രക്ത സദ്യകള് കിട്ടിത്തുടങ്ങിയാലേ മുതിര്ന്ന ഫ്ളീകള് ആണും പെണ്ണുമായി പെരുമാറിത്തുടങ്ങുകയുള്ളു. രണ്ടു മൂന്നു മാസം മാത്രമേ ആയുസുള്ളുവെങ്കിലും ആ സമയം കൊണ്ട് ഇവയിലെ പെണ് ഫ്ളീകള് അയ്യായിരം മുട്ടകള് വരെ ഇട്ട് കൂട്ടും.

'ചെള്ള് പനി' എന്ന് നമ്മൾ മലയാളത്തിൽ പേരിട്ട് വിളിക്കുന്ന സ്‌ക്രബ് ടൈഫസ് (scrub typhus) പിടിപെട്ട് കേരളത്തിലും ആളുകൾ മരിക്കാൻ തുടങ്ങിയതോടെ 'ചെള്ള്' എന്ന ഭീകരരേക്കുറിച്ചായി നമ്മുടെ ആശങ്കകൾ.
ആരാണ് ശരിയ്ക്കും ചെള്ള്?
ആർത്രോപോഡ വിഭാഗക്കാരായ, ഫ്‌ളി (Flea), മൈറ്റ് (Mite), ടിക് (Tick) എന്നീ ചിറകില്ലാത്ത മൂന്നുതരം ജീവികൾക്കും ചെള്ള് എന്ന വാക്ക് തന്നെയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ഇത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ഈ ജീവികൾ ഒരോ വിഭാഗത്തിനും വ്യത്യസ്തമായ പേരുകൾ നൽകുകയോ അല്ലെങ്കിൽ ഇംഗ്ലീഷ് പേരു തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നതാണുത്തമം.
'സ്‌ക്രബ് ടൈഫസ് ' എന്ന ബാക്ടീരിയൽ രോഗം നമ്മളിലേക്ക് എത്തിക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ രോഗവാഹകർ ഇവരിലെ 'മൈറ്റുകൾ' എന്ന ഇനം മാത്രമാണ്. അവരാണ് പുതിയ കഥയിലെ നായകർ. മൈറ്റുകളെക്കുറിച്ച് മാത്രമല്ല , ചെള്ള് എന്ന് നമ്മൾ പൊതുവായി പേരു വിളിക്കുന്ന മറ്റ് ജീവികളെക്കുറിച്ച് കൂടി അറിയുന്നതും ഇവയെ തിരിച്ചറിയാൻ സഹായിക്കും. ഇവരാരും അത്ര പാവങ്ങളല്ല, പലതരം രോഗങ്ങൾ നമ്മളിലെത്തിക്കുന്ന കുപ്രസിദ്ധ പരാദ ജീവികൾ തന്നെയാണ്.
ചെള്ളുപനി
Le Viet N, Laroche M, Thi Pham HL, Viet NL, Mediannikov O, Raoult D, Parola P, CC BY-SA 4.0 , via Wikimedia Commons
എല്ലാ ചെള്ളും ചെള്ളുപനിയുണ്ടാക്കില്ല
മൃഗങ്ങളിൽ സാധാരണയായി കാണുന്ന പലതരം ചെള്ളുകൾ ചോര കുടിക്കാനായി നമ്മളേയും കടിക്കുമ്പോഴാണ് ചെള്ളുപനി ഉണ്ടാകുന്നത് എന്നത് ഒരു തെറ്റായ ധാരണയാണ്. മാൻചെള്ള്, നായുണ്ണി, പാലുണ്ണി, ഫ്‌ളീകൾ പോലുള്ള, നമുക്ക് കാണാൻ കഴിയുന്നത്ര വലിയ ജീവികളുടെ കടി മൂലമാണ് ചെള്ള് പനി പടരുന്നത് എന്നാണ് പലരും കരുതിയിരിക്കുന്നത്. ഈ രോഗത്തിന് കാരണമായ ഒറിയെൻഷ്യ സുത്സുഗാമുഷി (Orientia tsutsugamushi) എന്ന ബാക്ടീരിയ മനുഷ്യരുടെ രക്തത്തിൽ എത്തുന്നത് എട്ടുകാലുകളുള്ള 'മൃഗച്ചെള്ളു'കൾ കടിച്ചിട്ടല്ല. ചിലന്തികളേപ്പോലെ എട്ടുകാലുകളുള്ള ജീവികളെ ഉൾപ്പെടുത്തിയിട്ടുള്ള അരാക്‌നിഡെ (Arachnida) വിഭാഗത്തിൽ പെട്ടവരാണ് 'മൈറ്റുകൾ'. ടിക്കുകളും ഇവർക്കൊപ്പം തന്നെയാണ് പരിഗണിക്കപ്പെടുന്നത്.
ഒരു മില്ലീമീറ്റർ പോലും വലിപ്പമില്ലാത്തവരാണ് മൈറ്റുകൾ. മുതിർന്ന മൈറ്റുകൾ നമ്മളെ കടിക്കാറില്ല. സസ്യഭാഗങ്ങൾ ഒക്കെയാണ് ഭക്ഷണം. ഇളം ചുവപ്പ് നിറമുള്ള ഒരു പൊടിപോലെ സൂക്ഷിച്ച് നോക്കിയാൽ കാണാം എന്നു മാത്രം.. അതിലും വളരെ ചെറുതാണ് ഇവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ. ലെൻസിലൂടെ നോക്കിയാലേ പലപ്പോഴും ഇവയെ കാണാൻ പോലും കഴിയൂ. ലാർവകൾക്ക് ആറുകാലുകൾ മാത്രമേ ഉണ്ടാകൂ.
മൈറ്റുകൾ
Photo : Thomas Shahan, CC BY 2.0, via Wikimedia Commons
Trombiculidae, കുടുംബത്തിലെ Leptotrombidium ജനുസിലെ ചില മൈറ്റുകളുടെ ലാർവകളാണ് ഒറിയെൻഷ്യ സുത്സുഗാമുഷി ബാക്ടീരിയകളെ നമ്മളിൽ എത്തിക്കുന്നത്. ചിഗർ മൈറ്റുകൾ (Chigger) എന്നും ഇവയെ വിളിക്കാറുണ്ട്. കരണ്ടുതീനികളായ അണ്ണാനേയും എലികളെയും പോലുള്ള ജീവികളുടെ ശരീരത്തിലാണ് ഈ ബാക്ടീരിയ റിസർവുകളായി കഴിയുന്നത്. അവയിൽ രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുകയുമില്ല. Leptotrombidium മൈറ്റുകളുടെ ലാർവകൾ വയറു നിറയ്ക്കാനും ജീവചക്രത്തിന്റെ ലാർവ ഘട്ടം കഴിച്ചുകൂട്ടാനും ഇഷ്ടപ്പെടുന്നത് ഈ ജീവികളിലാണ്. പക്ഷെ അപൂർവമായി മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ശരീരത്തിലും ഇവർ എത്തിപ്പെടുകയും ആ ലാർവകളിൽ ബാക്ടീരിയ ഉണ്ടെങ്കിൽ സ്‌ക്രബ് ടൈഫസ് പിടികൂടുകയും ചെയ്‌തേക്കാം.
Leptotrombidium, chigger mites(ചിഗർ മൈറ്റുകൾ)
Michael Wunderli, CC BY 2.0, via Wikimedia Commons
മനുഷ്യ കോശങ്ങൾ ജ്യൂസുപോലെ ആക്കി വലിച്ച് കുടിക്കും, കറുത്ത അടയാളങ്ങൾ ഉണ്ടാക്കും
ലാർവകൾക്ക് നമ്മുടെ രക്തക്കുഴലുകളോളം എത്തുന്ന വിധം ആഴത്തിൽ കടിക്കാനുള്ള വദനഭാഗങ്ങളൊന്നും ഇല്ല. അതിനാൽ നമ്മുടെ ചോര കുടിക്കാനും കഴിയില്ല. രോമക്കുഴിക്കരികിൽ ദഹന രസങ്ങൾ തൂവി കോശങ്ങൾ ദഹിപ്പിക്കലാണ് ഇവരുടെ ആദ്യ പണി. ദഹിച്ച കോശങ്ങൾ ജ്യൂസുപോലെ ആക്കി അത് വലിച്ച് കുടിക്കും. അങ്ങനെ കുറച്ച് സമയം കൊണ്ട് ഒരു ചെറിയ ദ്വാരം ആക്കും. തൊലി ദഹിപ്പിച്ച് തിന്ന സ്ഥലത്ത് ഗാംഗ്രിൻ വന്നതുപോലെയുള്ള എസ്‌കാർ (eschar) എന്ന് വിളിക്കുന്ന കറുത്ത അടയാളങ്ങൾ ഉണ്ടാക്കും. ഇവർ അവിടം തിന്നുന്ന സമയമൊന്നും ഇതിന്റെ സാന്നിധ്യം നമ്മൾ അറിയില്ല.
മൈറ്റ് ലാർവയുടെ ഉമിനീരിലെ ഘടകങ്ങൾ അലർജിയും വലിയ ചൊറിച്ചിലും ഉണ്ടാക്കുന്നത് ലാർവ പൊഴിഞ്ഞ് പോയതിനു ശേഷം മാത്രമാകും. അതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ അറിയുകയും ഇല്ല. പല തവണ ഉറപൊഴിക്കൽ കഴിഞ്ഞ ശേഷമാണ് ലാർവ നമ്മുടെ തൊലിയിൽ നിന്ന് പൊഴിഞ്ഞ് മണ്ണിൽ വീഴുക. പിന്നെ ആറുകാലുകൾ മാത്രമുള്ള നിംഫായും കുറച്ച് നാൾ കഴിയും. അതിനുശേഷമാണ് ശരിയായ മൈറ്റ് ആകുന്നത്. അപ്പോൾ അതിന് എട്ടു കാലുകൾ ഉണ്ടാവും. ഈ മുതിർന്ന മൈറ്റുകൾ നമുക്ക് ഒരു ശല്യവും ചെയ്യില്ല.
വസ്ത്രങ്ങൾ ദേഹത്തോട് ചേർന്ന് നിൽക്കുന്ന മടക്കുകളിലാണ് സാധാരണ ഈ എസ്‌കാർ മാർക്കുകൾ കാണുക. അരക്കെട്ടിൽ വസ്ത്രം അണിയുന്ന ഭാഗം, കാൽമുട്ടിന്റെ മടക്കുകൾ, നാഭി, പൃഷ്ടം, കക്ഷം, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഇടങ്ങളിലാണ് സാധാരണയായി എസ്‌കാറുകൾ കാണപ്പെടുക. എല്ലാ ലാർവകളിലും സ്‌ക്രബ് ടൈഫസ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഉണ്ടാകണം എന്നില്ല. അതിനാൽ എസ്‌കാർ മാർക്കുകൾ വന്നവർക്ക് എല്ലാം സ്‌ക്രബ് ടൈഫസ് പിടികൂടണമെന്നില്ല.
എല്ലാ മൈറ്റ് ലാർവയും രോഗം പടർത്തില്ല
വിറയലോടു കൂടിയ പനി , തലവേദന, കണ്ണ് ചുവക്കൽ, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നീ ലക്ഷണങ്ങളുള്ളവർക്ക് എസ്‌കാർ മാർക്കുകൾ കൂടി കാണുകയാണെങ്കിൽ രോഗ സാധ്യത ഉണ്ടെന്ന് അനുമാനിക്കാം. ആ ബാക്ടീരിയുടെ റിസർവ് ആയ മൃഗത്തിന്റെ ശരീരത്തിൽ മുമ്പ് പറ്റി വളർന്ന ലാർവ, പിടിവിട്ട് മണ്ണിൽ വീണ്, നിംഫായി ,മുതിർന്ന് മറ്റ് മൈറ്റുമായി ഇണചേർന്ന് മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടായ ലാർവയാണെങ്കിൽ മാത്രമേ അതിന്റെ ഉമിനീരിൽ ബാക്ടീരിയ ഉണ്ടാകാൻ സാധ്യത ഉള്ളു. അല്ലാതെ എല്ലാ മൈറ്റ് ലാർവയും രോഗം പടർത്തില്ല.
ബാക്ടീരിയ റിസർവുകളായ റോഡന്റുകളുടെ ഉള്ളിൽ നിന്നും രോഗാണു കയറിയുണ്ടായ മൈറ്റിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിലേക്ക് ഈ ബാക്ടീരിയകൾ എത്തുന്നത് transovarial transmission എന്ന പരിപാടി വഴിയാണ്. ഇവ ശരീരത്തിൽ ഉള്ള മൃഗങ്ങളെ കടിച്ച ചെള്ളുകൾ നമ്മളെ കടിക്കുമ്പോഴാണ് ഈ രോഗം പകരുന്നത് എന്നാണ് ചിലരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുള്ളത്.
തേനീച്ചയുടെ ശരീരത്തിലെ പരാദ മൈറ്റ് | photo: Photo by Pavel Klimov, Bee Mite ID (idtools.org/id/mites/beemites) unless otherwise stated in description., Public domain, via Wikimedia Commons
ബർമയിലും സിലോണിലും രണ്ടാം ലോക മഹായുദ്ധകാലത്ത് കാടുകളിൽ നീങ്ങിയ സഖ്യ സേനാംഗങ്ങൾ പലർക്കും ഈ രോഗം പിടിപെട്ടപ്പോഴാണ് ഈ രോഗം ലോക ശ്രദ്ധ നേടിയത്. അന്ന് ഇതിന് യാതൊരു ചികിത്സയും മരുന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിച്ചാൽ ഏതാണ്ട് പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ്. ചികിത്സ ലഭിക്കാത്തവരിൽ നാൽപ്പത് ശതമാനം വരെ മരണ നിരക്കുള്ളതാണ് എന്നത് ഗൗരവം ഉള്ള കാര്യവും ആണ്. ഡോക്‌സിസൈക്ളിൻ (doxycycline) എന്ന വളരെ സാധാരണമായ മരുന്ന് നൽകി എളുപ്പം സ്‌ക്രബ് ടൈഫസ് ചികിത്സിക്കാം
പട്ടാളക്കാർക്ക് ചെള്ളുപനിയിൽ നിന്ന് സംരക്ഷണം നേടാൻ ഉപയോഗിക്കേണ്ട വസ്ത്രത്തെപ്പറ്റിയുള്ള അറിയിപ്പ്
National Library of Medicine - History of Medicine, No restrictions, via Wikimedia Commons
കാട്ട് പൊന്തകളിലും പുല്ലിലും ഒക്കെ ഇടപെടുന്നവർ ശരീരം മൊത്തം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഇത്തരം ചിഗർ മൈറ്റ് ലാർവകൾ ദേഹത്ത് പറ്റിപ്പിടിക്കുന്നത് തടയാൻ സഹായിക്കും. ഇത്തരത്തിൽ പുറത്ത് സമയം ചിലവഴിച്ചവർ വേഗം തന്നെ നല്ല ചൂടു വെള്ളത്തിൽ ദേഹം സോപ്പ് ഉപയോഗിച്ച് ഉരച്ച് കുളിക്കുന്നത് നല്ലതാണ്. മൈറ്റ് കുഞ്ഞുങ്ങൾ കടിച്ച് പിടിച്ച് തീറ്റ തുടങ്ങും മുമ്പേ അവയെ കഴുകി ഒഴിവാക്കുന്നത് ഗുണം ചെയ്യും. വസ്ത്രങ്ങളും ചൂടുവെള്ളത്തിൽ സോപ്പിട്ട് നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. തുണികൾ പുല്ലിലും മണ്ണിലും ഇട്ട് ഉണക്കുന്ന ശീലവും നല്ലതല്ല. ബാക്ടീരിയ റിസർവുകളായ കരണ്ടു തീനി ജീവികളായ എലികളും, അണ്ണാന്മാരും, മുയലുകളും ഒക്കെ ജീവിക്കുന്ന ഇടങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തുക.
ടിക്ക്, ഉണ്ണികൾ - ചോരകുടിച്ച് വയർ വീർപ്പിക്കുന്ന പഹയന്മാർ
പശുവിന്റെയും നായയുടേയും ഒക്കെ ശരീരത്തിൽ പറ്റിപ്പിടിച്ച് ചോരകുടിച്ച് ജീവിക്കുന്ന നായുണ്ണി , പാലുണ്ണി എന്നൊക്കെ പേരിലുള്ള ജീവികളേയും ചിലയിടങ്ങളിൽ ചെള്ളുകൾ എന്നും പറയാറുണ്ട്. ഇവരും മൈറ്റുകളും ഒരേ വിഭാഗക്കാരാണ്. ചിലന്തികൾ ഒക്കെ ഉൾപ്പെടുന്ന Arachnida ക്ലാസിൽ ഉൾപ്പെടുന്ന എട്ടുകാലുള്ള ജീവികളാണ് ഇവരും. ഇവയ്ക്ക് ചിറക് ഉണ്ടാവില്ല. ഇവ മൈറ്റുകളെപ്പോലെ അത്ര ചെറിയ ജീവികളൊന്നും അല്ല. പലതിനും മൂന്നു മുതൽ അഞ്ച് മില്ലീമീറ്റർ വരെ വലിപ്പം ഉണ്ടാകും.
സസ്തനികളുടെയും, ഉരഗങ്ങളുടെയും പക്ഷികളുടെയും ഉഭയജീവികളുടെയും ഒക്കെ ദേഹത്ത് കടിച്ച് പിടിച്ച് നിന്ന് ചോരകുടിച്ച് വയർ വീർപ്പിക്കുന്ന പഹയന്മാരാണിവർ. ഉറച്ച കവച ശരീരമുള്ളവരും (Ixodidae) മൃദുല ശരീരികളും (Argasidae) ഇക്കൂട്ടത്തിൽ ഉണ്ട്. അണ്ഡാകൃതിയിലുള്ള ശരീരം രക്തം കുടിച്ച് വീർക്കും. പൂർണരൂപി ആകും മുമ്പ് ഇവരുടെ ജീവ ചക്രത്തിലെ മൂന്ന് ഘട്ടങ്ങളാണ് മുട്ട, ലാർവ, നിംഫ് എന്നിവ .
അമേരിക്കൻ ഡോഗ് ടിക്ക്
KSRE Photo, CC BY 2.0, via Wikimedia Commons
മുതിർന്ന ടിക്കുകൾ ഒന്നോ അതിലധികമോ ആതിഥേയരിൽ പരാദമായി ജീവിക്കും. ഇത്തരത്തിൽ ചോരകുടിച്ച് കഴിയുമ്പോൾ പല രോഗകാരികളേയും ആതിഥേയരിലേക്ക് പകർത്തുന്ന വാഹകരായി പ്രവർത്തിക്കുകയും ചെയ്യും. ഇവയുടെ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന ലാർവകൾക്ക് ആറുകാലുകളേ ഉണ്ടാകുകയുള്ളു. ചോരകുടിക്കാൻ അവസരം കിട്ടിയാൽ മാത്രമേ അവയുടെ ഉറപൊഴിക്കലും അധികമുള്ള രണ്ട് കാലുകളും ലഭിക്കുകയുള്ളു. നിംഫുകൾക്ക് അതിനാൽ എട്ട് കാലുകൾ ഉണ്ടാകും.
ടിക്കുകളുടെ മുൻകാലിന്റെ അഗ്രത്തിൽ ഒരു കുഴിയുണ്ടാകും. അതിന് Haller's organ എന്നാണ് പറയുക. അതി സങ്കീർണ്ണമായ ഇന്ദ്രിയം ആണത്. പരാദമായി പറ്റിക്കൂടേണ്ട ജീവിയുടെ സാന്നിദ്ധ്യം മനസിലാക്കാൻ സഹായിക്കുന്ന സെൻസറി അവയവം. മണം, കാർബൺ ഡയോക്‌സൈഡിന്റെ അളവ്, , ഹ്യുമിഡിറ്റി, താപവ്യത്യാസം, കാറ്റ് എന്നിവയൊക്കെ തിരിച്ചറിഞ്ഞ് ചോര ഊറ്റാൻ - പറ്റിക്കൂടാൻ പറ്റുന്ന ജീവിയുടെ സാന്നിധ്യവും സ്ഥാനവും തിരിച്ചറിയാൻ ഈ അവയവം ആണ് സഹായിക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ടിക്കുകൾക്ക് നല്ല കഴിവുണ്ട്. വാക്വം അവസ്ഥയോട് അടുത്ത സാഹചര്യത്തിൽ പോലും അരമണിക്കൂറിലധികം നേരം ഇവ അതിജീവിക്കും. വരൾച്ചക്കാലത്ത് ഒന്നും കുടിക്കാതെ, ഉണങ്ങി ചത്ത്‌പോകാതെ പതിനെട്ട് ആഴ്ചവരെ ഇവർക്ക് കഴിയാൻ പറ്റും. മൈനസ് 18 ഡിഗ്രി സെൽഷിയസ് തണുപ്പിൽ പോലും മണിക്കൂറുകൾ ഇവ ജീവിക്കും. അതിനാൽ തന്നെ അന്റാർട്ടിക്കിലെ പെൻഗ്വിനുകളുടെ ശരീരത്തിലും ടിക്കുകൾ ജീവിക്കും.
ശരീരത്തിൽ കയറിക്കഴിഞ്ഞാൽ കട്ടികുറഞ്ഞ തൊലിയുള്ള ഭാഗം അന്വേഷിച്ച് ഇവർ സഞ്ചരിക്കും. സസ്തനികളുടെ ചെവിയും അകിടും ഒക്കെ ഇഷ്ടസ്ഥലങ്ങളാണ്. ചോരകുടിക്കുന്നതിനു മുൻപുള്ളതിന്റെ പല മടങ്ങ് ശരീര ഭാരം ഇവ ചോരകുടിച്ച് തീരുമ്പോൾ ഉണ്ടാകും. ചോര മാത്രം ഭക്ഷണം ആക്കിയതിനാൽ കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, തുടങ്ങിയവയുടെ ആവശ്യം നിറവേറ്റുന്നത് എൻഡോ സിംബയോസിസ് വഴി കൂടെ തന്നെ ജീവിക്കുന്ന ചിലതരം ബാക്ടീരിയകളുടെ സഹായത്തോടെ ആണ്. ഇവ തലമുറകളായി transovarial transmission വഴി ഇവർക്കൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നും ഉണ്ട്. വൈറസുകൾ, ബാക്റ്റീരിയകൾ, പ്രോട്ടോസോവകൾ തുടങ്ങിയവ ഉണ്ടാക്കുന്ന പലതരം രോഗങ്ങൾ ഇവരിലൂടെ മനുഷ്യരിലും എത്തുന്നുണ്ട്.
ഫ്‌ളി - ചെള്ളുകളിലെ ചാട്ടക്കാരൻ
ചെള്ള് എന്ന വാക്ക് നായകളുടെയും പൂച്ചകളുടേയും മറ്റും ദേഹത്ത് കയറി ചോരകുടിക്കുന്ന , ഇടയ്ക്ക് അതി വേഗം തെറിച്ച് നീങ്ങുന്ന ഒന്നര മുതൽ മൂന്നു മില്ലീമീറ്ററു വരെ മാത്രം വലിപ്പത്തിൽ വളരുന്ന ഫ്‌ളി എന്ന ഒരു ഇൻസെക്റ്റിനെ സൂചിപ്പിക്കാൻ കൂടി ഉപയോഗിക്കുന്ന വാക്കാണ്. ബ്രൗണോ കറുപ്പോ നിറത്തിലുള്ള ചിറകില്ലാത്ത ഈ ആറുകാലി 'ഷഡ്പദം' Siphonaptera ഓർഡറിൽ ആണ് ഉൾപ്പെടുക. 2500 ൽ അധികം ഇനം ഫ്‌ളികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും ആയിരക്കണക്കിന് ഇനങ്ങൾ കണ്ടെത്താനുണ്ടാകും. സസ്തനികളിലും പക്ഷികളിലും ശരീരത്തിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന് രക്തം കുടിച്ച് കഴിയുന്ന പരാദപ്രാണികളാണിവർ.
കുത്തനെ ഒട്ടി പരന്ന രൂപത്തിൽ, നേർത്ത ശരീരം ആയതിനാൽ ഇവർക്ക് വളരെ എളുപ്പം ആതിഥേയ ജീവിയുടെ രോമങ്ങൾക്കിടയിലൂടെയും തൂവലുകൾക്ക് ഇടയിലൂടെയും സഞ്ചരിക്കാൻ കഴിയും. രോമങ്ങളിൽ ഉറച്ച് പിടിക്കാൻ കഴിയുന്ന നഖങ്ങൾ കാലുകളുടെ അഗ്രങ്ങളിൽ ഉള്ളതിനാൽ ജീവിയുടെ ദേഹത്ത് നിന്ന് വേഗം താഴെ വീണുപോകുകയും ഇല്ല. അതിനാൽ മാന്തിയാലും ചീകിയാലും നക്കിയാലും കുലുക്കിയാലും ഒന്നും പിടിവിടാതിരിക്കാൻ ഇവർക്ക് പറ്റും.
തൊലി തുരക്കാനും ചോര വലിച്ച് കുടിക്കാനും പറ്റുന്ന വിധത്തിൽ പരിണമിച്ചവയാണ് ഇതിന്റെ വദനഭാഗവും പ്രൊബോസിസും. ഏറ്റവും ദൂരത്തേക്ക് തുള്ളുന്ന ഷഡ്പദമായ ഫ്രോഗ് ഹോപ്പർമാരുടെ ഒപ്പം തന്നെ ദൂരം ഇവർക്കും ചാടാൻ കഴിയും. കുത്തനെ 18 സെന്റീമീറ്ററും വിലങ്ങനെ 33 സെന്റീമീറ്റർ വരെയും ഇവർ ചാടും. ഒരു മനുഷ്യൻ 450 അടി ദൂരത്തേക്ക് ലോങ്ങ്ജമ്പ് ചെയ്യേണ്ടിവരും ഇവർക്കൊപ്പം പിടിച്ച് നിൽക്കാൻ.
പിൻ കാലുകളിലെ മസിലുകളുടെ ശക്തിയല്ല ഇതിന് പ്രധാനമായും ഫ്‌ളീകൾ ഉപയോഗിക്കുന്നത്. അമ്പ് തൊടുക്കാൻ വില്ലിലെ ഞാൺ വലിച്ച് പിടിച്ച് നമ്മൾ ഊർജ്ജം ശേഖരിക്കുന്നതുപോലെ, കാലിലെ റെസിലിൻ എന്ന ഇലാസ്റ്റിക്ക് പ്രോട്ടീൻ പ്രതലത്തിൽ പേശീബലം ശേഖരിച്ച് വെച്ച് പെട്ടന്ന് അത് പുറത്തേക്ക് വിടുകയാണ് ചെയ്യുക.. സ്വന്തം നീളത്തിന്റെ നൂറു മടങ്ങ് ദൂരം ഇവർ സ്പ്രിങ്ങ് പോലെ തെറിച്ച് ചാടും.
സാധാരണയായി ഓരോ തരം ഫ്‌ളീകളും പ്രത്യേകതരം ആതിഥേയ ജീവിയിൽ മാത്രം വളരുന്നവയാണ്. ചിലർ ഒറ്റൊരു വിഭാഗത്തിൽ മാത്രം വളരുന്നവരുണ്ട്. Ischnopsyllidae ഇനം ഫ്‌ളീകൾ വവ്വാലുകളിൽ മാത്രമേ പരാദമായി കയറിക്കൂടുകയുള്ളു. വലിയതോതിൽ മരണം ഉണ്ടാക്കിയ, കറുത്ത മരണം എന്ന് പേരുള്ള ബ്യുബോണിക് പ്ലേഗ് രോഗകാരികളായ Yersinia pestis എന്ന ബാക്ടീരിയകളുടെ വാഹകരായി അവയെ കറുത്ത എലികളിൽ എത്തിച്ചത് Xenopsylla cheopis എന്ന ഇനം ഫ്‌ളീകൾ ആണ്. ലോക ജനസംഖ്യയിൽ വലിയൊരു ഭാഗം ആളുകളെ കൊന്നുതീർത്തത് ഈ രോഗം ആയിരുന്നു. ഇവർക്ക് മറ്റ് ഷഡ്പദങ്ങൾക്ക് ഉള്ളതുപോലെ സംയുക്ത നേത്രങ്ങൾ ഇല്ല. സാധാരണ നേത്രപൊട്ടുകളേ ഉള്ളു. ചില ഇനങ്ങൾക്ക് അതും ഇല്ല.
ഇണചേരുന്നതും മുട്ടയിടുന്നതും ആതിഥേയ ശരീരത്തിൽ തന്നെ. വെളുത്ത കുഞ്ഞ് മുട്ടകൾ രോമങ്ങൾക്കിടയിൽ പറ്റി നിൽക്കാൻ കഴിവുള്ളതല്ല. അവ നിലത്തും കാർപൊറ്റിലും ഒക്കെ പൊഴിഞ്ഞ് വീഴും. അവ അവിടെ വിരിഞ്ഞ് വരുന്ന ലാർവകൾ കാലുകളും കണ്ണും ഇല്ലാത്ത പുഴു രൂപികളാണ്. മുതിർന്നവർ ചോരകുടിച്ച് വിസർജ്ജിച്ചവയിലെ ഉണങ്ങിയ ചോരയും നിലത്തെ മറ്റ് ജൈവ അവശിഷ്ടങ്ങളും ആണ് ഇവ ഭക്ഷിക്കുക. അവയ്ക്ക് ചോരകുടിക്കാനുള്ള കഴിവില്ല.
മുട്ട, ലാർവ, പ്യൂപ്പ എന്നിങ്ങനെ ഫ്‌ളീകളുടെ ജീവചക്രത്തിലും ആദ്യം മൂന്ന് ഘട്ടങ്ങൾ ഉണ്ട്. രക്ത സദ്യകൾ കിട്ടിത്തുടങ്ങിയാലേ മുതിർന്ന ഫ്‌ളീകൾ ആണും പെണ്ണുമായി പെരുമാറിത്തുടങ്ങുകയുള്ളു. രണ്ടു മൂന്നു മാസം മാത്രമേ ആയുസുള്ളുവെങ്കിലും ആ സമയം കൊണ്ട് ഇവയിലെ പെൺ ഫ്‌ളീകൾ അയ്യായിരം മുട്ടകൾ വരെ ഇട്ട് കൂട്ടും.
female human flea| sourceDavid Linstead, CC BY 4.0, via Wikimedia Commons
മനുഷ്യ പരിണാമത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തിൽ രോമങ്ങൾ കുറഞ്ഞത് ഈ ഫ്‌ളീകളും അതുപോലുള്ള ബാഹ്യ പരാദ ജീവികളും സുഖിച്ച് ജീവിക്കാനുള്ള അവസരം കുറയ്ക്കുക എന്ന അനുകൂലനം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് എന്ന ചില തിയറികൾ ഉണ്ട്. ഇവ കടിച്ച സ്ഥലത്തെ അലർജി മൂലമുള്ള ചൊറിച്ചിലും അതുവഴി ഉണ്ടായ ചർമ്മരോഗങ്ങളും കൂടാതെ ബാക്ടീരിയകൾ, വൈറസുകൾ, പ്രോട്ടോസോവകൾ, വിരകൾ തുടങ്ങിയവയുടെ വാഹകരായി, മൃഗങ്ങളിലും മനുഷ്യരിലും ഒക്കെ രോഗങ്ങൾ എത്തിക്കുന്നവർ കൂടിയാണിവർ.
Content Highlights: Flea, Mite, Tick - all you know about ticks and scrub typhus
Published: 14 Jun 2022, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented