മനുഷ്യകോശങ്ങള്‍ ജ്യൂസാക്കി വലിച്ച് കുടിക്കും,ചോരകുടിച്ച് വയര്‍ വീര്‍പ്പിക്കും; ചെള്ള് വെറും ചെള്ളല്ല


വിജയകുമാര്‍ ബ്ലാത്തൂര്‍രക്ത സദ്യകള്‍ കിട്ടിത്തുടങ്ങിയാലേ മുതിര്‍ന്ന ഫ്‌ളീകള്‍ ആണും പെണ്ണുമായി പെരുമാറിത്തുടങ്ങുകയുള്ളു. രണ്ടു മൂന്നു മാസം മാത്രമേ ആയുസുള്ളുവെങ്കിലും ആ സമയം കൊണ്ട് ഇവയിലെ പെണ്‍ ഫ്‌ളീകള്‍ അയ്യായിരം മുട്ടകള്‍ വരെ ഇട്ട് കൂട്ടും.  

ചെള്ള് | Photo: canva

'ചെള്ള് പനി' എന്ന് നമ്മള്‍ മലയാളത്തില്‍ പേരിട്ട് വിളിക്കുന്ന സ്‌ക്രബ് ടൈഫസ് (scrub typhus) പിടിപെട്ട് കേരളത്തിലും ആളുകള്‍ മരിക്കാന്‍ തുടങ്ങിയതോടെ 'ചെള്ള്' എന്ന ഭീകരരേക്കുറിച്ചായി നമ്മുടെ ആശങ്കകള്‍.

ആരാണ് ശരിയ്ക്കും ചെള്ള്?

ആര്‍ത്രോപോഡ വിഭാഗക്കാരായ, ഫ്‌ളി (Flea), മൈറ്റ് (Mite), ടിക് (Tick) എന്നീ ചിറകില്ലാത്ത മൂന്നുതരം ജീവികള്‍ക്കും ചെള്ള് എന്ന വാക്ക് തന്നെയാണ് നമ്മള്‍ ഉപയോഗിക്കാറുള്ളത്. ഇത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ഈ ജീവികള്‍ ഒരോ വിഭാഗത്തിനും വ്യത്യസ്തമായ പേരുകള്‍ നല്‍കുകയോ അല്ലെങ്കില്‍ ഇംഗ്ലീഷ് പേരു തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നതാണുത്തമം.

'സ്‌ക്രബ് ടൈഫസ് ' എന്ന ബാക്ടീരിയല്‍ രോഗം നമ്മളിലേക്ക് എത്തിക്കുന്ന മാടമ്പള്ളിയിലെ യഥാര്‍ത്ഥ രോഗവാഹകര്‍ ഇവരിലെ 'മൈറ്റുകള്‍' എന്ന ഇനം മാത്രമാണ്. അവരാണ് പുതിയ കഥയിലെ നായകര്‍. മൈറ്റുകളെക്കുറിച്ച് മാത്രമല്ല , ചെള്ള് എന്ന് നമ്മള്‍ പൊതുവായി പേരു വിളിക്കുന്ന മറ്റ് ജീവികളെക്കുറിച്ച് കൂടി അറിയുന്നതും ഇവയെ തിരിച്ചറിയാന്‍ സഹായിക്കും. ഇവരാരും അത്ര പാവങ്ങളല്ല, പലതരം രോഗങ്ങള്‍ നമ്മളിലെത്തിക്കുന്ന കുപ്രസിദ്ധ പരാദ ജീവികള്‍ തന്നെയാണ്.

ചെള്ളുപനി
Le Viet N, Laroche M, Thi Pham HL, Viet NL, Mediannikov O, Raoult D, Parola P, CC BY-SA 4.0 <https://creativecommons.org/licenses/by-sa/4.0>, via Wikimedia Commons

എല്ലാ ചെള്ളും ചെള്ളുപനിയുണ്ടാക്കില്ല

മൃഗങ്ങളില്‍ സാധാരണയായി കാണുന്ന പലതരം ചെള്ളുകള്‍ ചോര കുടിക്കാനായി നമ്മളേയും കടിക്കുമ്പോഴാണ് ചെള്ളുപനി ഉണ്ടാകുന്നത് എന്നത് ഒരു തെറ്റായ ധാരണയാണ്. മാന്‍ചെള്ള്, നായുണ്ണി, പാലുണ്ണി, ഫ്‌ളീകള്‍ പോലുള്ള, നമുക്ക് കാണാന്‍ കഴിയുന്നത്ര വലിയ ജീവികളുടെ കടി മൂലമാണ് ചെള്ള് പനി പടരുന്നത് എന്നാണ് പലരും കരുതിയിരിക്കുന്നത്. ഈ രോഗത്തിന് കാരണമായ ഒറിയെന്‍ഷ്യ സുത്സുഗാമുഷി (Orientia tsutsugamushi) എന്ന ബാക്ടീരിയ മനുഷ്യരുടെ രക്തത്തില്‍ എത്തുന്നത് എട്ടുകാലുകളുള്ള 'മൃഗച്ചെള്ളു'കള്‍ കടിച്ചിട്ടല്ല. ചിലന്തികളേപ്പോലെ എട്ടുകാലുകളുള്ള ജീവികളെ ഉള്‍പ്പെടുത്തിയിട്ടുള്ള അരാക്‌നിഡെ (Arachnida) വിഭാഗത്തില്‍ പെട്ടവരാണ് 'മൈറ്റുകള്‍'. ടിക്കുകളും ഇവര്‍ക്കൊപ്പം തന്നെയാണ് പരിഗണിക്കപ്പെടുന്നത്.

ഒരു മില്ലീമീറ്റര്‍ പോലും വലിപ്പമില്ലാത്തവരാണ് മൈറ്റുകള്‍. മുതിര്‍ന്ന മൈറ്റുകള്‍ നമ്മളെ കടിക്കാറില്ല. സസ്യഭാഗങ്ങള്‍ ഒക്കെയാണ് ഭക്ഷണം. ഇളം ചുവപ്പ് നിറമുള്ള ഒരു പൊടിപോലെ സൂക്ഷിച്ച് നോക്കിയാല്‍ കാണാം എന്നു മാത്രം.. അതിലും വളരെ ചെറുതാണ് ഇവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍. ലെന്‍സിലൂടെ നോക്കിയാലേ പലപ്പോഴും ഇവയെ കാണാന്‍ പോലും കഴിയൂ. ലാര്‍വകള്‍ക്ക് ആറുകാലുകള്‍ മാത്രമേ ഉണ്ടാകൂ.

മൈറ്റുകള്‍
Photo : Thomas Shahan, CC BY 2.0 <https://creativecommons.org/licenses/by/2.0>, via Wikimedia Commons

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Trombiculidae, കുടുംബത്തിലെ Leptotrombidium ജനുസിലെ ചില മൈറ്റുകളുടെ ലാര്‍വകളാണ് ഒറിയെന്‍ഷ്യ സുത്സുഗാമുഷി ബാക്ടീരിയകളെ നമ്മളില്‍ എത്തിക്കുന്നത്. ചിഗര്‍ മൈറ്റുകള്‍ (Chigger) എന്നും ഇവയെ വിളിക്കാറുണ്ട്. കരണ്ടുതീനികളായ അണ്ണാനേയും എലികളെയും പോലുള്ള ജീവികളുടെ ശരീരത്തിലാണ് ഈ ബാക്ടീരിയ റിസര്‍വുകളായി കഴിയുന്നത്. അവയില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിക്കുകയുമില്ല. Leptotrombidium മൈറ്റുകളുടെ ലാര്‍വകള്‍ വയറു നിറയ്ക്കാനും ജീവചക്രത്തിന്റെ ലാര്‍വ ഘട്ടം കഴിച്ചുകൂട്ടാനും ഇഷ്ടപ്പെടുന്നത് ഈ ജീവികളിലാണ്. പക്ഷെ അപൂര്‍വമായി മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ശരീരത്തിലും ഇവര്‍ എത്തിപ്പെടുകയും ആ ലാര്‍വകളില്‍ ബാക്ടീരിയ ഉണ്ടെങ്കില്‍ സ്‌ക്രബ് ടൈഫസ് പിടികൂടുകയും ചെയ്‌തേക്കാം.

Leptotrombidium, chigger mites(ചിഗര്‍ മൈറ്റുകള്‍)
Michael Wunderli, CC BY 2.0 <https://creativecommons.org/licenses/by/2.0>, via Wikimedia Commons

മനുഷ്യ കോശങ്ങള്‍ ജ്യൂസുപോലെ ആക്കി വലിച്ച് കുടിക്കും, കറുത്ത അടയാളങ്ങള്‍ ഉണ്ടാക്കും

ലാര്‍വകള്‍ക്ക് നമ്മുടെ രക്തക്കുഴലുകളോളം എത്തുന്ന വിധം ആഴത്തില്‍ കടിക്കാനുള്ള വദനഭാഗങ്ങളൊന്നും ഇല്ല. അതിനാല്‍ നമ്മുടെ ചോര കുടിക്കാനും കഴിയില്ല. രോമക്കുഴിക്കരികില്‍ ദഹന രസങ്ങള്‍ തൂവി കോശങ്ങള്‍ ദഹിപ്പിക്കലാണ് ഇവരുടെ ആദ്യ പണി. ദഹിച്ച കോശങ്ങള്‍ ജ്യൂസുപോലെ ആക്കി അത് വലിച്ച് കുടിക്കും. അങ്ങനെ കുറച്ച് സമയം കൊണ്ട് ഒരു ചെറിയ ദ്വാരം ആക്കും. തൊലി ദഹിപ്പിച്ച് തിന്ന സ്ഥലത്ത് ഗാംഗ്രിന്‍ വന്നതുപോലെയുള്ള എസ്‌കാര്‍ (eschar) എന്ന് വിളിക്കുന്ന കറുത്ത അടയാളങ്ങള്‍ ഉണ്ടാക്കും. ഇവര്‍ അവിടം തിന്നുന്ന സമയമൊന്നും ഇതിന്റെ സാന്നിധ്യം നമ്മള്‍ അറിയില്ല.

മൈറ്റ് ലാര്‍വയുടെ ഉമിനീരിലെ ഘടകങ്ങള്‍ അലര്‍ജിയും വലിയ ചൊറിച്ചിലും ഉണ്ടാക്കുന്നത് ലാര്‍വ പൊഴിഞ്ഞ് പോയതിനു ശേഷം മാത്രമാകും. അതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ അറിയുകയും ഇല്ല. പല തവണ ഉറപൊഴിക്കല്‍ കഴിഞ്ഞ ശേഷമാണ് ലാര്‍വ നമ്മുടെ തൊലിയില്‍ നിന്ന് പൊഴിഞ്ഞ് മണ്ണില്‍ വീഴുക. പിന്നെ ആറുകാലുകള്‍ മാത്രമുള്ള നിംഫായും കുറച്ച് നാള്‍ കഴിയും. അതിനുശേഷമാണ് ശരിയായ മൈറ്റ് ആകുന്നത്. അപ്പോള്‍ അതിന് എട്ടു കാലുകള്‍ ഉണ്ടാവും. ഈ മുതിര്‍ന്ന മൈറ്റുകള്‍ നമുക്ക് ഒരു ശല്യവും ചെയ്യില്ല.

വസ്ത്രങ്ങള്‍ ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മടക്കുകളിലാണ് സാധാരണ ഈ എസ്‌കാര്‍ മാര്‍ക്കുകള്‍ കാണുക. അരക്കെട്ടില്‍ വസ്ത്രം അണിയുന്ന ഭാഗം, കാല്‍മുട്ടിന്റെ മടക്കുകള്‍, നാഭി, പൃഷ്ടം, കക്ഷം, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഇടങ്ങളിലാണ് സാധാരണയായി എസ്‌കാറുകള്‍ കാണപ്പെടുക. എല്ലാ ലാര്‍വകളിലും സ്‌ക്രബ് ടൈഫസ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉണ്ടാകണം എന്നില്ല. അതിനാല്‍ എസ്‌കാര്‍ മാര്‍ക്കുകള്‍ വന്നവര്‍ക്ക് എല്ലാം സ്‌ക്രബ് ടൈഫസ് പിടികൂടണമെന്നില്ല.

എല്ലാ മൈറ്റ് ലാര്‍വയും രോഗം പടര്‍ത്തില്ല

വിറയലോടു കൂടിയ പനി , തലവേദന, കണ്ണ് ചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നീ ലക്ഷണങ്ങളുള്ളവര്‍ക്ക് എസ്‌കാര്‍ മാര്‍ക്കുകള്‍ കൂടി കാണുകയാണെങ്കില്‍ രോഗ സാധ്യത ഉണ്ടെന്ന് അനുമാനിക്കാം. ആ ബാക്ടീരിയുടെ റിസര്‍വ് ആയ മൃഗത്തിന്റെ ശരീരത്തില്‍ മുമ്പ് പറ്റി വളര്‍ന്ന ലാര്‍വ, പിടിവിട്ട് മണ്ണില്‍ വീണ്, നിംഫായി ,മുതിര്‍ന്ന് മറ്റ് മൈറ്റുമായി ഇണചേര്‍ന്ന് മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടായ ലാര്‍വയാണെങ്കില്‍ മാത്രമേ അതിന്റെ ഉമിനീരില്‍ ബാക്ടീരിയ ഉണ്ടാകാന്‍ സാധ്യത ഉള്ളു. അല്ലാതെ എല്ലാ മൈറ്റ് ലാര്‍വയും രോഗം പടര്‍ത്തില്ല.

ബാക്ടീരിയ റിസര്‍വുകളായ റോഡന്റുകളുടെ ഉള്ളില്‍ നിന്നും രോഗാണു കയറിയുണ്ടായ മൈറ്റിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിലേക്ക് ഈ ബാക്ടീരിയകള്‍ എത്തുന്നത് transovarial transmission എന്ന പരിപാടി വഴിയാണ്. ഇവ ശരീരത്തില്‍ ഉള്ള മൃഗങ്ങളെ കടിച്ച ചെള്ളുകള്‍ നമ്മളെ കടിക്കുമ്പോഴാണ് ഈ രോഗം പകരുന്നത് എന്നാണ് ചിലരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുള്ളത്.

തേനീച്ചയുടെ ശരീരത്തിലെ പരാദ മൈറ്റ് | photo: Photo by Pavel Klimov, Bee Mite ID (idtools.org/id/mites/beemites) unless otherwise stated in description., Public domain, via Wikimedia Commons

ബര്‍മയിലും സിലോണിലും രണ്ടാം ലോക മഹായുദ്ധകാലത്ത് കാടുകളില്‍ നീങ്ങിയ സഖ്യ സേനാംഗങ്ങള്‍ പലര്‍ക്കും ഈ രോഗം പിടിപെട്ടപ്പോഴാണ് ഈ രോഗം ലോക ശ്രദ്ധ നേടിയത്. അന്ന് ഇതിന് യാതൊരു ചികിത്സയും മരുന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിച്ചാല്‍ ഏതാണ്ട് പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ്. ചികിത്സ ലഭിക്കാത്തവരില്‍ നാല്‍പ്പത് ശതമാനം വരെ മരണ നിരക്കുള്ളതാണ് എന്നത് ഗൗരവം ഉള്ള കാര്യവും ആണ്. ഡോക്‌സിസൈക്ളിന്‍ (doxycycline) എന്ന വളരെ സാധാരണമായ മരുന്ന് നല്‍കി എളുപ്പം സ്‌ക്രബ് ടൈഫസ് ചികിത്സിക്കാം


പട്ടാളക്കാര്‍ക്ക് ചെള്ളുപനിയില്‍ നിന്ന് സംരക്ഷണം നേടാന്‍ ഉപയോഗിക്കേണ്ട വസ്ത്രത്തെപ്പറ്റിയുള്ള അറിയിപ്പ്
National Library of Medicine - History of Medicine, No restrictions, via Wikimedia Commons

കാട്ട് പൊന്തകളിലും പുല്ലിലും ഒക്കെ ഇടപെടുന്നവര്‍ ശരീരം മൊത്തം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇത്തരം ചിഗര്‍ മൈറ്റ് ലാര്‍വകള്‍ ദേഹത്ത് പറ്റിപ്പിടിക്കുന്നത് തടയാന്‍ സഹായിക്കും. ഇത്തരത്തില്‍ പുറത്ത് സമയം ചിലവഴിച്ചവര്‍ വേഗം തന്നെ നല്ല ചൂടു വെള്ളത്തില്‍ ദേഹം സോപ്പ് ഉപയോഗിച്ച് ഉരച്ച് കുളിക്കുന്നത് നല്ലതാണ്. മൈറ്റ് കുഞ്ഞുങ്ങള്‍ കടിച്ച് പിടിച്ച് തീറ്റ തുടങ്ങും മുമ്പേ അവയെ കഴുകി ഒഴിവാക്കുന്നത് ഗുണം ചെയ്യും. വസ്ത്രങ്ങളും ചൂടുവെള്ളത്തില്‍ സോപ്പിട്ട് നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. തുണികള്‍ പുല്ലിലും മണ്ണിലും ഇട്ട് ഉണക്കുന്ന ശീലവും നല്ലതല്ല. ബാക്ടീരിയ റിസര്‍വുകളായ കരണ്ടു തീനി ജീവികളായ എലികളും, അണ്ണാന്മാരും, മുയലുകളും ഒക്കെ ജീവിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുക.

ടിക്ക്, ഉണ്ണികള്‍ - ചോരകുടിച്ച് വയര്‍ വീര്‍പ്പിക്കുന്ന പഹയന്മാര്‍

പശുവിന്റെയും നായയുടേയും ഒക്കെ ശരീരത്തില്‍ പറ്റിപ്പിടിച്ച് ചോരകുടിച്ച് ജീവിക്കുന്ന നായുണ്ണി , പാലുണ്ണി എന്നൊക്കെ പേരിലുള്ള ജീവികളേയും ചിലയിടങ്ങളില്‍ ചെള്ളുകള്‍ എന്നും പറയാറുണ്ട്. ഇവരും മൈറ്റുകളും ഒരേ വിഭാഗക്കാരാണ്. ചിലന്തികള്‍ ഒക്കെ ഉള്‍പ്പെടുന്ന Arachnida ക്ലാസില്‍ ഉള്‍പ്പെടുന്ന എട്ടുകാലുള്ള ജീവികളാണ് ഇവരും. ഇവയ്ക്ക് ചിറക് ഉണ്ടാവില്ല. ഇവ മൈറ്റുകളെപ്പോലെ അത്ര ചെറിയ ജീവികളൊന്നും അല്ല. പലതിനും മൂന്നു മുതല്‍ അഞ്ച് മില്ലീമീറ്റര്‍ വരെ വലിപ്പം ഉണ്ടാകും.

സസ്തനികളുടെയും, ഉരഗങ്ങളുടെയും പക്ഷികളുടെയും ഉഭയജീവികളുടെയും ഒക്കെ ദേഹത്ത് കടിച്ച് പിടിച്ച് നിന്ന് ചോരകുടിച്ച് വയര്‍ വീര്‍പ്പിക്കുന്ന പഹയന്മാരാണിവര്‍. ഉറച്ച കവച ശരീരമുള്ളവരും (Ixodidae) മൃദുല ശരീരികളും (Argasidae) ഇക്കൂട്ടത്തില്‍ ഉണ്ട്. അണ്ഡാകൃതിയിലുള്ള ശരീരം രക്തം കുടിച്ച് വീര്‍ക്കും. പൂര്‍ണരൂപി ആകും മുമ്പ് ഇവരുടെ ജീവ ചക്രത്തിലെ മൂന്ന് ഘട്ടങ്ങളാണ് മുട്ട, ലാര്‍വ, നിംഫ് എന്നിവ .

അമേരിക്കന്‍ ഡോഗ് ടിക്ക്
KSRE Photo, CC BY 2.0 <https://creativecommons.org/licenses/by/2.0>, via Wikimedia Commons

മുതിര്‍ന്ന ടിക്കുകള്‍ ഒന്നോ അതിലധികമോ ആതിഥേയരില്‍ പരാദമായി ജീവിക്കും. ഇത്തരത്തില്‍ ചോരകുടിച്ച് കഴിയുമ്പോള്‍ പല രോഗകാരികളേയും ആതിഥേയരിലേക്ക് പകര്‍ത്തുന്ന വാഹകരായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇവയുടെ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന ലാര്‍വകള്‍ക്ക് ആറുകാലുകളേ ഉണ്ടാകുകയുള്ളു. ചോരകുടിക്കാന്‍ അവസരം കിട്ടിയാല്‍ മാത്രമേ അവയുടെ ഉറപൊഴിക്കലും അധികമുള്ള രണ്ട് കാലുകളും ലഭിക്കുകയുള്ളു. നിംഫുകള്‍ക്ക് അതിനാല്‍ എട്ട് കാലുകള്‍ ഉണ്ടാകും.

ടിക്കുകളുടെ മുന്‍കാലിന്റെ അഗ്രത്തില്‍ ഒരു കുഴിയുണ്ടാകും. അതിന് Haller's organ എന്നാണ് പറയുക. അതി സങ്കീര്‍ണ്ണമായ ഇന്ദ്രിയം ആണത്. പരാദമായി പറ്റിക്കൂടേണ്ട ജീവിയുടെ സാന്നിദ്ധ്യം മനസിലാക്കാന്‍ സഹായിക്കുന്ന സെന്‍സറി അവയവം. മണം, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്, , ഹ്യുമിഡിറ്റി, താപവ്യത്യാസം, കാറ്റ് എന്നിവയൊക്കെ തിരിച്ചറിഞ്ഞ് ചോര ഊറ്റാന്‍ - പറ്റിക്കൂടാന്‍ പറ്റുന്ന ജീവിയുടെ സാന്നിധ്യവും സ്ഥാനവും തിരിച്ചറിയാന്‍ ഈ അവയവം ആണ് സഹായിക്കുന്നത്.

Haller's organ

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ടിക്കുകള്‍ക്ക് നല്ല കഴിവുണ്ട്. വാക്വം അവസ്ഥയോട് അടുത്ത സാഹചര്യത്തില്‍ പോലും അരമണിക്കൂറിലധികം നേരം ഇവ അതിജീവിക്കും. വരള്‍ച്ചക്കാലത്ത് ഒന്നും കുടിക്കാതെ, ഉണങ്ങി ചത്ത്‌പോകാതെ പതിനെട്ട് ആഴ്ചവരെ ഇവര്‍ക്ക് കഴിയാന്‍ പറ്റും. മൈനസ് 18 ഡിഗ്രി സെല്‍ഷിയസ് തണുപ്പില്‍ പോലും മണിക്കൂറുകള്‍ ഇവ ജീവിക്കും. അതിനാല്‍ തന്നെ അന്റാര്‍ട്ടിക്കിലെ പെന്‍ഗ്വിനുകളുടെ ശരീരത്തിലും ടിക്കുകള്‍ ജീവിക്കും.

ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ കട്ടികുറഞ്ഞ തൊലിയുള്ള ഭാഗം അന്വേഷിച്ച് ഇവര്‍ സഞ്ചരിക്കും. സസ്തനികളുടെ ചെവിയും അകിടും ഒക്കെ ഇഷ്ടസ്ഥലങ്ങളാണ്. ചോരകുടിക്കുന്നതിനു മുന്‍പുള്ളതിന്റെ പല മടങ്ങ് ശരീര ഭാരം ഇവ ചോരകുടിച്ച് തീരുമ്പോള്‍ ഉണ്ടാകും. ചോര മാത്രം ഭക്ഷണം ആക്കിയതിനാല്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, തുടങ്ങിയവയുടെ ആവശ്യം നിറവേറ്റുന്നത് എന്‍ഡോ സിംബയോസിസ് വഴി കൂടെ തന്നെ ജീവിക്കുന്ന ചിലതരം ബാക്ടീരിയകളുടെ സഹായത്തോടെ ആണ്. ഇവ തലമുറകളായി transovarial transmission വഴി ഇവര്‍ക്കൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നും ഉണ്ട്. വൈറസുകള്‍, ബാക്റ്റീരിയകള്‍, പ്രോട്ടോസോവകള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന പലതരം രോഗങ്ങള്‍ ഇവരിലൂടെ മനുഷ്യരിലും എത്തുന്നുണ്ട്.

ഫ്‌ളി - ചെള്ളുകളിലെ ചാട്ടക്കാരന്‍

ചെള്ള് എന്ന വാക്ക് നായകളുടെയും പൂച്ചകളുടേയും മറ്റും ദേഹത്ത് കയറി ചോരകുടിക്കുന്ന , ഇടയ്ക്ക് അതി വേഗം തെറിച്ച് നീങ്ങുന്ന ഒന്നര മുതല്‍ മൂന്നു മില്ലീമീറ്ററു വരെ മാത്രം വലിപ്പത്തില്‍ വളരുന്ന ഫ്‌ളി എന്ന ഒരു ഇന്‍സെക്റ്റിനെ സൂചിപ്പിക്കാന്‍ കൂടി ഉപയോഗിക്കുന്ന വാക്കാണ്. ബ്രൗണോ കറുപ്പോ നിറത്തിലുള്ള ചിറകില്ലാത്ത ഈ ആറുകാലി 'ഷഡ്പദം' Siphonaptera ഓര്‍ഡറില്‍ ആണ് ഉള്‍പ്പെടുക. 2500 ല്‍ അധികം ഇനം ഫ്‌ളികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും ആയിരക്കണക്കിന് ഇനങ്ങള്‍ കണ്ടെത്താനുണ്ടാകും. സസ്തനികളിലും പക്ഷികളിലും ശരീരത്തിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന് രക്തം കുടിച്ച് കഴിയുന്ന പരാദപ്രാണികളാണിവര്‍.

കുത്തനെ ഒട്ടി പരന്ന രൂപത്തില്‍, നേര്‍ത്ത ശരീരം ആയതിനാല്‍ ഇവര്‍ക്ക് വളരെ എളുപ്പം ആതിഥേയ ജീവിയുടെ രോമങ്ങള്‍ക്കിടയിലൂടെയും തൂവലുകള്‍ക്ക് ഇടയിലൂടെയും സഞ്ചരിക്കാന്‍ കഴിയും. രോമങ്ങളില്‍ ഉറച്ച് പിടിക്കാന്‍ കഴിയുന്ന നഖങ്ങള്‍ കാലുകളുടെ അഗ്രങ്ങളില്‍ ഉള്ളതിനാല്‍ ജീവിയുടെ ദേഹത്ത് നിന്ന് വേഗം താഴെ വീണുപോകുകയും ഇല്ല. അതിനാല്‍ മാന്തിയാലും ചീകിയാലും നക്കിയാലും കുലുക്കിയാലും ഒന്നും പിടിവിടാതിരിക്കാന്‍ ഇവര്‍ക്ക് പറ്റും.

തൊലി തുരക്കാനും ചോര വലിച്ച് കുടിക്കാനും പറ്റുന്ന വിധത്തില്‍ പരിണമിച്ചവയാണ് ഇതിന്റെ വദനഭാഗവും പ്രൊബോസിസും. ഏറ്റവും ദൂരത്തേക്ക് തുള്ളുന്ന ഷഡ്പദമായ ഫ്രോഗ് ഹോപ്പര്‍മാരുടെ ഒപ്പം തന്നെ ദൂരം ഇവര്‍ക്കും ചാടാന്‍ കഴിയും. കുത്തനെ 18 സെന്റീമീറ്ററും വിലങ്ങനെ 33 സെന്റീമീറ്റര്‍ വരെയും ഇവര്‍ ചാടും. ഒരു മനുഷ്യന്‍ 450 അടി ദൂരത്തേക്ക് ലോങ്ങ്ജമ്പ് ചെയ്യേണ്ടിവരും ഇവര്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍.

പിന്‍ കാലുകളിലെ മസിലുകളുടെ ശക്തിയല്ല ഇതിന് പ്രധാനമായും ഫ്‌ളീകള്‍ ഉപയോഗിക്കുന്നത്. അമ്പ് തൊടുക്കാന്‍ വില്ലിലെ ഞാണ്‍ വലിച്ച് പിടിച്ച് നമ്മള്‍ ഊര്‍ജ്ജം ശേഖരിക്കുന്നതുപോലെ, കാലിലെ റെസിലിന്‍ എന്ന ഇലാസ്റ്റിക്ക് പ്രോട്ടീന്‍ പ്രതലത്തില്‍ പേശീബലം ശേഖരിച്ച് വെച്ച് പെട്ടന്ന് അത് പുറത്തേക്ക് വിടുകയാണ് ചെയ്യുക.. സ്വന്തം നീളത്തിന്റെ നൂറു മടങ്ങ് ദൂരം ഇവര്‍ സ്പ്രിങ്ങ് പോലെ തെറിച്ച് ചാടും.

സാധാരണയായി ഓരോ തരം ഫ്‌ളീകളും പ്രത്യേകതരം ആതിഥേയ ജീവിയില്‍ മാത്രം വളരുന്നവയാണ്. ചിലര്‍ ഒറ്റൊരു വിഭാഗത്തില്‍ മാത്രം വളരുന്നവരുണ്ട്. Ischnopsyllidae ഇനം ഫ്‌ളീകള്‍ വവ്വാലുകളില്‍ മാത്രമേ പരാദമായി കയറിക്കൂടുകയുള്ളു. വലിയതോതില്‍ മരണം ഉണ്ടാക്കിയ, കറുത്ത മരണം എന്ന് പേരുള്ള ബ്യുബോണിക് പ്ലേഗ് രോഗകാരികളായ Yersinia pestis എന്ന ബാക്ടീരിയകളുടെ വാഹകരായി അവയെ കറുത്ത എലികളില്‍ എത്തിച്ചത് Xenopsylla cheopis എന്ന ഇനം ഫ്‌ളീകള്‍ ആണ്. ലോക ജനസംഖ്യയില്‍ വലിയൊരു ഭാഗം ആളുകളെ കൊന്നുതീര്‍ത്തത് ഈ രോഗം ആയിരുന്നു. ഇവര്‍ക്ക് മറ്റ് ഷഡ്പദങ്ങള്‍ക്ക് ഉള്ളതുപോലെ സംയുക്ത നേത്രങ്ങള്‍ ഇല്ല. സാധാരണ നേത്രപൊട്ടുകളേ ഉള്ളു. ചില ഇനങ്ങള്‍ക്ക് അതും ഇല്ല.

ഇണചേരുന്നതും മുട്ടയിടുന്നതും ആതിഥേയ ശരീരത്തില്‍ തന്നെ. വെളുത്ത കുഞ്ഞ് മുട്ടകള്‍ രോമങ്ങള്‍ക്കിടയില്‍ പറ്റി നില്‍ക്കാന്‍ കഴിവുള്ളതല്ല. അവ നിലത്തും കാര്‍പൊറ്റിലും ഒക്കെ പൊഴിഞ്ഞ് വീഴും. അവ അവിടെ വിരിഞ്ഞ് വരുന്ന ലാര്‍വകള്‍ കാലുകളും കണ്ണും ഇല്ലാത്ത പുഴു രൂപികളാണ്. മുതിര്‍ന്നവര്‍ ചോരകുടിച്ച് വിസര്‍ജ്ജിച്ചവയിലെ ഉണങ്ങിയ ചോരയും നിലത്തെ മറ്റ് ജൈവ അവശിഷ്ടങ്ങളും ആണ് ഇവ ഭക്ഷിക്കുക. അവയ്ക്ക് ചോരകുടിക്കാനുള്ള കഴിവില്ല.

മുട്ട, ലാര്‍വ, പ്യൂപ്പ എന്നിങ്ങനെ ഫ്‌ളീകളുടെ ജീവചക്രത്തിലും ആദ്യം മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്. രക്ത സദ്യകള്‍ കിട്ടിത്തുടങ്ങിയാലേ മുതിര്‍ന്ന ഫ്‌ളീകള്‍ ആണും പെണ്ണുമായി പെരുമാറിത്തുടങ്ങുകയുള്ളു. രണ്ടു മൂന്നു മാസം മാത്രമേ ആയുസുള്ളുവെങ്കിലും ആ സമയം കൊണ്ട് ഇവയിലെ പെണ്‍ ഫ്‌ളീകള്‍ അയ്യായിരം മുട്ടകള്‍ വരെ ഇട്ട് കൂട്ടും.

female human flea| sourceDavid Linstead, CC BY 4.0 <https://creativecommons.org/licenses/by/4.0>, via Wikimedia Commons

മനുഷ്യ പരിണാമത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തില്‍ രോമങ്ങള്‍ കുറഞ്ഞത് ഈ ഫ്‌ളീകളും അതുപോലുള്ള ബാഹ്യ പരാദ ജീവികളും സുഖിച്ച് ജീവിക്കാനുള്ള അവസരം കുറയ്ക്കുക എന്ന അനുകൂലനം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് എന്ന ചില തിയറികള്‍ ഉണ്ട്. ഇവ കടിച്ച സ്ഥലത്തെ അലര്‍ജി മൂലമുള്ള ചൊറിച്ചിലും അതുവഴി ഉണ്ടായ ചര്‍മ്മരോഗങ്ങളും കൂടാതെ ബാക്ടീരിയകള്‍, വൈറസുകള്‍, പ്രോട്ടോസോവകള്‍, വിരകള്‍ തുടങ്ങിയവയുടെ വാഹകരായി, മൃഗങ്ങളിലും മനുഷ്യരിലും ഒക്കെ രോഗങ്ങള്‍ എത്തിക്കുന്നവര്‍ കൂടിയാണിവര്‍.

Content Highlights: Flea, Mite, Tick - all you know about ticks and scrub typhus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented