ചിത്രശലഭങ്ങളുടെ ഒരു കുടുംബമാണ് ബ്ലൂസ് അല്ലെങ്കിൽ നീലിശലഭങ്ങൾ എന്നറിയപ്പെടുന്ന ലൈക്കനിഡേ. തീരെ കുഞ്ഞന്മാരാണ് ഇതിലെ അംഗങ്ങൾ, ചിറകുകൾ തുറക്കുമ്പോൾ പൊതുവേ തിളങ്ങുന്ന നീലനിറം ഉള്ള ഈ കുടുംബത്തിലാണ് ലോകത്താകെയുള്ള ശലഭങ്ങളുടെ മൂന്നിലൊന്നോളം ഇനങ്ങൾ ഉള്ളത്. ഈ കുടുംബത്തിൽ യൂറോപ്പിൽ കണ്ടുവരുന്ന ഒരു ശലഭമാണ് ലാർജ് ബ്ലൂ എന്നറിയപ്പെടുന്ന ഫെൻഗാരിസ് ഏരിയോൺ. ലൈക്കനിഡേ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ശലഭങ്ങളിൽ ഒന്നാണിത്. തുമ്പപ്പൂവിന്റെ കുടുംബത്തിൽപ്പെട്ട തൈമസ് ഡ്രുസൈ അഥവാ തൈംസ് വിളിക്കുന്ന ഒരു ചെടിയിലാണ് ഇവ മുട്ടയിടുന്നത്. ഇതിനൊപ്പം മൈർമിക്ക സബുലേറ്റി എന്നൊരു ഉറുമ്പിന്റെ സഹായവും ഇവയുടെ നിലനിൽപ്പിന് ആവശ്യമാണ്.

To advertise here,

ഇവയുടെ ജീവിതചക്രം അമ്പരപ്പിക്കുന്നത്ര വിചിത്രമാണ്. ജൂലൈ മാസത്തിൽ മുട്ട വിരിഞ്ഞു പുറത്തുവരുന്ന ശലഭപ്പുഴുക്കൾ മൂന്നാഴ്ചയോളം തൈംസ് ചെടി തിന്നു വളരുന്നു. അതിനുശേഷം അവിടുന്നു പിടിവിട്ട് താഴെ വീഴുന്ന പുഴുവിന്റെ പുറത്ത് തേൻതുള്ളിപോലൊരു ദ്രാവകം ഊറിവരുന്നു, ഇതിൽ ആകൃഷ്ടയായി ഉറുമ്പ് അടുത്തെത്തുമ്പോൾ വായു ഉള്ളിലേക്ക് വലിച്ച് വലിപ്പം വയ്ക്കുന്ന പുഴു തുടർന്ന് വായു പുറത്തേക്ക് വിടുമ്പോൾ ഉണ്ടാവുന്ന ശബ്ദം ഉറുമ്പിന്റെ റാണി അപകടത്തിൽപ്പെടുമ്പോൾ ഉണ്ടാക്കുന്ന ശബ്ദത്തോട് സാദൃശ്യം ഉള്ളതാണ്. തേൻതുള്ളി കുടിച്ച് മത്താവുന്ന ഉറുമ്പാവട്ടെ പുഴു തന്റെ റാണിയാണെന്നും കരുതി അതിനെ രക്ഷിക്കാൻ നേരെ തന്റെ കൂട്ടിലേക്ക് കൊണ്ടുചെല്ലും. കൂട്ടിലെ മറ്റുള്ളവരും അത് തങ്ങളുടെ റാണിതന്നെയാണെന്ന് കരുതി അതിന് പൂർണ്ണസ്വാതന്ത്ര്യം അനുവദിക്കും. അടുത്ത ആറുമാസക്കാലം ഈ പുഴു ഉറുമ്പുകളുടെ ലാർവകളും മുട്ടകൾ തിന്ന് വളർന്നുകൊണ്ടിരിക്കും. കൂട്ടിൽ എത്തിച്ചേർന്നപ്പോൾ ഉള്ളതേക്കാൾ നൂറുമടങ്ങ് വലിപ്പം വയ്ക്കുന്ന ശലഭപ്പുഴു ഇക്കാലം കൊണ്ട് ആ ഉറുമ്പുകോളനി മുഴുവൻ തന്നെ തീർത്തിട്ടുണ്ടാവും. തുടർന്ന് സമാധിയാവുന്ന പുഴു പിന്നീട് ഒരു വർഷക്കാലത്തോളം പ്യൂപ്പയായി തുടരുകയും പ്യൂപ്പ വിരിഞ്ഞ് ലാർജ് ബ്ലൂ ശലഭം പുറത്തുവരികയും ചെയ്യും. 1979-ൽ ഈ പൂമ്പാറ്റയാണ് ബ്രിട്ടനിൽ ഇല്ലാതെയായത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

1900 മുതൽ തന്നെ ഇവയുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആഴത്തിലുള്ള പഠനങ്ങൾ നടക്കുകയുണ്ടായി. മൈർമിക്ക സബുലേറ്റി എന്ന ഉറുമ്പുകളുമായുള്ള ബന്ധമാണ് ഇവയുടെ അതിജീവനത്തിന് ഏറ്റവും പ്രമുഖമായ കാരണമെന്നു മനസിലായി. മേച്ചിൽപ്പുറങ്ങളിലും പ്രാദേശിക സസ്യജാലങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഈ ഉറുമ്പിനു പകരം മറ്റ് ഉറുമ്പുകൾ വാസം ഉറപ്പിക്കുമ്പോഴാണ് ശലഭത്തെ സംബന്ധിച്ച് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. 1930-1969 കാലത്ത് ഈ ശലഭത്തെ സംരക്ഷിക്കാനായി ഒൻപത് ഇടങ്ങൾ സംരക്ഷിത മേഖലയാക്കിയെങ്കിലും അവയുടെ എണ്ണം കുറഞ്ഞുകൊണ്ടുതന്നെയിരുന്നു. 1972 ആയപ്പോഴേക്കും ഇവ വെറും രണ്ടിടത്തു മാത്രമായി, 325 എണ്ണമായി ചുരുങ്ങി. തുടർന്ന് ഏഴു കൊല്ലത്തിനുള്ളിൽ അവ ബ്രിട്ടനിൽനിന്ന് അപ്രത്യക്ഷമായി. ഈ ശലഭം ഇല്ലാതാവുന്നതിനു ആറു വർഷം മുൻപേ ആരംഭിച്ച പഠനങ്ങളിൽ ഗവേഷകർ ഇവയുടെ എണ്ണം കുറയുന്നതിനു 18 കാരണങ്ങൾ കണ്ടെത്തി. മുട്ടയിടുന്ന സ്ഥലങ്ങൾ, ശലഭപ്പുഴുവിന്റെ ആരോഗ്യം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടു. ഈ ഡാറ്റയെല്ലംവച്ച് അവർ ലാർജ് ബ്ലൂവിന്റെ എണ്ണത്തെ ബാധിക്കുന്ന കാരണങ്ങളെപ്പറ്റി ഒരു മാത്തമാറ്റിക്കൽ മോഡൽ രൂപപ്പെടുത്തി. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാവിസംരക്ഷിത പ്രവർത്തനങ്ങൾ നടത്തിയത്.

ഈ പഠനത്തിലാണ് ശലഭങ്ങളുടെ നിലനിൽപ്പിന് ഉറുമ്പുകളുടെ പ്രാധാന്യം വ്യക്തമായത്. ഉറുമ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ശലഭങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതെന്ന് അവർ കണ്ടെത്തി. ഉറുമ്പുകൾ കൊണ്ടുപോകുന്ന ശലഭപ്പുഴുക്കൾ പ്രായപൂർത്തിയായി പൂമ്പാറ്റകൾ ആവാനുള്ള സാധ്യത അഞ്ചിരട്ടിയോളം അധികം ആയിരുന്നു. തൈം ചെടികൾ ഉള്ള ഇടങ്ങളിൽത്തന്നെ ഈ ഉറുമ്പുകൾ ഉണ്ടാവേണ്ടതും അത്യാവശ്യമായിരുന്നു. ചെടികൾ ഉള്ള സ്ഥലങ്ങളിൽ ഉറുമ്പുകളും ഉറുമ്പുകൾ ഉള്ള സ്ഥലങ്ങളിൽ ചെടികളും ഇല്ലാതിരുന്ന കാലത്താണ് ലാർജ് ബ്ലൂ ശലഭങ്ങൾ ബ്രിട്ടനിൽനിന്ന് അപ്രത്യക്ഷമായത്. തങ്ങൾക്കു ചുറ്റുമുള്ള ചെടികൾ ഈ ഉറുമ്പുകളുടെ നിലനിൽപ്പിനും വലിയ സ്വാധീനമാണ് ചെലുത്തിയത്. ചുറ്റുമുള്ള പുൽച്ചെടികൾ 1.4 സെന്റീ മീറ്ററിലേറെ ഉയരം വച്ചാൽ അധികമായി വളർന്ന പുല്ലുകൾ അതിന്റെ ചുറ്റുവട്ടത്ത് ഉറുമ്പുകളുടെ കൂട് സ്ഥിതിചെയ്യുന്ന നിലത്തിന്റെ താപം കുറയ്ക്കുന്നു, അപ്പോൾ കുറഞ്ഞ താപം മാത്രം വേണ്ട മറ്റു ചില ഉറുമ്പു സ്പീഷിസുകൾ ആ സ്ഥാനം കയ്യടക്കുകയും മൈർമിക്ക സബുലേറ്റി ഉറുമ്പുകളുടെ എണ്ണം വല്ലാതെ കുറഞ്ഞുപോവുകയും ചെയ്തു. ഇതാണ് 1970-കളിൽ സംഭവിച്ചത്.

ഇതിനൊപ്പം 1950-കളിൽ അപ്രതീക്ഷിതമായി യൂറോപ്പിൽ മൈക്സോമറ്റോസിസ് എന്നൊരു രോഗം എത്തിച്ചേർന്നു. മൈർമിക്ക സബുലേറ്റി  ഉറുമ്പുകൾ ജീവിച്ചിരുന്ന മലഞ്ചെരുവുകളിലെ പുല്ലു തിന്നുന്ന മുയലുകളെ ഈ രോഗം കൊന്നൊടുക്കി. മുയലുകൾ ചത്തതോടെ സങ്കീർണ്ണമായ ഒരു ചെയിൻ റിയാക്ഷൻ തന്നെയുണ്ടായി. തിന്നാൻ മുയലുകൾ ഇല്ലാതെ വന്നതോടെ പുൽപ്പരപ്പുകൾ അധികമായി വളരുകയും അവിടുള്ള മണ്ണിന്റെ ഊഷ്മാവ് താഴുകയും അതോടെ ഉറുമ്പുകൾ അപ്രത്യക്ഷമാവുകയും പൂമ്പാറ്റയുടെ ലാർവകളുടെ നിലനിൽപ്പ് അവതാളത്തിലാവുകയും ചെയ്തു. അതിനൊപ്പം കാലാവസ്ഥ മോശമാവുക കൂടി ചെയ്തപ്പോൾ ലാർജ് ബ്ലൂ പൂമ്പാറ്റകളുടെ എണ്ണം വല്ലാതെ കുറഞ്ഞു. 1974-ൽ നീണ്ടുനിന്ന മഴക്കാലം കാരണം മുട്ടയിടാനുള്ള ദിവസങ്ങൾ കുറഞ്ഞപ്പോൾ 1975-ലാവട്ടെ നീണ്ട വരൾച്ച പെൺശലഭങ്ങളുടെ ജീവിതദൈർഘ്യം കുറയ്ക്കുകയും ചെയ്തു. എണ്ണം കുറഞ്ഞ് കുറഞ്ഞ് 1979 ആയപ്പോഴേക്കും ബ്രിട്ടനിൽ ലാർജ് ബ്ലൂ ശലഭങ്ങൾക്ക് വംശനാശം സംഭവിച്ചു.

placeholder
Photo: Wiki/By PJC&Co - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=7329673

ഇതെല്ലാം കണ്ടെത്തിയത് കണിശമായ ഗവേഷണവും ഡാറ്റ വിശകലനവും മാത്തമാറ്റിക്കൽ മോഡലിങ്ങും ഉപയോഗിച്ചാണ്. ശലഭങ്ങളുടെ എണ്ണം കുറഞ്ഞതിന് പല കാരണങ്ങളായിരുന്നു അക്കാലത്ത് കേട്ടിരുന്നത്. വലകൾ ഉപയോഗിച്ച് ശലഭങ്ങളെ ശേഖരിക്കുന്നവരായിരുന്നു ഏറ്റവും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതുകേട്ട് അവരെ തടയാൻ മൈതാനങ്ങൾക്കു ചുറ്റും വേലികൾ കെട്ടിയത് യഥാർത്ഥത്തിൽ മേയാൻ വന്ന മൃഗങ്ങളെയും തടഞ്ഞ് മൈതാനങ്ങളിൽ പുല്ല് വളർന്ന് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. തെറ്റായ അനുമാനങ്ങൾ എങ്ങനെയാണ് പ്രതിവിധികളെ സ്വാധീനിക്കുന്നതെന്നതിന്റെ നല്ലൊരു ഉദാഹരണമാണിത്.

ഗവേഷണങ്ങളിൽനിന്നു ലഭിച്ച പുത്തൻ അറിവുകളും ഡാറ്റശേഖരണത്തിൽനിന്നു കിട്ടിയ വിവരങ്ങളും പ്രായോഗികതലത്തിൽ എത്തിക്കാനായി ലാർജ് ബ്ലൂ പ്രൊജക്ട് തുടങ്ങി. തൈം ചെടികൾ വളരുന്ന 52 പുൽമേടുകൾ അവർ പൂർവ്വസ്ഥിതിയിലാക്കുകയും അവിടെ മൈർമിക്ക സബുലേറ്റി  ഉറുമ്പുകൾക്ക് ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തു. അതോടെ വളരെപ്പെട്ടെന്ന് ഉറുമ്പുകൾ അവരുടെ ആവസവ്യവസ്ഥ തിരികെപ്പിടിച്ചു. 1973-74 കാലത്ത് ഒട്ടുംതന്നെ ഉറുമ്പുകൾ ഇല്ലാതിരുന്ന ഇടങ്ങളിൽപ്പോലും ഏതാനും വർഷങ്ങൾകൊണ്ട് ഉറുമ്പുകൾ സൂപ്പർ കോളനികൾ ആയി മാറി. അതോടെ ശലഭങ്ങളെ തിരികെയെത്തിക്കാനുള്ള സാഹചര്യങ്ങൾ എല്ലാം ഒരുങ്ങി. ഈ സ്ഥലങ്ങളിൽ 1983 -ൽ സ്വീഡനിൽനിന്നു ശലഭങ്ങളെ എത്തിച്ചു. 

2008 ആയപ്പോഴേക്കും മുപ്പതോളം ഇടങ്ങളിൽ ശലഭങ്ങൾ വളർന്നു നിറഞ്ഞു. 2009 ആയപ്പോഴേക്കും ഏറ്റവും വലിയ കോളനികളിൽ അയ്യായിരത്തോളം ശലഭങ്ങൾ ഉണ്ടായിരുന്നു. അതിനു മുമ്പ് ലോകത്തെവിടെയുമുള്ള ഈ ശലഭങ്ങളുടെ എണ്ണത്തേക്കാൾ പത്തിരട്ടിയായിരുന്നു ഇത്. മറ്റു യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ പാത പിന്തുടർന്നപ്പോൾ മിക്കയിടത്തും ലാർജ് ബ്ലൂ ശലഭങ്ങളുടെ എണ്ണം വർദ്ധിച്ചു. ഐ‌.യു‌.സി.എൻ. വംശനാശ ഭീഷണിയിൽനിന്ന് ഈ ശലഭത്തിന്റെ അവസ്ഥ മുന്നോട്ടുനീക്കി. ഈ ഗവേഷണത്തിന്റെ ചുവടുപിടിച്ച് സദൃശ്യമായ സ്ഥലങ്ങളിൽ തന്നെ ജീവിക്കുന്ന മറ്റു ശലഭങ്ങളെയും വംശനാശ ഭീഷണികളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൃത്യമായ ഡാറ്റ ശേഖരണവും വിശകലനവും നടപ്പാക്കലും കൊണ്ട് ശാസ്ത്രീയമായി എങ്ങനെ പാരിസ്ഥിതികപ്രശ്നങ്ങളെ ശരിയാക്കാൻ കഴിയും എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ലാർജ് ബ്ലൂ ശലഭത്തെ തിരികെയെത്തിച്ചത്.