
ആകാശത്തുകൂടി പറക്കുന്ന ചിലന്തികള്‍ എന്നുകേട്ടാല്‍ ആദ്യം സംശയം തോന്നും. ചിറകില്ലാത്ത എട്ടുകാലികള്‍ എങ്ങിനെ പറക്കാനാണ് ? മറ്റ് പ്രാണികളെപ്പോലെ പലതായ് ചേര്‍ന്ന കാലുകളുള്ളവര്‍ എന്ന അര്‍ത്ഥം വരുന്ന - ആര്‍ത്രോപോഡുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് ചിലന്തികള്‍. എങ്കിലും പ്രാണികളുടെ കൂട്ടത്തിലല്ല ഇവര്‍ ഉള്‍പ്പെടുക. ശരീരത്തിന് തല, ഉരസ്, ഉദരം എന്നിങ്ങനെ മൂന്നുഭാഗവും തലയില്‍ ആന്റിനയും ആറുകാലുകളും ഉള്ളവയാണ് ഇന്‍സെക്റ്റുകള്‍. ആറുകാലികള്‍ എന്ന അര്‍ത്ഥം വരുന്ന ഹെക്സാപോഡ എന്ന സബ് ഫൈലത്തിലാണ് ഇന്‍സെക്റ്റ വിഭാഗം ഉള്‍പ്പെട്ടിട്ടുള്ളത്. പലതിനും ചിറകുകള് ഉണ്ടാകും. പക്ഷെ ചിലന്തികള്‍ അരാക്നിഡ വിഭാഗത്തില്‍ പെട്ടവരാണ്. ശരീരത്തിന് രണ്ട് ഭാഗം മാത്രമാണുണ്ടാകുക. ആന്റിനകളോ ചിറകുകളോ ഇവര്‍ക്ക് ഉണ്ടാകില്ല. എട്ടുകാലുകള്‍ ഉണ്ടോ എന്ന് നോക്കലാണ് മറ്റ് പ്രാണിവിഭാഗങ്ങളില് നിന്നും ചിലന്തികളെ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവിദ്യ. ചിലന്തികളുടെ ശാരീരിക രൂപം പലര്‍ക്കും വല്ലാത്ത ഭയവും അറപ്പും ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് വളരെ ഗൗരവതരമായ ഫോബിയ ആയി ഇവയുടെ കാഴ്ച മാറാറുണ്ട്. ദേഹത്ത് വീണാലോ തൊട്ടടുത്ത് കണ്ടാലോ ഉറക്കെ കൂവിക്കരഞ്ഞ്, ഭയന്ന് വിറക്കുന്നവര്‍ ഉണ്ട് .

ചിലന്തികള്‍ കൂടാതെ തേളുള്പ്പെടെയുള്ള അരാക്നിഡെ വിഭാഗത്തിലെ ജീവികളോടുള്ള പേടിക്ക് Arachnophobia എന്നാണ് പേര് .
അരാക്ന യുവതിക്കേറ്റ ശാപവും ചിലന്തികുടുംബത്തിന്റെ പേരും, ഗ്രീക്ക് ഐതിഹ്യം
ഈ വിഭാഗത്തിന്ന് വര്‍ഗീകരണ ശാസ്ത്രത്തില്‍ അരാക്നിഡെ എന്ന പേര് വന്നത് പഴയ ഗ്രീക്ക് പഴങ്കഥയില്‍ നിന്നാണ്. ഒരു നെയ്തുകാരന്റെ മകളാണ് അരാക്ന. അവള് മനോഹരമായി തുണികളില്‍ ചിത്രങ്ങള്‍ നെയ്തുണ്ടാക്കുമായിരുന്നു. അവളുടെ ചിത്രനെയ്തിന്റെ വിശേഷങ്ങള്‍ പലയിടങ്ങളിലും പ്രചരിച്ചു. പലരും കലയുടെയും ജ്ഞാനത്തിന്റെയും ദേവിയായ അഥീനുടെ അനുഗ്രഹം കൊണ്ടാണ് അരാക്നയ്ക്ക് ഇത്തരത്തില്‍ നെയ്യാന്‍ പറ്റുന്നത് എന്ന് പറഞ്ഞത് അവള്‍ക്ക് ഇഷ്ടമായില്ല. ഞാന്‍ സ്വയം പഠിച്ച് എടുത്തതാണെന്നും അഥീന ദേവതയ്ക്ക് പോലും ഇത്തരത്തില്‍ നെയ്യാന്‍ കഴിയില്ലെന്നും അവള് വീമ്പു പറഞ്ഞു. വെല്ലു വിളിച്ചു. അഥീനയ്ക്ക് അത് ഇഷ്ടമായില്ല. ആ ദേവതയുടെ ശാപം കൊണ്ട് ആ പെണ്‍കുട്ടി എട്ടുകാലുകളുള്ള ഒരു വികൃത ജീവിയായി മാറിയത്രെ. എങ്കിലും തന്റെ നെയ്ത് തുടര്‍ന്നു. അതാണത്രെ ആരാക്നയുടെ അവതാരമായ ചിലന്തികള്‍ എപ്പഴും നെയ്തുകൊണ്ടിരിക്കുന്നത്. ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള പീച്ചാം കുഴല്‍ പോലുള്ള സ്പിന്നറെറ്റ്സ് ( spinnerets) എന്ന അവയവം ആണ് പട്ടുനൂലുകള്‍ പുറപ്പെടുവിപ്പിക്കുന്നത്. ചലിപ്പിക്കാവുന്ന പീരങ്കിക്കുഴലുകള്‍ പോലുള്ള ഈ സംവിധാനം വഴി ഇത്തരത്തില്‍ പലതായി പിണച്ച നൂലുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ചിലന്തികളുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ട് മുതല്‍ ആറുവരെ എണ്ണം ഇത്തരം കുഴലുകള്‍ ഉണ്ടാകും . ഇവ യഥേഷ്ടം ദിശ മാറ്റാന്‍ കഴിയുന്നവയാണ്. ഒരോ സ്പിന്നെറെറ്റ്സു കുഴലും പിന്നെയും നൂറുകണക്കിന് ചെറു സുഷിരടാപ്പുകള് ആയി വിഭജിച്ചിട്ടുണ്ട്. ഇവയോരോന്നും വ്യത്യസ്ത സില്‍ക്ക് ഗ്രന്ഥികളോട് യോജിപ്പിച്ചിട്ടുമുണ്ട്. ആറോളം വ്യത്യസ്ത സ്വഭാവവും ഗുണവും ഉള്ള സില്‍ക്ക് പ്രോട്ടീനുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ് ഇത്തരം ഗ്രന്ഥികള്‍. ചില ഇനങ്ങളില്‍ മൊത്തം 40000 നേര്‍ത്ത തുളകള്‍ വരെ ഉണ്ട്. അതിലൂടെ പുറത്തേക്ക് വരുന്ന വ്യത്യസ്ഥ പ്രോട്ടീന്‍ തന്മാത്രകളാണ് ഉറച്ച് സില്‍ക്ക് നൂലാകുന്നത്. വായു സമ്പര്‍ക്കം കൊണ്ടല്ല ഇവ ഏറ്റവും ഉറപ്പും വലിവ് ബലവും ഉള്ള അത്ഭുത നൂലായി മാറുന്നത്. കുഴലുകളിലൂടെ പുറത്തേക്ക് വലിക്കപ്പെടുമ്പോഴുള്ള മാറ്റങ്ങളും രാസഘടനയും ആണ് ഉറപ്പിനാധാരം. ഇങ്ങനെ പുറത്തേക്കു വരുന്ന വ്യത്യസ്ത സ്വഭാവ നൂലുകളെ പരസ്പരം മിക്സ് ചെയ്ത് പിണച്ച് നെയ്താണ് സില്‍ക്ക് നൂലുകളാക്കുന്നത്.
വലകെട്ടാന്‍ മാത്രമല്ല ചിലന്തികള്‍ സില്‍ക്ക് നൂലുകള്‍ ഉത്പാദിപ്പിക്കുന്നത്. മുട്ടകള്‍ക്ക് കവചം ഉണ്ടാക്കാന്‍ , കൂടുകള്‍ കെട്ടാന്‍ , ഇരകളെ ചുറ്റിവരിഞ്ഞ് പൂട്ടാന്‍ ഒക്കെ ഇത് വേണം. ഇതൊന്നും കൂടാതെ പറക്കാനും ഈ നൂല് സഹായിക്കും.
ചില തവളകളും അണ്ണാന്മാരും കൊമ്പില്‍ നിന്ന് അടുത്തതിലേക്ക് ഗ്ലൈഡ് ചെയ്യുന്നതിനും നമ്മള് അതിശയോക്തി കലര്‍ത്തി 'പറക്കുക' എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതിനാല്‍ ചിലന്തികളുടെ നീളന്‍ ചാട്ടത്തെ വെറുതേ പറക്കലാക്കി പറഞ്ഞതാവും എന്ന് ആദ്യം സംശയിക്കും. അല്ല ചെറിയ ചാട്ടങ്ങള്‍ അല്ല. ശരിക്കും പറക്കല്‍ തന്നെ. നൂറുകണക്കിന് മീറ്റര്‍ ഉയരത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ദൂരേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ചിലന്തികള്‍ ഉണ്ട് എന്ന് കേട്ടാല്‍ അമ്പരന്ന് പോകും. പട്ടം പറക്കുന്നത്പോലെയോ ചൂട് കാറ്റ്നിറച്ച ബലൂണില്‍ ആകാശത്ത് ഒഴുകി നീങ്ങുന്നതുപോലെയോ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിക്കുന്ന ചിലന്തിപ്പട സങ്കല്പ്പിക്കാന് വിഷമം ആണ്. ആയിരത്തി എണ്ണൂറുകളില്‍ ചാള്‍സ് ഡാര്വിന് ബീഗില്‍ എന്ന കപ്പലില്‍ നടത്തിയ പര്യവേഷണത്തിനിടയില്‍ കരയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അദ്ദേഹത്തിന്റെ കപ്പല്‍ പായകളില്‍ ഇത്തരത്തില്‍ ചിലന്തികള്‍ കുടുങ്ങുന്നത് ശ്രദ്ധിച്ചിരുന്നു.

ചിലന്തിയുടെ ദൃശ്യം | http://journals.plos.org/plosbiology/article?id=10.1371/journal.pbio.2004405
നൂലുകളെ പാരച്യൂട്ടാക്കിയുള്ള പറക്കൽ
പറക്കല്‍ ഒരുക്കങ്ങള്‍ കൗതുകകരമാണ്. നൂറുകണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങള്‍ മുട്ടക്കൂട് വിരിഞ്ഞ് പുറത്തിറങ്ങും . അവ വിശപ്പ്കൊണ്ട് തീറ്റയ്ക്കായി പരസ്പരം മത്സരിക്കും. ചിലപ്പോള്‍ കൂടപ്പിറപ്പുകളെതന്നെ തിന്നും. ഏറ്റവും പെട്ടെന്ന് കൂടുതല്‍ ദൂരെ എത്തി പുതിയ മേച്ചില്‍ പുറം കണ്ടെത്തി ജീവിതം ആരംഭിക്കുക എന്നതാണ് എല്ലാ ജീവ വര്‍ഗ്ഗങ്ങളും ചെയ്യുന്ന അതിജീവന രീതി. അപ്പൂപ്പന് താടി രോമപാരച്യൂട്ടുമായി പറന്ന് ദൂരെ പോകുന്നത് പോലെ ഈ കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങിയ ഇടത്ത് നിന്ന് പറന്ന് പോകാന്‍ ഉപയോഗിക്കുന്നത് ഊറി പുറത്തേക്ക് വന്ന് ഉറക്കുന്ന നേര്‍ത്ത വലനെയ്യല്‍ നൂലുകളാലാണ്. കാറ്റിന് അനുകൂലമായി ശരീരം പിടിച്ച് പിറകിലെ സ്പിന്നറെറ്റ്സുകളിലൂടെ നൂലാകേണ്ടദ്രാവകം ഒഴുക്കി പാറ്റി നിരവധി നൂലകള്‍ ഒന്നിച്ച് നിര്‍മ്മിച്ച് അതുകൊണ്ട് ഒരു പാരച്യൂട്ട് സംവിധാനം ആക്കി പറന്ന് നീങ്ങും. ദൂരെ . പുതിയ ഇടത്ത് എത്തി ഭക്ഷണം തേടി വളര്‍ന്ന് ഇണചേര്‍ന്ന് പെരുകുകയാണ് ചെയ്യുക. പക്ഷെ അതത്ര ലളിതമായ കാര്യം അല്ല.
ചിലന്തിക്കുഞ്ഞുങ്ങൾ മാത്രമല്ല ആകാശസഞ്ചാരം നടത്തുന്നത്
ചിലന്തിക്കുഞ്ഞുങ്ങള്‍ മാത്രമല്ല മുതിര്‍ന്നവരും ഇത്തരത്തില്‍ ആകാശസഞ്ചാരം നടത്തുന്നതായി കണ്ടിട്ടുണ്ട്. പുല്നാമ്പിലോ, മരത്തിന്റെ ശാഖാഗ്രത്തിലോ നിന്ന് പിങ്കാലുകള്‍ പൊക്കിപ്പിടിച്ച് പ്രത്യേക വേഗതയില്‍ കാറ്റടിക്കുമ്പോള്‍ ശരീരത്തിനു പിന്നിലെ അടിഭാഗത്തുള്ള പട്ട്നൂല് വലയുണ്ടാക്കുന്നതിനുള്ള പ്രോട്ടീന്‍ ദ്രവം പുറത്തേക്ക് ഒഴുക്കുന്ന സ്പിന്നെറെറ്റുകള് എന്ന ബഹു സുഷിരക്കുഴലുകളിലൂടെ അന്തരീക്ഷത്തിലേക്ക് തുറന്ന് പിടിച്ച് ഇവര്‍ നില്ക്കും. വളരെ നേര്‍ത്ത നിരവധി നൂലുകള്‍ ഒരേസമയം വിവിധ ദ്വാരങ്ങളിലൂടെ പുറത്തേക്ക് വരും അവ വായുവില്‍ നെയ്ത് ഒരു മീറ്ററോളം നീളവും വീതിയും ഉള്ള ത്രികോണ വലയുണ്ടാക്കും. ഒരു വിശറിപോലെ ഉണ്ടാവും അതിന്റെ രൂപം. അതിന്റെ സഹായത്തോടെയാണ് നില്ക്കുന്ന പ്രതലം വിട്ട് വായുവിലേക്ക് ഉയരല്‍. .മീറ്ററുകളോളം മാത്രമാണ് സാധാരണ സഞ്ചാരം എങ്കിലും ചിലപ്പോള്‍ അത് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ ആകും.
കാറ്റിന്റെ സഹായത്തോടെ ആണ് ചിലന്തികളുടെ ആകാശ സഞ്ചാരം എന്നായിരുന്നു ധാരണ. എന്നാൽ ഭൂമിയുടെ വൈദ്യുത മണ്ഡല ബലം തിരിച്ചറിഞ്ഞ് അതിന്റെ സഹായത്തോടെയും ആണ് ചിലന്തികളുടെ ടേക്കോഫ് എന്നാണ് പുതിയ പഠനം
ഇടിമിന്നല്‍ എങ്ങിനെ ഉണ്ടാകുന്നു എന്നും , മേഘങ്ങളില്‍ രൂപീകരിക്കപ്പെടുന്ന ചാര്‍ജ്ജ് ഭൂമിയിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന്റെ തീവ്രതയും ഒക്കെ മനുഷ്യരായ നമുക്ക് മാത്രം മനസിലാകുന്ന കാര്യം അല്ല. ഭൂമിയിലെ ചാര്‍ജ്ജും അന്തരീക്ഷത്തിലെ ചാര്‍ജ്ജും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം തിരിച്ചറിഞ്ഞ് , അതിന്റെ സഹായം ഉപയോഗിച്ചാണ് ഇവര്‍ ഇലത്തലപ്പുകളിലും മരക്കൊമ്പുകളിലും നിന്ന് വലയെറിഞ്ഞ് ഇലക്ട്രോ സ്റ്റാറ്റിക്ക് റിപ്പല്‍ഷന്‍ സഹായത്തോടെ അന്തരീക്ഷ്ത്തിലേക്ക് തെറിക്കുന്നത്. പിന്നെ കാറ്റിന്റെ സഹായത്തോടെ ദീര്‍ഘ സഞ്ചാരങ്ങള്‍ നടത്തുകയും ചെയ്യുന്നു. കമ്പിളിയിലുരച്ച ചീര്‍പ്പിലെ സ്ഥിതവൈദ്യുതി കൊണ്ട് നമ്മുടെ ശരീരത്തിലെ രോമം എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നതും കുഞ്ഞ് കടലാസ് കഷണങ്ങള്‍ ചീര്പ്പിലേക്ക് ചാടിപ്പിടിപ്പിക്കുന്നതുമായ പരീക്ഷണങ്ങള്‍ നമ്മള് ചെറുപ്പത്തില്‍ ചെയ്തിട്ടുണ്ടാകും. സെക്കന്റിൽ മൂന്നു മീറ്ററില്‍ കുറഞ്ഞ വേഗതയില്‍ ഇളം കാറ്റടിക്കുമ്പോള്‍ മാത്രമാണ് ചിലന്തികള്‍ പറക്കാന്‍ ശ്രമിക്കുന്നത്. കാറ്റിന്റെ വേഗതയും ദിശയും ഉയര്‍ത്തിപ്പിടിച്ച കാലുകള്‍ കൊണ്ട് അറിഞ്ഞാണ് ചിലന്തി ബലൂണിങ്ങിന് തയ്യറെടുക്കുക. കാറ്റല്ല ഉയര്‍ന്ന് പൊങ്ങാന്‍ സഹായിക്കുന്നത്. ഇലക്ട്രോ സ്റ്റാറ്റിക്ക് ഫോഴ്സ് ആണ്. വളരെ തെളിഞ്ഞ കാലാവസ്ഥയില്‍പ്പോലും അന്തരീക്ഷത്തിലെ ഈര്‍പ്പവും മറ്റും മൂലമുള്ള അറ്റ്മോസ്ഫെറിക്ക് പൊട്ടന്‍ഷ്യല്‍ ഗ്രേഡിയന് (APG) ആണ് ഇവരെ ഇതിന് സഹായിക്കുന്നത്. ഭൂമിയും അന്തരീക്ഷവും തമ്മില്‍ ചാര്‍ജ്ജ് വ്യത്യാസം ഉണ്ടാകും. മഴ മേഘങ്ങളും കാറ്റും ഒക്കെ ആകുമ്പോള്‍ ഇത് കിലോ വോള്‍ട്ടുകളിലേക്ക് ഉയരും. ഇതിന്റെ അളവ് തിരിച്ചറിയാനും കാലുയര്‍ത്തി നില്‍പ്പ് വഴി ചിലന്തികള്‍ക്ക് കഴിയും. ഈ ബലം ഇവയെ ഞൊട്ടിത്തെറിപ്പിക്കും പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തും.

അത്ഭുതപ്പെടുത്തുന്ന സാഹസിക സഞ്ചാരം
ബലൂണിങ്ങ് അല്ലെങ്കില്‍ കൈറ്റിങ്ങ് എന്ന ഈ പറക്കല്‍ പരിപാടി ചിലന്തികളെപ്പോലെ മറ്റ് ചില മൈറ്റുകളും ശലഭ ലാര്‍വകളും ചെയ്യുന്നതായി മനസിലാക്കിയിട്ടുണ്ട്. 2012 ലും 2015 ലും ആസ്ത്രേലിയയില്‍ ദശലക്ഷക്കണക്കിന് ചിലന്തികള്‍ പാറി വന്നിറങ്ങി, പുല്‍പ്പരപ്പുകളില്‍ അവയുടെ വലകള്‍ വീണ് മഞ്ഞ് പൊഴിഞ്ഞ് കിടന്നതുപോലെ കാണപ്പെട്ടു. അത്രയധികം എട്ടുകാലികളാണ് വന്നിറങ്ങിയത്. കരയില്‍ നിന്ന് 1600 കിലോമീറ്റര്‍ അകലെ പുറം കടലില്‍ കപ്പലുകളില്‍ ഇവ എത്തിയതായി കണ്ടിട്ടുണ്ട്. കൂടാതെ കാലാവസ്ഥ പഠനത്തിനായുള്ള ബലൂണുകളില്‍ 5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള സാമ്പിളുകളില്‍ പോലും ചിലന്തികളെ കണ്ടിട്ടുണ്ട്. ഇങ്ങനെ കാറ്റിന്റെ ഒപ്പം പറക്കുന്ന കുഞ്ഞ്ചിലന്തികള് ഭക്ഷണം ഇല്ലാതെ ഇരുപത്തഞ്ചോ അധികമോ ദിവസം അതിജീവിക്കുന്നതായി മനസിലാക്കിയിട്ടുണ്ട്. പുതിയ ഭൂപ്രകൃതികളിലേക്കുള്ള സഞ്ചാരം വളരെ സാഹസികം ആണ്. നിലത്തിറങ്ങുന്നതും സ്പിന്നറെറ്റ്സുകള് ഉപയോഗിച്ച് നൂല് വലകള്‍ സൃഷ്ടിച്ച് തന്നെയാണ്. ചിലപ്പോള്‍ വന്നിറങ്ങുന്ന ആ അപരിചിത ഇടം ഒട്ടും അനുകൂലമാകണം എന്നില്ല. ഇരപിടിയന്മാരുടെ പടയ്ക്ക് മുന്നിലേക്കും ആവാം ലാന്‍ഡ് ചെയ്യുന്നത്. .
പരിണാമ ഘട്ടത്തില്‍ വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറിയതാണ് ഇന്നത്തെ എട്ടുകാലികളുടെ പൂര്‍വികര്‍.

വല കെട്ടലിന്റെ പ്രധാന ദൗത്യം ഇരപിടിക്കലല്ല
ചിലന്തി വലനെയ്യുക എന്ന് പറഞ്ഞാല്‍ മനസില്‍ തെളിയുക മനോഹരമായ ഡിസൈന്‍ വലകളാണ്. എട്ടുകാലികള്‍ = വല എന്ന് പോലും പലരും കരുതാറുണ്ട്.. പലയിനങ്ങളും നമ്മള് കരുതും പോലെ കൃത്യമായ ചതുരവടിവോടെ കെണിവലകള്‍ കെട്ടുന്നവരല്ല. പരിണാമ ഘട്ടത്തില്‍ വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറിയതാണ് ഇന്നത്തെ എട്ടുകാലികളുടെ പൂര്‍വികര്‍. അന്ന് സ്വന്തം ശരീരവും മുട്ടയും സംരക്ഷിക്കാനും മരത്തില്‍ കയറാനും സഹായകമായി ഉരുത്തിരിഞ്ഞതാണ് ഈ സില്‍ക്ക് നൂല് പുറപ്പെടുവിക്കാനുള്ള കഴിവ്. പിന്നീടാണ് ഈ കഴിവ് ഇരകളെ പിടിക്കാനായി ചില ഇനങ്ങള്‍ ഉപയോഗിച്ച് പരിണമിച്ചത്. വല കെട്ടാത്തവയാണ് വലിയ വിഭാഗം എട്ടുകാലികള്‍. തുള്ളല്‍ ചിലന്തികള്‍ ചാടി വീണ് ഇരകളെ കബൂലാക്കുന്നവയാണ്. ഓര്‍ബ് വീവര്‍ ഇനങ്ങളാണ് വലക്കാര്. വല കെട്ടി നടുക്ക് കാവല്‍ നില്‍ക്കലൊക്കെ മഹാ റിസ്ക് ആണ്. പക്ഷികളുടെ കണ്ണില്‍ പെടാന്‍ സാദ്ധ്യത കൂടുതലാണ്. എന്നിട്ടും കുറേ ഇനങ്ങള്‍ ചിത്ര വലകള്‍ കെട്ടി നടുക്ക് ' ദാ പിടിച്ചോ ധൈര്യമുണ്ടെങ്കില്‍' - എന്ന ഭാവത്തില്‍ കാത്ത് നില്‍ക്കുന്നത് കാണാം. ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും - അവരെല്ലാം കടും മഞ്ഞയോ ചുവപ്പോ മാര്‍ക്കുകള്‍ ഉള്ളവയാവും. പക്ഷികള്‍ പെട്ടന്ന് കാണാന്‍ തന്നെയാണ് ഈ സിഗ്നല്‍ കളറുകള്‍. ഒളിഞ്ഞ്നില്പ്പായ കാമോ ഫ്ലാഷിന്റെ നേര് വിപരീതമായ അപോസൊമാറ്റിസം എന്ന സ്വഭാവ സവിശേഷതയാണിത്. 'ഞാന്‍ , ഉള്ളില്‍ വിഷമുള്ളത്, അരുചി ഉള്ളത് - സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ' എന്ന് ഇരപിടിയന്മാര്ക്ക് മുന്‍കൂര്‍ വാണിങ്ങാണ് ഈ കളര്‍ സിഗ്നലുകള്‍. അബദ്ധത്തില്‍ ഇവയെ ഒരിക്കല്‍ പിടിച്ച് തിന്ന പക്ഷികള്‍ ഇത് ഉള്ളിലെത്തി ഉണ്ടായ ശാരീരിക വിഷമങ്ങള്‍ ഓര്‍ത്ത് വെക്കും. ഇതിനെ കണ്ടാല്‍ പിന്നെ ഒരിക്കലും തിന്നാതെ ഒഴിവാക്കും.

പല എട്ടുകാലികളും വലയ്ക്കു നടുവിൽ തങ്ങളുടെ ഇരയ്ക്കായി കാവൽ നിൽക്കുന്നത്
എന്‍സൈമുകള്‍ ശര്‍ദ്ദിച്ച് ജ്യൂസാക്കിയുള്ള വലിച്ച് കുടി
കളറില്ലാത്ത - വിഷം കൂടുതല്‍ ഇല്ലാത്ത പാവം എട്ടുകാലികള്‍ പല ജാതി കെണികള്‍ ഒരുക്കി അരികിലെവിടെയെങ്കിലും ഒളിഞ്ഞ് നില്ക്കും. ഇരകള്‍ കാണാതിരിക്കാനും ഇരയായി മാറാതിരിക്കാനും ആണിത്. എന്നാലും - വലയില്‍ എവിടെ ഇര വീണ് ചെറുചലനം ഉണ്ടായാലും അറിയാന്‍ പറ്റുന്ന ഒരു സിഗ്നല്‍ ലൈന്‍ ഉണ്ടാവും - അതില്‍ സദാ സമയവും ഒരു കാല് വച്ചാണ് ഒളിഞ്ഞ് നില്ക്കുക. ഇര വീണാല്‍ വിവരം സിഗ്നല്‍ ലൈനിലൂടെ തിരിച്ചറിഞ്ഞ് , പെട്ടന്ന് ചാടി വീണ് - ഇരയെ നൂലുകള്‍ കൊണ്ട് ചുറ്റിവരിഞ്ഞ് നിശ്ചലമാക്കി - കൊന്ന് - എന്‍സൈമുകള്‍ ശര്‍ദ്ദിച്ച് ജ്യൂസാക്കി വലിച്ച് കുടിക്കും.
അവര്‍ കെട്ടിയ വലയില്‍ എട്ടുകാലി കുടുങ്ങാത്തത് എന്ത് എന്ന് ചിന്തിക്കാറുണ്ടല്ലോ. ഒട്ടിപ്പിടിക്കുന്നതും അല്ലാത്തതും ആയ രണ്ട് തരം നൂലുകള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് അറിയാം. ഇവര്‍ സഞ്ചരിക്കുക - ഒട്ടിപ്പിടിക്കാത്ത നൂലുകളിലൂടെ ആണ്. ഇനി അബദ്ധത്തില്‍ ഒട്ടിപ്പോ നൂലില്‍ പെട്ടാലും ശരീരത്തിലെയും കാലുകളിലെയും രോമങ്ങളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധ കൊണ്ടും ഒട്ടല് ഒഴിവായി തടി കൈച്ചലാക്കാന്‍ ഇവര്‍ക്ക് പറ്റും.
അതിജീവനത്തിനായി പല തരത്തില്‍ സഹായിക്കുന്ന ഈ നൂലുകള്‍ വെറും സില്‍ക്ക് നൂലുകളല്ല, ചിലന്തികളേ സംബന്ധിച്ച് അവരുടെ ജീവിതം നെയ്യുന്ന അമൃത നൂലുകള്‍ തന്നെയാണവ





+7
Content Highlights: Flying spiders, Bandhukkal Mithrangal
Published: 15 Mar 2022, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented