ഴുത്തുകാരായ തങ്ങളുടെ ജോലി എഴുത്തുകാരായിരിക്കുക എന്നതു മാത്രമാണെന്നു കരുതുന്നവരെ കേൾക്കാനും അതെല്ലാം വിശ്വസിക്കാനും അതിൻപ്രകാരം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനും മലയാളിയുടെ രാഷ്ട്രീയബോധം അനുവദിക്കുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പും അതിന്റെ ഫലവും.

To advertise here,

സമൂഹത്തിൽ നടക്കുന്ന അനീതികളെയും അസമത്വങ്ങളെയും കണ്ടില്ലെന്നു നടിക്കുകയും ഭരിക്കുന്ന പാർട്ടി പറയുന്നത് അപ്പാടെ വിഴുങ്ങി അവർ പറയുന്നതനുസരിച്ചുമാത്രമേ പ്രതികരിക്കൂ എന്ന നിലപാടെടുക്കുന്ന എഴുത്തുകാരെ/സാംസ്‌കാരികപ്രവർത്തകരെ തിരിച്ചറിയാൻ കഴിവുള്ളവരാണ് ഓരോ സമ്മതിദായകനും.

സിദ്ധാർഥൻ എന്ന വെറ്ററിനറി കോളേജ് വിദ്യാർഥിയെ റാഗിങ് നടത്തി തൂക്കിലേറ്റിയ കിരാതത്വത്തെ അപലപിക്കാത്ത, തങ്ങൾക്കവകാശപ്പെട്ട ഒരുതുണ്ടു ഭൂമിക്കുവേണ്ടി മാസങ്ങളായി കുടിൽകെട്ടി സമരംനടത്തുന്ന ആദിവാസികളോടും ചെറിയൊരു വേതനവർധനയ്ക്കുവേണ്ടി വെയിലിലും മഴയിലും നിന്ന് നൂറുദിവസത്തിലധികമായി സമരംചെയ്യുന്ന ആശാവർക്കേഴ്‌സിനോടും ഐക്യപ്പെടുന്നതുപോട്ടെ, അനുതാപപരമായ സമീപനംപോലും കൈക്കൊള്ളാത്തവർ, എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവർക്ക് വേണ്ടപ്പെട്ട ഒരു സ്ഥാനാർഥിക്കുവേണ്ടി വോട്ടുചോദിക്കുക എന്ന് ജനം സ്വാഭാവികമായും ചിന്തിച്ചുപോവും. ഭരിക്കുന്നവരാരോ അവരുടെ സ്തുതിപാഠകരായി വരുന്നവരായതുകൊണ്ടാണ് ജനം ഇവരുടെ വാക്കുകൾക്ക് വിലകല്പിക്കാതെപോയത്.

ചില എഴുത്തുകാർ സ്വന്തം ഗുഹയിൽ ഒളിച്ചിരുന്നും ഞങ്ങൾ സമൂഹത്തിലെ അനീതിക്കും അധർമത്തിനുമെതിരേ തങ്ങളുടെ എഴുത്തിലൂടെ പ്രതികരിച്ചുകൊള്ളാം എന്നുപറഞ്ഞും തടിരക്ഷപ്പെടുത്തുകയും ചെയ്യും. ഇത്തരം മൗനികളുടെ ഉൾമോഹവും ഒരർഥത്തിൽ ഭരണകൂടപ്രീണനംതന്നെ. ഭരിക്കുന്നരെ തിരുത്താൻ ത്രാണിയില്ലാത്തവരെ സ്തുതിപാഠകർ എന്നല്ലേ വിളിക്കാനാവൂ. കുറച്ചുകൂടി ഭേദപ്പെട്ട രീതിയിൽ, അല്പാല്പം സാഹിത്യംപുരട്ടി മുദ്രാവാക്യം വിളിക്കാൻ കഴിയും എന്നതുമാത്രമാണ് ഇവർക്കുള്ള പ്രത്യേകത.

സ്ഥാനാർഥി സാഹിത്യാഭിരുചിയുള്ള ആളാണ്. എഴുത്തും വായനയുമുള്ള ആളുമാണ്. എല്ലാം നല്ലകാര്യംതന്നെ. പക്ഷേ, അതിന്റെ പ്രയോജനം ആർക്കാണെന്നാണ് ഒരു സാധാരണക്കാരൻ ചിന്തിക്കുക. മാത്രമല്ല, അയാൾ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയം നോക്കിയാണ് ജനങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ദൈനംദിന ജീവിതപ്രാരബ്ധങ്ങൾക്ക് സാഹിത്യമല്ല രാഷ്ട്രീയബോധ്യങ്ങളാണ് പരിഹാരം എന്ന ജനത്തിന്റെ തിരിച്ചറിവാണ് നിലമ്പൂരിൽ കണ്ടത്. പരുഷമായ യാഥാർഥ്യങ്ങളുമായി ദിനേന ഏറ്റുമുട്ടുന്ന സാധാരണക്കാരാണ് അവിടെയുള്ളവരിൽ ഏറിയപങ്കും. അവർ അതിനോടൊക്കെ മല്ലിടുമ്പോഴൊന്നും ഈ സാംസ്‌കാരികരെ അവിടെ കണ്ടില്ല എന്നതും അവർക്ക് മറക്കാൻപറ്റില്ല.

അന്യഗ്രഹജീവികളായ എഴുത്തുകാരിൽ ഒരാൾക്കുപോലും അവിടെ വോട്ടുണ്ടായിരുന്നില്ല. വോട്ടുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരുപാട് എഴുത്തുകാരുടെ കരച്ചിൽ ഇപ്പോഴും കാതോർത്താൽ കേൾക്കാം എന്നതാണ് രസകരം. എഴുത്തുകാർക്ക് മിക്കസമൂഹങ്ങളും ഉന്നതമായ ഒരു സ്ഥാനം കല്പിച്ചുനൽകുന്നുണ്ട്. അതാണ് വാക്കിന്റെ വില. പക്ഷേ, ആ സ്ഥാനത്തിരുന്ന് സാധാരണക്കാരന്റെ സാമാന്യബുദ്ധിയുടെനേർക്ക് പരിഹാസത്തോടെ ആജ്ഞാപിക്കാനുള്ള അവകാശം അവർ തന്നിട്ടില്ല എന്നത് ആരും മറക്കരുത്. ആരും മറന്നുപോകരുത്.