കോഴിക്കോട്: സർവീസിൽനിന്ന് വിരമിക്കുന്ന പ്രിയ അധ്യാപകന് യാത്രയയപ്പ് സമ്മാനമായി, താൻ കണ്ടെത്തിയ കടന്നലിന് അദ്ദേഹത്തിന്റെ പേര് നൽകി ശാസ്ത്രജ്ഞൻ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പുതുവായി ഗിരീഷ് കുമാറാണ് താൻ കണ്ടെത്തിയ അപൂർവയിനം കടന്നലിന് തന്റെ ജന്തുശാസ്ത്ര അധ്യാപകൻ ഡോ. ബോബി ജോസിന്റെ പേരുനൽകിയത്. വയനാട് വന്യജീവിസങ്കേതത്തിൽനിന്ന് കണ്ടെത്തിയ പുതിയ കടന്നൽ ഇനത്തിന് ‘സ്പിലോമിന ബോബിജോസി’യെന്നാണ് പേര് നൽകിയിരിക്കുന്നത്.

To advertise here,

കോഴിക്കോട് ദേവഗിരി കോളേജ് പ്രിൻസിപ്പലായ ഡോ. ബോബി ജോസ് മേയ് 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് അപൂർവ യാത്രയയപ്പ് സമ്മാനം ലഭിച്ചത്. രണ്ടുപതിറ്റാണ്ട് നീണ്ട തന്റെ ടാക്സോണമി ഗവേഷണത്തിൽ വഴിവിളക്കായിനിന്നത് ഡോ. ബോബി ജോസായിരുന്നെന്നും അദ്ദേഹം തന്ന പിന്തുണയാണ് തനിക്ക് ജന്തുശാസ്ത്ര ഗവേഷണത്തിലേക്കുള്ള കരുത്തേകിയതെന്നും ഡോ. ഗിരീഷ് കുമാർ പറഞ്ഞു.

ആഫിഡ് കടന്നൽവിഭാഗത്തിൽപ്പെട്ടതാണ് ഇപ്പോൾ കണ്ടെത്തിയ കടന്നൽ. ഇന്ത്യയിൽ സ്പിലോമിനയുടെ പതിനൊന്നാമത്തെ വർഗയിനമാണ് ഇപ്പോൾ കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ അമലും ഗിരീഷ് കുമാറിനൊപ്പം ഗവേഷണസംഘത്തിലുണ്ടായിരുന്നു. എന്റമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാനും തർബിയത് മോഡ്രാസ് സർവകലാശാലയും ചേർന്നിറക്കിയ ഗവേഷണ മാന്വലിലാണ് ഗിരീഷ് കുമാറിന്റെ ഗവേഷണപ്രബന്ധം അച്ചടിച്ചുവന്നത്.