
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇടതുമുന്നണിക്ക് നൽകിവരുന്ന പിന്തുണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് പിഡിപി അറിയിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിലമ്പൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണമുന്നണിയുടെ ഭാഗമായിരുന്ന മുൻ എംഎൽഎ പി.വി. അൻവർ തുറന്നുപറഞ്ഞിടത്തുനിന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പുതന്നെ ഉണ്ടാകുന്നത്. മലപ്പുറം കളക്ടറേറ്റിനു മുൻപിൽ 97 വയസ്സുകാരനായ ഗ്രോ വാസു അടക്കമുള്ളവർ ഇപ്പോഴും സമരം നടത്തുകയാണ്. കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യേണ്ടിവരുന്ന ആശവർക്കർമാർ കൂലിവർധനയ്ക്കുവേണ്ടി നടത്തുന്ന സമരത്തോടും ചർച്ചയ്ക്കു സന്നദ്ധമല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന ഖജാൻജി സജീദ് ഖാലിദ്, സംസ്ഥാന പ്രവർത്തകസമിതിയംഗം നാസർ കീഴുപറമ്പ്, ജില്ലാപ്രസിഡന്റ് കെ.വി. സഫീർ ഷാ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ എന്നിവരും പങ്കെടുത്തു.
വർഗീയ ഫാസിസത്തിനെതിരേയും സാമ്രാജ്യത്വത്തിനെതിരേയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പം ചേർന്നുനിൽക്കാനാണ് പിഡിപിക്ക് ആശയപരമായി കൂടുതൽ കഴിയുന്നതെന്ന് വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഇടതുമുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഡിപി നിലമ്പൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ അധ്യക്ഷതവഹിച്ചു. കെ.ടി. ജലീൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ശശി പൂവൻചിന, സിയാവുദ്ദീൻ തങ്ങൾ, ജനറൽസെക്രട്ടറി മൈലക്കാട് ഷാ, മജീദ് ചേർപ്പ്, സരോജിനി രവി, ഫൈസൽ കന്മനം തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കും
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂരിൽ അഖിലഭാരത ഹിന്ദുമഹാസഭാ സ്ഥാനാർഥിയെ നിർത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് പിന്തുണപ്രഖ്യാപിച്ചു. എൽഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണ്. എൽഡിഎഫ് തുടർഭരണം ഉണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വർഗ്ഗീയലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണമെന്നും ആദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും പങ്കെടുത്തു.
Content Highlights: Welfare Party announces support for UDF in Nilambur by-election,PDP continues support for LDF
Published: 10 Jun 2025, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented