കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ 'കാലാവസ്ഥാ വ്യതിയന പ്രവര്‍ത്തന സൂചിക' യിലൂടെ' (climate change performance index, CCPI) വിലയിരുത്തപ്പെടുന്നു. 2005 മുതല്‍ എല്ലാവര്‍ഷവും ഈ പ്രവര്‍ത്തനസൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. വ്യക്തികള്‍ മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം, ആകെയുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഇന്‍ഡെക്‌സ് തയ്യാറാക്കുന്നത്. 2024-ലെ കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്നതു കൂടിയാണ്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ രാജ്യം. പട്ടികയില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ റാങ്കുകള്‍ക്ക് ഇത്തവണ അവകാശികളില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പോലും ഇന്ത്യ കാലാവസ്ഥാ മാറ്റത്തെ കുറച്ചുകൂടി കാര്യഗൗരവത്തോടെ കാണുന്നുവെന്ന് വേണം കരുതാന്‍. ഇന്ത്യ നടത്തിയ ഇടപെടലുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരം തന്നെയാണ്.

To advertise here,

അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കുകയും, അതുവഴി കാലാവസ്ഥാ മാറ്റത്തിന്റെ വേഗത കുറയ്ക്കാനുമായി 1992-ലാണ് യുണൈറ്റ്ഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ((United Nations Framework Convention on Climate Change, UNFCC) നിലവിൽ വരുന്നത്.

1992-ലെ ഭൗമ ഉച്ചകോടിയുടെ ഭാഗമായി  പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു ഉടമ്പടികള്‍ അംഗീകരിക്കപ്പെട്ടതില്‍ ഒന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ (United Nations Framework Convention on Climate Change, UNFCC). 1994 മാര്‍ച്ച് 21-ന് ഇത് നിലവില്‍ വന്നു. UNFCC യില്‍ ഒപ്പുവെച്ച 198 രാജ്യങ്ങളെ കണ്‍വെന്‍ഷന്റെ ''പാര്‍ട്ടികള്‍'' എന്നാണ് വിളിക്കുക. കാലാവസ്ഥാ സംവിധാനത്തില്‍ 'അപകടകരമായ' മനുഷ്യ ഇടപെടല്‍ തടയുക എന്നതാണ് UNFCCC യുടെ ആത്യന്തിക ലക്ഷ്യം. വ്യത്യസ്ത പ്രതിബദ്ധതകള്‍ അനുസരിച്ച് കണ്‍വെന്‍ഷന്‍ പര്‍ട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു,

അനെക്‌സ് I പാര്‍ട്ടികള്‍ : 1992-ല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (OECD) അംഗമായിരുന്ന വ്യാവസായിക രാജ്യങ്ങളും റഷ്യന്‍ ഫെഡറേഷന്‍, ബാള്‍ട്ടിക് സംസ്ഥാനങ്ങള്‍, കൂടാതെ നിരവധി സെന്‍ട്രല്‍ & കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ സമ്പദ് വ്യവസ്ഥ പരിവര്‍ത്തന ഘട്ടത്തിലുള്ള രാജ്യങ്ങളും (economies in transition, EIT പാര്‍ട്ടികള്‍) അനെക്‌സ് I പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നു.

അനെക്‌സ് II പാര്‍ട്ടികള്‍: അനെക്‌സ് II പാര്‍ട്ടികളില്‍ EIT പാര്‍ട്ടികള്‍ ഒഴിച്ചുള്ള അനെക്‌സ് I-ലെ OECD അംഗങ്ങളാണുള്ളത്. കണ്‍വെന്‍ഷനു കീഴില്‍ വികസ്വര രാജ്യങ്ങളെ ഉദ്വമനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നതിനും അവര്‍ സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. കൂടാതെ, EIT പാര്‍ട്ടികള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ വികസനവും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രായോഗികമായ നടപടികളും അവര്‍ സ്വീകരിക്കണം.  

നോണ്‍-അനെക്‌സ് I പാര്‍ട്ടികള്‍:  നോണ്‍-അനെക്‌സ് I പാര്‍ട്ടികള്‍ കൂടുതലും വികസ്വര രാജ്യങ്ങളാണ്. താഴ്ന്ന തീരപ്രദേശങ്ങളുള്ള രാജ്യങ്ങളും മരുവല്‍ക്കരണത്തിനും വരള്‍ച്ചയ്ക്കും സാധ്യതയുള്ള രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതങ്ങള്‍ക്ക് പ്രത്യേകിച്ച് ദുര്‍ബലരാണെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ (ഉദാ: ഫോസില്‍ ഇന്ധന ഉല്‍പ്പാദനത്തില്‍ നിന്നും വാണിജ്യത്തില്‍ നിന്നുമുള്ള വരുമാനത്തെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍ പോലുള്ളവ) കാലാവസ്ഥാ പ്രതികരണ നടപടികളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നു.

തീരെ അവികസിതമായ രാജ്യങ്ങള്‍ (LDCs): കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുന്നതിനും അതിന്റെ പ്രതികൂല ഫലങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള പരിമിതമായ ശേഷി കാരണം ഐക്യരാഷ്ട്രസഭ LDC എന്ന് തരംതിരിക്കുന്ന 49 കക്ഷികള്‍ക്ക് കണ്‍വെന്‍ഷന്‍  കീഴില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഫണ്ടിംഗും സാങ്കേതിക-കൈമാറ്റ പ്രവര്‍ത്തനങ്ങളും പരിഗണിക്കുമ്പോള്‍ എല്‍.ഡി.സി.കളുടെ പ്രത്യേക സാഹചര്യം പൂര്‍ണ്ണമായി കണക്കിലെടുക്കാന്‍ മറ്റു പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നു.

മേല്‍പ്പറഞ്ഞ ''പാര്‍ട്ടികളുടെ'' കോണ്‍ഫറന്‍സ്  ആണ് വര്‍ഷം തോറും നടത്തുന്ന COP അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്; 28-ാമത്‌  COP ആണ് 2023 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 13 വരെ UAE യില്‍ വെച്ച് നടന്നത് (COP 28). 

placeholder
ദുബായിൽ ഇക്കഴിഞ്ഞ വർഷം സംഘടിപ്പിച്ച ആ​ഗോളകാലാവസ്ഥാ ഉച്ചകോടിയായ COP 28 വേദി | Photo: AP

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഹരിതഗൃഹവാതകങ്ങള്‍: ഇന്ത്യയുടെ സ്ഥിതി   

UNFCC കക്ഷികള്‍  ഹരിതഗൃഹവാതക കണക്കെടുപ്പ് കാലികമായി നടത്തി റിപ്പോര്‍ട്ടുകള്‍ നല്‌കേണ്ടതുണ്ട്. വിവിധ  സ്രോതസ്സുകള്‍ വഴിയുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതകങ്ങളുടെ (GHG)   ഉദ്വമനത്തിന്റെ ദേശീയ വിവരശേഖരണവും  ഹരിതഗൃഹ വാതകങ്ങള്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ (sinks) വഴി നീക്കം ചെയ്യുന്നതിന്റെ ഒരു അവലോകനവുമാണ് നല്‍കേണ്ടത്. UNFCC യുടെ നോണ്‍-അനെക്‌സ് I കക്ഷികളില്‍ നിന്നുള്ള ദേശീയ ആശയവിനിമയങ്ങള്‍ (National Communication) പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 17/CP.8 അനുസരിച്ചാണ് തയ്യാറാക്കുന്നത്.  ഇതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2), മീതയിന്‍(CH4), നൈട്രസ് ഓക്‌സൈഡ് (N2O), ഹൈഡ്രോഫ്‌ലൂറോകാര്‍ബണുകള്‍ (HFCs), പെര്‍ഫ്‌ലൂറോകാര്‍ബണുകള്‍ (PFCs), സള്‍ഫര്‍ ഹെക്‌സാഫ്‌ലൂറൈഡ് (SF6) എന്നിവയുടെ ഉറവിടങ്ങളെയും സിങ്കുകളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉണ്ടാകണം.     
    
ഇന്ത്യ COP 28-ല്‍ സമര്‍പ്പിച്ച മൂന്നാമത് ദേശീയ കമ്മ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് (India: Third National Communication and Initial Adaptation Communication, TNC) എന്ന പ്രസിദ്ധീകരണത്തിലാണ് ഏറ്റവും പുതിയ വിവരങ്ങള്‍  ഉള്ളത്. ആകെ 614 പേജുള്ള ഈ റിപ്പോര്‍ട്ട് 2019 വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്; 2023 ഡിസംബര്‍ 9-ന് പ്രസിദ്ധീകരിച്ചു (2016 വിവരങ്ങളെ  അടിസ്ഥാനമാക്കി 2021-ല്‍ മൂന്നാമത് സമകാലിക ബിനാലെ റിപ്പോര്‍ട്ട് (Third Biennial Update Report) സമര്‍പ്പിച്ചിരുന്നു). UNFCCC റിപ്പോര്‍ട്ടിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, മനുഷ്യ പ്രേരിത ഹരിതഗൃഹ വാതകങ്ങളുടെ ഇന്‍വെന്ററി ആറു വിഭാഗങ്ങളിലായാണ് തയ്യാറാക്കേണ്ടത്.

(1). ഊര്‍ജം (Energy, including stationary energy and transport) 
(2). വ്യാവസായിക പ്രക്രിയകളും ഉല്‍പ്പന്ന ഉപയോഗവും (Industrial Processes and Product Use, IPPU)
(3). കൃഷി (Agriculture including animal husbandry)
(4). ഭൂവിനിയോഗ മാറ്റവും വനവും (Land Use, Land-Use Change, and Forestry,  LULUCF) 
(5). മാലിന്യങ്ങള്‍ (Wastes) 
(6). മറ്റുള്ളവ (Memo items)

മൂന്നാമത് ദേശീയ കമ്മ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2019-ല്‍ LULUCF ഒഴികെയുള്ള ഇന്ത്യയുടെ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനം 3132 MtCO2e (Metric tons of carbon dioxide equivalent (MTCO2 Eq.)-ഉം LULUCF കൂട്ടിയാല്‍ 2647 MtCO2e-ഉം ആയിരുന്നു (LULUCEF നെഗറ്റിവ് ആണ്, -485.5 MtCO2e). മൊത്തം ഉദ്വമനത്തില്‍ ഊര്‍ജ്ജ മേഖലയുടെ പുറന്തള്ളല്‍ 75.81 ശതമാനവും (2374.3 MtCO2e), കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല 13.44 ശതമാനവും (421 MtCO2e), വ്യാവസായിക പ്രക്രിയകളും ഉല്‍പന്ന ഉപയോഗവും (IPPU) 8.41 ശതമാനവും (263. 5 MtCO2e), മാലിന്യം 2.34 ശതമാനവും (73.2 MtCO2e) ആണ്. 

ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവും അവയുമായി ബന്ധപ്പെട്ട മറ്റ് ഉദ്വമനവും ഉള്‍പ്പെടുന്ന ഊര്‍ജ്ജ മേഖലയാണ് രാജ്യത്തെ പ്രധാന GHG പുറന്തള്ളല്‍ മേഖല.  ഊര്‍ജ മേഖലയില്‍ നിന്നുള്ള മൊത്തം ഉദ്വമനം 2019-ല്‍ 2374.3 MtCO2e ആയിരുന്നു, ഇത് 2016 നേക്കാള്‍ 11.5 ശതമാനം വര്‍ധിച്ചു, പ്രധാനമായും രാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗത്തിലെ ക്രമാനുഗതമായ വര്‍ദ്ധനവ്, വൈദ്യുതി ഉല്‍പ്പാദനത്തിനും കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുടെ ഉപഭോഗവും ഉള്‍പ്പെടെയാണ്.  ഗതാഗതത്തിനായുള്ള ദ്രാവക ഇന്ധനങ്ങളുടെ ഉപഭോഗവും ഇതില്‍ പരിഗണിക്കും.  

അസംസ്‌കൃത വസ്തുക്കളെ രാസ അല്ലെങ്കില്‍ ഭൗതിക മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യുന്ന വിവിധ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന, അത് വഴി GHG ഉദ്വമനം ഉള്‍പ്പെടുന്ന IPPU സെക്ടര്‍, 2019-ല്‍ ആകെ GHG ഉദ്വമനത്തിന്റെ 8.41 ശതമാനമാണ് (LULUCF ഇല്ലാതെ) പ്രതിനിധീകരിക്കുന്നത്(263.5 MtCO2e). സിമന്റ്, അലുമിനിയം, കുമ്മായം എന്നിവയുടെ ഉത്പാദനത്തിലെ വര്‍ദ്ധന കാരണം 2016 മുതല്‍ 16 ശതമാനം വര്‍ദ്ധിച്ചു.

2005-നും 2019-നും ഇടയില്‍ ഇന്ത്യക്ക് അതിന്റെ GDP ഉദ്വമന തീവ്രത 33 ശതമാനം കണ്ട് കുറച്ച്, 11 വര്‍ഷം മുമ്പ് തന്നെ ലക്ഷ്യം കൈവരിക്കാനായി (2030നെ അടിസ്ഥാനമാക്കി). ഈ കാലയളവില്‍ ഇന്ത്യ 1.97 ബില്യണ്‍ ടണ്‍ CO2-ന്റെ അധിക കാര്‍ബണ്‍ സിങ്ക് സൃഷ്ടിച്ചു, കൂടാതെ ഷെഡ്യൂളിന് ഒമ്പത് വര്‍ഷം മുമ്പാണ് ഫോസില്‍ ഇതര ഇന്ധന ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്. സമ്പദ് വ്യവസ്ഥയുടെ ഉദ്വമന തീവ്രത എന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) ഓരോ യൂണിറ്റ് വര്‍ദ്ധനയിലും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആകെ അളവിനെ സൂചിപ്പിക്കുന്നു. ഇത് കേവല ഉദ്വമനത്തില്‍ നിന്ന് വ്യത്യസ്തമാണ്.

2005-ല്‍ നിന്ന് 2030-ഓടെ GDP ഉദ്വമന തീവ്രത 45% കുറയ്ക്കാനും ഫോസില്‍ ഇതര ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് 50 ശതമാനം ക്യുമുലേറ്റീവ് ഇലക്ട്രിക് പവര്‍ സ്ഥാപിത ശേഷി കൈവരിക്കാനും രാജ്യം ലക്ഷ്യമിടുന്നു. 2030-ഓടെ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെയും വനം സംരക്ഷിക്കുന്നതിലൂടെയും   2.5 മുതല്‍ 3.0 ബില്യണ്‍ ടണ്‍ വരെ അധിക കാര്‍ബണ്‍ സിങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 

placeholder
Photo-Gettyimage

കൃഷി, LULUCF, AFOLU 

കാര്‍ഷിക മേഖലയില്‍ നിന്നുള്ള പ്രധാന GHG ഉദ്വമനം കന്നുകാലികളുടെ എന്ററിക് ഫെര്‍മെന്റേഷനില്‍നിന്നും നെല്‍കൃഷിയില്‍ നിന്നുമുള്ള മീഥെയ്ൻ, ചാണക പരിപാലനത്തില്‍നിന്നും കൃഷിമണ്ണില്‍ നിന്നുമുള്ള നൈട്രസ് ഓക്സൈഡ് എന്നിവയാണ്. 2019-ല്‍ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 13.44% കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയാണ് പ്രതിനിധീകരിക്കുന്നത് (421 MtCO2e). ഇത് 2016-നെ അപേക്ഷിച്ച് 1 ശതമാനം കുറവാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിവിധ പ്രക്രിയകളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ (CH4, N2O) പുറന്തള്ളുന്നു. കാര്‍ഷിക മേഖലയുടെ ആകെ ഉദ്വമനം 13.44 ശതമാനം എന്നു പറഞ്ഞുവെങ്കിലും ഇതില്‍ 7.13 ശതമാനവും കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള മീതയിന്‍ (enteric fermentation) ആണ്.  

കന്നുകാലികള്‍, എരുമ, ചെമ്മരിയാട്, ആട്, പന്നി എന്നിവയാണ് ഇന്ത്യയിലെ പ്രധാന വളര്‍ത്തുമൃഗങ്ങള്‍. തുടര്‍ന്ന് 2.82 ശതമാനം കൃഷിമണ്ണില്‍ നിന്നും (agricultural soils), 2.34 ശതമാനം നെല്‍കൃഷിയില്‍ നിന്നും, 0.88 ശതമാനം  ചാണക പരിപാലനത്തില്‍ (manure management)  നിന്നുമാണ്. 2019-ല്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ വയലില്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് 0.28 ശതമാനവും ഉണ്ട്. കൃഷിമണ്ണും, നെല്‍പ്പാടങ്ങളും, അവശിഷ്ടങ്ങള്‍ കത്തിക്കലും കാര്‍ഷിക വിളകളുടെ ചെലവില്‍  എഴുതിയാല്‍ ഇവയുടെ ആകെ ഉദ്വമനം 5.44 ശതമാനം മാത്രമാണ്!  അതായത്, ഈ 13.44 ശതമാനത്തില്‍ കന്നുകാലി വളര്‍ത്തലും ചാണകവും മാത്രം 8 ശതമാനം, മറ്റെല്ലാ കൃഷിയും കൂടി 5.44 ശതമാനം മാത്രം!

മനുഷ്യന്റെ പ്രവര്‍ത്തികളില്‍  സ്ഥിരമായി കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന രാജ്യത്തെ ഏക മേഖലയാണ്, ''ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റങ്ങള്‍, വനം'' (Land Use, Land Use Changes, and Forestry, LULUCF). ഇത് കാലാവസ്ഥാ ലഘൂകരണം (mitigation)  നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായി മാറുന്നു. LULUCF എന്ന ഈ മേഖല 2019-ല്‍ രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2e)  20 ശതമാനം നീക്കം ചെയ്തു (sequestration),  അതായത് 485.5 MtCO2e. 2016 മുതല്‍ ഒരു സിങ്ക് എന്ന നിലയില്‍ LULUCF ന്റെ സംഭാവന 58 ശതമാനം വര്‍ധിച്ചു. 

ഭൂമിയുടെ ഉപയോഗം (Land Use), ഭൂവിനിയോഗ മാറ്റം (Land-Use Change), വനവല്‍ക്കരണം (forestry) എന്നിവ ഒരുമിച്ച് പരിഗണിക്കുന്നത് കൊണ്ടാണ് LULUCF എന്നു പറയുന്നത്. ഒരു പ്രദേശം മനുഷ്യര്‍ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം, വിളഭൂമി, വാസസ്ഥലങ്ങള്‍, മേച്ചില്‍പ്പുറങ്ങള്‍, തോട്ടങ്ങള്‍ എന്നിവയായിരിക്കും. ഭൂവിനിയോഗ മാറ്റം (Land use change) എന്നത് മനുഷ്യര്‍ ഒരു ലക്ഷ്യത്തില്‍നിന്ന് മറ്റൊന്നിലേക്ക് ഭൂമിയുടെ ഉപയോഗത്തെ മാറ്റുന്നതിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു പുല്‍മേടിനെ വിളഭൂമിയിലേക്കോ അല്ലെങ്കില്‍ ഉഷ്ണമേഖലാ വനങ്ങളില്‍ നിന്ന് തോട്ടവിളകളിലേക്കോ പരിവര്‍ത്തനം ചെയ്യാം (ഉദാ: വനം വെട്ടി എണ്ണപ്പന അല്ലെങ്കില്‍ റബ്ബര്‍). വനവല്‍ക്കരണവും ഇക്കൂട്ടത്തില്‍പെടുത്തും. 

LULUCF നു ആറു ഭാഗങ്ങള്‍ ഉള്ളതായി പരിഗണിച്ചാണ് കണക്കെടുപ്പ്;

(1) വിളഭൂമി,

(2) വനം

(3) പുല്‍മേടുകള്‍,

(4) വാസസ്ഥലങ്ങള്‍ (settlements),

(5 ) തണ്ണീര്‍ത്തടങ്ങള്‍

(6) മറ്റുള്ള ഭൂഉപയോഗം (പാറ, തരിശ്, ഐസ് മൂടിയ ഭൂമി)

ഇതില്‍ പുല്‍മേടുകള്‍ ഒഴിച്ച് ബാക്കിയെല്ലാം നെറ്റ് സിങ്കാണ്. എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാവണന്നില്ല. വന്‍തോതില്‍ വനനശീകരണം നടക്കുന്ന ചില രാജ്യങ്ങളില്‍   ഇത് നെറ്റ് എമിഷന്‍ ആവും! ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, 2019 ലെ മൊത്തം 20 ശതമാനം CO2 നീക്കം ചെയ്യലില്‍ 14.1 ശതമാനവും  വിളഭൂമിയുടേതാണ്; തുടര്‍ന്ന് 5.96 ശതമാനം വനങ്ങളും 0.29 ശതമാനം വാസസ്ഥലങ്ങളും നിര്‍വഹിക്കുന്നു. 2019-ല്‍, വിളഭൂമി 343.2 MtCO2e ശേഖരണം രേഖപ്പെടുത്തി; 2016-നെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവ്; അതായത് ഈ വിഭാഗത്തിലെ ഏറ്റവും വലിയ സംഭാവന! 2019-ല്‍ ഇന്ത്യയിലെ വിളഭൂമിയുടെ ആകെ വിസ്തീര്‍ണം 166.05 ദശലക്ഷം ഹെക്ടറായി കണക്കാക്കിയിരിക്കുന്നു. വിളഭൂമിയിലെ കാര്‍ബണ്‍ സ്റ്റോക്ക് മാറ്റങ്ങള്‍ കണക്കാക്കുന്നതിന് കാര്‍ബണ്‍ ബയോമാസ് സ്റ്റോക്കിലെ മാറ്റം,  മണ്ണിലെ ജൈവ കാര്‍ബണ്‍ സ്റ്റോക്ക്, മണ്‍കാര്‍ബണ്‍ നിരക്കുകള്‍ എന്നിവയുടെ മാറ്റങ്ങളാണ് പരിഗണിച്ചത്. 

placeholder
Photo: Gettyimages

വിളഭൂമിയുടെ മികച്ച കാര്‍ബണ്‍ പിടിച്ചുവെക്കല്‍ താഴെ പറയുന്ന കാരണങ്ങളാലാണ്;

(1) വിളഭൂമിയിലെ ജൈവ കാര്‍ബണിന്റെ ശരാശരി വാര്‍ഷിക വര്‍ദ്ധനവ് 166.05 ദശലക്ഷം ഹെക്ടറില്‍ 0.367 ടണ്‍ കാര്‍ബണ്‍/ഹെക്ടര്‍ ആണ്, ഇത് വിളഭൂമിയില്‍ നിന്ന് ഉയര്‍ന്ന കാര്‍ബണ്‍ സിങ്കിന് കാരണമാകുന്നു

(2). വനഭൂമി ഉള്‍പ്പെടെയുള്ള മറ്റ് ഭൂവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിളഭൂമിയുടെ വലിയ വിസ്തീര്‍ണ്ണം, ഉദാഹരണത്തിന്, മൊത്തം ഭൂപ്രദേശത്തിന്റെ (328.73 ദശലക്ഷം ഹെക്ടര്‍) ഏകദേശം 51 ശതമാനം (166.05 ദശലക്ഷം ഹെക്ടര്‍). അതേ സമയം, വനഭൂമി 22 ശതമാനം മാത്രമാണ് (71.38 ദശലക്ഷം ഹെക്ടര്‍)

(3) സാധാരണ, വനഭൂമിയിലെ കാര്‍ബണ്‍ വളരെ സ്ഥിരതയുള്ളതും വര്‍ഷങ്ങളായി മാറാത്തതുമാണ്. എന്നാല്‍, വിളഭൂമിയിലെ കാര്‍ബണ്‍ ചലനാത്മകമാണ്; ജൈവവളം, രാസവളപ്രയോഗം തുടങ്ങിയ മാനേജ്‌മെന്റ് രീതികളുടെ ഫലമായി, വിളഭൂമിയിലെ കാര്‍ബണിലെ മാറ്റം ഗണ്യമായി ഉയര്‍ന്നു തന്നെ നില്‍ക്കും.  

നെറ്റ് സിങ്കാകുന്ന ഇന്ത്യയുടെ വനമേഖല

ഇന്ത്യയിലെ വനമേഖല ഒരു നെറ്റ് സിങ്കാണ്. ഈ വിഭാഗത്തില്‍ വനഭൂമിയില്‍ നിലനില്‍ക്കുന്നതും വനഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതുമായ വനഭൂമിയിലെ ജീവനുള്ള ജൈവവസ്തുക്കള്‍, നിര്‍ജ്ജീവമായ ജൈവവസ്തുക്കള്‍, മണ്ണിലെ ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിവയിലെ മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്വമനങ്ങളും നീക്കം ചെയ്യലും ഉള്‍പ്പെടുന്നു. 2019-ല്‍, വന മേഖലയുടെ GHG ശേഖരണം 145 MtCO2e എന്നു രേഖപ്പെടുത്തി.  2016 മുതല്‍ ഒരു സിങ്ക് എന്ന നില 92 ശതമാനം വര്‍ധിപ്പിച്ചു. 2019-ല്‍ അവശേഷിക്കുന്ന വനഭൂമിയുടെ വിസ്തീര്‍ണ്ണം 70.31 ദശലക്ഷം ഹെക്ടറാണ്, 2019-ല്‍ വനഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഭൂവിസ്തൃതി 1.07 ദശലക്ഷം ഹെക്ടറായി കണക്കാക്കപ്പെടുന്നു.

പുല്‍മേടുകള്‍ (grasslands) എന്ന വിഭാഗത്തില്‍ GHG ഉദ്വമനങ്ങളും നീക്കം ചെയ്യലും ഉള്‍പ്പെടുന്നു. ഭൂരിഭാഗം സ്ഥലവും കന്നുകാലികള്‍ക്ക് മേയാന്‍ ഉപയോഗിക്കുന്നു. പുല്‍മേടുകളുടെ വിസ്തീര്‍ണ്ണം 2005-ലെ 20.35 ദശലക്ഷം ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019-ല്‍ 23.4 ദശലക്ഷം ഹെക്ടറായി ഉയര്‍ന്നു. നിലവില്‍ പുല്‍മേടുകള്‍ നെറ്റ് സിങ്ക് അല്ല , നെറ്റ് എമിറ്റര്‍ ആണ്; 2019-ല്‍, GHG ഉദ്വമന ബാലന്‍സ് 9.726 Mt CO2e (അധികം) ആയി കണക്കാക്കപ്പെട്ടു, പക്ഷേ, 2016 നേക്കാള്‍ നെറ്റ് ഉദ്വമനത്തില്‍  54.32 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.  

വാസസ്ഥലങ്ങള്‍ (settlements) എന്ന വിഭാഗത്തില്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍, നഗരപ്രദേശങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പ്രദേശങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന GHG ഉദ്വമനങ്ങളും നീക്കംചെയ്യലും ഉള്‍പ്പെടുന്നു. 2005 നും 2019 നും ഇടയില്‍, വാസസ്ഥലങ്ങളുടെ  വിസ്തൃതി 8.6 ദശലക്ഷം ഹെക്ടറില്‍ നിന്ന് 9.71 ദശലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചു. ഈ വിഭാഗത്തില്‍, ബയോമാസ് കാര്‍ബണില്‍ നിന്നുള്ള CO2 ഉദ്വമനവും നീക്കം ചെയ്യലും മാത്രമേ പരിഗണിക്കുന്നുള്ളൂ. 2019-ല്‍, GHG ഉദ്വമനത്തിന്റെ ബാലന്‍സ്  -6.998 Mt CO2e ആണ്(ന്യൂനം),  ഇത്  2016 നേക്കാള്‍ 291 ശതമാനം കൂടുതലാണ്! ചിലപ്പോഴൊക്കെ കൃഷി, വനം, മറ്റ് ഭൂവിനിയോഗം എന്നിവ ഒരുമിച്ച് പറയാറുണ്ട്. അതാണ് AFOLU (Agriculture, Forestry, and Other Land Use). ശാസ്ത്രീയ ഭൂഉപയോഗത്തിലൂടെയും, മെച്ചപ്പെട്ട വിള, കന്നുകാലി പരിപാലനത്തിലൂടെയും ഹരിതഗൃഹ വാതകങ്ങള്‍ (GHG) നീക്കം ചെയ്ത് കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള വലിയ ലഘൂകരണ സാധ്യതകള്‍ ഉള്ള മേഖലയാണിത്. 

AFOLU എന്നു പറയുമ്പോള്‍ LULUCEF ഉം കന്നുകാലി വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള  കൃഷിയും ഒരുമിച്ച് വരണം. AFOLU ആയി പരിഗണിച്ചാല്‍, LULUCEF ന്റെ വിഹിതം ആകെ -485.5 MtCO2e (ന്യൂനം); ഇതില്‍ കാര്‍ഷിക മേഖല 421 MtCO2e (അധികം). രണ്ടും കൂടി കൂട്ടിയാല്‍ -64.5 MtCO2e (ന്യൂനം). ചുരുക്കത്തില്‍, കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള കൃഷിമേഖലയുടെ CO2e ഉദ്വമനം (emission)  13.44 ശതമാനമാണെങ്കില്‍ ഈ മേഖലയുടെ കാര്‍ബണ്‍ പിടിച്ചു വെക്കല്‍ (sequestration) 14.1 ആണ്, വ്യത്യാസം -0.66 ശതമാനം(ന്യൂനം). കൃഷി മേഖലയില്‍ നിന്ന് കന്നുകാലികളെ മാറ്റിനിര്‍ത്തിയാല്‍  ഉദ്വമനം 5.44 ശതമാനവും പിടിച്ചുവെക്കല്‍ 14.1 എന്നും, വ്യത്യാസം -8.66 ശതമാനം (ന്യൂനം) എന്നും കിട്ടും! അതായത്, ഇന്ത്യയിലെ കൃഷി മാത്രം പരിഗണിച്ചാല്‍ (കന്നുകാലി വളര്‍ത്തല്‍ കൂടി കൂട്ടിയാലും)കാര്‍ബണ്‍ ന്യൂട്രല്‍ മാത്രമല്ല കാര്‍ബണ്‍ ന്യൂനവുമാണ്!

placeholder
ക്ലൈമറ്റ് ചേഞ്ച് പെര്‍ഫോര്‍മന്‍സ് ഇന്‍ഡെക്‌സ് പ്രസിദ്ധീകരിച്ച കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക പട്ടിക | Photo: newclimate.org

ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന മികവും റാങ്കും  

കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ് എന്നാണ് അടുത്തിടെ നടന്ന, COP 28 നിടെ പുറത്തിറക്കിയ 'കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക' (Climate Change Performance Index, CCPI) സൂചിപ്പിക്കുന്നത്. ഈ സൂചിക പ്രകാരം ഇന്ത്യക്കു ഏഴാം റാങ്കുണ്ട്! ഇന്ത്യയുടെ സ്‌കോര്‍ 70.25; ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 75.59.  കഴിഞ്ഞ വര്‍ഷം ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. 2014-ലെ 31-ാം റാങ്കില്‍ നിന്നാണ് 2023-ലെ 7-ാം സ്ഥാനത്തേക്കു എത്തിയിരിക്കുന്നത്. 'വളരെ ഉയര്‍ന്ന' പ്രകടന വിഭാഗത്തില്‍ ആദ്യ മൂന്ന് റാങ്കുകള്‍ ആരും കൈവശപ്പെടുത്താത്തതിനാല്‍ ഇന്ത്യ ഫലപ്രദമായി നാലാം സ്ഥാനത്താണ്! 

ഇത് ഇന്ത്യയുടെ മുന്‍കാല വര്‍ഷങ്ങളിലെ പ്രകടനം ശ്ലാഘനീയമാണ് എന്നു കാണിക്കുന്നു. 2005 മുതല്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക (CCPI) ദേശീയ അന്തര്‍ദേശീയ കാലാവസ്ഥാ രാഷ്ട്രീയത്തില്‍ സുതാര്യത സാധ്യമാക്കുന്നതിനുള്ള ഒരു ഉപകരണമാണ്. ജര്‍മ്മനി ആസ്ഥാനമായുള്ള ജര്‍മ്മന്‍ വാച്ച്, ന്യൂ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്നിവര്‍  ചേര്‍ന്നാണ് റാങ്കിംഗ് പ്രസിദ്ധീകരിച്ചത്. ആഗോള ഹരിതഗൃഹവാതക (GHG) ഉദ്വമനത്തിന്റെ 90 ശതമാനത്തിലധികം  വരുന്ന 63 രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും കാലാവസ്ഥാ ലഘൂകരണ ശ്രമങ്ങളെ CCPI സൂചിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ  ഉദ്വമനം (40%), പുനരുപയോഗ ഊര്‍ജം (20%), ഊര്‍ജ ഉപയോഗം (20%), കാലാവസ്ഥാ നയം (20%) എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളില്‍ രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് CCPI റാങ്ക് നല്കുന്നത്.  

മൊത്തത്തില്‍ വളരെ ഉയര്‍ന്ന റേറ്റിംഗ് നേടാന്‍ ഒരു രാജ്യവും എല്ലാ സൂചിക വിഭാഗങ്ങളിലും വേണ്ടത്ര പ്രകടനം നടത്തിയിട്ടില്ല എന്നതിനാല്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ ശൂന്യമായി തുടരുന്നു. ഡെന്മാര്‍ക്ക് നാലാം സ്ഥാനവും എസ്റ്റോണിയ അഞ്ചാം സ്ഥാനവും ഫിലിപ്പീന്‍സ് ആറാം സ്ഥാനവും നേടി. ബ്രിട്ടന്‍ (റാങ്ക് 20), ഇറ്റലി (റാങ്ക് 44), യു. എസ്.(റാങ്ക് 57) എന്നിവയുള്‍പ്പെടെ മിക്ക വികസിത രാജ്യങ്ങളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാലാവസ്ഥാ പ്രകടനത്തില്‍ ഇടിവ് കാണിച്ചു. ഏറ്റവും വലിയ കാര്‍ബണ്‍ മലിനീകരണക്കാരായ ചൈന 51-ാം സ്ഥാനത്തും, രണ്ടാമത്തെ വലിയ കാര്‍ബണ്‍ എമിറ്ററായ യു.എസ്. 57-ാം സ്ഥാനത്തുമാണ്! സൗദി അറേബ്യ ഏറ്റവും താഴെയാണ് (67-ാം സ്ഥാനം), COP 28-ന്റെ ആതിഥേയ രാജ്യമായ UAE 65-ാം സ്ഥാനത്താണ്.

ഇവിടെ പരാമാര്‍ശിച്ച വിവരങ്ങള്‍-

(1) India: Third National Communication and Initial Adaptation Communication

(2) India: Third Biennial Update Report to the United Nations Framework Convention on Climate Change

(3) 2024 Climate Change Performance Index എന്നീ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ ഡൗണ്‍ലോഡ്‌ ചെയ്യുന്നതിനും വായിക്കുന്നതിനുമുള്ള ലിങ്കുകള്‍ കൊടുക്കുന്നു. 

https://unfccc.int/documents/636235
https://unfccc.int/sites/default/files/resource/INDIA_%20BUR-3_20.02.2021_High.pdf
https://ccpi.org/wp-content/uploads/CCPI-2024-Results.pdf