
1960 ഒക്ടോബര്‍ മൂന്നിനാണ് ജപ്പാൻ രാജകുമാരൻ അകിഹിതോ ഷിക്കാഗോ സന്ദർശിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തിന്റെ ഔദ്യോഗികമത്സ്യമായ ബ്ലൂഗില്ലുകളുള്ള ഷെഡ്ഡ് അക്വേറിയം സന്ദർശിക്കണമെന്നതായിരുന്നു രാജകുമാരന്റെ ആഗ്രഹം. അന്നത്തെ ഷിക്കാഗോ മേയര്‍ റിച്ചാര്‍ഡ് ഡാലി സന്തോഷത്തോടെ തന്നെ രാജകുമാരനെ സ്വീകരിച്ചു. ഫിഷ് ടാങ്കിൽനിന്ന് കോരിയെടുത്ത വലയിൽനിന്ന് 18 ബ്ലൂഗില്ലുകളെ സമ്മാനിക്കുകയും ചെയ്തു. മത്സ്യകാര്യങ്ങളില്‍ അതീവ ഉത്സുകനായ, 26 വയസ്സ് മാത്രമുണ്ടായിരുന്ന ഭാവി ചക്രവര്‍ത്തി അവയെ ടോക്യോയിലേയ്ക്ക് കൊണ്ടുപോയി. മത്സ്യപ്രിയരായ ജപ്പാനിലെ തന്റെ പ്രജകള്‍ക്ക് അവരുടെ മാംസത്തിന്റെ ആവശ്യകത നേരിടാനും പുതിയ ഒരു രുചി നല്‍കാനും ഗവേഷണത്തിനായി അവയെ നല്‍കി. ഷിക്കാഗോയില്‍നിന്നു ജീവനോടെ എത്തിയ പതിനഞ്ച് മത്സ്യങ്ങള്‍ ജപ്പാന്റെ ചരിത്രത്തില്‍ത്തന്നെ സ്ഥാനം പിടിക്കാന്‍ മാത്രം സംഭവബഹുലമായ ഒരു അധ്യായത്തിന്റെ തുടക്കമായിരുന്നുവെന്ന് ഒരാളും കരുതിയിരുന്നില്ല.

ജപ്പാനില്‍ എത്തിയ ചക്രവര്‍ത്തി മത്സ്യങ്ങളെ ഗവേഷകര്‍ക്ക് നല്‍കി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം പ്രിന്‍സ് മത്സ്യം എന്നു വിളിച്ച അവയെ വളര്‍ത്തി എണ്ണം വര്‍ധിപ്പിച്ച് 1966 -ല്‍ ഷിസുഒക സംസ്ഥാനത്തെ ഇപ്പെക്കി-കോ തടാകത്തില്‍ നിക്ഷേപിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം അവിടെ മത്സ്യത്തെ വിജയകരമായി നിക്ഷേപിച്ചതിന്റെ ഓര്‍മയ്ക്കായി ഒരു ഫലകവും സ്ഥാപിച്ചു. അതേത്തുടര്‍ന്ന് ജപ്പാനിലെങ്ങും ബ്ലൂഗില്‍ മത്സ്യത്തെ നിക്ഷേപിച്ചു. അവയുടെ ഭക്ഷണരീതിയോ വളരുന്ന രീതിയോ ഒന്നും പ്രശ്‌നമുള്ളതായി ആ സമയത്ത് തോന്നിയില്ല. അവയെ വളര്‍ത്തുന്ന പരീഷണശാലയിലാവട്ടെ ആ മത്സ്യങ്ങളുടെ വളര്‍ച്ച വളരെ പതുക്കെ ആയതിനാല്‍ അവയെ ഭക്ഷണത്തിനായി വളര്‍ത്തുന്നതിന് അനുയോജ്യമല്ലെന്നു മനസ്സിലാക്കി ആ ഗവേഷണ പരിപാടിയും അവസാനിപ്പിച്ചു. അതോടെ ആ അധ്യായം അവസാനിച്ചു എന്നാണ് കരുതിയത്, എന്നാല്‍ യഥാര്‍ഥ കഥ തുടങ്ങാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഈ സമയത്ത് ആരുമറിയാതെ ജപ്പാനിലെ നദികളിലും തടാകങ്ങളിലും അരുവികളിലും ബ്ലൂഗില്‍ മത്സ്യങ്ങള്‍ പെരുകി. പ്രാണികളെയും ജലസസ്യങ്ങളെയും കൊഞ്ചുകളെയും തദ്ദേശീയരായ മത്സ്യങ്ങളുടെ മുട്ടകളും അവ തിന്നുതുടങ്ങി. അതോടെ മറ്റു പല മത്സ്യങ്ങളുടെയും എണ്ണം അവയുടെ ഭക്ഷ്യസ്രോതസ് നഷ്ടമായതിനാല്‍ കുറഞ്ഞു തുടങ്ങി. സ്വദേശമായ അമേരിക്കയിലാവട്ടെ പെട്ടെന്നു മുട്ടയിട്ട് വംശവര്‍ധന നടത്തുന്ന ബ്ലൂഗില്ലുകള്‍ വളരെക്കാലം ജീവിച്ചിരിക്കുമായിരുന്നു. ജപ്പാനില്‍ നാട്ടുമത്സ്യങ്ങള്‍ ബ്ലൂഗില്ലുകളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്ന് അവയുടെ എണ്ണം നിയന്ത്രിച്ചുനിര്‍ത്തിയിരുന്നു, അതെല്ലാം കുറഞ്ഞ കാലത്തേക്ക് മാത്രമായിരുന്നു. സര്‍ക്കാരിന്റെ ഗവേഷണസഹായം കൂടിയായപ്പോള്‍ ബ്ലൂഗില്‍ ജപ്പാനിലെ ശുദ്ധജല ആവാസ വ്യവസ്ഥയിലെല്ലാം കോളനികളുണ്ടാക്കി, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഏതു പരിതസ്ഥിതിയിലും വേഗം വളര്‍ന്നു പെരുകാന്‍ കഴിഞ്ഞ ബ്ലൂഗില്‍ മത്സ്യങ്ങള്‍ തദ്ദേശ മത്സ്യങ്ങളെ തിന്നുതീര്‍ത്തു. ഭക്ഷ്യശൃംഖലകള്‍ക്ക് വലിയ നാശങ്ങളുണ്ടാക്കി.
മത്സ്യജനിതകശാസ്ത്രത്തിലും പരിണാമത്തിലും ഗവേഷണം നടത്തുന്ന സൈറ്റോ എന്ന ശാസ്ത്രജ്ഞന്‍ 2000-ല്‍ ജപ്പാനിലെ ബ്ലൂഗില്ലിന്റെ ഉത്ഭവം പഠിക്കാന്‍ അമേരിക്കയിലെത്തി. ജപ്പാനിലുള്ള ബ്ലൂഗില്ലുകളുടെ തുടക്കം അമേരിക്കയില്‍നിന്നാണോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അമേരിക്കയിലെ 13 ഇടത്തുനിന്നും ജപ്പാനിലെ 56 ഇടത്തുനിന്നും ഉള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അക്കാര്യം അവര്‍ക്കു ബോധ്യമായി. രാജകുമാരന്‍ കൊണ്ടുവന്ന 15 മല്‍സ്യങ്ങളുടെ പരമ്പരയാണ് ജപ്പാനില്‍ ഉള്ളവര്‍ മുഴുവന്‍. താരതമ്യേന കുറഞ്ഞ ജനിതകവൈവിധ്യം ആയിട്ടുപോലും അവയുടെ പെറ്റുപെരുകലിന് കുറവൊന്നും ഉണ്ടായില്ല.

അപ്പോഴേക്കും ജപ്പാനിലെ പ്രാധാന്യമേറിയ പല മത്സ്യ ഇനങ്ങള്‍ക്കും ബ്ലൂഗില്‍ ഭീഷണിയായി മാറിക്കഴിഞ്ഞിരുന്നു. ജപ്പാനിലെ ഏറ്റവും വലിയതും പഴയതുമായ ബിവാ തടാകത്തിലുള്ള ജപ്പാന്റെ ഏറ്റവും പ്രിയപ്പെട്ട മത്സ്യ ഇനങ്ങളില്‍ ഒന്നായ ക്രൂഷ്യന്‍ കാര്‍പ്പ് എന്ന മത്സ്യത്തെ അവ ഇല്ലാതാക്കി. അതോടെ ആരു പിടിച്ചാലും ഓരോ കിലോഗ്രാം ബ്ലൂഗില്ലിനും സര്‍ക്കാര്‍ മൂന്നു ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. അവയെ പിടിക്കാന്‍ മുക്കുവരെ പ്രോത്സാഹിപ്പിച്ചു. ഇല്ലാതാക്കുന്ന ഇടങ്ങളില്‍ ആരെങ്കിലും തിരികെ ബ്ലൂഗില്ലിനെ കൊണ്ടുവന്നാല്‍ ആയിരം ഡോളര്‍ പിഴ ഈടാക്കി. ബ്ലൂഗില്ലിനെയും അവയുടെ മുട്ടയേയും ശേഖരിക്കാന്‍ പുത്തന്‍ കെണികള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. 2002 -ല്‍ ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയം ബ്ലൂഗില്ലിനെ ഒരു അധിനിവേശ സ്പീഷിസായി പ്രഖ്യാപിച്ചു.
ഈ മത്സ്യത്തെ ഉപയോഗിച്ചുള്ള പല ഭക്ഷ്യവിഭവങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അവയൊന്നും ഫലപ്രദമായില്ല. ആദ്യം അവയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും അവ അധിനിവേശ സ്പീഷിസ് ആണെന്ന അറിവ് താത്പര്യം നശിപ്പിച്ചെന്നു പറയാം. 2005-ല്‍ ബ്ലൂഗില്‍ അടക്കം 97 ഇനം മത്സ്യങ്ങളെ കൈവശം വയ്ക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വളര്‍ത്തുന്നതോ നിയമവിരുദ്ധമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം അകിഹിതോ ചക്രവര്‍ത്തി താന്‍ പണ്ട് മത്സ്യത്തെ കൊണ്ടുവന്നതിനു ക്ഷമാപണം നടത്തി.
2007 ആയപ്പോഴേക്കും ജപ്പാനിലെ ബ്ലൂഗില്‍ മത്‌സ്യത്തിന്റെ എണ്ണം രണ്ടര കോടിയോളമായി. ഒരു കാലത്ത് തദ്ദേശീയമായ മുപ്പത് ഇനം മത്സ്യങ്ങള്‍ ബിവ തടാകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴേക്കും ആ തടാകത്തിലെ ജീവജാലങ്ങളുടെ എണ്ണത്തിന്റെ 90 ശതമാനവും ബ്ലൂഗില്‍ മത്സ്യങ്ങളും 1970-കളില്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ബാസ് എന്ന മത്സ്യങ്ങളും ആയിത്തീര്‍ന്നു. അവിടെ നിന്നും 420 ടണ്‍ അധിനിവേശ മത്സ്യങ്ങളെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ 12 ദശലക്ഷം ഡോളര്‍ ചെലവാക്കി. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ക്കൂടിയും മത്സ്യബന്ധനത്തില്‍ക്കൂടിയും അവയുടെ എണ്ണം പകുതിയായി കുറയ്ക്കാനായെങ്കിലും പാരമ്പര്യരീതിയില്‍ ഉള്ള വലകളില്‍ ഇവയുടെ കുഞ്ഞുങ്ങള്‍ കുടുങ്ങാത്തതിനാല്‍ എണ്ണം കുറയാന്‍ മടിച്ചുനിന്നു. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഇവയെ നീക്കം ചെയ്യാന്‍ 2,70,000 ഡോളര്‍ ആണ് സര്‍ക്കാര്‍ മുടക്കിയിരുന്നത്. എപ്പോള്‍ മത്സ്യബന്ധനം നില്‍ക്കുന്നോ അപ്പോഴെല്ലാം ഇവയുടെ എണ്ണം വീണ്ടും വര്‍ധിച്ചുകൊണ്ടിരുന്നു. വളവും കോഴിത്തീറ്റയും ആക്കാനുള്ള ലക്ഷങ്ങള്‍ മുടക്കിയുള്ള പദ്ധതികള്‍ക്കൊക്കെ പരിമിതമായ വിജയമേ ഉണ്ടായിട്ടുള്ളൂ.
ഇവയുടെ എണ്ണം കുറയ്ക്കാന്‍ ഒരു മാര്‍ഗമായി ക്രിസ്പര്‍ ജീന്‍ എഡിറ്റിങ്ങില്‍ ആണ് ഇനിയുള്ള പ്രതീക്ഷ. വന്ധ്യജീനുകളെ കടത്തിവിട്ട് മുട്ടയുണ്ടാകാതിരിക്കാനുള്ള പരീക്ഷണം ലാബറട്ടറിയില്‍ ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഒക്കെയുണ്ടാക്കിയേക്കാവുന്ന ഫലങ്ങള്‍ എന്തൊക്കെയായേക്കാമെന്ന സംശയത്താല്‍ ഇതിനൊക്കെ സര്‍ക്കാര്‍ അനുമതി ലഭിക്കുമോ എന്നും സംശയമുണ്ട്. അവ പ്രാദേശിക ജീവജാലങ്ങളില്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കുമോ എന്നും അറിയില്ല. അറുപതു വർഷങ്ങൾക്കു ശേഷവും അമേരിക്കയില്‍നിന്നു രാജകുമാരന്‍ എത്തിച്ച ബ്ലൂഗില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജപ്പാനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Reference: The prince, the mayor, and the U.S. fish that ate Japan by CHRISTIAN ELLIOTT, National Geography/11.01.2022
Content Highlights: Eco Story, column,Blue gill fish invasion, Japan,Prince, Chicago, ecostory, vinay raj
Published: 08 Jun 2023, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented