തദ്ദേശീയരായ സഞ്ചാരികളെ അപേക്ഷിച്ച്‌ പെട്ടെന്ന്‌ തിരിച്ചറിയത്തക്ക നിറവും ആകാരവുമാണ്‌ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക്‌. ആൾക്കൂട്ടത്തിൽനിന്ന്‌  അവരെ  പെട്ടെന്ന്‌  തിരിച്ചറിയുന്നതും ഇതുകൊണ്ടൊക്കെതന്നെയാണ്‌. വേലിത്തത്തകളുടെ കൂട്ടത്തിൽപ്പെടുന്ന യൂറോപ്യൻ വേലിത്തത്ത എന്ന ഈ ദേശാടകനും കാഴ്‌ചയിൽ  ഇതുപോലൊക്കെത്തന്നെയാണ്‌. തൂവലുകളിലെ വർണവൈവിധ്യവും ആകാരവും അത്‌ പറഞ്ഞറിയിക്കുന്നതാണ്‌. ദേശാടനകാലത്ത്‌ മിക്കപ്പോഴും തദ്ദേശീയരായ വേലിത്തത്തകളോടൊപ്പം കഴിഞ്ഞുകൂട്ടുന്ന ഇവരെ ​വേർതിരിച്ചറിയാൻ സഹായിക്കുന്നതും ആ വർണ ​വൈവിധ്യവും ആകാരവുമാണ്‌. 

To advertise here,

ഏഴിനം വേലിത്തത്തകളെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, ഇക്കൂട്ടത്തിൽ എളുപ്പം തിരിച്ചറിയാവുന്ന ഒരിനമാണ്‌ യൂറോപ്യൻ വേലിത്തത്ത. എന്നിട്ടും കേരളത്തിൽ  അപൂർവമായേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ്‌ സത്യം. 2016-ൽ തൃശ്ശൂർ തൊമ്മന കോൾപ്പാടത്തുനിന്നാണ്‌ ആദ്യമായി കാണുന്നത്‌. ​

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

 യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ‚ പോർച്ചുഗൽ തുടങ്ങിയവ മുതൽ ഏഷ്യൻ രാജ്യങ്ങളായ താജികിസ്താൻ‚ കിർഗിസ്താൻ വരെ വ്യാപിച്ചു കിടക്കുന്നതാണ്‌ ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. തണുപ്പുകൂടുമ്പോൾ തുടങ്ങുന്ന ദേശാടനം കൂടുതലും ആഫ്രിക്കൻ ഭാഗങ്ങളായ സിംബാബ്​വെ‚ സാംബിയ തുടങ്ങിയ ഇടങ്ങളിലേക്കാണ്‌. ഈ കാലത്ത്‌ പാകിസ്താനിലും ഇന്ത്യയിൽ കശ്‌മീർ, ലഡാക്ക്‌ ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്‌.
തമിഴ്‌നാട്ടിൽ സേലം - മേട്ടൂർ ഡാം പരിസരം‚ കോയമ്പത്തൂർ - ആനൈക്കട്ടി ഭാഗം‚  കർണാടകയിൽ ബെംഗളൂരുവിന്‌ സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എല്ലാ ദേശാടനകാലത്തും ഇവയുടെ സാന്നിധ്യമുണ്ട്‌.

placeholder
ഫോട്ടോ: റയീസ്‌ റഹ്‌മാൻ
ഫോട്ടോ: റയീസ്‌ റഹ്‌മാൻ

സേലം മേട്ടൂർ ഡാം പരിസരത്ത്‌ വന്നെത്തുന്ന യൂറോപ്യൻ വേലിത്തത്തകൾ ആറുമാസത്തോളം ഇവിടെ തങ്ങാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്‌. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇന്ത്യ വഴി ശ്രീലങ്കയിലേക്കും ഒരു വിഭാഗം യൂറോപ്യൻ വേലിത്തത്തകൾ ദേശാടകരായി പോകുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇവിടത്തെ പക്ഷിനിരീക്ഷകർ തയ്യാറാക്കിയ കേരളത്തിൽ വന്നേക്കാവുന്ന ദേശാടകരുടെ പട്ടികയിൽ ഇവ ഇടം പിടിച്ചിട്ട്‌ വർഷങ്ങളായി. എന്നിട്ടും 2016-ന്‌ ശേഷം ഇവയെ കേരളത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. വേലിത്തത്തകളുടെ കൂട്ടത്തിലെ പിടികിട്ടാപ്പുള്ളിയായി വിലസുകയാണിവർ. എന്നാൽ, ഇനി അധികകാലം ഇവിടത്തെ പക്ഷിനിരീക്ഷകരുടെ കണ്ണുവെട്ടിച്ച്‌  ഈ ദേശാടകന്‌ കേരളം കടന്ന്‌ ശ്രീലങ്കയിലെത്താൻ കഴിയുമെന്ന്‌ തോന്നുന്നില്ല.  

അടുത്തകാലത്തായി കേരളത്തിലെ പക്ഷിനിരീക്ഷകരുടെ എണ്ണത്തിലുണ്ടായ വർധന, അത്‌ ശരിവെക്കുന്നതുമാണ്‌.  കൂടാതെ, പ്രവാസികളായ പക്ഷിനിരീക്ഷകർക്കെല്ലാം പരിചിതമാണ്‌ ഈ യൂറോപ്യനെ. ഗൾഫ്‌ നാടുകളിലെ കടലോരങ്ങളിൽ സ്ഥിരമായി വന്നെത്താറുള്ള ദേശാടകരാണിവർ. യൂറോപ്യൻ വേലിത്തത്തകളുടെ ചെമ്പൻ നിറമുള്ള തലയും‚ തൊണ്ടയിലെ മഞ്ഞനിറവും  അടിഭാഗത്തായുള്ള നീലനിറവും പെട്ടെന്ന്‌ ശ്രദ്ധപിടിച്ചുപറ്റുന്നതരത്തിലാണ്‌. തൊണ്ടയിലെ മഞ്ഞനിറത്തിനരികിലായി കറുപ്പുനിറമുള്ള വരയുണ്ട്‌. തലയിലെ ചെമ്പൻ നിറം മേൽഭാഗത്തേക്കെത്തുമ്പോൾ സ്വർണ്ണനിറമുള്ള മഞ്ഞനിറമായി മാറും. ചിറകിന്റെ വശങ്ങളിലും ചെമ്പൻ നിറമുണ്ട്‌. 

placeholder
ഫോട്ടോ: റയീസ്‌ റഹ്‌മാൻ
ഫോട്ടോ: റയീസ്‌ റഹ്‌മാൻ

കൊക്കിൽ നിന്നു തുടങ്ങി കണ്ണിനു കുറുകെയായി കറുത്ത പാടും കാണാം. പച്ചനിറമുള്ള വാലിൽ നടുഭാഗത്തെ തൂവലുകൾ കമ്പിത്തൂവലുകളായി നീണ്ടുകിടക്കുന്നതാണ്‌. ഇതിന്‌ 2.5 സെന്റീമീറ്ററിലധികം വരെ നീളം തോന്നിക്കാറുണ്ട്‌. പെൺപക്ഷികളിൽ ഈ കമ്പിത്തൂവലുകൾക്ക്‌ നീളം കുറഞ്ഞാണ്‌ കാണാറ്‌. പൂർണ വളർച്ചയെത്താത്തപ്പക്ഷികൾക്കാവട്ടെ വാലിൽ ഈ ഭാഗം കാണാറില്ല.  പെൺ പക്ഷികൾക്ക്‌ പൊതുവെ മങ്ങിയ നിറമാണ്‌.  മുതിർന്ന പക്ഷികളുടെ കണ്ണിന്‌ ചുവപ്പുനിറമാണ്‌. പൂർണ വളർച്ചയെത്താത്ത പക്ഷികളിൽ ഇത്‌ ബ്രൗൺ നിറത്തിലാണ്‌ കാണാറ്‌. ആൺപക്ഷികൾക്ക്‌ പെൺപക്ഷികളേക്കാൾ വലുപ്പം കൂടും. എന്നാൽ ജർമനി, പോർച്ചുഗൽ ഭാഗങ്ങളിൽ കാണാറുള്ള യൂറോപ്യൻ വേലിത്തത്തകൾക്ക്‌ ഈ വ്യത്യാസം കാഴ്‌ചയിൽ തോന്നാറില്ലെന്ന്‌ പഠനങ്ങളുണ്ട്‌. 

മരങ്ങളിൽ കൂടുകൂട്ടുന്നതിനു പകരം മാളങ്ങളുണ്ടാക്കി അതിലാണ്‌ വേലിത്തത്തകൾ മുട്ടയിടാറ്‌. മണൽ നിറഞ്ഞ പ്രദേശങ്ങളിലെ ചുമരുകളിലും നിലത്തും ഇവ മാളങ്ങളുണ്ടാക്കാറുണ്ട്‌.  ഇത്തരം മാളങ്ങളുടെ നിർമാണ വേളയിൽ 7മുതൽ 13 കിലോഗ്രാം വരെ വരുന്ന മണ്ണ്‌ ഇവ സ്വന്തമായി തുരന്ന്‌ നീക്കാറുണ്ടെന്നും പഠനങ്ങളിൽപറയുന്നു.  ഇണപക്ഷികൾ ചേർന്ന്‌ അടുത്തടുത്തായി ഉണ്ടാക്കുന്ന  രണ്ടോ അതിലധികമോ മാളങ്ങളിൽ നിന്ന്‌ അനു​യോജ്യമായ ഒന്ന്‌ തിരഞ്ഞെടുത്ത്‌ അതിലാണ്‌ പെൺപക്ഷി മുട്ടയിടാറ്‌. ചെറുപ്രാണികളെയും​ തേനീച്ചകളെയും ഇരയാക്കാറുള്ള ഇവയ്ക്ക്‌ പറന്നുകൊണ്ടിരിക്കുന്ന പ്രാണികളെ പിടിക്കാൻ പ്രത്യേക കഴിവുതന്നെയുണ്ട്‌. 

English Name:  European Bee-eater
Scientific Name: Merops apiaster
Malayalam Name: യൂറോപ്യൻ വേലിത്തത്ത