
ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്‌ക് എടുക്കുക തന്നെവേണം. നിലമ്പൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അന്‍വര്‍ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു. ആ വരയ്ക്കുള്ളില്‍ നില്‍ക്കുന്നില്ലെങ്കില്‍ അന്‍വറില്ലാതെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു. കെപിസിസി നേതൃത്വത്തിലെ അഴിച്ചുപണിയും സമാന്തരമായി നടന്നു. സുധാകരന്ഇ പകരം സണ്ണി ജോസഫ് വന്നു. ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും വര്‍ക്കിങ് പ്രസിഡന്റുമാരായി. വെള്ളിവെളിച്ചത്തില്‍ നില്‍ക്കാതെയും പ്രവര്‍ത്തിക്കാനറിയുന്ന അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറായി. ഈ തീരുമാനങ്ങളത്രയും കോണ്‍ഗ്രസും യുഡിഎഫും ഒരു മുറുമുറുപ്പില്ലാതെ അംഗീകരിച്ചു എന്നതും കാണാതിരിക്കരുത്. ആര്യാടന്‍ ഷൗക്കത്തിനോടുള്ള സൗന്ദര്യപ്പിണക്കം മുസ്ലിംലീഗ് മാറ്റിവെച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിലമ്പൂരിന്റെ മണ്ണിലേക്കിറങ്ങി. അതിന്റെ ഫലമാണ് തിങ്കളാഴ്ച കേരളം കണ്ടത്.
അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു. പക്ഷേ, നിലപാടെടുക്കേണ്ടിടത്ത് നിലപാടെടുത്തു എന്നതും ആ നിലപാടിന്റെ പുറത്ത് വിജയിക്കാനുമായി എന്നതുമാണ് യുഡിഎഫിന്റെ വിജയത്തിന് തിളക്കമേറ്റുന്നത്. മുസ്ലിം സമുദായത്തില്‍നിന്നുള്ള വോട്ടുകള്‍ യുഡിഎഫില്‍ ഉറപ്പിക്കുന്നതിന് ലീഗ് നടത്തിയ പ്രവര്‍ത്തനം ഗംഭീരമായിരുന്നു. മലയോര മേഖലയിലെ വോട്ടുകളില്‍ ഒരു വിഹിതം പിടിക്കാനായതാണ് അന്‍വറിന് തുണയായത്. വന്യജീവി സംഘര്‍ഷത്തില്‍ അന്‍വര്‍ എടുത്ത നിലപാടിനുള്ള വോട്ടുകളാണത്. അതേസമയം, കഴിഞ്ഞ തവണ അന്‍വര്‍ കൊണ്ടുവന്ന മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടത് മുന്നണിയിലേക്ക് വന്നില്ലെന്ന് വേണം കരുതാന്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗിനെതിരെ സിപിഎം നടത്തിയ പടപ്പുറപ്പാടിനോടുളള പ്രതികരണം കൂടിയാണ് നിലമ്പൂരിൽ ഉണ്ടായത്. ആര്‍എസ്എസ്സുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ഇതിനാക്കം കൂട്ടുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന യുഡിഎഫ് നിലപാടും ഇതോട് ചേര്‍ത്ത് വായിക്കണം. സ്വരാജിനെപ്പോലൊരു സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കിയിട്ടും പരാജയപ്പെടുമ്പോള്‍ സിപിഎമ്മിന് രാഷ്ട്രീയ സമവാക്യങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും.
ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ കേരള ജനത ഒരിക്കലും മടിച്ചിട്ടില്ല. വര്‍ഗ്ഗീയതയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല എന്ന സമീപനത്തിലാണ് 1987-ല്‍ സിപിഎമ്മും ഇടതുമുന്നണിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. 2006-ല്‍ വി.എസ്. അച്ച്യുതാനന്ദന് അനുകൂലമായ തരംഗത്തിന് പിന്നിലും നിലപാടുകളോടുള്ള ആഭിമുഖ്യം തന്നെയായിരുന്നു. എ.കെ. ആന്റണിയും വി.എം. സുധീരനും നിലപാടുകള്‍ കൊണ്ടാണ് അപ്രസക്തരാവാതെ നിന്നത്.
രാഷ്ട്രീയ കേരളത്തില്‍ വി.ഡി. സതീശന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. അടുത്തകൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള തരൂരിന്റെ മനക്കോട്ട ഇതോടെ ഇടിയുകയും ചെയ്തു. ഇനിയിപ്പോള്‍ കെ.സി. വേണുഗോപാല്‍ വിചാരിച്ചാല്‍ പോലും സതീശനെ ഒതുക്കാനാവില്ല. അതേസമയം, പൊതു മണ്ഡലത്തില്‍ പ്രതിച്ഛായാ പ്രതിസന്ധി നേരിടുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ നേതൃത്വത്തിന് ഒരിളക്കവുമില്ല എന്നതാണ് വസ്തുത. സാഹചര്യം മനസ്സിലാക്കാതെയുള്ള എം.വി. ഗോവിന്ദന്റെ 'സത്യം പറച്ചിലുകളും' പിണറായിയുടെ നേതൃത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു. പിണറായി വിജയനല്ലാതെ ഒരു സ്റ്റാര്‍ കാമ്പയ്നറും ഇത്തവണ സിപിഎമ്മിന് നിലമ്പൂരിലുണ്ടായില്ല.
അന്‍വറിന്റെ ഗ്രാഫും നിലമ്പൂരില്‍ മുകളില്‍ തന്നെയാണ്. മണ്ടത്തരത്തിന് മണ്ടത്തരം, പിണറായിയെയും സതീശനെയും ഒരുപോലെ വെറുപ്പിക്കല്‍, എല്ലാറ്റിനും മകുടം ചാര്‍ത്താനെന്ന പോലെ രാജിയും- എന്നിട്ടും ഇത്രയും വോട്ട് അന്‍വര്‍ പിടിച്ചെങ്കില്‍ അത് മണ്ഡലത്തിലെ ജനങ്ങളുമായുള്ള അടുപ്പം ഒന്നുകൊണ്ടുമാത്രമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സിപിഎമ്മിന്റെ റിയാസിനെതിരെ അന്‍വറിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചേക്കും. അങ്ങനെവന്നാല്‍ 2026-ലെ തീപാറുന്ന പോരാട്ടം ബേപ്പൂരിലായിരിക്കും.
Content Highlights: Analysis of the Nilambur by-election results, highlighting UDF`s victory
Published: 24 Jun 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented