
കാടും മരങ്ങളും കാട്ടുമൃഗങ്ങളുമില്ലാതെ മനുഷ്യരാശിയുടെ യുഗങ്ങളിലൂടെയുള്ള അതിജീവനം സാധ്യമാകുമായിരുന്നില്ല. താങ്ങും, തണലും, ഭക്ഷണവും, ഉപജീവന വിഭവങ്ങളുമായി പുരാതന കാലം മുതല്‍ മനുഷ്യരാശിയെ സേവിക്കുന്ന മരങ്ങള്‍ ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സ്ഥലങ്ങളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ വനമേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. മരങ്ങള്‍ വെട്ടുന്നതിനോടൊപ്പം അവ പുതുതായി നട്ട് പിടിപ്പിക്കുന്നതും ഒരു യജ്ഞമായി ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
എല്ലാ വര്‍ഷവും മാര്‍ച്ച് 21 ''ലോക വനദിന''മായി ആഘോഷിക്കുന്നു എന്ന കാര്യം ഓര്‍മ്മയുണ്ടാകുമല്ലോ? വനങ്ങളുടെയും വൃക്ഷങ്ങളുടെയും പരിസ്ഥിതി പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി 2012-ല്‍ ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വൃക്ഷത്തൈ നടീല്‍ മഹോല്‍സവങ്ങള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും, ദേശീയവും, അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ ഏറ്റെടുക്കാന്‍ രാജ്യങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ ''ലോക വനദിന''പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട്മുമ്പ് ഡല്‍ഹി ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ഡോ. എം.എസ്.രണ്‍ധവയാണ് 1947 ജൂലൈ 20 മുതല്‍ 27 വരെ ആദ്യത്തെ ഇന്ത്യന്‍ ദേശീയ വൃക്ഷത്തൈ നടീല്‍ വാരം സംഘടിപ്പിച്ചത് (ഇദ്ദേഹം പിന്നീട്ട് പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. History of Agriculture in India എന്ന നാലു വാല്യങ്ങളിലുള്ള പുസ്തകത്തിന്റെ കര്‍ത്താവുമാണ്).

വിവിധ രാജ്യങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന മരങ്ങളുടെ ഉത്സവമായിരിക്കാം ഡോ. രണ്‍ധവയ്ക്കു ഇതിന് പ്രചോദനം നല്കിയത്. 1947 ജൂലൈ 20-ന് അന്നത്തെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഖുര്‍ഷിദ് അഹമ്മദ് ഖാന്‍ ബൊഹിനിയ തൈകള്‍ നട്ടുകൊണ്ട് വന മഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതേപോലെ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പാരമ്പര്യം തുടര്‍ന്നു. 1950-ല്‍ ഭക്ഷ്യ-കാര്‍ഷിക മന്ത്രി ഡോ. കെ. എം. മുന്‍ഷി ഇത് ഒരു ദേശീയ പരിപാടിയാക്കി മാറ്റി. വന ഉത്സവം ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയും ''വന മഹോത്സവം'' (ഹിന്ദിയില്‍ 'വന്‍ മഹോത്സവ്')എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
വനഉത്സവം ആഘോഷിക്കാന്‍ ജൂലൈ ആദ്യവാരം തിരഞ്ഞെടുത്തത് നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. മണ്‍സൂണ്‍ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരമാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നത് ജൂലൈ 1 ന് ആണ് (കേരളത്തിലിത് ജൂണ്‍ ആദ്യമാണെന്നത് മറക്കുന്നില്ല). ഈ കാലയളവില്‍ നട്ടുപിടിപ്പിക്കുന്ന മിക്ക വൃക്ഷതൈകളും ആണ്ടിലെ മറ്റ് സമയങ്ങളില്‍ നട്ടുപിടിപ്പിക്കുന്നതിനേക്കാള്‍ പിടിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വടക്കേ ഇന്ത്യയില്‍ lഖരീഫ് കൃഷിക്കാലം തുടങ്ങുന്നതും ജൂലൈ 1 ന് ആണ്. ഈ വര്‍ഷത്തെ വന മഹോത്സവം ജൂലൈ 1 ശനിയാഴ്ച തുടങ്ങി ജൂലൈ 7 വെള്ളിയാഴ്ച അവസാനിക്കുകയാണ്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എങ്കിലും, വനങ്ങളുടെയും മരങ്ങളുടെയും ആഘോഷമായി വനമഹോത്സവം നാം കൊണ്ടാടുന്നു. ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളിലൊന്നായി മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്. വനങ്ങള്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, വായു ശുദ്ധീകരിക്കുന്നു, മണ്ണിനെ സംരക്ഷിക്കുന്നു, വന്യജീവികളെ പിന്തുണയ്ക്കുന്നു, വരള്‍ച്ച കുറയ്ക്കുന്നു, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കാര്‍ബണ്‍ പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവന്‍രക്ഷാ മരുന്നുകളും നല്‍കുന്നു, നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. ഇങ്ങിനെയുള്ള സേവനങ്ങള്‍ മനസ്സിലാക്കുകയും ഈ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നുള്ള ബോധ്യം നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകുകയും വേണം.
സ്‌കൂളുകളിലും, കോളേജുകളിലും, സര്‍വ്വകലാശാലകളിലും, ഓഫീസുകളിലും, മറ്റു സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലുമായി വനമഹോത്സവം സംഘടിപ്പിക്കുന്നു. സാധാരണ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാണ് ആളുകള്‍ ഇത് ആഘോഷിക്കുന്നത്. ബോധവല്‍ക്കരണ ക്യാമ്പുകള്‍ സജ്ജീകരിക്കാം, സൗജന്യമായി മരതൈകള്‍ നല്‍കാം, അതുപോലെയുള്ള . മറ്റു നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും വന മഹോത്സവ വേളയില്‍ സംഘടിപ്പിക്കാം. കാടും മരങ്ങളുമൊക്കെ ആഗോളതാപനം ലഘൂകരണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതും പതിവാണ്.
(കേരള സ്റ്റേറ്റ് ബയോഡെെവേഴ്സിറ്റി ബോർഡ് ചെയർമാനാണ് ലേഖകൻ)
Content Highlights: india is one of the top ten countries according to forest area, bio talks
Published: 08 Jul 2023, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented