
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നൊരു മോചനമെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ലോകം മുഴുവന്‍. ഇതിനായി പല കണ്ടെത്തലുകളും ഇതിനോടകം വന്നിട്ടുണ്ടെങ്കിലും പലതും പ്രായോഗികമാക്കുന്നിടത്ത് പരാജയപ്പെടുന്നതാണ് കാണാറ്. എന്നാല്‍ പ്രതീക്ഷക്ക് വക നൽകുന്ന തരത്തിൽ പ്ലാസ്റ്റിക് പുനചംക്രമണവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിയായ ആഷിക് സി.കണ്ണന്‍. അലബാമയിലെ ട്രോയ് സര്‍വകലാശാലയിലെ ബി.എസ്.സി ഫിസിക്‌സ് ആന്‍ഡ് മാത്ത്മാറ്റിക്‌സ് വിദ്യാര്‍ഥിയാണ് ആഷിക്
അജൈവ മാലിന്യമായി അവശേഷിക്കുന്ന 40 ശതമാനത്തോളം പ്ലാസ്റ്റിക്കിനെ റീസൈക്ലിങ് നടത്തിയാല്‍ പരമാവധി ജൈവതലത്തിലേക്ക് എത്തിക്കാമെന്നാണ് ആഷിക്കിന്റെ കണ്ടെത്തല്‍. വേറിട്ട നേട്ടത്തിലേക്ക് എത്തിയ വഴിയെ കുറിച്ച് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയാണ് ആഷിക്.
Also Read
പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ ജൈവ മാലിന്യമാക്കാം
പ്രളയത്തിന് ശേഷം നാം അഭിമുഖീകരിച്ച പ്രധാന പ്രശ്‌നമായിരുന്നു കോവിഡെന്ന മഹാമാരി. എന്നാൽ കോവിഡ് കാലമാണ് ആഷിക്കിന് ഗവേഷണത്തിന് പ്രചോദനമായത്. മാസ്‌ക് പോലുള്ള ബയോ വേസ്റ്റുകള്‍ ധാരാളമുണ്ടായിരുന്ന സമയത്ത് ലാബുകളിലെ കോട്ട് പോലെയുള്ള മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ആദ്യം ആഷിക് ചിന്തിച്ചു തുടങ്ങുന്നത്.
"ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ സർക്കാരിൽ നിന്ന് ഒരു പദ്ധതിക്കായി ഫണ്ട് ലഭിച്ചിരുന്നു. സെന്റര്‍ ഓഫ് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ചറിംഗ് സയന്‍സെന്നായിരുന്നു റിസര്‍ച്ച് പ്രോഗ്രാമിന്റെ പേര്. ഡോ. അരുണ്‍ ഘോഷായിരുന്നു അഡൈ്വസര്‍. ഹൈ ഡെന്‍സിറ്റി പോളി എഥിലീന്‍ (High density polyethylene) പോലുള്ളവയെ കുറിച്ചാണ് ആദ്യം പഠിച്ചു തുടങ്ങിയത്. ഇക്കൂട്ടത്തില്‍ പ്ലാസ്റ്റിക് ബാഗുകളെ കുറിച്ചും പഠനങ്ങള്‍ നടത്തി. ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം പിന്നീട് പ്ലാസ്റ്റിക്ക് പുനഃചക്രമണത്തിലേക്ക് പഠനം കേന്ദ്രീകരിക്കുകയായിരുന്നു", ആഷിക് പറയുന്നു.
ചുറ്റുപ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യം
ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നം. ഇത്തരം ബാഗുകളുടെ 20 മുതല്‍ 25 ശതമാനം വരെ മാത്രമാണ് കൃത്യമായി പുനരുപയോഗിക്കപ്പെടുന്നത്. എന്നാൽ ബാക്കി വരുന്ന 75 ശതമാനം പ്ലാസ്റ്റിക്കുകളില്‍ പോളിമര്‍ ഉള്‍പ്പെടുത്തി പ്രോപ്പര്‍ട്ടീസ് മെച്ചപ്പെടുത്തിയാല്‍ കസേര പോലെ ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്ന വസ്തുക്കളുണ്ടാക്കാം എന്നതായിരുന്നു ആഷിക്കിന്റെ കണ്ടെത്തൽ. പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ വിലകുറഞ്ഞും പ്രകൃതിദത്തവുമായ നൈട്രേല്‍ റബ്ബര്‍ നിശ്ചിതശതമാനം സന്നിവേശിപ്പിച്ചായിരുന്നു പരീക്ഷണം. ഇതോടെ പ്ലാസ്റ്റിക്കിന്റെ ഇലാസ്തികതയും ഉറപ്പും കൂടുമെന്നും അജൈവമാലിന്യത്തിന്റെ അളവ് കുറയുമെന്നും ആഷിക് പറയുന്നു. പുതിയ കണ്ടെത്തൽ പ്ലാസ്റ്റിക്കിനെ വീണ്ടും വിനിയോഗിക്കാൻ സഹായകരമാകുന്നതാണ്. അതിനാൽ പുതിയ പ്ലാസ്റ്റിക് ഉത്പാദനത്തിന് ഒരുപരിധി വരെ തടയിടാൻ സാധിക്കും. കണ്ടെത്തൽ ഉപയോഗിച്ച് വിവിധങ്ങളായ പ്ലാസ്റ്റിക് ഉപകരണങ്ങളും നിർമിക്കാനും കഴിയും.
പ്ലാസ്റ്റിക്കിന് ബദലാകുന്ന കടലാസ്സും പ്രകൃതിക്ക് ബുദ്ധിമുട്ട്
നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാനാകില്ല. ഉപയോഗം കുറയ്ക്കുക എന്നതും അത്ര എളുപ്പമല്ല. പ്ലാസ്റ്റിക് മാറി പേപ്പര്‍ ആയാലും പ്രകൃതിക്ക് ബുദ്ധിമുട്ട് തന്നെയാണ്. പുനരുപയോഗം പോലുള്ള പോംവഴികളാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക. ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം 2021-ല്‍ ഒരാള്‍ക്ക് 15 കിലോഗ്രാം എന്ന തോതില്‍ വര്‍ധിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകളെന്നും ആഷിക് പങ്കുവെച്ചു. വിദേശ രാജ്യങ്ങളില്‍ വേണ്ട വിധത്തില്‍ പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതലും ഗ്രേഡ് കൂടിയ പ്ലാസ്റ്റിക്കുകളാണുള്ളത്. ഗ്രേഡ് കൂടിയ പ്ലാസ്റ്റിക് പുനരുപയോഗിക്കാൻ വളരെ എളുപ്പമാണ്. നീണ്ട നാൾ നീണ്ടുനിൽക്കുവാൻ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സാധിക്കും.

ട്രോയ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കും മുന്നേയാണ് ജോർജിയ സർവകലാശാലയിൽ സമ്പൂർണ സ്കോളർഷിപ്പോടെ പി.എച്ച്ഡിക്ക് ആഷിക് പ്രവേശനം നേടുന്നത്. അമേരിക്കന്‍ ജേണലായ വൈലി ഓണ്‍ലൈന്‍ ലൈബ്രറിയില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഘടകമായ സിഗ്മ പൈ സിഗ്മ ആഷിക്കിന് ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ 70 ശതമാനം ക്രെഡിറ്റും ഡോ.അരുണ്‍ ഘോഷിന് നല്‍കുകയാണ് ആഷിക്.
നേരിട്ട വെല്ലുവിളികള്‍
പോളിമര്‍ മോളിക്യൂള്‍ അഥവാ മാക്രോ മോളിക്യൂളുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുളള പഠന ശൃംഖലയാണ് പോളിമര്‍ കെമിസ്ട്രി. ഫിസിക്‌സും മാത്തമാറ്റിക്‌സും ആയിരുന്നു ആഷിക്കിന്റെ പ്രധാന വിഷയങ്ങൾ. അതിനാൽ തന്നെ പോളിമര്‍ കെമിസ്ട്രിയിലേക്ക് മാറിയപ്പോള്‍ നന്നേ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഫിസിക്‌സ് പഠിച്ചത് ഗുണം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു ആഷിക്
Content Highlights: about ashik c kannan, a thrissur native who found out plastic can be completely degraded
Published: 24 Jun 2023, 09:43 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented