വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍, പക്ഷി-മൃഗാദികള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൈവവൈവിധ്യത്തെ നാം മനസ്സിലാക്കുന്നതും നിര്‍വചിക്കുന്നതും. ജീവിവര്‍ഗങ്ങള്‍ അഥവാ സ്പീഷിസുകള്‍ തമ്മിലും, അവയോരോന്നിലുമുള്ള ഇനങ്ങള്‍ തമ്മിലും, അവയുടെ ആവാസവ്യവസ്ഥകള്‍ തമ്മിലുമുള്ള വൈവിധ്യം ഉള്‍പ്പെടെ എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള വ്യതിയാനങ്ങളെ സൂചിപ്പിക്കാനാണ് 'ബയോഡൈവേര്‍സിറ്റി' അഥവാ 'ജൈവവൈവിധ്യം' എന്ന പദം ഉപയോഗിക്കുന്നത്. നഗര ജൈവവൈവിധ്യം (urban biodiversity) എന്നത് ഒരു നഗരത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങള്‍ക്കിടയിലുള്ള വൈവിധ്യത്തെയും വ്യതിയാനത്തെയും അവ സംഭവിക്കുന്ന പാരിസ്ഥിതിക സംവിധാനങ്ങളെയും സൂചിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, ഒരു നഗരത്തിലെ ജീവന്റെ വൈവിധ്യവും സമൃദ്ധിയും ആണ് നഗര ജൈവവൈവിധ്യം. ആവാസവ്യവസ്ഥയുടെ തരങ്ങളുടെയും (ഉദാ. തടാകങ്ങള്‍, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍) അവയുടെ വിസ്തൃതിയുടെയും അവയ്ക്കുള്ളിലെ സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ഇനങ്ങളുടെയും സമൃദ്ധിയുടെയും അടിസ്ഥാനത്തില്‍ നഗര ജൈവവൈവിധ്യത്തെ ഏറ്റവും ലളിതമായി നിര്‍വചിക്കാനാകും. 

To advertise here,

ഭൂമിയിലെ ആകെ കരപ്രദേശത്തിന്റെ  മൂന്നു ശതമാനത്തില്‍ താഴെയാണ് നഗരപ്രദേശങ്ങളെങ്കിലും ലോകജനസംഖ്യയുടെ പകുതിയിലധികം (55%) ഇവിടെയാണ് വസിക്കുന്നത്! 2050 ആകുമ്പോഴേക്കും ലോകത്ത് ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടും ഏതെങ്കിലുമൊരു നഗരത്തില്‍ വസിക്കുമെന്നാണ് പ്രവചനം! നഗരങ്ങള്‍ ഭൂമിയുടെ 75 ശതമാനം വിഭവങ്ങളും ഉപയോഗിക്കുന്നു, പകുതിയിലധികം ആഗോള മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, കുറഞ്ഞത് 60 ശതമാനം ഹരിതഗൃഹവാതക ഉദ്വമനം സൃഷ്ടിക്കുകയും ചെയ്യുന്നു. നഗരങ്ങള്‍ വളരുമ്പോള്‍, വ്യക്തമായ ആസൂത്രണമില്ലെങ്കില്‍ അവ ചുറ്റുമുള്ള പ്രകൃതിയെ മാറ്റിമറിക്കുകയും വരള്‍ച്ചയിലേക്കും ഭൂമിയുടെ നാശത്തിലേക്കും നയിക്കുകയും ചെയ്യും.

പലപ്പോഴും ജൈവവൈവിധ്യത്തെ നാം മനസ്സിലാക്കുന്നത് വനങ്ങളുടെയും ഗ്രാമപ്രദേശങ്ങളുടെയും പശ്ചാത്തലത്തിലാണ്. ഈ പ്രദേശങ്ങള്‍ക്കപ്പുറവും ജൈവവൈവിധ്യം നിലനില്‍ക്കുന്നു. നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളുടെ ഉയര്‍ന്ന അനുപാതത്തിലേക്ക് ലോകം നീങ്ങുമ്പോള്‍, നഗര ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയേ ഉള്ളൂ. 
ഉയര്‍ന്ന ജനസാന്ദ്രതയും പൊതുവേ നിര്‍മ്മിതപരിസ്ഥിതിയെ ആധാരമാക്കിയുമുള്ള അടിസ്ഥാന സൗകര്യങ്ങളുമുള്ള  ഒരു മനുഷ്യവാസ കേന്ദ്രമാണ് നഗരപ്രദേശം. ഇവ മിക്കവാറും, ഒരു പട്ടണം, നഗരപ്രാന്തം, അല്ലെങ്കില്‍ ഒരു നഗരം തന്നെ ആയിരിക്കും. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നഗരപ്രദേശങ്ങളിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനാണ്. തീവ്രമായ നഗരവല്‍ക്കരണം ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും കാലാവസ്ഥയുടെ പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നത് മനസ്സിലാക്കിയാണ് ഈ ഇടപെടല്‍. 

നഗരപ്രകൃതി (urban nature) എന്നൊരു പ്രയോഗവും ഉണ്ട്.  അത്, ഒരു നഗരത്തിലെ എല്ലാ ജീവജാലങ്ങളെയും സൂചിപ്പിക്കുന്നു, അതായത്, സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, കുമിളുകള്‍, മറ്റ് സൂക്ഷ്മജീവികള്‍ എന്നിവയുടെ ആകെത്തുകയാണിത്. നഗരപ്രകൃതിയുടെ വ്യത്യസ്ത ഘടകങ്ങള്‍ വിവിധ തരത്തിലുള്ള ജൈവവൈവിധ്യങ്ങളുടെ ഭാഗമാകാം. ഉദാഹരണത്തിന്, സസ്യങ്ങള്‍ അതിരിടുന്ന പാതകളും, അരുവികളും, കുളവും ഉള്ള ഒരു നഗരപാര്‍ക്ക് നഗര ജൈവവൈവിധ്യത്താല്‍ സമ്പന്നമായിരിക്കും. കാരണം, അത് നിരവധി തരം സസ്യങ്ങള്‍, പക്ഷികള്‍, തവളകള്‍, മത്സ്യങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ ആവാസ കേന്ദ്രമായിരിക്കും. ഇതിനു വിപരീതമായി, സ്പോര്‍ട്സ് മൈതാനങ്ങളും പിക്നിക് ഏരിയകളും ഉള്‍ക്കൊള്ളുന്ന നഗരപാര്‍ക്കുകളും നഗരപ്രകൃതിയുടെ ഉദാഹരണമാണ്. പക്ഷേ ചെറിയ ജൈവവൈവിധ്യത്തെ മാത്രമാണ് ഇവ പിന്തുണയ്ക്കുന്നത്. 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നഗരപ്രകൃതി ഭൂമിശാസ്ത്രപരമായ സ്ഥലത്തിന്റെ വ്യാപ്തി നിര്‍വചിക്കുന്നു, അതേസമയം നഗര ജൈവവൈവിധ്യം ആ സ്ഥലത്തെ ജീവികളുടെ പ്രത്യേക ഗുണവിശേഷങ്ങളെ സൂചിപ്പിക്കുന്നു, അതായത് ജീവിവര്‍ഗങ്ങളുടെ സമൃദ്ധിയും   (species richness), സ്പീഷീസ് ഐശ്വര്യവും  (species evenness). അര്‍ബന്‍ പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവിടങ്ങളില്‍ കാണുന്ന ജൈവവൈവിധ്യം മാത്രമല്ല നഗരപ്രകൃതി. നഗര തണ്ണീര്‍ത്തടങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വ്യാവസായിക സൈറ്റുകള്‍, റോഡിന്റെ അരികുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, തരിശായി കിടക്കുന്ന ഭൂമികള്‍, അവശിഷ്ടങ്ങള്‍, ശ്മശാനങ്ങള്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളും പെടും. ജീവജാലങ്ങളില്‍ പലതും ആ പ്രദേശത്തെ തദ്ദേശ ജീവികളുമായിരിക്കും. വൃക്ഷങ്ങളുടെ തോട്ടം (arboretum), റെസിഡന്‍ഷ്യല്‍ ഗാര്‍ഡനുകള്‍, വില്ലകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, മൃഗശാലകള്‍, അക്വേറിയം,   ബാല്‍ക്കണികള്‍ എന്നിവയും നഗര ജൈവവൈവിധ്യത്തിന്റെ റിസര്‍വോയറുകളാണ്. കാര്‍ബണ്‍ പിടിച്ചുവെക്കല്‍, വായു, ജല ശുദ്ധീകരണം, പരിസ്ഥിതി മലിനീകരണത്തിന്റെ ആഘാതം ലഘൂകരിക്കല്‍, ശബ്ദം കുറയ്ക്കല്‍, സൂക്ഷ്മകാലാവസ്ഥാ നിയന്ത്രണം എന്നിവ പോലുള്ള കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും (mitigation)  പൊരുത്തപ്പെടലിനും (adaptation)  ബാധകമായ ഇക്കോസിസ്റ്റം സേവനങ്ങളും ഇവ നല്‍കുന്നു. 

നഗര ജൈവ ജൈവവൈവിധ്യവും പരിസ്ഥിതിസേവനങ്ങളും നഗരങ്ങളിലെ ജൈവവൈവിധ്യം ചെയ്യുന്ന പരിസ്ഥിതിസേവനങ്ങള്‍ വില മതിക്കാനാകാത്തതാണ്. പട്ടണങ്ങളിലെ ഹരിത ഇടങ്ങള്‍ക്ക് നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയും. മരങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടെയുള്ള ഹരിത ഇടങ്ങള്‍, ദോഷകരമായ വായുമാലിന്യങ്ങള്‍ പിടിച്ചെടുക്കുകയും അരിച്ച് വിടുകയും ചെയ്തുകൊണ്ട് വായുവിലെ  മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്നു.

നഗര ഹരിതപ്രദേശങ്ങള്‍ തണല്‍ നല്‍കിക്കൊണ്ട് പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും താപദ്വീപ് പ്രഭാവം (heat island effect) കുറയ്ക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളെ തണുപ്പിക്കുന്നതിനും സഹായിക്കുന്നു. നഗരവനങ്ങളിലെ ഭൂഉപരിതലത്തിന്റെ താപനില  വനമില്ലാത്ത നഗരപ്രദേശങ്ങളെ അപേക്ഷിച്ച് 2-10 ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, 'ലാന്‍ഡ്സ്‌കേപ്പ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, നഗരസസ്യജാലങ്ങള്‍ പകല്‍ സമയത്ത് ഭൂഉപരിതലത്തിന്റെ താപനില  6 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. 

തണലും സ്വേദന-ബാഷ്പീകരണത്തിലൂടെ (evapotranspiration) തണുപ്പും നല്‍കിക്കൊണ്ട് മരങ്ങളും മറ്റു സസ്യങ്ങളും താപനില കുറയ്ക്കുന്നു. വെള്ളം കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്ന നടപ്പാതകള്‍ക്കും നഗര തണ്ണീര്‍ത്തടങ്ങള്‍ക്കും വെള്ളപ്പൊക്കത്തില്‍ നിന്നും മലിനീകരണത്തില്‍ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയും. അതുപോലെ തന്നെ, മലിനമായ വ്യാവസായിക മേഖലകളെ പുനരുദ്ധരിച്ച് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും വിനോദത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങളാക്കാനും കഴിയും.

തീവ്രമായ കാലാവസ്ഥാ സംഭവങ്ങളും കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക മാറ്റങ്ങളോട് വൈവിധ്യമാര്‍ന്ന നഗര ആവാസവ്യവസ്ഥകള്‍ നന്നായി പ്രതിരോധിക്കും. 'നേച്ചര്‍ എജ്യുക്കേഷന്‍ നോളജ്' ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് ഉയര്‍ന്ന തലത്തിലുള്ള ജൈവവൈവിധ്യത്തിന് ആവാസവ്യവസ്ഥയുടെ സേവനങ്ങള്‍ നല്‍കാനും അസ്വസ്ഥതകളോട് പൊരുത്തപ്പെടാനും കഴിയും എന്നാണ്.  നഗരങ്ങളിലെ 'പ്രകൃതിപ്രവേശനം' നഗരവാസികളുടെ മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പഠനം കാണിക്കുന്നത് ഉയര്‍ന്ന അളവില്‍ ഹരിത ഇടങ്ങളുള്ള അയല്‍പക്കങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടെന്നാണ്.  മാത്രമല്ല, ജൈവവൈവിധ്യം കാത്തു സൂക്ഷിയ്ക്കുന്ന പാര്‍ക്കുകളും, ബൊട്ടാണിക്കല്‍ ഉദ്യാനവും, മൃഗശാലയും, അക്വേറിയവുമൊക്കെ പട്ടണവാസികള്‍ക്ക് വിനോദ അവസരങ്ങളും,  വിദ്യാഭ്യാസത്തിനും, പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനുമുള്ള സവിശേഷ ഇടങ്ങളായും പ്രവര്‍ത്തിക്കുന്നു. ഹരിത ഇടങ്ങളും നഗര വന്യജീവി ആവാസവ്യവസ്ഥകളും സൃഷ്ടിക്കുന്നതിലൂടെ, നഗരങ്ങള്‍ക്ക് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലും പാരിസ്ഥിതിക പുനരുദ്ധാരണ പദ്ധതികളിലും വിദ്യാഭ്യാസ പരിപാടികളിലും സമൂഹങ്ങളെ ഉള്‍പ്പെടുത്താനും കഴിയും.

പരിസ്ഥിതി വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലൂടെ മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള നഗരത്തിന്റെ ശേഷിക്ക് ജൈവവൈവിധ്യം മഹത്തായ സംഭാവന ചെയ്യുന്നു. പരിസ്ഥിതിക്കും മനുഷ്യര്‍ക്കും വേണ്ടിയുള്ള ജൈവവൈവിധ്യത്തിന്റെ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ നേടുന്ന നേട്ടങ്ങളെ വിവരിക്കുന്ന ആവാസവ്യവസ്ഥാ സേവനങ്ങളുടെ ആശയമാണ്. ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഈ ആവാസവ്യവസ്ഥയുടെ വിവിധ പ്രക്രിയകളുടെ തുടര്‍ച്ചയെ പിന്തുണയ്ക്കുന്നു, അതില്‍ മനുഷ്യക്ഷേമത്തിന്റെ മെച്ചപ്പെടുത്തലും ഉള്‍പ്പെടുന്നു. നഗരങ്ങളിലെ ഇക്കോസിസ്റ്റം സേവനങ്ങളെക്കുറിച്ച് വലിയതോതിലുള്ള ഗവേഷണമൊക്കെ നടക്കുന്നുണ്ടെങ്കിലും, കണ്ടെത്തലുകള്‍ പലപ്പോഴും നഗരാസൂത്രകര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത.

നഗര ജൈവവൈവിധ്യ സൂചിക

നഗര ജൈവവൈവിധ്യ സൂചിക (City Biodiversity Index) അഥവാ സിംഗപ്പൂര്‍ സൂചിക (Singapore Index) നഗരങ്ങളുടെ ജൈവവൈവിധ്യം അളക്കുന്നതിനുള്ള ഒരു സൂചികയാണ്.  പട്ടണങ്ങള്‍ ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. നഗരങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുരൂപമായി ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വയം വിലയിരുത്തല്‍ മാനദണ്ഡമാണ് സിറ്റി ബയോഡൈവേര്‍സിറ്റി ഇന്‍ഡെക്‌സ്.

നഗരങ്ങള്‍ക്കായി നിലവിലുള്ള പാരിസ്ഥിതിക സൂചികകള്‍ ശുദ്ധജലം, ശുചിത്വം, ഊര്‍ജ്ജ കാര്യക്ഷമത, വായുവിന്റെ ഗുണനിലവാരം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളെ  കേന്ദ്രീകരിച്ചാണ്. നഗര ജൈവവൈവിധ്യത്തെക്കുറിച്ച് ധാരാളം പഠനങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളെയും ഏകീകരിക്കുന്ന ഒരു അളവുകോല്‍ നിലവിലുണ്ടായിരുന്നില്ല. 2008-ലെ ഒമ്പതാമത് ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സില്‍ (CBD-COP 9)  സിംഗപ്പൂരിന്റെ അന്നത്തെ ദേശീയ വികസനമന്ത്രി  മഹ് ബൗ ടാന്‍ (Mah Bow Tan) നഗരങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങള്‍ക്ക് മാനദണ്ഡമായി ഒരു നഗര ജൈവവൈവിധ്യ സൂചിക സ്ഥാപിക്കണമെന്ന്  നിര്‍ദ്ദേശിച്ചു.

ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിംഗപ്പൂരിലെ നാഷണല്‍ പാര്‍ക്ക് ബോര്‍ഡ് (NParks) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി ചേര്‍ന്ന്, ജൈവവൈവിധ്യ സൂചിക വികസിപ്പിക്കുന്നതിന് ജൈവവൈവിധ്യ ഉടമ്പടി സെക്രട്ടേറിയറ്റിനെ സഹായിച്ചു. സിംഗപ്പൂരിന്റെ സംഭാവനയ്ക്കും നേതൃത്വത്തിനും അംഗീകാരമായി 'സിംഗപ്പൂര്‍ നഗരജൈവവൈവിധ്യ സൂചിക' (Singapore Index on Cities) അല്ലെങ്കില്‍ 'സിംഗപ്പൂര്‍ സൂചിക (S.I.)' എന്ന് പേരുമിട്ടു. നഗരങ്ങളെ അവരുടെ ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങള്‍ വിലയിരുത്തുന്നതിനും മാനദണ്ഡമാക്കുന്നതിനും സഹായിക്കുന്ന ആദ്യ സ്വയംവിലയിരുത്തല്‍ ഉപകരണമാണിത്. സിംഗപ്പൂര്‍ സൂചികയുടെ ആദ്യ പതിപ്പ് 2009 മുതല്‍ 2011 വരെ നടത്തിയ മൂന്ന് സാങ്കേതിക വിദഗ്ധ ശില്‍പശാലകളിലൂടെ വികസിപ്പിച്ചെടുത്തു.
 
പത്ത് വര്‍ഷത്തിന് ശേഷം 2019 ല്‍, 'സിംഗപ്പൂര്‍ സൂചിക'യുടെ പ്രയോഗത്തിലൂടെ ലഭിച്ച അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി സൂചികയെ പുതുക്കുന്നതിനായി നാലാമത്തെ വര്‍ക്ക്ഷോപ്പ് വിളിച്ചുകൂട്ടി. ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള കാലിക പ്രസക്തമായ സൂചകങ്ങളും ഉള്‍ക്കൊള്ളിച്ചു. പുതിയൊരു കൈപ്പുസ്തകം തന്നെ ഇറക്കിയിട്ടുണ്ട്. (https://www.cbd.int/doc/publications/cbd-ts-98-en.pdf )
 
നിര്‍ണായകമായ, പരസ്പരബന്ധിതമായ മൂന്ന് സംവിധാനങ്ങളിലൂടെ നഗരങ്ങളുടെ  ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സിംഗപ്പൂര്‍ സൂചിക സഹായിക്കുന്നു. (1). നഗരങ്ങള്‍ക്ക് അവയുടെ നിലവിലുള്ള ജൈവവൈവിധ്യ രൂപങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അളക്കാനും, പിന്നീട് അവയെ നിരീക്ഷിക്കാനും വിലയിരുത്താനും സൂചിക അനുവദിക്കുന്നു. (2). ജൈവവൈവിധ്യ ബോധവല്‍ക്കരണ യത്‌നങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്ന ഒരു പൊതുവേദിയായി ഇത് പ്രവര്‍ത്തിക്കും.  (3). നഗര ഭരണം, അക്കാദമിക് സമൂഹം, സിവില്‍ സമൂഹങ്ങള്‍, സ്‌കൂളുകള്‍, പൊതുജനങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയിലെ വിവിധ വകുപ്പുകള്‍ക്കിടയില്‍ ഇന്‍ഡെക്‌സ് പോര്‍ട്ടലായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഡാറ്റ ശേഖരണത്തിലൂടെയും പരസ്പര ലക്ഷ്യങ്ങള്‍ പങ്കിടുന്നതിലൂടെയും മെച്ചപ്പെട്ട ആശയവിനിമയവും ശക്തമായ നെറ്റ്വര്‍ക്കുകളും കൂടുതല്‍ സഹകരണവും പ്രോത്സാഹിപ്പിക്കുന്നു. സിങ്കപ്പൂര്‍ സൂചികക്ക് സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വ്യത്യാസങ്ങള്‍ അളക്കുന്നതിനുള്ള പ്രധാന നയ ഉപകരണമായി  വര്‍ത്തിക്കാന്‍ കഴിയും.നഗരസഭകള്‍ക്ക് അവരുടെ ജൈവവൈവിധ്യ സംരക്ഷണ പ്രയത്‌നങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വയം വിലയിരുത്തല്‍ ഉപകരണമായി സിംഗപ്പൂര്‍ സൂചികയെ ഉപയോഗപ്പെടുത്താം. സിംഗപ്പൂര്‍ സൂചികയുടെ പുതുക്കിയ പതിപ്പ്, കഴിഞ്ഞ ദശകത്തില്‍ ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയവിവരങ്ങളെ അടിസ്ഥാനമാക്കി ജൈവവൈവിധ്യ നഷ്ടവും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കാന്‍ ശ്രമിക്കുന്നു. ജൈവവൈവിധ്യത്തിനും ജനങ്ങള്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു വികസന പാത സ്വീകരിക്കാനും കഴിയും.  

സിംഗപ്പൂര്‍ സൂചികക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യ ഭാഗം നഗരത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു; രണ്ടാമത്തേത്, നഗരത്തിലെ തദ്ദേശീയ ജൈവവൈവിധ്യം നല്‍കുന്ന ഇക്കോസിസ്റ്റം സേവനങ്ങള്‍, ജൈവവൈവിധ്യത്തിന്റെ മേല്‍നോട്ടവും പരിപാലനവും എന്നിവ അളക്കുന്ന 28 സൂചകങ്ങളാണ്. ഉപഘടകങ്ങളായി സംരക്ഷിത പ്രദേശങ്ങളുടെ അനുപാതം, ജലത്തിന്റെ അളവ് നിയന്ത്രിക്കല്‍, ജൈവവൈവിധ്യ സംരക്ഷണത്തിന് നീക്കിവെച്ചിരിക്കുന്ന ബജറ്റ്  എന്നിവയും കണക്കിലെടുക്കും.  സിംഗപ്പൂര്‍ സൂചികയെക്കുറിച്ചുള്ള കൈപ്പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രീതിശാസ്ത്രവും അടിസ്ഥാനമാക്കിയാകണം ജൈവവൈവിധ്യ സൂചിക തയ്യാറാക്കേണ്ടത്. സിംഗപ്പൂര്‍ സൂചിക  ആദ്യം ഉപയോഗിക്കുമ്പോള്‍ അടിസ്ഥാന സ്‌കോറിംഗ് നടത്തുകയും തുടര്‍ന്ന് ഓരോ 3-5 വര്‍ഷത്തിലും നടത്തുകയും വേണം. പുതുക്കിയ സിംഗപ്പൂര്‍ സൂചികയില്‍ പരമാവധി സ്‌കോര്‍ 112 പോയിന്റാണ്.  ഓരോ സൂചകത്തിനും 0 ത്തിനും 4 പോയിന്റിനും ഇടയിലുള്ള ഒരു സ്‌കോറിംഗ് ശ്രേണി നിയുക്തമാക്കിയിരിക്കുന്നു.  ഓരോ സൂചകത്തിനും പരമാവധി നാല് പോയിന്റുകള്‍ നേടാനാകും. ഒരു നഗരം ആദ്യമായി ഈ സ്‌കോറിംഗ് ആരംഭിക്കുന്ന വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി കണക്കാക്കും. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതില്‍ ആ നഗരത്തിന്റെ പുരോഗതി സൂചികയുടെ ഭാവി പ്രയോഗങ്ങളില്‍ നിന്ന് ലഭിക്കും. 

നഗര ആവാസവ്യവസ്ഥകളും നഗര ജൈവവൈവിധ്യവും പുനസ്ഥാപിക്കാന്‍ നഗരവാസികളുടെയും  അധികാരികളുടെയും അവബോധവും പ്രതിബദ്ധതയും ആവശ്യമാണ്. നഗരാസൂത്രണത്തിന്റെ പ്രധാനഭാഗമായി തന്നെ ഹരിതഇടങ്ങളും വലയങ്ങളുമൊക്കെ ഇടം പിടിക്കണം. കോര്‍പ്പറേഷന്‍/മുനിസിപ്പല്‍ അധികാരികള്‍, ജൈവവൈവിധ്യ ബോര്‍ഡ്, നഗരതല  ജൈവവൈവിധ്യ പരിപാലന സമിതികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവര്‍ക്ക്  ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍  കഴിയും.