
സിഡ്‌നിയിലെ ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലുള്ള ഒരു മുറിയുടെ വാതിലില്‍ കുറച്ചുകാലം മുന്‍പുവരെ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. മഞ്ഞയും തവിട്ടും കലര്‍ന്ന നിറമുള്ള ഒരു ഈച്ചയുടെ ചിത്രവും തൊട്ടുതാഴെ ''ലുക്ക് അറ്റ് ദിസ്!'' ('Look at This!') എന്ന ഉദ്ധരണിയുമായിരുന്നു പോസ്റ്ററിലുള്ളത്. ഡേവിഡ് കെ. മക്കാല്‍പ്പൈന്‍ (David K. McAlpine) എന്ന കീടശാസ്ത്രജ്ഞന്റെ മുറിയായിരുന്നു അത്. ലോകപ്രശസ്തനായ ഡിപ്റ്റീറോളജിസ്റ്റാണ് (Dipterologist) മക്കാല്‍പ്പൈന്‍. രണ്ട് ചിറകുകള്‍ മാത്രമുള്ള കീടങ്ങളാണ് ഡിപ്റ്റീറകള്‍ (Diptera). (മറ്റ് കീടങ്ങള്‍ക്ക് നാല് ചിറകുകളുണ്ടാകും). പലതരത്തിലുള്ള ഈച്ചകളും (flies) കൊതുകുകളും ഉള്‍പ്പെടുന്ന ഒന്നര ലക്ഷത്തോളം സ്പീഷീസുകളുള്ള ഒരു വലിയ വിഭാഗം കീടങ്ങളാണ് ഡിപ്റ്റീറകള്‍. മക്കാല്‍പ്പൈന്‍ പഠനവിധേയമാക്കിയ ഒരു പ്രത്യേകതരം ഈച്ചകളാണ് കെല്‍പ്പ് ഈച്ചകള്‍ (Kelp flies). കെല്‍പ്പ് ഒരു വിഭാഗം കടല്‍പ്പായലുകളാണ്.
കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടുന്ന കടല്‍പ്പായല്‍ അവശിഷ്ടങ്ങളിലാണ് കെല്‍പ്പ് ഈച്ചകള്‍ മുട്ടയിടുന്നതും അവയുടെ പുഴുക്കള്‍ വളരുന്നതും. കടല്‍പ്പായലും കടല്‍പ്പുല്ലും ചില്ലകളും മറ്റും അടിഞ്ഞുകൂടുന്ന മേഖലകളെ റാക്ക് മേഖല (Wrack Zone) എന്നാണ് പറയുക. റാക്ക് മേഖലകളാണ് കെല്‍പ്പ് ഈച്ചകളുടെ വിഹാരഭൂമി. പതിമൂന്ന് ജീനസുകളും നാല്‍പ്പതോളം സ്പീഷീസുകളും മാത്രമുള്ള ചെറിയ ഒരു കുടുംബമാണ് കെല്‍പ്പ് ഈച്ചകള്‍ ഉള്‍പ്പെടുന്ന സീലോപ്പിഡേ (Coelopidae). ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ വന്‍കരകളിലെ മിതശീതോഷ്ണ മേഖലകളിലാണ് കെല്‍പ്പ് ഈച്ചകളെ കണ്ടുവരുന്നത്.

ഓസ്‌ട്രേലിയയിലെ കെല്‍പ്പ് ഈച്ചകള്‍
1991-ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ മക്കാല്‍പ്പൈന്‍ ഓസ്‌ട്രേലിയയില്‍ നിന്നും അഞ്ച് പുതിയ ജീനസുകളെ കണ്ടെത്തി. അവയിലൊന്നാണ് ദിസ് (This). ഈ പുതിയ ജീനസിന് കീഴില്‍ ഒരേയൊരു സ്പീഷീസ് മാത്രമേയുള്ളൂ: ദിസ് കാനസ് (This canus). ഓസ്‌ട്രേലിയയുടെ ദക്ഷിണ തീരങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. എണ്ണത്തില്‍ അമിതവര്‍ദ്ധനവുണ്ടാകുമ്പോള്‍ അവ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങലേക്കും സഞ്ചരിക്കാറുണ്ട്. ഉദാഹരണത്തിന് തീരനഗരമല്ലാത്ത കാന്‍ബറയില്‍ ഇവയുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. ശരീര വലുപ്പത്തില്‍ ഏറ്റവും ചെറിയ കെല്‍പ്പ് ഈച്ചകളിലൊന്നാണ് ദിസ് കാനസ്. ആണീച്ചകളും പെണ്ണീച്ചകളും ഏകദേശം ഒരേ വലുപ്പമുള്ളവയാണ്. എന്നാല്‍ ആണീച്ചകളുടെ ചിറകുകള്‍ക്ക് വലുപ്പം അല്‍പ്പം കൂടുതലുണ്ട്. (ഭൂരിപക്ഷം കെല്‍പ്പ് ഈച്ചകളിലും ആണീച്ചകള്‍ പെണ്ണീച്ചകളേക്കാള്‍ വലുപ്പമുള്ളവയായിരിക്കും). 2-3 മില്ലീമീറ്ററാണ് ശരാശരി വലുപ്പം.
വിളറിയ ചാര നിറമുള്ള ശിരസ്സ്, ഓറഞ്ചും തവിട്ടും കലര്‍ന്ന കവിളുകളും സ്പര്‍ശനികളും (antennae), കറുത്ത രോമങ്ങളാല്‍ പൊതിഞ്ഞ ഇളം ചാര നിറമുള്ള ഉരസ്സ്, മഞ്ഞ നിറമുള്ള കാലുകള്‍, മഞ്ഞ നിറമുള്ള സിരകളുള്ള ചിറകുകള്‍ തുടങ്ങിയവയാണ് അവയുടെ ശാരീരിക പ്രത്യേകതകള്‍. വലുപ്പത്തിലെന്നപ്പോലെ ഇണചേരല്‍ സ്വഭാവത്തിലും ദിസ് കാനസ് മറ്റ് കെല്‍പ്പ് ഈച്ചകളില്‍ നിന്ന് ചില വ്യത്യസ്തതകള്‍ പുലര്‍ത്തുന്നവയാണ്. ഭൂരിപക്ഷം കെല്‍പ്പ് ഈച്ചകളുടേയും പെണ്ണീച്ചകള്‍ ഇണചേരലിന്റെ ആദ്യ സെക്കന്റുകളില്‍ ആണീച്ചകളെ ചവുട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കും. അതേപോലെ ആണീച്ചകള്‍ വലുപ്പം കൂടിയ പെണ്ണീച്ചകളുമായി ഇണചേരാനാണ് ഇഷ്ടപ്പെടുന്നത്.
ദിസ് കാനസ് ഇത്തരം സ്വഭാവ സവിശേഷതകള്‍ കാണിക്കാത്തവയാണ്. വലുപ്പത്തില്‍ ചെറുതാണെങ്കിലും ഓസ്‌ട്രേലിയന്‍ കെല്‍പ്പ് ഈച്ചകളില്‍ എണ്ണത്തില്‍ പ്രഥമ സ്ഥാനം ദിസ് കാനസിനാണ്. എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുമ്പോള്‍ അവ ബീച്ചില്‍ പോകുന്നവര്‍ക്ക് വലിയ ശല്യമായിത്തീരാറുണ്ട്. എന്നാല്‍ അവ കടിക്കുകയോ ഏതെങ്കിലും രോഗം പരത്തുകയോ ചെയ്യില്ല. ശല്യക്കാരെന്നതിലുപരി അവ സുപ്രധാനമായ ചില പരിസ്ഥിതി സേവനങ്ങള്‍ (ecological services) ചെയ്യുന്നവയുമാണ്. തീരത്തടിഞ്ഞുകൂടുന്ന കടല്‍പായല്‍ ഭക്ഷണമാക്കുന്നതുവഴി അവ അതിന്റെ ജൈവവിഘടനത്തില്‍ (biodegradation) പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. കൂടാതെ തീരപ്രദേശത്ത് ജീവിക്കുന്ന പക്ഷികളുടേയും മറ്റ് ജീവികളുടേയും ഒരു പ്രധാന ഭക്ഷണമാണ് അവയുടെ പുഴുക്കളും പ്യൂപ്പകളും.
പേര് വെറും തമാശയല്ല
മക്കാല്‍പ്പൈന്‍ അത്യാവശ്യം തമാശക്കാരനാണെങ്കിലും 'ദിസ്' എന്ന പേര് വെറും തമാശയ്ക്ക് കൊടുത്തതല്ല (ആഹാ ഹാ എന്ന പേരോര്‍ക്കുക). ഇംഗ്ലീഷിലെ 'ദിസ്' എന്ന വാക്കല്ല, മറിച്ച് പുരാതന ഗ്രീക്ക് ഭാഷയിലെ 'ദിസ്' ആണ് ഈ ''ദിസ്''. അര്‍ത്ഥം കടല്‍ത്തീരമെന്നും (Sea shore). കടല്‍ തീരത്ത് ജീവിക്കുന്ന ഈച്ചകള്‍ക്ക് തികച്ചും അനുയോജ്യം തന്നെയാണല്ലോ ഈ പേര്. എല്ലാ ശാസ്ത്രീയനാമങ്ങള്‍ക്കും ലിംഗമുണ്ടാകും. അത് പുല്ലിംഗമോ, സ്ത്രീലിംഗമോ, നപുംസക ലിംഗമോ ആകാം. 'ദിസ്' പുല്ലിംഗമാണത്രേ.
ജീവിതരീതി
ബാക്റ്റീരിയകളാല്‍ സമൃദ്ധമായ അഴുകിയ കടല്‍ പായലിലാണ് ദിസ് കാനസ് മുട്ടയിടുന്നത്. ഏപ്രില്‍, ജൂണ്‍-ആഗസ്ത്, ഡിസംബര്‍-ജനവരി എന്നീ സമയങ്ങളിലാണ് അവയുടെ എണ്ണം പെരുകുന്നത്. ബാക്കി സമയങ്ങളിലും അവയെ കാണാമെങ്കിലും എണ്ണം കുറവായിരിക്കും. തീരത്തടിയുന്ന കടല്‍പ്പായല്‍ അഴുകുമ്പോള്‍ പലതരത്തിലുമുള്ള വാതകങ്ങള്‍ പുറത്തുവിടും. ഇത്തരം വാതകങ്ങളാണ് ദിസ് കാനസിനെ ആകര്‍ഷിക്കുന്നത്. പായല്‍ക്കൂനകളില്‍ കൂട്ടമായി ഇടുന്ന മുട്ടകള്‍ വിരിഞ്ഞ്, പുറത്തുവരുന്ന പുഴുക്കള്‍ അഴുകിയ പായലും അതിലുള്ള ബാക്ടീരിയകളേയും ഭക്ഷിച്ച് വളര്‍ച്ച പ്രാപിക്കും. പ്യൂപ്പയാകുന്നതിന് തൊട്ടുമുന്‍പ് പായല്‍ക്കൂന വിടുന്ന പുഴുക്കള്‍ മണല്‍പ്പരപ്പിലെത്തുകയും പ്യൂപ്പകളായി മാറുകയും ചെയ്യും. ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച മുതല്‍ ഒന്‍പതാഴ്ച വരെ സമയമെടുക്കും.
പോസ്റ്ററും ചിത്രവും
ദിസ് കാനസിന്റെ വര്‍ണചിത്രങ്ങളൊന്നും തന്നെ പൊതുവിടങ്ങളില്‍ ലഭ്യമല്ല. ആകെയുള്ളത് കറുപ്പിലും വെളുപ്പിലുമുള്ള ഒരു രേഖാ ചിത്രം മാത്രമാണ്. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോസ്റ്ററിന്റെ ഫോട്ടോ കിട്ടുമോ എന്ന അന്വേഷണവുമായി ഈ ലേഖകന്‍ മക്കാല്‍പ്പൈനിന്റെ സഹപ്രവര്‍ത്തകനായ ഡാനിയല്‍ ബിക്കലിനെ (Daniel Bickel) ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
''ഡേവിഡ് മക്കാല്‍പ്പൈന്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ വിരമിച്ചവര്‍ക്ക് വേണ്ടിയുള്ള ഒരു ഗ്രാമത്തിലാണ് താമസം. 'ദിസ്' പോസ്റ്റര്‍ കണ്ടതായി നല്ല ഓര്‍മയുണ്ട്. മിക്കവാറും അത് നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത.'' തുടര്‍ന്ന് അദ്ദേഹം മറ്റ് ചില സഹപ്രവര്‍ത്തകരുടെ ഇ-മെയില്‍ വിലാസങ്ങള്‍ തന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമായി. ദിസ് കാനസിന്റെ ഒരു ഫോട്ടോ കിട്ടുന്നതിനായി അടുത്ത ശ്രമം. ഡാനിയല്‍ ബിക്കലുമായി വീണ്ടും ബന്ധപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ നിക്ഷേപിച്ച ഒരു ദിസ് കാനസിന്റെ ഫോട്ടോ അയച്ചു തന്നു. 1977 ല്‍ ദക്ഷിണ ഓസ്‌ട്രേലിയയിലെ റോബ് ജില്ലയിലുള്ള ലോങ് ഗല്ലി (Long Gully, Robe district) എന്ന സ്ഥലത്തുനിന്നും മക്കാല്‍പ്പൈനും സഹപ്രവര്‍ത്തകന്‍ ഷ്‌നീഡറും ചേര്‍ന്ന് ശേഖരിച്ച ദിസ് കാനസിന്റെ ഫോട്ടോ. 1970 കളില്‍ ദക്ഷിണ ഓസ്‌ട്രേലിയയിലെ വിവിധ കടല്‍ത്തീരങ്ങളില്‍ നിന്ന് ശേഖരിച്ച കെല്‍പ്പ് ഈച്ചകളെ വിദഗ്ദ്ധ വിശകലനത്തിന് വിധേയമാക്കിയത് 1990 കളില്‍ മാത്രമാണ്.
അധിക വായനയ്ക്ക്
McAlpine DK (1991). Review of the Australian kelp flies (Diptera: Coelopidae). Systematic Entomology. 16: 29-84
Blanche KR (1992). Preliminary observations on the distribution and abundance of seaweed flies (Diptera: Coelopidae) on beaches in the Gosford district of New South Wales, Australia. Australian Journal of Ecology. 17: 27-34
Photo Credits:
1. This canus Dr. Daniel J Bickel, Entomology, Australian Museum Research Institute, Australian Museum, Sydney, Australia
2. Wrack zone: Wikipedia
Content Highlights: creature chronicles on this canus
Published: 05 May 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented