തിരുവനന്തപുരം: ആര്‍എസ്എസ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമര്‍ശങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് പരാമര്‍ശം സിപിഎം വോട്ട് കുറച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

To advertise here,

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയെ കമ്മിറ്റി ഒന്നടങ്കം വിമര്‍ശിച്ചു, പിണറായി വിജയന്‍ ശാസിച്ചു എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, എനിക്കെതിരേ ഒരു പരാമര്‍ശവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സത്യവിരുദ്ധവും കള്ളവുമായ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. എനിക്കെതിരെ ഒരാളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

എളമരം കരീമും പി. രാജീവും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരായ നീക്കങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. തനിക്കെതിരായ വാര്‍ത്തകളെ പാര്‍ട്ടിക്കെതിരായ വാര്‍ത്തയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു എ.വി ഗോവിന്ദന്‍ പറഞ്ഞത്. ഇത് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ യു.ഡി.എഫ് വലിയ രീതിയിൽ ആയുധമാക്കി. പിന്നാലെ അദ്ദേഹത്തിനെതിരേ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു. എം.വി ഗോവിന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ തള്ളി രംഗത്തെത്തി. പാര്‍ട്ടിയുടെ വിശ്വാസ്യതയെയും രാഷ്ട്രീയ അടിത്തറയെയും ബാധിക്കുന്ന പ്രസ്താവന സെക്രട്ടറി തന്നെ നടത്തിയാല്‍ പാര്‍ട്ടിയുടെ കാര്യം എന്താകുമെന്ന ചോദ്യംവരെ ഇക്കാര്യത്തില്‍ എം.വി ഗോവിന്ദനു നേര്‍ക്ക് ഉണ്ടായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.