലെ ആർട്ടിക്കിൾ 9 പ്രകാരം വികസിതരാജ്യ പാർട്ടികൾ വികസ്വര രാജ്യ പാർട്ടികളെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകും എന്നുള്ള കാര്യം ആവർത്തിക്കുന്നുണ്ട്. 2025-ന് മുമ്പ്, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് പ്രതിവർഷം 10,000 കോടി ഡോളർ എന്ന നിലയിൽ നിന്ന് ഒരു ‘പുതിയ കൂട്ടായ അളവ് ലക്ഷ്യം’ (New Collective Quantified Goal, NCQG) സ്ഥാപിക്കും എന്നും തീരുമാനിക്കപ്പെട്ടു. ഈ "പുതിയ കൂട്ടായ അളവ് ലക്ഷ്യം" ആയിരുന്നു COP29 ലെ ചർച്ചകളുടെ കീറാമുട്ടി!
മാരത്തോൺ ചർച്ചകൾക്കൊടുവിൽ ലോകത്തിന്, പ്രത്യേകിച്ച്, വികസ്വര രാജ്യങ്ങൾക്ക് അത്ര ആശാവഹമല്ലാത്ത പ്രഖ്യാപനമാണ് പുറത്ത് വന്നത്. പക്ഷേ, UNFCC സെക്രട്ടേറിയറ്റ് വിജയം അവകാശപ്പെടുന്നുണ്ട്. 2024 നവംബർ 24 ന് പുറത്തുവന്ന വാർത്തക്കുറിപ്പ് ഇങ്ങിനെയായിരുന്നു, “വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം 2035-ഓടെ പ്രതിവർഷം 10,000 കോടി ഡോളറെന്ന മുൻ ലക്ഷ്യത്തിൽ നിന്ന് മൂന്നിരട്ടിയായി, അതായത്, 30,000 കോടി ഡോളറായി ഉയർത്തുന്ന ഒരു സുപ്രധാന കരാറിൽ എത്തി”. അതോടൊപ്പം “ധനസഹായം 2035-ഓടെ പൊതു-സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് പ്രതിവർഷം 1.3 ട്രില്യൺ (1,30,000കോടി) ഡോളറായി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും” എന്നും പറഞ്ഞിട്ടുണ്ട്.
2025 സമയപരിധി അടുത്തിരിക്കുന്നതിനാൽ, പുതിയ ലക്ഷ്യത്തിൽ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ, ലോക രാജ്യങ്ങൾ NDC 3.0 സമർപ്പിക്കേണ്ട സമയം 2025 ഫെബ്രുവരി ആണ്. NDC കൾ ഉദ്ദേശിച്ച പോലെ നടപ്പിലാക്കുന്നതിന് ചെറിയ തോതിലുള്ള പണമൊന്നും പോര! ഏകദേശം 1,30,000 കോടി ഡോളർ വേണമെന്നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടത്. അതാണിപ്പോൾ 30,000 കോടി ഡോളർ ആയി തീരുമാനിച്ചിരിക്കുന്നത്. വാഗ്ദാനത്തിന്റെ അവസ്ഥയും തുടർന്നുള്ള NCD കളുടെ അവസ്ഥയും യു. എൻ. ക്ലൈമറ്റ് ചേഞ്ച് എക്സിക്യൂട്ടീവ് സെക്രട്ടറി, സൈമൺ സ്റ്റീൽ തന്നെ പറയുന്നുണ്ട്, “കാലാവസ്ഥാ ആഘാതങ്ങൾ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിൽ, ഈ പുതിയ സാമ്പത്തിക ലക്ഷ്യം മാനവികതയ്ക്കുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ്, എന്നാൽ ഏതൊരു ഇൻഷുറൻസ് പോളിസിയും പോലെ, പ്രീമിയങ്ങൾ പൂർണ്ണമായും കൃത്യസമയത്തും അടച്ചാൽ മാത്രമേ ഇത് പ്രവർത്തിക്കൂ. കോടിക്കണക്കിന് ജീവൻ സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങൾ പാലിക്കണം”. ഇനിയൊരു പുനർവിചിന്തനത്തിന് സാധ്യത ബ്രസീലിൽ നടക്കാൻ പോകുന്ന അടുത്ത വർഷത്തെ COP30 ആണ്! വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം ആർട്ടിക്കിൾ 9.8. അനുസരിച്ച് രൂപീകൃതമായിട്ടുള്ള ‘ഗ്രീൻ ക്ലൈമറ്റ് ഫണ്ട്’ (GCF)വഴിയായിരിക്കും. UNFCC യുടെ ഭാഗമായി ‘നാശ-നഷ്ട നിധി’ (loss and damage fund) എന്ന പേരിൽ വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ ആഗോള താപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് വിഭവദാരിദ്ര്യമനുഭവിക്കുന്ന രാജ്യങ്ങളെ ഉദ്ദേശിച്ച് പ്രത്യേകമായി ഒരു ഫണ്ട് ഉണ്ട്. ഈ ഫണ്ട് സൃഷ്ടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ അപര്യാപ്തമായി തുടരുന്നു. ഇപ്പോഴുള്ള 70 കോടി ഡോളർ എന്നത് 73.1 കോടി ഡോളർ ആയി ഉയർന്നു എന്ന് മാത്രം.
കാർബൺ ഓഫ്സെറ്റിംഗ് പദ്ധതിക്ക് അംഗീകാരം
ബാക്കുവിൽ തീരുമാനമായ മറ്റൊന്ന് ‘കാർബൺ ഓഫ്സെറ്റിംഗ്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പാരിസ് ഉടമ്പടിയിലെ ആർട്ടിക്കിൾ 6 ന്റെ കാര്യമാണ്. മൂന്ന് സബ്ആർട്ടിക്കിൾ അടങ്ങിയതാണ് ഇത്. ആർട്ടിക്കിൾ 6 പ്രകാരം രണ്ട് വിപണി സംവിധാനവും (6.2, 6.4 ) ഒരു വിപണിയിതര (6.8) സംവിധാനവുമാണുള്ളത്. പലരും പ്രതീക്ഷയോടെ കാത്തിരുന്ന ആർട്ടിക്കിൾ 6 സംവിധാനം 2025 ൽ തന്നെ പ്രാവർത്തികമാകും എന്ന് കരുതാം. രാജ്യങ്ങൾ അവരുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരിക്കുമ്പോൾ അവർക്ക് വിശ്വസനീയവും സുതാര്യവുമായ കാർബൺ വിപണികൾ ആർട്ടിക്കിൾ 6 ഉറപ്പ് നല്കുന്നു. ഈ സഹകരണം രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികൾ (NDCs) നടപ്പിലാക്കുന്നതിനുള്ള ചെലവ് പ്രതിവർഷം 25, 000 കോടി ഡോളർ വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാർബൺ വിപണനവുമായി ബന്ധപ്പെട്ട് ഉയർന്നു വരാറുള്ള ‘ഗ്രീൻ വാഷിംഗ്” ഒഴിവാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യ കാർബൺ ഓഫ്സെറ്റിംഗുമായി ബന്ധപ്പെട്ട് ചില പദ്ധതികൾ 2023-24 ൽ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രിത വിപണിയും (compliance market) സന്നദ്ധ വിപണിയും (voluntary market)ഉൾപ്പെടെയുള്ള ദേശീയ കാർബൺ വിപണിയാണ് ഇതിൽ പ്രധാനപ്പെട്ടത്, പക്ഷേ തുടങ്ങിയിരുന്നില്ല. ആർട്ടിക്കിൾ 6 ന്റെ നടത്തിപ്പ് എങ്ങിനെ എന്ന് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.
പാരിസ് ഉടമ്പടിക്ക് മുമ്പുണ്ടായിരുന്ന ക്യോട്ടോ ഉടമ്പടിയിലാണ് കാർബൺ ക്രഡിറ്റ് ആദ്യമായി സ്ഥാനം പിടിക്കുന്നത്. പക്ഷേ, ഇതിൽ വികസിത രാജ്യങ്ങൾക്ക് മാത്രമായിരുന്നു എമിഷൻ കുറയ്ക്കാനുള്ള ബാധ്യസ്ഥത. പക്ഷേ, പാരിസ് ഉടമ്പടി പ്രകാരം എല്ലാ രാജ്യങ്ങൾക്കും, വികസിത, വികസ്വര ഭേദമില്ലാതെ, എമിഷൻ കുറയ്ക്കാൻ ബാധ്യതയുണ്ട്. ഇതിനർത്ഥം, പഴയപോലെ മറ്റ് രാജ്യങ്ങളിൽ നിന്ന് കാർബൺ ക്രഡിറ്റുകൾ വാങ്ങി തട്ടിക്കിഴിക്കാനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്നാണ്!
UNFCCC യുടെ മേൽനോട്ടത്തിൽ ഒരു പുതിയ ആഗോള കാർബൺ വിപണി സൃഷ്ടിക്കുകയാണ് ആർട്ടിക്കിൾ 6.4 ലക്ഷ്യമിടുന്നത്. ഈ സംവിധാനം വഴി, ഒരു രാജ്യത്തിനോ, കമ്പനിക്കോ ആ രാജ്യത്തെ എമിഷൻ കുറയ്ക്കാനും ആ കുറവ് ക്രെഡിറ്റ് ചെയ്യാനും കഴിയും. ഈ ക്രെഡിറ്റുകൾ മറ്റൊരു രാജ്യത്തെ വേറൊരു കമ്പനിക്ക് വാങ്ങി അവരുടെ എമിഷൻ റിഡക്ഷൻ ബാധ്യതകൾ പാലിക്കുന്നതിന് ഉപയോഗിക്കാം. ഈ സംവിധാനം ‘പാരീസ് എഗ്രിമെന്റ് ക്രെഡിറ്റിംഗ് മെക്കാനിസം’ (PACM) എന്നറിയപ്പെടുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ കാർബൺ വ്യാപാരം സാധ്യമാക്കിയ പഴയ സംശുദ്ധ വികസന തന്ത്രത്തിന് (Clean development mechanism, CDM) സമാനമായിട്ടാണ് PACM. പുതിയ കാർബൺ ക്രെഡിറ്റിംഗ് സംവിധാനം സജ്ജീകരിക്കുന്ന UN ന്റെ സൂപ്പർവൈസറി ബോഡിക്ക് 2025-ൽ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
COP 29 ലെ മറ്റ് കാര്യങ്ങൾ
ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള COP28 ന്റെ പ്രതിബദ്ധത ബാക്കുവിൽ ശക്തമായി രാജ്യങ്ങൾ ഉയർത്തിയില്ല. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ചർച്ചകളിലെ "ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം" (transition away) ശക്തിപ്പെടുത്താനുള്ള ശ്രമവും കണ്ടില്ല, COP29 ന്റെ അന്തിമ തീരുമാനങ്ങളിൽ ഇത് ആവർത്തിക്കുക മാത്രം ചെയ്തു. കാലാവസ്ഥാ കോൺഫറൻസിൽ സാധാരണ മറ്റ് പതിവ് പരിപാടികളും നടക്കും. NDC കളുടെ അവലോകനം, ആഗോള GHG സ്റ്റോക്കെടുപ്പ്, ദ്വിവത്സര സുതാര്യതാ റിപ്പോർട്ടിന്റെ (Biennial Transparency Report, BTR) സ്ഥിതി, REDD+ പദ്ധതികൾ, പൊരുത്തപ്പെടലുമായി (adaptation) ബന്ധപ്പെട്ട കാര്യങ്ങൾ, കാലാവസ്ഥാ പ്രവർത്തനങ്ങളിൽ തദ്ദേശീയരേയും പ്രാദേശിക സമൂഹങ്ങളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോകുന്നതിനുള്ള ആവശ്യകത, ജൻഡർ ആക്ഷൻ പ്ലാൻ, അങ്ങിനെ പലതും. പൊതുവായി വിലയിരുത്തുമ്പോൾ COP 29 ഒരു വൻവിജയമെന്നോ, വൻപരാജയമെന്നോ പറയാനാകില്ല. പക്ഷേ, ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വേഗത നന്നായി വർധിപ്പിക്കേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ ഗൌരവം ഉൾക്കൊണ്ട്, തീരുമാനിച്ച പോലുള്ള ധനസഹായം ഉണ്ടാകുമെന്നും, എല്ലാ രാജ്യങ്ങളും സ്വന്തം ദേശീയ കാലാവസ്ഥാ നടപടികൾ യാഥാർധ്യബോധത്തോടെ തയ്യാറാക്കുക മാത്രമല്ല നടപ്പിലാക്കുന്നതിനും ശ്രമിക്കും എന്ന് പ്രതീക്ഷിക്കാം.
Content Highlights: cop 29 climate justice and climate fund
Published: 10 Dec 2024, 05:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented