ദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് ജൂണ്‍ 19-ന് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികളെ സംബന്ധിച്ചും നിര്‍ണായകമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തങ്ങള്‍ ആരോപിക്കുന്ന ഭരണവിരുദ്ധ വികാരം യുഡിഎഫിന് തെളിയിച്ചേ മതിയാവൂ. എല്‍ഡിഎഫിനാകട്ടെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഇല്ലെന്ന് മാത്രമല്ല, നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങള്‍ മികച്ച വിജയം നേടാന്‍ പോകുന്നു എന്ന ധാരണയിലേക്ക് വോട്ടര്‍മാരെ എത്തിക്കുകയും വേണം. 

To advertise here,

ഇടത് സ്വതന്ത്ര എംഎല്‍എയായിരുന്ന പി,വി, അന്‍വര്‍ പിണറായിസത്തിനും ശശിയിസത്തിനുമെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് നിയമസഭാംഗത്വം രാജിവെച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അദ്ദേഹം മൂന്നാമത്തെ ഇസം കൂടി പിണറായി ഭരണകൂടത്തിനെതിരെ കൊണ്ടുവന്നു. -മരുമോനിസം. 

ഈ മൂന്ന് ഇസങ്ങളുടേയും ഉപജ്ഞാതാവിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രത്യാശ ഐക്യ ജനാധിപത്യമുന്നണിയ്ക്ക് ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന പാറക്കെട്ടില്‍ തട്ടി ആ പ്രത്യാശ തരിപ്പണമായി. അന്‍വറിന്റെ പിന്തുണ യുഡിഎഫിന് നഷ്ടപ്പെട്ടു. ഉറച്ച സീറ്റെന്ന് കരുതിയ നിലമ്പൂര്‍ ഒട്ടും ഉറച്ചതല്ലെന്ന ഉള്‍ഭയം യുഡിഎഫ് നേതൃത്വത്തെ പിടികൂടി. 

ഈ സാഹചര്യത്തിലാണ് ഐക്യ ജനാധിപത്യമുന്നണിയെ നയിക്കുന്നവര്‍ പരസ്യമായി ജമാഅത്തെ ഇസ്ലാമിയെ ആശ്ലേഷിക്കാന്‍ പോയത്. നിലമ്പൂരിലെ തോല്‍വി ഒരു ഉപതിരഞ്ഞെടുപ്പിലെ തോല്‍വി മാത്രമല്ലെന്നും പത്തു മാസം കഴിഞ്ഞ് വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലെ തോല്‍വിയിലേക്ക് കൂടി അത് നയിച്ചേക്കാമെന്നും അവര്‍ ഭയന്നു. ഏത് പിശാചിനെ കൂട്ടുപിടിച്ചായാലും നിലമ്പൂര്‍ പിടിച്ചെടുക്കണമെന്ന് സതീശനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗ് നേതാക്കളും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം. മൂന്നാം തവണ കൂടി സംസ്ഥാന ഭരണം നഷ്ടപ്പെട്ടാല്‍ യുഡിഎഫ് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അവര്‍ക്ക് നന്നായി അറിയാം. 

ആഗോള ഇസ്ലാമിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്ലാമിയെ സതീശനും സംഘവും പരിരംഭണം ചെയ്തപ്പോള്‍ സ്വാഭാവികമായി ഇടതുപക്ഷത്തുനിന്നു, വിശിഷ്യാ സിപിഎമ്മില്‍നിന്നു രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ വര്‍ഗീയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നും രാഷ്ട്രീയമായി അസ്പൃശ്യത കല്‍പ്പിക്കപ്പെടേണ്ട ആ സംഘടനയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുക വഴി യുഡിഎഫ് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇടത് വൃത്തങ്ങള്‍ ആരോപിച്ചു. 

സംഗതി ശരിയാണ്, ജമാഅത്തെ ഇസ്ലാമി പിറന്ന നാള്‍തൊട്ട് ഇസ്ലാമിക ഭരണവാദം ഉന്നയിക്കുകയും അനിസ്ലാമികമായതെല്ലാം സമൂഹത്തില്‍നിന്ന് നിശ്ശേഷം തുടച്ചുമാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു പോന്നിട്ടുണ്ട്. ഈ കാര്യത്തില്‍ സംജ്ഞാപരമായ മാറ്റങ്ങളല്ലാതെ ആശയപരമായ യാതൊരു മാറ്റവും ആ സംഘടന നടത്തിയിട്ടില്ല. നടത്തിയാല്‍പ്പിന്നെ ജമാഅത്തെ ഇസ്ലാമി ജഡമായി തീരും എന്നത് തന്നെ കാരണം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം മുന്‍കാലത്ത് രാഷ്ട്രീയ ബാന്ധവത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് ചരിത്രവസ്തുതയാണ്. എന്നിരിക്കെ, കോണ്‍ഗ്രസ് ആ കക്ഷിയെ തിരഞ്ഞെടുപ്പ് നേട്ടത്തിന് കൂട്ടുപിടിക്കുന്നതിനെ മാര്‍ക്സിസ്റ്റ് നേതൃത്വം ഇപ്പോള്‍ വിമര്‍ശിക്കുന്നത് മിതഭാഷയില്‍ ബാലിശമാണ്. ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് പിണറായി അക്കാലത്ത് പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ ഇക്കാലത്ത് വി.ഡി. സതീശന്‍ ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം പഴയ പിണറായി വിജയന് പഠിക്കുന്നു എന്നാണോ നാം മനസ്സിലാക്കേണ്ടത്? 

അടുത്തകാലത്തായി ജമാഅത്തെ ഇസ്ലാമിയില്‍ മതഭരണവാദം കണ്ടെത്തുന്ന സിപിഎം, അബ്ദുള്‍ നാസര്‍ മഅദനിയുടെ പിഡിപിയെ തോളിലിരുത്തുന്നു എന്നതും കാണാതിരുന്നുകൂടാ. എം.വി.  ഗോവിന്ദന്‍ പറഞ്ഞത് പിഡിപി പീഡിതരുടെ പാര്‍ട്ടിയാണെന്നാണ്! കാല്‍നൂറ്റാണ്ടോളം മുമ്പ് മതഭീകരവാദത്തെ കുറിച്ച് ദേശാഭിമാനി പത്രം പ്രസിദ്ധപ്പെടുത്തിയ ഒരു പരമ്പരയില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിശേഷിപ്പിച്ചത് മതഭീകരതയുടെ കോര്‍ഡിനേറ്റര്‍ എന്നായിരുന്നു. അത് പാര്‍ട്ടി സെക്രട്ടറി കാണാതെ പോയോ? ആര്‍എസ്എസിനെ എതിരിടാന്‍ ആര്‍എസ്എസിന്റെ അതേ സൈനിക ശൈലിയില്‍ 1989-ല്‍ ഐഎസ്എസ് (ഇസ്ലാമിക് സേവാ സംഘ്) രൂപവത്കരിച്ച മദനി 199-2ല്‍ ഐഎസ്എസ്  നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപിച്ച പാര്‍ട്ടിയാണ് പിഡിപി എന്നതും മറവിയുടെ താഴ്വരയിലേക്ക് സെക്രട്ടറി  മാറ്റിയോ? 

ജമാഅത്തെ ഇസ്ലാമിയും മദനിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ ആശയതലത്തില്‍ ചില സാമ്യതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇസ്ലാമിക തീവ്രതയാണ്. 1989-ല്‍ മഅദനി ഐഎസ്എസുമായും പില്‍ക്കാലത്ത് പിഡിപിയുമായും രംഗത്ത് വന്നപ്പോള്‍ തീക്ഷ്ണ വര്‍ഗീയവികാരം ജ്വലിക്കുന്ന പ്രസംഗങ്ങളില്‍ ആറാടിയ ആ ചെറുപ്പക്കാരന് അമിതമായ കവറേജ് നല്‍കിയത് ജമാഅത്തെ ഇസ്ലാമിയോടു ചായ് വുള്ള മാധ്യമങ്ങളാണെന്നത് യാദൃശ്ചികമല്ല. വാസ്തവത്തില്‍ മൗദൂദിസ്റ്റുകളുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയായിരുന്നു മഅദനി. വെട്ടിത്തുറന്ന് പറയാന്‍ തങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത കാര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ടു പറയിപ്പിക്കുകയായിരുന്നു ജമാഅത്ത് നേതൃത്വം. 

നിലമ്പൂരില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയേയും എല്‍ഡിഎഫ് പിഡിപിയേയും ചേര്‍ത്തുപിടിക്കുമ്പോള്‍ ഇരുമുന്നണികളും നെഞ്ചോടടുപ്പിക്കുന്നത് മതവര്‍ഗീയ വികാരത്തില്‍ അഭിരമിക്കുന്ന കക്ഷികളെയാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇടത് ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും മതേതര പാര്‍ട്ടികളല്ല. അര്‍ധ മതേതര പാര്‍ട്ടികള്‍ (അര്‍ധ വര്‍ഗീയ പാര്‍ട്ടികള്‍?) ആണെന്നത്രേ ഇത് സൂചിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം മതേതര മൂല്യങ്ങളുടെ ശാക്തീകരണമല്ല, കീരീടലബ്ധിയാണ് പരമ പ്രധാനം. മതേതര കേരളത്തിന്റെ അന്തകരാണ് അര്‍ധമതേതര പാര്‍ട്ടികള്‍ എന്ന തിരിച്ചറിവിലേക്ക് സമൂഹം ഉയരേണ്ടതുണ്ട്.