കൊൽക്കത്ത: തിങ്കളാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്ത് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ. ജൂൺ മുതൽ മതാടിസ്ഥാനത്തിലുള്ള സർക്കാർ സഹായം നിർത്തലാക്കുക, കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടിക റദ്ദാക്കുക എന്നിവയാണ് ഇവയിൽ സുപ്രധാന തീരുമാനങ്ങൾ. ക്വാട്ടാ യോഗ്യത നിശ്ചയിക്കാൻ ഒരു പാനൽ രൂപവത്കരിക്കുമെന്നും സർക്കാർ പറഞ്ഞു.

To advertise here,

സാംസ്കാരികവകുപ്പും ന്യൂനപക്ഷ, മദ്രസ വിദ്യാഭ്യാസ വകുപ്പും മതാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികൾ മേയ് അവസാനം വരെ തുടരും. ഇവ ജൂൺ മുതൽ നിർത്തലാക്കും. ഇത് സംബന്ധിച്ച അറിയിപ്പുകൾ പ്രത്യേകമായി പുറത്തിറക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോൾ പറഞ്ഞു. ക്ഷേമ പരിപാടികൾ മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃണമൂൽ സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനുശേഷം ഇമാം, ക്ഷേത്ര പൂജാരിമാർ എന്നിവർക്ക് പ്രതിമാസ ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികളാണ് അവസാനിപ്പിക്കുന്നത്. ഈ പദ്ധതികളിൽ ആദ്യത്തേത് 2012 ലാണ് അവതരിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുഴുവൻ ഇമാമുമാർക്ക് പ്രതിമാസ ഓണറേറിയം സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതനേതാക്കൾക്ക് പിന്തുണ നൽകുന്നതിനായി പ്രതിമാസം 2,500 രൂപയാണ് നൽകിയിരുന്നത്.  താമസിയാതെ, സമാനമായ ധനസഹായ പരിപാടി മുഅദ്ദിൻമാരിലേക്കും (പള്ളികളിൽ ബാങ്ക് വിളിക്കുന്നവർ) വിപുലീകരിച്ചു. ഈ രണ്ട് ഫണ്ടുകളും ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നാണ് വിതരണം ചെയ്തത്.

2020 ൽ അന്നത്തെ സംസ്ഥാന സർക്കാർ ഹിന്ദു പൂജാരികൾക്കും സമാനമായ ഒരു അലവൻസ് അവതരിപ്പിച്ചു. മുസ്ലിം മതനേതാക്കൾക്ക് മാത്രമാണ് സർക്കാർ സഹായം ലഭിക്കുന്നതെന്ന വിമർശനത്തെ നേരിടാനുള്ള ശ്രമമായി ഈ നീക്കം വ്യാഖ്യാനിക്കപ്പെട്ടു. ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത പൂജാരികൾക്ക് പ്രതിമാസ ഓണറേറിയം ലഭിച്ചു, ഇത് ആദ്യം ഏകദേശം 1,000 രൂപയായിരുന്നു, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2,000 രൂപയായി പരിഷ്കരിച്ചിരുന്നു.

മമത ബാനർജി സർക്കാരിന്റെ കാലത്ത് ഫണ്ട് വിതരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ ഒരു കമ്മിഷനെയും പുതിയ സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്.