ണ്ടാൽ ഒരു ചുണ്ടെലിയോ  നീണ്ട മൂക്കുള്ള മറ്റേതോ എലിയോ ആണെന്ന് കരുതി നമ്മൾ പലപ്പോഴും തല്ലിക്കൊന്നിട്ടുള്ള ഒരു ജീവി സത്യത്തിൽ എലിയോ എലി വർഗക്കാരോ ആയിരുന്നില്ല. നൊച്ചെലി, നച്ചെലി, നൊച്ചൻ, നച്ചെക്കൻ , മുച്ചൻ എന്നൊക്കെ പലപേരിൽ ഇതിനെ വിളിക്കാറുണ്ട്. ‘ഒരു തരം ചെറിയ എലി’ കൂടാതെ ‘ഗന്ധ മൂഷി ‘, ‘ ചുചുന്ദരി ‘ എന്നൊക്കെ  പര്യായങ്ങളും നൊച്ചെലിക്ക് ശബ്ദതാരാവലിയിൽ അർത്ഥം കൊടുത്തിട്ടുണ്ട്. എന്തായാലും നമ്മൂടെ ടാക്സോണമിക്കാരൊക്കെ ഇടപെടും മുമ്പെന്നോ ഇതിൻ്റെ രൂപം കണ്ട് തെറ്റിദ്ധരിച്ച് ഇട്ടുപോയ പേരാണത്. ഷ്രൂ (Shrew) എന്നാണിതിന് ഇംഗ്ലീഷിൽ പേര്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പേരിലെ എലി എന്ന വാല് മുറിച്ച് വെറും നൊച്ചൻ എന്നാക്കിയില്ലെങ്കിൽ ആ തെറ്റിദ്ധാരണ തുടരും. ചെമ്പോത്ത് എന്ന് ഒരു പക്ഷിക്ക് പേരിട്ടത് കൊണ്ട് അത് ഒരിനം പോത്താണെന്ന് ആരും കരുതില്ല. എന്നാൽ, അതുപോലെ അല്ല ഷ്രൂകളുടെ കാര്യം. കാഴ്ചയിൽ ഇവർക്ക് ചുണ്ടെലികളോട് നല്ല സാമ്യം തോന്നും. അതിനാൽ ഈ പ്രാണിപിടിയനായ ഉപകാരികളെ  പകയോടെ നമ്മൾ കൊന്നുകൊണ്ടേ ഇരിക്കും. അപ്പോൾ എലികളും ഇവരും തമ്മിൽ എന്താണിത്ര വ്യത്യാസം എന്നാകും ചിലർ ചിന്തിക്കുക. 

എലികൾ കരണ്ട് തീനിയിനങ്ങളായ റോഡന്റ് (Rodent) വിഭാഗക്കാരാണ്. നമ്മുടെ നാട്ടിൽ രണ്ടിനം റാറ്റ് എലികളും ഒരിനം മൗസ് എലിയും രണ്ടിനം ബാൻ്റിക്കൂട്ട് പെരിച്ചാഴി തുരപ്പനെലികളും ആണുള്ളത്. അണ്ണാനും മുള്ളൻപന്നിയും ഒക്കെ റോഡന്റ് ഇനത്തിൽ പെട്ട സസ്തനി ജീവികളാണ്. അവർക്കൊക്കെ പൊതുവായുള്ളത് കരണ്ട് തിന്നലാണ്. അതിന് സഹായിക്കുന്ന നീളൻ ഉളിപ്പല്ലുകൾ വായുടെ മുന്നിൽ ഉണ്ടാകും. അതിനാണെങ്കിൽ നല്ല മൂർച്ചയുണ്ടാകണം എപ്പോഴും. ആശാരിമാർ രാവിലെ വെങ്കല്ലിൻ പൊടിയിട്ട് ഉളിത്തല തേച്ച്  ഉരച്ച് മൂർച്ച കൂട്ടുന്നതുപോലെ എപ്പോഴും അതിനാൽ ഇവരും പല്ല് മൂർച്ചയാക്കിക്കൊണ്ടിരിക്കും. അതിനാണിവർ ഭക്ഷണമല്ലാത്ത മരവും പ്ലാസ്റ്റിക്കും തൊട്ട് സർവതും കരളുന്നത്. തേച്ച് ഉരച്ച് പല്ലിന്റെ അഗ്രം എപ്പഴും മിനുസപ്പെടുത്തുന്ന ശബ്ദമാണ് നമ്മൾ കരളൽ ശബ്ദമായി കേൾക്കുന്നത്. ഇങ്ങനെ എപ്പോഴും  മിനുസപ്പെടുത്തിയാൽ പല്ല് തേഞ്ഞ് കുറ്റിയായിപ്പോകില്ലെ എന്ന സംശയം വേണ്ട. ഇവരുടെ  ഉളിപ്പല്ലുകൾ  മരണം വരെ വളർന്ന് കൊണ്ടിരിക്കും.  കരണ്ട് നീളം കുറച്ചില്ലെങ്കിൽ നീളം കൂടി ആകെ പ്രശ്നമാകുകയും ചെയ്യും. 

എപ്പോഴും  മിനുസപ്പെടുത്തിയാൽ പല്ല് തേഞ്ഞ് കുറ്റിയായിപ്പോകില്ലെ എന്ന സംശയം വേണ്ട. ഇവരുടെ  ഉളിപ്പല്ലുകൾ  മരണം വരെ വളരും.  കരണ്ട് നീളം കുറച്ചില്ലെങ്കിൽ നീളം കൂടി ആകെ പ്രശ്നമാകും

ആണിപോലെ കൂർത്ത ഒരു ജോഡി പല്ലുകൾ

എപ്പോഴും വളരുന്ന പല്ലുകൾ എലികൾക്കുണ്ടെങ്കിൽ ഷ്രൂകൾക്ക് ഇത്തരം ജീവിതകാലം മുഴുവൻ വളരുന്ന ഉളിപ്പല്ല് ഇല്ല. അവർക്ക് മുന്നിൽ ഉള്ളത് ആണിപോലെ കൂർത്ത ഒരു ജോഡി പല്ലുകളാണ്. സസ്തനികൾക്ക് ആദ്യം മുളക്കുന്ന പാൽപ്പല്ലുകൾ പൊഴിഞ്ഞ് പുതിയ പല്ലുകൾ മുളച്ച് വന്ന് അതാണല്ലോ ജീവിത കാലം മുഴുവൻ ഉപയോഗിക്കുക. എന്നാൽ ഇവരുടെ പാൽപ്പല്ലുകൾ ജനിക്കും മുമ്പേ തന്നെ പൊഴിഞ്ഞ് പോയിട്ടുണ്ടാകും. അതിനാൽ കരണ്ട് കളി ഇവർക്കില്ല. ഒരായുഷ്കാലത്തേക്ക് മുഴുവനായും ഈ പല്ലേ ഉള്ളു. അതിനാൽ തേയ്മാനം വന്ന് നശിച്ച് പോകാതിരിക്കാൻ ചില ഇനം ഷ്രൂകൾക്ക് പല്ലിന്റെ ഇനാമലിന് മുകളിൽ ഇരുമ്പ് ഘടകങ്ങളുടെ ഒരു കോട്ടിങ്ങ് ഉണ്ടാവും. അത്തരം ഷ്രൂകളുടെ പല്ല് മുറുക്കിച്ചുവപ്പിച്ച് കറപിടിച്ചവരുടേതുപോലെ കടും ചുവപ്പ് നിറമുള്ളതാവും. അവയെ ചെമ്പല്ലൻ ഷ്രൂകൾ (Red-toothed shrew ) എന്ന വിഭാഗം ആയാണ് വർഗീകരിച്ചിരിക്കുന്നത്. അല്ലാത്തവ വെള്ളപ്പല്ലൻ ഷ്രൂകളും (White-toothed shrew).

placeholder
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ നാര്‍കോണ്ടം ദ്വീപില്‍ 2021-ൽ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (zsi) കണ്ടെത്തിയ വൈറ്റ് ടൂത്തഡ് ഷ്രൂവിനത്തില്‍പ്പെടുന്ന  പുതിയ ഇനം ഷ്രൂ | Photo: Wiki/ https://commons.wikimedia.org/w/index.php?curid=104864734

ധാന്യങ്ങളും അണ്ടിപ്പരിപ്പുകളുമല്ല, ഇഷ്ടം പ്രാണികളോട്

കരളാൻ പറ്റില്ലെന്നേ ഇവർക്കുള്ളു. ഇവർക്ക് ധാന്യങ്ങളും അണ്ടിപ്പരിപ്പുകളും ഒന്നും അല്ല കൂടുതൽ ഇഷ്ടം. ഇവർ പ്രാണിഭോജികളാണ്. പാറ്റകൾ, വണ്ടുകൾ, ചീവീടുകൾ, പച്ചത്തുള്ളന്മാർ, പുൽച്ചാടികൾ തുടങ്ങിയ പലതരം പ്രാണികളാണ് പ്രധാന ഭക്ഷണം. കൂടെ മണ്ണിരകൾ, കുരുടികൾ എന്നു വിളിക്കുന്ന സിസിലിയൻ തവളവർഗ്ഗക്കാരായ ഉഭയജീവികൾ, തവളകൾ, ഓന്തുകൾ, പല്ലികൾ, തേളുകൾ, ഒച്ചുകൾ, പഴുതാരകൾ  തുടങ്ങി പലതരം ജീവികളെ തിന്നും. വണ്ടുകളുടേയും തേളുകളുടെയും ഒക്കെ ബാഹ്യാസ്ഥികൂടം അമർത്തി തുരന്ന് പൊളിച്ച് തിന്നാൻ ഈ ചവണ - കുത്തുളി പല്ലുകളാണ് സഹായിക്കുന്നത്. അമേരിക്കയിലും മറ്റുമുള്ള ചെറുവാലൻ ഷ്രൂകൾക്ക് പല്ലിലെ ചാലുകളിലൂടെ വിഷം കുത്തിവെക്കാനുള്ള കഴിവും ഉണ്ട്. ഒരൊറ്റ ഷ്രൂവിനുള്ളിലെ വിഷം ഇരുന്നൂറ് ചുണ്ടെലികളെ കൊല്ലാൻ മതി. നമ്മൂടെ നാട്ടിലെ ഷ്രൂകൾ ചുണ്ടെലികളെ വാലിൽ കടിച്ച്  മലൈക്കോട്ടൈ വാലിബൻ ചുഴറ്റും പോലെ ചുഴറ്റി നിലത്തടിച്ച് കൊന്ന് തിന്നുന്നവരാണ്. കോഴിക്കുഞ്ഞുങ്ങളെ തുരത്തി കാലിലെ ടെൻഡൻ കടിച്ച് മുറിച്ച് ഓടാതാക്കി തിന്നും.  

സോറിസിഡെ (Soricidae) കുടുംബക്കാരാണ് ഇവർ. ലോകത്തെങ്ങുമായി 385- ൽ അധികം ഇനങ്ങളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്. സസ്തനികളിൽ എലിവർഗ്ഗക്കാരിലും വവ്വാൽ  വർഗ്ഗക്കാരിലും മാത്രമാണ് ഇത്രയധികം ജീവി  ഇനങ്ങൾ  ഭൂമിയിൽ  വേറെ ഉള്ളത്. നമ്മൾക്ക് അങ്ങിനെ കാണാൻ കിട്ടുന്നില്ലെങ്കിലും ഇവരുടെ എണ്ണം നിസ്സാരമല്ല. ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്തനി ഇവരാകും. 10000 കോടി ഷ്രൂകൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

placeholder
സൺകസ് എട്രുസ്കസ് എന്ന വെള്ളപ്പല്ലൻ പിഗ്മി ഷ്രൂ ആണ്` ഭൂമിയിലെ ഏറ്റവും ഭാരം കുറഞ്ഞ സസ്തനി | Photo: Wiki/https://commons.wikimedia.org/w/index.php?curid=4607913

നമ്മുടെ നാട്ടിൽ കാണുന്ന ഇനം തന്നെയായ എട്രുസ്കാൻ ഷ്രൂകളിൽ സൺകസ് എട്രുസ്കസ്  എന്ന  വെള്ളപ്പല്ലൻ പിഗ്മി ഷ്രൂ ആണ് ഭൂമിയിലെ ഏറ്റവും ഭാരം കുറഞ്ഞ സസ്തനി. ഇവയിലെ മുതിർന്നവർക്ക് പോലും രണ്ട് ഗ്രാമിനടുത്താണ് ഭാരമുണ്ടാകുക. വലിപ്പം നാലഞ്ച് സെന്റീ മീറ്റർ മാത്രം.  ഭാരക്കുറവും അതിനോട് യോജിക്കാത്ത പുറം  വിസ്താരവും ഈ ജീവിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ദേഹം തണുത്തുപോകാതിരിക്കാൻ ഉപാപചയ പ്രവർത്തനങ്ങൾ വളരെ കൂടുതലായിരിക്കണം എപ്പോഴും. അതിനാൽ തന്നെ ധാരാളം ഭക്ഷണം കഴിക്കുകയും വേണം. സ്വന്തം ഭാരത്തിന്റെ ഇരട്ടി ഭക്ഷണം വേണം ദിവസവും. അതിനാൽ തന്നെ ഭക്ഷണം തിരഞ്ഞുള്ള നടപ്പാണ് കഴിയുന്ന സമയമത്രയും. പകൽ ഇത്തിരി നേരം വിശ്രമിക്കും എന്നു മാത്രം. അതിനിടയിലും എങ്ങനെയെങ്കിലും തീറ്റതേടി തിന്നാൻ ശ്രമിക്കും. മൂന്നു നാല് മണിക്കൂർ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവർ ചത്തുപോകും. 

അമിതമായ മെറ്റാബോളിക്ക് റേറ്റ് നിലനിർത്താനായി ഓക്സിജൻ എത്തിക്കാൻ ഷ്രൂക്കളുടെ ഹൃദയപമ്പ് അതി വേഗത്തിൽ മിടിച്ച്കൊണ്ടിരിക്കും. നമ്മുടെ ഹൃദയം മിനുട്ടിൽ 60-100 തവണയാണല്ലോ മിടിക്കുക. ചിലയിനം ഷ്രൂകളിൽ ഇത് ആയിരത്തി അഞ്ഞൂറ് തവണ വരെ ആകും. ഒരു വിറയൽ  പോലെ ഹൃദയം പമ്പ് ചെയ്തുകൊണ്ടിരിക്കും. മിനുട്ടിൽ ചിലപ്പോൾ അഞ്ഞൂറു തവണ വരെ  ശ്വാസമെടുക്കുകയും ചെയ്തേക്കും. ഇമ്മാതിരി വേഗത്തിൽ പമ്പ് ചെയ്യാനുള്ള ഹൃദയപേശികളും കരുത്തും വലിപ്പവും ഉള്ളതാവണമല്ലോ.  അതിനാൽ മൊത്തം ശരീരഭാരത്തിന്റെ 1.2% ഭാരം ഇവരുടെ ഹൃദയ പേശികൾക്ക് മാത്രമായുണ്ടാകും. 
   
ഇവർക്ക് എലികളുമായി വലിയ ബന്ധമൊന്നും ഇല്ല എന്നു മാത്രമല്ല ഹെഡ്ജ് ഹോഗുകൾ എന്ന ജീവികളുമായാണ് ഇവർക്ക് കൂടുതൽ വംശപരമായ അടുപ്പം ഉള്ളത്. എലിഫൻറ്റ് ഷ്രൂ എന്നെക്കെ പേരിൽ പലതരം ജീവികൾക്ക് ഷ്രൂ എന്ന വാല് ഉണ്ട്. അവരൊന്നും ശരിയായ ഷ്രൂ വിഭാഗക്കാരല്ലതാനും. 

placeholder
ഹെഡ്ജ് ഹോഗ് | By Gibe, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=29948

നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കാണുന്ന ഷ്രൂ ആണ്` ഏഷ്യൻ ഹൗസ് ഷ്രൂ എന്നു വിളിക്കുന്ന സൺകസ് മുറിനസ് എന്ന ഇനം. ഇവരാണ് ഷ്രൂകളുടെ കൂട്ടത്തിലെ ഏറ്റവും വലിപ്പം ഉള്ളവർ. വാലടക്കം ആറിഞ്ച് നീളവും നൂറു ഗ്രാം ഭാരവും ഇവർക്കുണ്ടാകും. സിലിണ്ടർ പോലെ നീണ്ട ശരീരത്തിൽ കുഞ്ഞ് കാലുകളാണുണ്ടാകുക. ഷ്രൂകളുടെ ഏറ്റവും പ്രധാന ശരീരഭാഗം അവരുടെ തലയിലെ നീണ്ട മൂക്കാണ്. വളരെ കുഞ്ഞ് കണ്ണുകളാണുണ്ടാവുക. അതുതന്നെ ചിലയിനങ്ങളിൽ തൊലികൊണ്ട് മൂടിയപോലുണ്ടാകും. ചെവി പല വലിപ്പത്തിൽ കാണാം. മണ്ണിനടിയിലും ഇരുളിലും കഴിയുന്നവരായതിനാൽ കണ്ണും കാഴ്ചയും അത്രമാത്രം വികസിച്ചിട്ടില്ല.  ആനയുടെ തുമ്പിക്കൈ പോലെ അനക്കാൻ പറ്റുന്ന വിധം ഉള്ളതാണ് ഇവരുടെ മൂക്ക്. അതിനാൽ മണത്താണ് വഴിയും ഇരകളെയും ഒക്കെ കണ്ടെത്തുന്നത്. കൂടെ വായുടെ ഭാഗത്ത്, നീളൻ മൂക്കിൽ വളരെ നീളമുള്ള വിസ്കേർസ് എന്ന സ്പർശനി രോമങ്ങൾ എറിച്ച് നിൽക്കുന്നുണ്ടാകും. നമ്മൾ തെറ്റായി ഇത്തരം വിസ്കേർസിന് മീശരോമം എന്ന് പേരിട്ട് കളഞ്ഞു. പൂച്ചകൾക്ക് മൂക്കിനു താഴെ മാത്രമല്ല , കണ്ണിന് മുകളിലും ഒക്കെ ഇത്തരം സ്പർശനി രോമങ്ങളായ വിസ്കേർസ് ഉണ്ടല്ലോ. എന്നിട്ടും പേര് മീശരോമം ! ഇരുളിൽ ഇവകൊണ്ട് തൊട്ടറിഞ്ഞാണ് ഇവർ സഞ്ചരിക്കുന്നതും ഇരതേടുന്നതും. അധികം നീളമില്ലാത്ത ഇവരുടെ വാൽ ശരീരത്തോട് ചേരുന്ന ഭാഗത്ത് വണ്ണം കൂടുതലും അഗ്രത്തിലേക്ക് കൂർത്തും ആണുണ്ടാകുക. വാലിലും തെറിച്ച് നിൽക്കുന്ന നീളൻ രോമങ്ങൾ അങ്ങിങ്ങ് കാണാം. 

placeholder
ഏഷ്യൻ ഹൗസ് ഷ്രൂ | Photo: Wiki/ By L. Shyamal - Own work, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=435961

സദാസമയവും ഇവർ ആക്റ്റീവായിരിക്കും. ഒരു സെക്കൻഡും ഇവരുടെ ശരീരം അനങ്ങാതെ കാണില്ല. ഇടക്കിടെ വല്ലാത്ത ഫ്രീക്വൻസിയിലുള്ള ചെവി തുരക്കുന്ന ചിലക്കൽ ശബ്ദം ഉണ്ടാക്കും. രാത്രികളിൽ നമ്മൾ ഇത് പലപ്പോഴും കേട്ടിരിക്കും. നഖം ഉരയുന്നതുപോലെ, ബ്ലാക്ക് ബോർഡിൽ ചോക്ക് തെന്നുന്നതുപോലെ, ലോഹപ്രതലത്തിൽ ആണി അമർത്തി ഉരക്കുന്ന പോലെയൊക്കെയുള്ള അലോസര ശബ്ദം. കൂടാതെ ഓട്ടത്തിനിടയിൽ നാണയക്കൂട്ടം കിലുക്കുമ്പോലെ മണിച്ചലും  ഉണ്ടാക്കും.  

ഇവരുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തും മസ്ക് ഗ്രന്ഥികൾ ഉണ്ട്. പ്രജനനകാലത്ത് പ്രത്യേകിച്ചും, കൂടുതലായും അല്ലാത്ത സമയത്തും ഇതിൽനിന്നു രൂക്ഷമായ മണം ഉണ്ടാകും. കൂടാതെ ഇവയുടെ കാഷ്ഠത്തിനും നല്ല നാറ്റമാണ്. അതിനാൽ തന്നെ ഇവയുടെ സാന്നിദ്ധ്യം പലപ്പോഴും നമുക്ക് അറിയാൻ കഴിയുന്നത് ഈ നാറ്റവും ചിലക്കലും വഴിയാണ്.  ഇരപിടിയന്മാരായ പൂച്ചകളേയും മറ്റും വെറുപ്പിച്ച് അകറ്റാൻ ഈ രൂക്ഷമായ മസ്ക് മണം സഹായിക്കും. അതിനാൽ അബദ്ധത്തിൽ എലിയാണെന്ന് കരുതി പൂച്ചകൾ ഷ്രൂകളെ പിടിച്ചാലും തിന്നാറില്ല. പക്ഷികൾ പക്ഷെ ഈ നാറ്റമൊന്നും കാര്യമാക്കാറില്ല.

ചില ഇനം ഷ്രൂകൾ വവ്വാലുകളെപ്പോലെ ശബ്ദപ്രതിധ്വനി പരിപാടിയായ എക്കോലൊക്കേഷൻ കഴിവ് ഉള്ളവരാണ്. അൽട്രാസോണിക്ക് ചിലക്കലുകൾ ഉണ്ടാക്കി അവ തട്ടി തിരിച്ചെത്തുന്നത് തിരിച്ചറിഞ്ഞ് ചുറ്റും ഉള്ള തടസങ്ങൾ മനസിലാക്കാൻ ഇവർക്കും പറ്റും. എന്നാൽ വവ്വാലുകൾ പറന്നുനടക്കുന്ന പ്രാണികളെ തിരിച്ചറിയുന്നതുപോലെ അത്രമാത്രം സൂക്ഷ്മതയോടെ ഇരകളെ തിരിച്ചറിയാനും ഇരപിടിക്കാൻ സഹായിക്കാനും ഒന്നും ഈ പരിപാടികൊണ്ട് ഷ്രൂകൾക്ക് ആവില്ല. രാത്രി ഇരുളിൽ അവയ്ക്ക് ചുറ്റുമുള്ള ഹാബിറ്റാറ്റിന്റെ രൂപം മനസിലാക്കാൻ മാത്രമുള്ള കൃത്യതയേ ഇതിനുള്ളു. 

പ്രത്യേകമായുള്ള ഇണചേരൽ കാലമില്ല

ഇവർക്ക് പ്രത്യേകമായുള്ള ഇണചേരൽ കാലമൊന്നും ഇല്ല. ആൺ ഷ്രൂകൾ ടെറിട്ടറി കാത്തുസൂക്ഷിക്കലും അങ്ങോട്ട് അതിക്രമിച്ച് എത്തുന്നവരോട് പൊരുതലും ഒക്കെ നടത്തും. ഒരു പ്രസവത്തിൽ എട്ട് പത്തോളം കുഞ്ഞുങ്ങൾ ഉണ്ടാവും. തീരെ ചെറിയ, രോമം മുളക്കാത്ത, കണ്ണുകീറാത്ത കുഞ്ഞുങ്ങൾ. അമ്മ ഷ്രൂ ഇവർക്ക് മുലപ്പാൽ നൽകി ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടപ്പന്മാരാക്കും. അത്ര വേഗമാണ് മാറ്റവും രോമവളർച്ചയും ഒക്കെ സംഭവിക്കുക. പ്രസവിച്ച ദിവസം തന്നെ ചിലപ്പോൾ വീണ്ടും ഇണചേർന്ന് ഗർഭിണി ആകും. പ്രസവിച്ചാൽ പഴയ കുട്ടികൾക്ക് കട്ടി ആഹാരം കൊണ്ട് വന്ന് അമ്മ ഷ്രൂ  നൽകും. പുതിയ കുട്ടികൾക്ക് മുലപ്പാലും നൽകും. 

placeholder
ഏഷ്യന്‍ ഹൗസ് ഷ്രൂവും കുഞ്ഞുങ്ങളും | ജപ്പാനിലെ ടോക്കിയോലിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് നേച്ചര്‍ ആന്‍ഡ് സയന്‍സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം | Photo: Wiki/ By Photaro - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=30055707

കൂടുള്ള ഇടത്ത് എന്തെങ്കിലും ശല്യമോ അപകടമോ മണത്താൽ ചട്ടിയും കലവും ആയി ഒരോട്ടമുണ്ട്. കണ്ണുപോലും കാണാത്ത കുട്ടികളെ മുഴുവൻ കൂട്ടിയുള്ള ഒരു വമ്പൻ ഓട്ടം. അമ്മ ഷ്രൂവിന്റെ വാലിനു താഴെ ദേഹത്ത് രോമത്തോടെ തൊലിയിൽ  ഒരു കുഞ്ഞ് കടിച്ച് പിടിച്ച് നിൽക്കും . മുന്നിലെ ചവണ പോലുള്ള പല്ലുകൾ അതിന് സഹായിക്കും.  അതിന്റെ പിറകിൽ വേറൊന്ന് ഇതുപോലെ കടിച്ച് നിൽക്കും. ഇങ്ങനെ എല്ലാ കുഞ്ഞുങ്ങളും കടിച്ച് പിടിച്ചാൽ അമ്മ ചിലച്ച് ശബ്ദമുണ്ടാക്കികൊണ്ട്, എൽ പി സ്കൂൾ കാലത്ത് കുട്ടികൾ ഒന്നിനു പിറകെ ഒന്നായി സാങ്കൽപ്പിക തീവണ്ടി കളിയിൽ  ഓടുന്നതുപോലെ ഒരു ഓട്ടമാണ്. വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെ പിടിവിടാതെ അമ്മ എഞ്ചിന് പിറകിൽ  ട്രയിൻ ബോഗികൾ പോലൊരു പോക്ക്. 

ഇവരെ കൊണ്ട് സത്യത്തിൽ നമുക്ക് വലിയ ശല്യമൊന്നും ഇല്ലെന്നു മാത്രമല്ല പ്രശ്നക്കാരും  ഉപദ്രവകാരികളും ആയ പാറ്റകൾ, പലതരം ക്ഷുദ്രപ്രാണികൾ, ചുണ്ടെലികൾ തുടങ്ങിയവയെ ഒക്കെയും കൊന്നുതീർക്കുന്നതിനാൽ ഒരു തരത്തിൽ ബയോളജിക്കൽ പെസ്റ്റിസൈഡ് ആണെന്നും പറയാം. ചില ഷ്രൂകളുടെ വായിലെ ഗ്രന്ഥികളിലുള്ള വെനത്തിൽനിന്നു രക്ത സമ്മർദ്ദത്തിനും മൈഗ്രൈൻ, ന്യൂറൊ മസ്കുലാർ രോഗങ്ങൾ എന്നിവയുടെ ഒക്കെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന ചില ഘടകങ്ങൾ വേർതിരിക്കാനുള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നോർത്തേൺ ഷോർട്ട് ടൈൽഡ് ഷ്രൂകളുടെ ഉമിനീരിലുള്ള സോറിസിഡിൻ എന്ന പെപ്റ്റൈഡ് ഒവേറിയൻ കാൻസർ ചികിത്സയ്ക്കായി വേർതിരിച്ചെടുക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതായതുത്തമാ, ശല്യക്കാരായി കരുതി, എലിയെന്ന് തെറ്റിദ്ധരിച്ച് കണ്ടയുടൻ ഷ്രൂകളെ തല്ലിക്കൊല്ലണ്ട കാര്യമില്ല. ആള് ഉപകാരികളാണ്. കൂടാതെ നമുക്ക്  നൊച്ചെലി എന്ന എലിവാലുള്ള പേര് മാറ്റി, നൊച്ചൻ എന്നു മാത്രമാക്കുകയും ചെയ്യാം.