
വര്‍ഷം 2007. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ എക്‌സ്റ്റെന്‍ഷന്‍ നടപടികള്‍ നടക്കുന്ന സമയം. ചില്ലറയല്ലാത്ത പരിസ്ഥിതി പ്രശ്‌നങ്ങളും ഉടലെടുത്തു. മലനിരകൾ ചെത്തിയാണ് വിമാനത്താവളം പണിതതെന്നറിഞ്ഞ ആ യുവാക്കളുടെ ഉള്ളൊന്ന് പിടഞ്ഞു. തുടര്‍ന്ന് ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും മറ്റും ആ യുവാക്കള്‍ കണ്ടെത്തി. ഇതേ വര്‍ഷം തന്നെയാണ് 'ഫ്രണ്ട്‌സ് ഓഫ് നേച്വര്‍' എന്ന പരിസ്ഥിതി കൂട്ടായ്മ രൂപം കൊള്ളുന്നത്. ഇന്നിപ്പോള്‍ പരിസ്ഥിതി ആക്ടിവിസം, ഗ്രീന്‍ ഫെസ്റ്റുകള്‍, കാടു കയറല്‍ ഒക്കെയായി തിരക്കിലാണ് ഈ കൂട്ടായ്മ. 2023-ൽ ഈ കൂട്ടായ്മ 16 വര്‍ഷം പൂര്‍ത്തിയാക്കി. കരിപ്പൂരിലെ സഹോദരങ്ങളായ എം.എസ്. റഫീഖ് ബാബു, മുഹമ്മദ് മുഖീം എന്നിവരില്‍ നിന്നാണ് ചിന്തയുടെ തുടക്കം.
2010 വരെ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഈ സംഘടന. ഹൈക്കോടതിയിലും ഗ്രീന്‍ ട്രിബ്യൂണലിലും പോയി അനുകൂല ഉത്തരവുകളും വിധികളും നേടിയെടുത്തു. എന്നാല്‍, ഇത് മാത്രമായിരുന്നില്ല സംഘടനയുടെ ലക്ഷ്യം. പരിസ്ഥിതി സംബന്ധമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് കൂടിയായിരുന്നു. പുളിക്കല്‍, വാഴയൂര്‍ തുടങ്ങിയിടങ്ങളിലെ ക്വാറി പ്രശ്‌നങ്ങളാണ് സംഘടനയുടെ കണ്ണില്‍ രണ്ടാമതായി പെട്ടത്. തുടക്കകാലത്ത് അഭിസംബോധന ചെയത് ചില പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ എട്ടോ പത്തോ പേര്‍ക്ക് ബോധമുണ്ടായത് കൊണ്ട് കാര്യമില്ലെന്ന് സംഘടനയിലെ അംഗങ്ങള്‍ തിരിച്ചറിഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്തി അവരെ ഒപ്പം കൂട്ടുകയെന്ന് പോംവഴി അങ്ങനെയാണ് സംഘടന കണ്ടെത്തുന്നത്. 2012-ല്‍ മികച്ച പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനം നടത്തുന്ന കുട്ടികള്‍ക്ക് ഗ്രീന്‍ സ്റ്റുഡന്റ് അവാര്‍ഡും സംഘടന ഏര്‍പ്പെടുത്തി. വനംവകുപ്പുമായി സഹകരിച്ചു കാടുകളില്‍ ക്യാംപുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നത് പിന്നീടാണ്. 'കാടറിവ്' എന്ന് ക്യാംപുകള്‍ക്ക് പേരും നല്‍കി. വിദ്യാര്‍ത്ഥികള്‍ ക്യാംപിനായി കാടുകളിലേക്കെത്തുമ്പോള്‍ ഫോണിന്റെ റേഞ്ച് പോകും. പിന്നീട് മുഴുവന്‍ സമയം പരിസ്ഥിതിക്ക് വേണ്ടി മാറ്റി വെക്കലാകും.

പൂര്‍ണമായും പ്രകൃതിക്ക് വേണ്ടി മാറ്റിവെയ്ക്കുക എന്ന തലത്തിലേക്ക് പിന്നീട് വിദ്യാര്‍ത്ഥികളെത്തും. ഡിഗ്രി ആദ്യ, രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികളാണ് ക്യാംപുകളിലെത്തിയവരില്‍ ഭൂരിഭാഗവും. വിദ്യാര്‍ത്ഥികളിലൂടെ ബോധവത്കരണം നടത്തുമ്പോള്‍ പിന്നീട് വിദ്യാര്‍ഥികളും പരിസ്ഥിതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു. ബോധവത്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മറ്റ് വിദ്യാര്‍ഥികളിലേക്ക് ഈ പരിസ്ഥിതി സന്ദേശം കൈമാറുകയും അതുവഴി പുതിയ വിദ്യാര്‍ഥികള്‍ എത്തുകയും ചെയ്യുന്നു. കാട്ടില്‍ മാത്രം ഒതുങ്ങുന്നില്ല ഈ പരിസ്ഥിതി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍. നാട്ടിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്താറുണ്ട്.
സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള ഗ്രീന്‍ ഫെസ്റ്റാണ് സംഘടനയുടെ മറ്റൊരു ഹൈലൈറ്റ്. എല്ലാ കോളേജുകളിലും ഇതോടൊപ്പം ക്യാംപസ് ഗ്രീന്‍ ഫെസ്റ്റ് നടത്തുന്നുണ്ട്. ഫിലിം ഫെസ്റ്റ്, പ്രദര്‍ശനങ്ങള്‍, ടോക്ക്, ക്യാംപസിലെ ജൈവൈവിധ്യം കുട്ടികളെ അറിയിക്കുക, സമീപത്തെ ജൈവവൈവിധ്യ മേഖലാ സന്ദര്‍ശനം എന്നിവയൊക്കെ ഈ ഗ്രീന്‍ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ദിവസത്തെ ദൈര്‍ഘ്യമാകും ഇത്തരം ഗ്രീന്‍ ഫെസ്റ്റുകള്‍ക്കുണ്ടാവുക. പരിസ്ഥിതി രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നുള്ള ചര്‍ച്ചകളും പിന്നീട് സംഘടനയുടെ നേതൃത്വത്തില്‍ നടത്തി.
ഭാവിയിലും ക്യാംപസുകളെ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കോളേജ് ക്യാംപസുകളിലെ ജൈവവൈവിധ്യം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഭാവിയിലെ ലക്ഷ്യങ്ങളിലൊന്നാണ്. കാടറിവ് ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എം.എസ് റഫീഖ് ബാബു പറയുന്നു. കാട് നേരിട്ട് അറിയാന്‍ ക്യാംപ് സഹായിക്കുന്നുണ്ട്. അതിനാലാണ് പ്രകൃതിബോധം കാടറിവ് ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്നത്. കോവിഡ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല. വീണ്ടും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനൊരുങ്ങുകയാണ് സംഘടന.
Content Highlights: about friends of nature, a environmental group, green warriros column
Published: 29 Jul 2023, 05:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented