
കാട്ടില്‍നിന്ന് ആഹാരം ശേഖരിച്ചും വേട്ടയാടിയും ജീവിച്ചുപോന്ന മനുഷ്യന് കൃഷി തുടങ്ങേണ്ടി വന്നത് ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പെപ്പോഴോ ആയിരിക്കാമെന്നാണ് പണ്ഡിതമതം. ജനപ്പെരുപ്പവും സ്വാഭാവിക പ്രകൃതിയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കുറവും ആഹാരത്തിന് പുതിയ മാര്‍ഗ്ഗങ്ങൾ കണ്ടെത്തിയേ കഴിയൂ എന്ന അവസ്ഥയിലേക്ക് നയിക്കുകയും അത് കൃഷിയുടെ കണ്ടുപിടുത്തത്തിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. മനുഷ്യന്‍ ഏതാണ്ട് ഒരേ കാലഘട്ടത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി കൃഷി തുടങ്ങിയെന്നാണ് കരുതുന്നത്. ഒരിടത്ത് ഗോതമ്പായിരുന്നെങ്കിൽ മറ്റൊരിടത്ത് നെല്ല്, വേറൊരിടത്ത് കിഴങ്ങുകൾ എന്നിങ്ങനെ. തദനുസൃതമായി വിവിധ ആഹാരരീതികള്‍ പിന്തുടരുന്ന സംസ്കാരങ്ങളും ഉടലെടുത്തു
ഓരോ സമൂഹവും തുടര്‍ന്നു വരുന്ന കൃഷിരീതികളും ആഹാരരീതികളും അവരുടെ സംസ്കാരത്തെ സ്വാധീനിച്ചതായി കാണാം. കാലാന്തരത്തില്‍ വിവിധ സംസ്കാരങ്ങൾ കാര്‍ഷിക വിളകളെയും കാര്‍ഷിക സാങ്കേതിക നേട്ടങ്ങളെയും പരസ്പരം കൈമാറ്റം ചെയ്യാനാരംഭിച്ചതോടെ കാര്‍ഷിക വ്യവസ്ഥകളിൽ വന്‍മാറ്റങ്ങൾ ദൃശ്യമായി. കാലാവസ്ഥയുടെ സമാനസ്വഭാവം ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിച്ചതായും മനസ്സിലാകും. ചരിത്രത്തില്‍ നടന്നിട്ടുള്ള പല കുടിയേറ്റങ്ങളും പലായനങ്ങളും ഇത്തരം കാർഷിക വിനിമയങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളമ്പസ് അമേരിക്കൻ ഭൂഖത്തിൽ എത്തുന്നത്(1492) കാര്‍ഷിക സാംസ്കാരിക വിനിമയത്തിലെ വലിയൊരു നാഴികക്കല്ലാണ്. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെയാണല്ലോ "പുതിയ ലോകം" എന്നു വിളിക്കുന്നത്. ഈ "പുതിയ ലോകവും" "പഴയ ലോകവും" തമ്മില്‍ ഏകദേശം 1800-ഓളം വിളകൾ കൊളമ്പസ്സിനു ശേഷം അന്യോന്യം വിനിമയം ചെയ്യപ്പെട്ടതായി കണക്കാക്കുന്നു.
ബ്രസീല്‍ സ്വദേശിയായ മരച്ചീനി 17-ാ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ പോര്‍ച്ചുഗീസ് വ്യാപാരികൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്.
വിളകളുടെയും മൃഗങ്ങളുടെയും ഭൂഖണ്ഡാന്തര വിനിമയം ആഹാരരീതിയേയും വിശപ്പിനെയും സമ്പദ് വ്യവസ്ഥയെത്തന്നെയും മാറ്റി മറിച്ചതായി കാണാം. ഉദാഹരണങ്ങള്‍ നിരവധി. കേരളത്തിലേക്ക് കൊണ്ടുവരപ്പെട്ട മരച്ചീനിയുടെ കാര്യമെടുക്കാം. ബ്രസീല്‍ സ്വദേശിയായ മരച്ചീനി 17-ാ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ പോര്‍ച്ചുഗീസ് വ്യാപാരികൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്. പക്ഷേ, ഒരു ഭക്ഷ്യവിള എന്ന രീതിയില്‍ വ്യാപിക്കുന്നതിന് സമയം പിന്നെയുമെടുത്തു. തിരുവിതാംകൂറുകാര്‍ മരച്ചീനി വന്‍തോതിൽ കൃഷി ചെയ്യാനാരംഭിച്ചത് ശ്രീ വിശാഖം തിരുന്നാൾ മഹാരാജാവ് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെയാണ്. വളരെ പെട്ടെന്നു തന്നെ മരച്ചീനി ഒരു വില കുറഞ്ഞ ഭക്ഷ്യസാധനം എന്ന നിലയില്‍ സാധാരണക്കാരുടെ ഇടയിൽ പ്രശസ്തമായി.
ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം മരച്ചീനിയുടെ കൃഷി പെട്ടെന്ന് വ്യാപിക്കാനിടയാക്കി. നെല്‍കൃഷി വയലുകളിൽ മാത്രമേ പറ്റൂ, മഴയെ മാത്രം ആശ്രയിച്ച്. ഭക്ഷ്യവസ്തു എന്ന നിലയിൽ മരച്ചീനി കേരളമാകെ പ്രചരിച്ചു. മലബാര്‍ മേഖലയിലേക്ക് നടന്ന വന്‍തോതിലുള്ള കുടിയേറ്റത്തോടെ ഉത്തര മലബാറിലും ഇത് പ്രചാരത്തിലായി. പക്ഷേ, 1970-കള്‍ക്കുശേഷം ഭക്ഷ്യധാന്യങ്ങള്‍ ഉത്തരേന്ത്യയില്‍നിന്ന് വ്യാപകമായി എത്തിതുടങ്ങിയതോടെ, മരച്ചീനിയുടെ ആഹാരമെന്ന നിലയ്ക്കുള്ള ഉപയോഗം കുറഞ്ഞു. 1975-76-ൽ കേരളത്തില്‍ 3.26 ലക്ഷം ഹെക്ടറിൽ മരച്ചീനി കൃഷി ചെയ്തിരുന്നു. 2020-21 ല്‍ കേവലം 64,245 ഹെക്ടറിലേക്ക് മരച്ചീനികൃഷി ഒതുങ്ങി!
ഏക്കറടിസ്ഥാനത്തില്‍ ഏറ്റവുമധികം അന്നജം നല്‍കാൻ കഴിയുന്ന വിള എന്ന നിലയിൽ മരച്ചീനിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ആഫ്രിക്ക വന്‍കരയിലെത്തിച്ചേര്‍ന്ന മരച്ചീനി അവരുടെ ആഹാരത്തിന്‍റെ പ്രധാന ഭാഗമായിത്തീര്‍ന്നു. ഇന്ന് ആഫ്രിക്കയിലാണ് ഏറ്റവുമധികം മരച്ചീനിയുള്ളത്. വെട്ടുകിളിശല്യം അതിജീവിച്ച ഒരു വിളയെന്ന നിലയിലും മരച്ചീനിക്ക് പ്രധാന്യം കൈവന്നു. പല രാജ്യങ്ങളും ജൈവ ഇന്ധനം ഉണ്ടാക്കാൻ മരച്ചീനി വൻതോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു കഥയാണ് ഉരുളക്കിഴങ്ങിനും മക്കച്ചോളത്തിനും ഉള്ളത്. പെറു സ്വദേശിയായ ഉരുളക്കിഴങ്ങിന് യൂറോപ്യന്‍മാരുടെ പട്ടിണി മാറ്റാന്‍ സാധിച്ചെങ്കിൽ മക്കച്ചോളം (മെയ്സ്) ആഫ്രിക്കയുടെ രക്ഷക്കാണെത്തിയത്. ഉരുളക്കിഴങ്ങ് കൃഷിയുടെ വ്യാപനം ഒരു രാജ്യത്തെ വന്‍ദുരിതത്തിലാക്കിയ കഥയുമുണ്ട്. അയര്‍ലന്‍ഡിൽ ഉണ്ടായ 'ഐറിഷ് പൊട്ടറ്റോ ഫാമിന്‍' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ദുരന്തത്തിൽ ലക്ഷക്കണക്കിനു ജനങ്ങളാണ് മരിച്ചത്. ഉരുളക്കിഴങ്ങ് കൃഷിയെ ബാധിച്ച ഒരു രോഗമായിരുന്നു കാരണം.
ഭക്ഷണത്തിന്‍റെ കാര്യത്തിൽ മരച്ചീനിയും മക്കച്ചോളവും ആഫ്രിക്കയുടെ അനുഗ്രഹമായി മാറിയെങ്കില്‍ കരിമ്പുകൃഷിയുടെ വ്യാപനം അടിമവ്യാപാരത്തിന്റെയും ചൂഷണത്തിന്‍റെയും കഥയാണ് പറയുന്നത്. യൂറോപ്യന്മാർ കോളനി രാജ്യങ്ങളില്‍ വ്യാപിപ്പിക്കാൻ ശ്രമിച്ച മിക്ക തോട്ടവിളകളുടെയും കഥയും ഏതാണ്ടിതുപോലെ തന്നെ. ആഫ്രിക്കയിൽനിന്ന് കറുത്ത വര്‍ഗ്ഗക്കാരെ മാത്രമല്ല, പല ദരിദ്ര കോളനി രാജ്യങ്ങളില്‍നിന്നും തോട്ടങ്ങളിലെ പണിക്കായി മറ്റു വര്‍ഗ്ഗക്കാരെയും കൊണ്ടുപോയി അടിമകളാക്കി പണിചെയ്യിപ്പിച്ചു. വെസ്റ്റ് ഇന്ത്യന്‍ ദ്വീപസമൂഹങ്ങളിലെ ഇന്ത്യക്കാർ ഭൂരിഭാഗവും ഇങ്ങനെ അവിടെയെത്തിയവരുടെ പിന്മുറക്കാരാണ്.
കേരളീയരുടെ ആഹാരത്തില്‍ ഗോതമ്പ് കയറിപ്പറ്റിയ കഥയും സാംസ്കാരിക വിനിമയത്തിന് നല്ലൊരു ഉദാഹരണമാണ്
അറുപതുകളിലെ ഇന്ത്യ-ചൈന യുദ്ധവും, തുടര്‍ന്നുള്ള ക്ഷാമവും റേഷനിംഗും റേഷൻ വെട്ടിക്കുറക്കലുമൊക്കെ ഓർക്കുന്നവർ ഉണ്ടാവും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പും 'അമേരിക്കന്‍ മാവും' (മൈദ) മക്രോണിയും ഹരിതവിപ്ലവത്തോടെ ഉത്തരേന്ത്യയില്‍നിന്നു കിട്ടിത്തുടങ്ങിയ ഗോതമ്പുമെല്ലാം അരിയുടെ കാര്യത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിന് ആശ്വാസമായി. ആദ്യമൊക്കെ അരിപോലെ കൈകാര്യം ചെയ്യാന്‍ നോക്കിയെങ്കിലും (ഗോതമ്പ് പൂട്ട്, കഞ്ഞി മുതലായവ) ചപ്പാത്തിപോലുള്ള ആഹാരം കഴിച്ച് പരിചയമുള്ള പട്ടാളക്കാരാണ് രക്ഷക്കെത്തിയതെന്നു തോന്നുന്നു. ഇപ്പോൾ ഗോതമ്പ് പല വീടുകളിലും ഒരു നേരത്തെയെങ്കിലും ആഹാരമായി തീർന്നിരിക്കുന്നു. അമേരിക്കന്‍ മാവില്‍നിന്നാണ് "പെറോട്ട"യുടെ ജനനം; അത് ഒരു ജനപ്രിയ ആഹാരമാറുകയും ചെയ്തു. ഭാവിയില്‍ അരിയുടെ ഉപയോഗം കുറയുകയും ഗോതമ്പിന്റേത് കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗോതമ്പിനെ അപേക്ഷിച്ച് നെല്ലിന് വെള്ളം കൂടുതല്‍ വേണമെന്നതാണ് പ്രശ്നം. അതായത് ഉത്തരേന്ത്യ ക്രമേണ നെല്‍കൃഷി ഉപേക്ഷിച്ചേക്കും! ചൈനയും ഈ വഴിക്കാണ് നീങ്ങുന്നത്.
കേരള സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള റബ്ബർ, കശുമാവ്, കാപ്പി, തേയില എന്നിവയും വിനിമയം വഴി വന്നതാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ റബ്ബറിന്റെ കഥ ശ്രദ്ധേയമാണ്. "സൗത്ത് അമേരിക്കന്‍ ലീഫ് ബ്ലൈറ്റ്" എന്ന രോഗം റബ്ബറിനെ പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്യിച്ചു. ഇന്ന് തായ്‌ലൻഡ് ആണ് ഏറ്റവുമധികം റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യം. തെക്കേ അമേരിക്കന്‍ രാജ്യങ്ങൾ റബ്ബർ ഇറക്കുമതി രാജ്യങ്ങളായി മാറുകയും ചെയ്തു. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തില്‍ റബ്ബറിന്. ഒന്നാം സ്ഥാനത്തു നിലക്കുന്ന തെങ്ങിന്‍റെ സ്ഥിതി പരുങ്ങലിലാണുള്ളത്. അടിക്കടിയുള്ള വിലത്തകര്‍ച്ചയും സ്വതന്ത്ര വ്യാപാരക്കരാറുകളും തെങ്ങു കൃഷിയിലുള്ള കര്‍ഷകരുടെ താത്പര്യത്തെ തല്ലിക്കെടുത്തിയിരിക്കയാണ്.
തേയിലയുടെ നാട് അസം എന്നാണ് കരുതിയിരിക്കുന്നതെങ്കിലും ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി തുടങ്ങുന്നത് 18-ാം നൂറ്റാണ്ടിനു ശേഷമാണ്. കാപ്പിയുടെ കടന്നുവരവിനു പിന്നില്‍ മറ്റൊരു കഥയാണുള്ളത്. അറേബ്യയില്‍ തീര്‍ത്ഥാടനത്തിനുപോയ ബാബാ ബുദാൻ എന്ന സന്യാസി അദ്ദേഹത്തിന്‍റെ ഊന്നുവടിയുടെ അറകളിൽ ഒളിപ്പിച്ചാണത്രേ കാപ്പിയെ മൈസൂരിലെത്തിച്ചത്! തെക്കേ അമേരിക്കയില്‍നിന്ന് ലോകമെങ്ങും വ്യാപിച്ച മറ്റൊരു വിനാശകാരിയായ വിളയാണ് പുകയില. മനുഷ്യാരോഗ്യത്തിന് ഇത്രയധികം ദൂഷ്യം വിതച്ച മറ്റൊരു വിളയില്ല.
വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലെത്തിപ്പെട്ടിട്ടുള്ള വിളകൾ ഇനിയും എത്രയോ ഉണ്ട്! മധുരക്കിഴങ്ങ്, ശീമച്ചക്ക, പറങ്കിമുളക് (വറ്റല്‍ മുളക്), വാളന്‍പുളി, കൈതച്ചക്ക, കൊക്കോ, വാനില, ജാതി, ഗ്രാമ്പു, സര്‍വസുഗന്ധി, പപ്പായ, പാഷന്‍ ഫ്രൂട്ട്, മാംഗോസ്റ്റീന്‍, റാംബൂട്ടാൻ, നിലക്കടല, തക്കാളി, ശീമച്ചേമ്പ്, ശീമക്കാച്ചില്‍, കാബേജ്, കോളിഫ്ളവര്‍ തുടങ്ങിയ വിവിധ ശീതകാല പച്ചക്കറികൾ, നൂറുക്കണക്കിന് അലങ്കാരച്ചെടികൾ, സങ്കര നേപ്പിയർ, ഗിനിപ്പുല്ലുപോലുള്ള തീറ്റപ്പുല്ലുകള്‍....... തുടങ്ങി എത്രയെങ്കിലും വിളകളുടെ പേരുകള്‍ കുറിക്കാം.
കുരുമുളകിന് ഒരു ബദല്‍ എന്ന രീതിയിലാണ് പോര്‍ച്ചുഗീസുകാർ വറ്റല്‍ മുളക് കൊണ്ടുപരുന്നത്. പറങ്കിമുളക്, കപ്പല്‍ മുളക് എന്നും ഇവയ്ക്ക് പേരുണ്ടല്ലോ? കേരളത്തില്‍ ഇത് ആദ്യമായി കൃഷിചെയ്തതായി കാണുന്നത് കൊല്ലത്താണ്. അതിനാല്‍ 'കൊല്ലമുളക്' എന്ന പേരും സിദ്ധിച്ചു. കൊല്ലമുളക് ഇപ്പോള്‍ കൂടുതലുള്ളത് ആന്ധ്രപ്രദേശിലാണെന്നത് മറ്റൊരു കാര്യം.
സാംസ്കാരിക വിനിമയത്തിലൂടെ പ്രചരിക്കപ്പെട്ട എല്ലാ വിളകളും മനുഷ്യന് ഗുണമല്ല വരുത്തിവച്ചതെന്ന കാര്യം ഈ പ്രക്രിയയുടെ കറുത്ത വശങ്ങളിൽ പെടുന്നു. കാപ്പി, ചായ, പുകയില, കറുപ്പ്, കൊക്കോ, കഞ്ചാവ് തുടങ്ങിയവ ഇവയില്‍ എടുത്തുപറയേണ്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് കേരളീയര്‍ കാപ്പി, ചായ മുതലായവ കുടിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം. ഇവകൊണ്ട് മനുഷ്യര്‍ക്ക് കാര്യമായ പ്രയോജനമൊന്നുമില്ലെന്നതാണ് സത്യം. മൂന്നാം ലോക രാജ്യങ്ങളില്‍ അധിനിവേശക്കാർ കൊള്ളലാഭമെടുക്കാൻ വേണ്ടി ഇത്തരം വിളകൾ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യാൻ ആരംഭിച്ചത് അന്നാടുകളിലെ ഭക്ഷ്യ സുരക്ഷിതത്വത്തെ അപകടത്തിലാക്കി. ബ്രിട്ടീഷുകാരുടെ നാണ്യവിളകൃഷി പ്രോത്സാഹനമാണ് ഇന്ത്യയിൽ പട്ടിണി മാറാതെ നിന്നതിന് കാരണമെന്ന വിലയിരുത്തലിന് ഇന്നും പ്രസക്തിയുണ്ട്.

വിളകളോടൊപ്പം ആപത്കാരികളായ കളകളും കേരളത്തിലെത്തപ്പെട്ടു. വിളകൾ കൈമാറുമ്പോൾ നാമറിയാതെ ചില കളകളും കൂടെ വരുമെന്ന സത്യം പണ്ടുള്ളവർ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. രക്ഷസക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, കുളവാഴ, ആഫ്രിക്കന്‍ പായൽ, പാര്‍ത്തീനിയം, ആനത്തൊട്ടാവാടി, മൈക്കേനിയ, മലങ്കൂവളം, ലന്‍റാന, സിങ്കപ്പൂർ ഡെയ്സി തുടങ്ങിയവ പ്രശ്നക്കാരായ കളകളായി ഇന്നും വിരാജിക്കുന്നു. ഇവയോടൊപ്പം നിരവധി കീടങ്ങളും, രോഗങ്ങളും കൂടി വിരുന്നുകാരായെത്തുകയുണ്ടായി. ആഫ്രിക്കൻ ഒച്ച്, ആഫ്രിക്കൻ മുഷി എന്ന മൽസ്യം എന്നിവയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഓർക്കുക.
കേരളത്തിൽനിന്ന് പോയ വിളകളില്‍ പ്രധാനം കുരുമുളകും ഏലവും തന്നെ. പണ്ട് കുരുമുളക് നടീൽ വള്ളികൾ പോര്‍ച്ചുഗീസുകാർ കൊണ്ടുപോയപ്പോൾ സാമൂതിരി രാജാവ് പ്രകടിപ്പിച്ച സന്ദേഹം എത്രയോ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. "കുരുമുളകു തലയല്ലേ കൊണ്ടുപോയുള്ളൂ; തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനൊക്കില്ലല്ലോ" എന്നു പറഞ്ഞ സാമൂതിരിയുടെ മന്ത്രി മങ്ങാട്ടച്ചന് പിഴവു പറ്റി. ഇന്ന് കുരുമുളക് വിപണിയില്‍ വിയറ്റ്നാമും ശ്രീലങ്കയും ഏലം വിപണിയില്‍ ഗ്വാട്ടിമാലയും പ്യൂര്‍ട്ടോറിക്കോയും ഇന്ത്യക്ക് വൻ ഭിഷണിയുയര്‍ത്തി നമ്മുടെ കയറ്റുമതി സാധ്യതകളെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.
പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും വലിയൊരു പങ്കു വഹിക്കാനായി. ജനസംഖ്യാ വര്‍ധന ഭക്ഷ്യധാന്യ ഉത്പാദനത്തെ പിന്തള്ളുമെന്നും വന്‍പട്ടിണിയുണ്ടാവുമെന്നും ജനപ്പെരുപ്പത്തിന്റെ തോതു കണ്ടിട്ട് തോമസ് മാല്‍ത്തൂസ് 1798-ൽ പറഞ്ഞുവെച്ചു. ഈ ലോകത്തെ ജനങ്ങൾ പതിനായിരം വര്‍ഷം മുമ്പത്തെ 50 ലക്ഷം എന്ന സംഖ്യയില്‍നിന്നും ക്രിസ്തുവിനു ശേഷം 1804 ആയപ്പോൾ 100 കോടിയിലധികമായി, 1960 ൽ 300 കോടിയും! തുടര്‍ന്നിങ്ങോട്ട് ജനസംഖ്യാ വര്‍ധനവിൽ മഹാവിസ്ഫോടനം തന്നെയാണുണ്ടാവുന്നത്. 1960-1999 കാലഘട്ടത്തിൽ (കേവലം 39 വര്‍ഷത്തിനുള്ളില്‍) ലോകജനസംഖ്യ 300 കോടിയില്‍നിന്നും 600 കോടിയാവുന്ന കാഴ്ച നാം കാണുകയുണ്ടായി. ഭാഗ്യവശാല്‍ ലോകഭക്ഷ്യോത്പാദനം ഇക്കാലയളവിൽ മൂന്നിരട്ടിയായി. ഇന്ത്യയില്‍ ഇക്കാലയളവിൽ രണ്ടര ഇരട്ടി ജനസംഖ്യ വളര്‍ച്ചയുണ്ടായപ്പോൾ ഭക്ഷ്യോത്പാദനത്തിൽ നാലിരട്ടി വര്‍ധനവാണുണ്ടായത്. "ഹരിതവിപ്ലവം" എന്നു വിളിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റം കൊണ്ടാണ് ഇതു സാധിച്ചത്. വിദേശ കന്നുകാലി ജനുസ്സുകള്‍, ഉത്പാദനശേഷി കൂടിയ പുല്ലിനങ്ങൾ, മേല്‍ത്തരം സാങ്കേതികവിദ്യ എന്നിവയുടെ വ്യാപനം ക്ഷീരമേഖലയിൽ ധവള വിപ്ലവവും സൃഷ്ടിച്ചു.
2050 ആകുമ്പോൾ ലോക ലോകജനസംഖ്യ ഇന്നത്തെ 800 കോടിയിൽനിന്നു 1000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ഇത്രയും പേരെ തീറ്റിപ്പോറ്റണമെങ്കിൽ ലോക ഭക്ഷ്യോൽപ്പാദനം 60 ശതമാനം കണ്ടു വർദ്ധിക്കണം. അതായത് കുറഞ്ഞ ഭൂമിയില്‍നിന്നു കൂടുതൽ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യകൊണ്ട് മാത്രമേ ഈയൊരു സ്ഥിതിവിശേഷത്തെ നേരിടാനാവൂ. ഇതിനിടയിലാണ് കാലാവസ്ഥാമാറ്റം, മലിനീകരണം, ജലക്ഷാമം, പുതിയ രോഗങ്ങള്‍ തുടങ്ങിയ ഭീഷണികള്‍. ഭക്ഷ്യോദ്പാദനം വര്‍ധിപ്പിക്കുന്നതിനൊടൊപ്പം ഇത്തരം ഭീഷണികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പിന് സാങ്കേതികവിദ്യയുടെ ലോഭമില്ലാതെയുള്ള കൈമാറ്റം അനിവാര്യമാണ്. ലോകത്തുനിന്ന് അവശേഷിക്കുന്ന ദാരിദ്ര്യവും പട്ടിണിയും തുടച്ചുമാറ്റുന്നതിനുളള യത്നത്തിലും കാര്‍ഷിക- സാംസ്കാരിക വിനിമയങ്ങളുടെ പങ്ക് വലുതായിരിക്കും.
Content Highlights: Global Travel and Culture of Agricultural Crops, Bio Talks
Published: 12 May 2023, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented