
മലപ്പുറം: ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ അപ്രതീക്ഷിതമായി വന്ന തകിടംമറിയലിൽ തരിച്ചിരിക്കുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. പുതിയ സാഹചര്യം ആർക്ക് പ്രയോജനം ചെയ്യുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
വികസനവും തുടർഭരണവും അഴിമതിയും പോലുള്ള വിഷയങ്ങളായിരുന്നു തുടക്കത്തിൽ ചർച്ചയായതെങ്കിൽ പി.വി. അൻവറിന്റെ കാലുമാറ്റവും അദ്ദേഹം പൊട്ടിച്ച ‘ബോംബു’കളുമാണ് അടുത്ത ഘട്ടത്തിൽ പ്രചാരണം കൊഴുപ്പിച്ചത്. ചിട്ടയായ പ്രചാരണതന്ത്രങ്ങളുമായി മുന്നേറുന്നതിനിടെയാണ് കുട്ടിയുടെ ഷോക്കേറ്റുള്ള മരണം എല്ലാം കീഴ്‌മേൽ മറിക്കുന്നത്. അതേസമയം, ഈ വിഷയം നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം പ്രധാനവുമാണ്.
വന്യമൃഗശല്യവും വന്യമൃഗ ആക്രമണവും തിരഞ്ഞെടുപ്പിലെ ചർച്ചാവിഷയമായിരുന്നു. ഇത് പ്രധാനമായും ഉയർത്തിയത് പി.വി. അൻവറും. ഇടതുസർക്കാരിനെയും വനംവകുപ്പിനെയുമാണ് അൻവർ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയിരുന്നത്. 2026-ലെ തിരഞ്ഞെടുപ്പിൽ തനിക്ക് ആഭ്യന്തരവകുപ്പും വനംവകുപ്പും നൽകുമെന്ന് ഉറപ്പുനൽകിയാൽ യുഡിഎഫിനെ വിജയിപ്പിക്കാൻ സഹകരിക്കാമെന്ന് അൻവർ പറഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഏത് സർക്കാർ വന്നാലും വന്യമൃഗപ്രശ്നം പരിഗണിക്കാറില്ലെന്നാണ് മലയോര കർഷകരുടെ സ്ഥിരം പരാതി. അതിൽ അൽപ്പം കാര്യമുണ്ടെന്ന് കാണാം.
വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് കഴിഞ്ഞ ഡിസംബറിലും ഒരാൾ മരിച്ചിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയായ കാരക്കോട് പുത്തിരിപ്പാടം പുത്തൻവീട്ടിൽ രാമകൃഷ്ണനാണ് മരിച്ചത്. എന്നാൽ ആ പ്രദേശത്തുള്ളവരല്ലാതെ ആരും ഈ സംഭവം കാര്യമായെടുത്തില്ല. ഒരു രാഷ്ട്രീയനേതാക്കളും അദ്ദേഹത്തിന്റെ വീട്ടിൽ വന്നില്ല. ഡിസംബർ 11-നാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമകൃഷ്ണൻ മരിച്ചത്.
രാവിലെ എട്ടോടെ ജോലി തേടി പോകുന്നതിനിടയിലാണ് തോട്ടത്തിനു ചുറ്റുമുള്ള വേലിയിൽനിന്ന് ഷോക്കേറ്റ് രാമകൃഷ്ണൻ മരിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും വൃദ്ധയായ അമ്മയുമുണ്ട് ഇയാൾക്ക്. ജീവിതം പ്രതിസന്ധിയിലായതോടെ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കും വനം വകുപ്പിനും അമ്മയും ഭാര്യയും പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയനേതാക്കളെല്ലാം സ്ഥലത്തുള്ളതുകൊണ്ടും സംഭവം വലിയ വാർത്തയായതുകൊണ്ടും അനന്തുവിന് അന്ത്യോപചാരമർപ്പിക്കാൻ നേതാക്കളും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളും എത്തിയിരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മുൻ മന്ത്രി കെ.കെ. ഷൈലജ, എംപിമാരായ അടൂർ പ്രകാശ്, വി.കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ എംഎൽഎ, സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്ത്, എം. സ്വരാജ്, പി.വി. അൻവർ, അഡ്വ. മോഹൻ ജോർജ് എന്നിവർ അനന്തുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Content Highlights: nilambur bypolls 2025 boar trap accident
Published: 09 Jun 2025, 08:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented