ബാഹുബലി സിനിമയിൽ ബല്ലാലദേവനുമായി പൊരുതി കീഴടങ്ങുന്ന ദൃഢപേശികളുള്ള  ഒരു കാട്ടിയെ കാണിക്കുന്നുണ്ട്. എണ്ണക്കറുപ്പിൽ മിനുങ്ങുന്ന ശരീരവും മുട്ടോളം  വെള്ള സോക്‌സിട്ടതുപോലുള്ള  കാലുകളുമായി കുതിച്ച് വരുന്ന മൃഗം. അത് 3D അനിമേഷൻ ഉപയോഗിച്ച് ഉണ്ടാക്കിയ സാങ്കല്പിക ജീവിയാണെങ്കിലും അതിന് നമ്മുടെ കാട്ടിലെ കാട്ടിയോട് നല്ല സാമ്യം ഉണ്ട്.  കാട്ടുപോത്ത് എന്ന് നമ്മൾ ഉപയോഗിച്ച് ശീലമായ പേര് 'കാട്ടി' എന്ന മൃഗത്തിന് ചേരുമോ എന്ന സംശയം പലരും മുമ്പും പറഞ്ഞിട്ടുണ്ട്. പശുവും കാളയും പോലെ നമ്മൾ വളർത്തു മൃഗമായി കൂടെ നടത്തുന്ന എരുമയും പോത്തും ആണ്  നമ്മൾ 'കാട്ടുപോത്ത് 'എന്ന വിളിക്കുന്ന  മൃഗത്തിന്റെ കാട്ട് വേർഷൻ എന്നാണ് പലരും കരുതുന്നത്. കൂടാതെ 'പോത്ത്' എന്നത് ആൺമൃഗത്തിന് ഉപയോഗിക്കുന്നതിനാൽ - കാട്ടുപോത്ത് പ്രസവിച്ചു എന്ന വാർത്ത മുമ്പുണ്ടായപ്പോൾ കാര്യമറിയാതെ പലരും ട്രോളുകയും ചെയ്തിരുന്നു. gaur എന്നും  Indian bison എന്നും വിളിക്കുന്ന അതിശക്ത മൃഗമാണ് Bos gaurus എന്ന നമ്മുടെ കാട്ടി. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആളുകൾ വളർത്തുന്ന മിഥുൻ  ആണ് ഇവരോട് ബന്ധമുള്ള മൃഗം, അല്ലാതെ നമ്മുടെ നാടൻ പോത്തല്ല. ഗൗറുകളെ മെരുക്കിയാണ്  മിഥുൻ എന്ന  Bos frontalis  ഉണ്ടായതെന്നും അതല്ല കാട്ടിയും വളർത്ത് കന്നുകാലികളും തമ്മിൽ ഇണ ചേർന്ന് ഉണ്ടായ ഹൈബ്രിഡ് ആണ് ഇവ എന്നും, അതുമല്ല വംശനാശം സംഭവിച്ചു പോയ ബൊവിൻ വിഭാഗത്തിലെ ഏതോ മൃഗത്തിന്റെ പിൻതുടർച്ചക്കാരാണ് ഇവർ എന്നും പല വാദങ്ങൾ ഉണ്ട്. എന്നാൽ 2020-ൽ നടന്ന മൈറ്റോകോൺഡ്രിയൽ ജീനോം സിക്വൻസ് പഠനങ്ങൾ മിഥുൻ അമ്മവഴിയിൽ കാട്ടി തന്നെ എന്ന് തെളിഞ്ഞു.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ബഫല്ലോ എന്നാണല്ലോ എരുമയുടെ ഇംഗ്ലീഷായി നമ്മൾ കണക്കാക്കുന്നത്.  പോത്ത് എന്നത് ആണും എരുമ അതിന്റെ പെണ്ണും എന്ന വിധം. എന്നാൽ  Asian buffalo എന്നു വിളിക്കുന്ന Bubalus arnee എന്ന ഒരു  മൃഗവും കാട്ടിലുണ്ട്. അതിലും  ആണും പെണ്ണും ഉണ്ട്. അത് കേരളത്തിലെ കാട്ടിൽ ഇല്ല എന്ന് മാത്രം. അതിനു രണ്ടിനും 'കാട്ടെരുമ' എന്നോ 'കാട്ടു - പോത്ത്' എന്നോ  മലയാളത്തിൽ പേരു വന്നിട്ടില്ല എന്ന് മാത്രം.  wild water buffalo , Asiatic buffalo ,  wild buffalo എന്നെല്ലാം അതിന് ഇംഗ്ലീഷ് പേരുണ്ട്.  ശരിയ്ക്കും 'കാട്ടുപോത്ത്' എന്ന പേര് ചേരുക  അവർക്കാണ്. അവരിൽനിന്നും ഉരുത്തിരിഞ്ഞവയാണ് നമ്മുടെ വളർത്തുമൃഗമായ പോത്തുകളും എരുമകളും. വാട്ടർ ബഫല്ലോ domestic water buffalo , Asian water buffalo എന്നൊക്കെ പേരുള്ള  Bubalus bubalis.   

placeholder
ഏഷ്യൻ ബഫല്ലോ / കാട്ടെരുമ | By Dr. Raju Kasambe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49583649
ഏഷ്യൻ ബഫല്ലോ / കാട്ടെരുമ | By Dr. Raju Kasambe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49583649

6300 വർഷങ്ങൾക്ക് മുമ്പാകും. പടിഞ്ഞാറൻ ഇന്ത്യയിൽ വെള്ളത്തിലിറങ്ങിക്കഴിയുന്ന റിവർ ബഫല്ലോ-  കാട്ടെരുമകളെ ആദ്യമായി  മനുഷ്യർ ഇണക്കിയത്. ചതുപ്പുകളിൽ ജീവിക്കുന്ന മറ്റൊരു ഇനവും വേറെതന്നെ ചൈനയിൽ ഇത്തരത്തിൽ ഇണക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുപുരാണങ്ങളിൽ മരണദേവനായ യമന്റെ വാഹനം പോത്താണ്. ദുർഗ കൊലചെയ്യുന്ന മഹിഷാസുരന്റെ തല പോത്തിന്റെതാണല്ലോ. പല ഏഷ്യൻ രാജ്യങ്ങളിലും പോത്തുകൾ അവരുടെ സംസ്‌കാരത്തിന്റെയും മിത്തുകളുടെയും ഭാഗമാണ്. റിവർ  ബഫല്ലോകൾക്ക് 48 ക്രോമോസോമും സ്വാമ്പ് ബഫല്ലോകൾക്ക് 50 ക്രോമോസോമും ആണുള്ളത്. അതിനാൽ തന്നെ ഇവ തമ്മിൽ സധാരണമായി ഇണചേർന്ന് കുട്ടികൾ ഉണ്ടാവാറില്ല. ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വഴി പുതിയ ബ്രീഡുകളെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടും ഉണ്ട്.  

അയവെട്ട് സ്വഭാവമുള്ള മറ്റ് നാൽക്കാലികളിൽനിന്നു വ്യത്യസമുള്ളതാണ് ഇവരുടെ റുമെൻ ആമാശയം. കൂടുതൽ ബാക്ടീരിയകൾ നിറഞ്ഞതാണത്. കൂടിയ അളവിൽ റുമൻ അമോണിയ നൈട്രജൻ അടങ്ങീട്ടുണ്ടാകും. വെള്ളത്തിൽ ഇറങ്ങിക്കിടന്നോ ചളിയിൽ ഉരുണ്ട് പിരണ്ട് ദേഹം മുഴുവൻ പൊതിഞ്ഞോ ഇവ ചൂടിനെ തടയാൻ അനുകൂലനം ആർജ്ജിച്ചവരാണ്. കൃഷിയിടങ്ങളിൽ നിലം ഉഴുവാനും പാലിനും മാംസത്തിനും തുകലിനും  ഒക്കെ വേണ്ടി ഇവയെ വളർത്തിയിരുന്നു. നിലവിൽ റിവർ ബഫല്ലോകളിൽ നിന്നുണ്ടായ ഇരുപത്തിരണ്ടോളം ഇനം ബ്രീഡ്  വളർത്ത് പോത്തുകൾ ഉണ്ട്. ചതുപ്പ് ഇനങ്ങളുടെ പതിനാറോളം ബ്രീഡുകൾ ചൈനയിൽ മാത്രമുണ്ട്. നമ്മുടെ പശുവിൽ  പോത്തുകൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്നും കാളകൾക്ക്  എരുമകളിൽ കുട്ടികളുണ്ടാകുമോ എന്നുമുള്ള നിരവധി പരീക്ഷണങ്ങൾ നടത്തി നോക്കീട്ടുണ്ടെങ്കിലും ഇതുവരെയും വിജയകരമായിട്ടില്ല. അല്ലാതെ കാട്ടിയിൽ(ഗൗർ ) നിന്നല്ല നാടൻ പോത്തുകളും എരുമകളും ഉണ്ടായത്. നമ്മൾ ഇന്ന് 'കാട്ടുപോത്ത്' എന്നുവിളിക്കുന്ന ജീവിയെ  'കാട്ടി'  എന്നുമാത്രമായി നിജപ്പെടുത്തുന്നത് ഈ ആശയക്കുഴപ്പം ഇല്ലാതാക്കും. (നമ്മുടെ നാട്ടിൽ ഇല്ലാത്ത വോൾഫ് എന്ന ജീവിക്ക് ചെന്നായ എന്ന് പണ്ടാരോ മലയാള വിവർത്തകർ പേരിട്ടു കളഞ്ഞതിനാലാണല്ലോ നമ്മുടെ കാട്ടിൽ ഉള്ള ചുവപ്പ് രാശിയുള്ള കാട്ടുനായകളെ ചെന്നായ എന്ന്  മലയാളത്തിൽ പേരിടാനാകാതെ  'കാട്ടുനായകൾ' എന്ന് വിളിക്കേണ്ടി വന്നത്.  ഹിന്ദിയിൽ ദോൾ എന്ന മനോഹര പേരിവർക്കുണ്ട്.)

placeholder
ഏഷ്യാട്ടിക് ബഫല്ലോ | ഫോട്ടോ : ഡേവിഡ് രാജു
ഏഷ്യാട്ടിക് ബഫല്ലോ. ഇവയുടെ പിന്തുടർച്ചക്കാരാണ് നമ്മുടെ നാട്ടിലെ പോത്തുകൾ | ഫോട്ടോ: ഡേവിഡ് രാജു

.അപ്പോൾ ശരിയായ  'കാട്ടു-പോത്തുകൾ' അഥവാ 'കാട്ട് - എരുമകൾ'  (Wild Indian Water Buffalo ) ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും  ചത്തീസ്ഗഢ് തുടങ്ങിയ ചില സംസ്ഥാനങ്ങളിലും ഉള്ള വനമേഖലകളിലെ പുൽമേടുകളിലും ചതുപ്പിലും കാണപ്പെടുന്നവയാണ്. നാടൻപോത്തിനെയും എരുമയെയും പൊതുവേ കന്ന് എന്നാണ് വിളിക്കുന്നത്. 'കന്നിനെ കയം കാണിക്കരുത് ' എന്ന പഴഞ്ചൊല്ല് അവയുടെ ജലാശയങ്ങളോടുള്ള താൽപ്പര്യം വെളിവാക്കുന്നതാണ്. കാട്ടു-പോത്തും,  നാടൻപോത്തും കരയിലും വെള്ളത്തിലുമായി കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന കന്നാണ്.  ഇരുണ്ട ചാമ്പൽ നിറമുള്ള ഇവയുടെ പരന്ന കൊമ്പുകൾ ഇരുവശത്തേക്കും പിന്നിലേക്ക് വളഞ്ഞതാണ്. കൊമ്പിന് കുറുകെ ചെറിയ വലയങ്ങൾ കാണാം. കാട്ട്-പോത്ത്  കാട്ടിയേക്കാൾ ചെറുതാണെന്നു മാത്രമല്ല കാട്ടിയുടെ അത്രയും ബലിഷ്ഠമായ മാംസപേശിയും ഇവയ്ക്കില്ലതാനും. കാട്ടി കൂട്ടമായി മലമ്പ്രദേശങ്ങളിലെ പുൽമേടുകളിലാണ് കാണപ്പെടുന്നതെങ്കിൽ പോത്ത് /എരുമ സമതലങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങിക്കിടന്ന് ശരീരം തണുപ്പിക്കുന്ന സ്വഭാവമുള്ളവരാണ്. 

മുതിർന്ന കാട്ടികൾ കടും ബ്രൗൺ കലർന്ന കറുപ്പ് നിറമുള്ളവയാണ്. പ്രായം കൂടും തോറും കൂടുതൽ ഇരുണ്ട കറുപ്പായി മാറും. വളഞ്ഞ കൊമ്പുകൾക്കിടയിൽ കോണ്വെക്‌സ് ആകൃതിയിൽ മുന്നോട്ട് തള്ളിയ നെറ്റിയാണിവർക്കുള്ളത്. അതിനാൽ മുഖത്തിന്റെ മേൽഭാഗത്ത് ഒരു കുഴിപോലെ തോന്നും. മുതുകിൽ കൃത്യമായ വരമ്പുണ്ട്. വലിയ ചെവികൾ ആണിവർക്കുള്ളത്. തലയുടെ മുകൾഭാഗം കണ്ണിനുമുകളിൽ ചാരനിറമോ ചിലപ്പോൾ മുഷിഞ്ഞ വെളുപ്പ്  നിറത്തിലോ ആണുണ്ടാകുക. മൂക്കുഭാഗവും മങ്ങിയ നിറത്തിൽ തന്നെ കാണാം. എന്നാൽ സോക്‌സ് ഇട്ടപോലെ കാലുകളുടെ കീഴ്ഭാഗം നല്ല  വെളുപ്പ് നിറത്തിലാണുണ്ടാകുക.  വളർത്ത് കാളകളുടെ പോലെ നീണ്ടവാലിവർക്കില്ല.  മുട്ടോളം മാത്രം എത്തുന്ന കുഞ്ഞൻ വാലേ ഉള്ളു. പെൺകാട്ടികളും കുട്ടികളും മങ്ങിയ നിറത്തിലാണുണ്ടാകുക. അടിഭാഗം അത്പം പരന്നും മുകളിലോട്ട് വളഞ്ഞും അഗ്രം കൂർത്ത് പിറകിലേക്ക് തിരിഞ്ഞും ഉള്ള കരുത്തൻ കൊമ്പുകളാണ് ഇവർക്കുണ്ടാകുക. മങ്ങിയ പച്ചയോ  ഇളം മഞ്ഞകലർന്നതോ ആയ ഇരുണ്ട നിറമാണെങ്കിലും കൊമ്പിന്റെ  മുനകളിൽ  കട്ടിക്കറുപ്പാണുണ്ടാകുക.  8-10 അടി നീളവും ആറടിയിലേറെ ഉയരവും ഉള്ളതാണ് കാട്ടികൾ . ആയിരത്തഞ്ഞൂറു കിലോയോളം ഭാരവുമുണ്ടാവും മുതിർന്ന ആൺ കാട്ടികൾക്ക്. പെൺ കാട്ടികൾക്ക് ഭാരം അത്പം കുറവാകും.

ലോകത്ത് തന്നെ കൂടുതൽ കാട്ടികൾ ഉള്ള പ്രദേശം നമ്മുടെ പശ്ചിമഘട്ടം ആണ്. വയനാട്, നാഗർഹോള, മുതുമല,  ബന്ദിപ്പൂർ ബെൽറ്റാണ് കാട്ടികളുടെ വിഹാരകേന്ദ്രം.  സൈലന്റ് വാലി, പെരിയാർ ടൈഗർ റിസർവ് ഒക്കെ കാട്ടികൾ ധാരാളം ഉള്ള പ്രദേശങ്ങളാണ്. പുറമേനിന്നുള്ള കൈകടത്തലുകൾ ഇല്ലാത്ത ഇടങ്ങളിൽ ഇവ സാധാരണമായി പകൽ മേഞ്ഞ് നടന്ന്, രാത്രി വിശ്രമിക്കുന്ന സ്വഭാവക്കാരാണെങ്കിലും  ആൾപ്പെരുമാറ്റവും മറ്റും കൊണ്ട് സജീവമായ കാട്ട് ഇടങ്ങളിൽ രാത്രി മേയാൻ ശ്രമിക്കുന്നവരാണ്. കുടിക്കാൻ വെള്ളത്തിലിറങ്ങുമെന്നല്ലാതെ കാട്ട്- പോത്തുകളെപ്പോലെ കാട്ടികൾ വെള്ളത്തിൽ നീന്തിക്കളിക്കാൻ ഇഷ്ടപ്പെടുന്നവരല്ല. 

ആനക്കൂട്ടങ്ങളെപ്പോലെ തന്നെ കാട്ടിക്കൂട്ടങ്ങളും മുതിർന്ന ഒരു പെൺകാട്ടിയുടെ  matriarch  നേതൃത്വത്തിൽ ആണ് കഴിയുക.  മുതിർന്ന ആൺകാട്ടികൾ ഒറ്റയ്ക്ക് അലയുകയാണ് ചെയ്യുക. ചിലപ്പോൾ ആണുങ്ങളുടെ ചെറു സംഘങ്ങളായും കഴിയും. ഇണചേരൽ കാലത്ത് ഇവ കാട്ടിക്കൂട്ടങ്ങളിലെത്തുന്നു. വലിപ്പവും കരുത്തും തന്നെയാണ് ഇണ തിരഞ്ഞെടുപ്പിലെ മാനദണ്ഡം. വലിയ തോതിലുള്ള മത്സര പോരുകൾ നടക്കാറില്ല. കരുത്തന് വഴിമാറിക്കൊടുത്ത് മറ്റുള്ള ആൺകാട്ടികൾ വിട്ട്‌പോകും. 

ആൾസഞ്ചാരങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ ഉള്ള കാട്ടികൾ അത്രമേൽ കരുത്തരും  ഭീമാകാര ശരീരികളും ആണെങ്കിലും ആളുകളെ കണ്ടാൽ മിന്നൽ പോലെ കാട്ടിലേക്ക് ഓടിമറയുന്ന ലജ്ജാലുക്കളാണ്. എന്നാൽ മനുഷ്യരുമായി കൂടുതൽ ഇടപെടലുകൾ നടത്തുന്നവ യാതൊരു കൂസലും കൂടാതെ ടൗണുകളിൽ ഇറങ്ങി നടക്കും, നാട്ടിലെ നാൽക്കാലികൾക്കൊപ്പം മേയും അവയെ ആക്രമിക്കും. ആളുകളെ കണ്ടാൽ പ്രകോപനം ഒന്നും ഇല്ലാതെ തന്നെ ആക്രമിക്കുകയും ചെയ്യാം. വേനൽ കാലങ്ങളിൽ ചൂടും പ്രാണികീടങ്ങളുടെ ആക്രമണവും കൊണ്ട് അസ്വസ്ഥരായ കാട്ടികൾ കൂടുതൽ അക്രമകാരികളാവാം. 

പുല്ലും നാമ്പുകളും ഒക്കെ കൂടാതെ ചില അവസരങ്ങളിൽ കൂടുതൽ പോഷകത്തിനും ധാതുക്കൾക്കും നാരിനും വേണ്ടി മരങ്ങളുടെ തൊലി അടർത്തി തിന്നുകയും ചെയ്യും. കൂടുതൽ കാൽഷ്യം,  ഫോസ്ഫറസ് ലവണങ്ങളുടെ  സാന്നിദ്ധ്യമുള്ള തേക്ക് തൊലികൾ ഇവർക്ക് കൂടുതൽ ഇഷ്ടമാണ്. കരുത്തും വലിപ്പവും യോജിച്ച് ഉള്ളതിനാൽ പ്രകൃത്യാ ഉള്ള ഇരപിടിയന്മാർ ഇവർക്ക് കുറവാണ്. ഒറ്റയ്ക്കായിപ്പോയ കുട്ടികളേയും അവശരായവരേയും പുള്ളിപ്പുലികളും കാട്ട്‌നായക്കൂട്ടങ്ങളും മഗർ മുതലകളും ഇടയ്ക്ക് ഭക്ഷണമാക്കും. എങ്കിലും പൊതുവെ  കാട്ടികളുടെ അന്തകർ മനുഷ്യരും  കടുവകളും മാത്രമാണ്.   അപൂർവ്വമായി കായൽ മുതലകളും  കാട്ടികളെ പിടികൂടാറുണ്ട്. . എന്നാലും പലപ്പോഴും ജീവരക്ഷയ്ക്കായുള്ള പ്രത്യാക്രമണത്തിൽ മുതിർന്ന കാട്ടികൾ  ചിലപ്പോൾ കടുവകളുടെ കഥകഴിക്കാറും ഉണ്ട്. 

placeholder
മിഥുൻ എന്ന പേരിലറിയപ്പെടുന്ന ഗായൽ | By Rohit Naniwadekar - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=30326787
മിഥുൻ എന്ന പേരിലറിയപ്പെടുന്ന ഗായൽ   | By Rohit Naniwadekar - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=30326787

കാട്ടികളിൽനിന്നും ഉരുത്തിരിഞ്ഞത് എന്ന് കണക്കാക്കുന്ന മൃഗമായ മിഥുന് 'ഗായൽ' എന്നും പേരുണ്ട്. വടക്ക് കിഴക്കൻ ഇന്ത്യയിലും മ്യാന്മർ, ബംഗ്ലാദേശ്, ചൈനയിലെ യുനാൻ പ്രദേശം എന്നിവിടങ്ങളിലെ വളർത്തുമൃഗമാണിത്. അരുണാചലിലെ പല ഗോത്രങ്ങളും അവരുടെ ആസ്തി വലിപ്പം സ്വന്തമായുള്ള മിഥുനുകളുടെ എണ്ണം കൊണ്ടാണ് പറയുക.  മിഥുൻ പലഗോത്രങ്ങളുടെയും വീട്ടു - വളർത്തുമൃഗം എന്ന് പറയാൻ കഴിയില്ല. വളരുന്നത് മുഴുവൻ കാട്ടിൽ സ്വതന്ത്രരായാണ്. പക്ഷെ, ഒരോ എണ്ണവും  കൃത്യമായ അതിരുകൾക്കുള്ളിലാവും തീറ്റ തേടുക. ഇവയുടെ ചെവികളിൽ ഉള്ള മുറിവടയാളങ്ങളാണ് ഇത് ആരുടെ സ്വത്താണ് എന്നതിന്റെ തെളിവ്. പ്രധാന ചടങ്ങുകൾക്ക് എത്ര മിഥുന്റെ  മാംസം വിളമ്പുന്നു  എന്നതാണ് അവരുടെ സാമൂഹ്യസ്ഥാനത്തിന്റെ അളവുകോൽ. ചില ഗോത്രങ്ങളിൽ, വിവാഹ ഉറപ്പിക്കൽ ഒക്കെ പെൺവീട്ടുകാർക്ക് വരന്റെ വക മിഥുനെ  കൈമാറിയാലേ നടക്കു. കാട്ടിൽ മേഞ്ഞ് ജീവിക്കുന്ന ഇവയെ ആവശ്യമാകുന്ന സമയത്ത് കാട്ടിൽ പ്രത്യേക സ്ഥലങ്ങളിൽ ഉപ്പ് കൊണ്ടുവെച്ചാണ് ആകർഷിപ്പിച്ച് വരുത്തിപ്പിക്കുക. വിവാഹം, മറ്റ് ഗോത്ര ചടങ്ങുകൾ എന്നിവയിൽ ബലി നൽകാനും അതിന്റെ മാംസം വിളമ്പാനുമായി ആണ് ഇങ്ങനെ പിടിക്കുന്നത്. ഉപ്പ് തിന്നാൻ വരുന്ന മിഥുനുകളിൽനിന്ന് അവരവരുടെ മിഥുനെ കണ്ടെത്തി പിടിച്ച് കൊണ്ടുപോയി ആചാരപരമായി  കശാപ്പ് ചെയ്ത് മാംസം വീതിക്കും.  പൊതുവെ ആൺമിഥുനുകൾ ശാന്തശീലരാണ്. എന്നാൽ കുട്ടിയുമായി മേയുന്ന പെൺമിഥുനുകൾ ഭയപ്പെട്ടാൽ മനുഷ്യരെ ആക്രമിക്കാറുണ്ട്.