
തിരഞ്ഞെടുപ്പെന്നു കേൾക്കുമ്പോള്‍ ഗണപതിയുടെ കണ്ണില്‍ തെളിയാറുണ്ടായിരുന്നത് കൊടികളും ചിഹ്‌നങ്ങളുമല്ല, ഒരു വലിയ തീഗോളമായിരുന്നു. ബെംഗളൂരുവിലെ യെലഹങ്ക ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ചുട്ടുപൊള്ളുന്ന പാടത്ത് പഠനാവശ്യം പണിയെടുത്തുകൊണ്ടിരിക്കെ മീനസൂര്യന്‍ ജ്വലിച്ചു കത്തുന്ന ആകാശത്ത് പെട്ടന്നാണ് ആ കാഴ്ച കണ്ടത്. ഒരു ചെറുവിമാനം നിയന്ത്രണം വിട്ട് മൂക്കുകുത്തിവീഴുന്നു. ഒപ്പമുണ്ടായിരുന്നവരുമായി ഓടിയെത്തുമ്പൊഴേയ്ക്കും വിമാനം ഒരു വലിയ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ നിമിഷനേരം കൊണ്ട് ചാരമായിമാറുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ കാർഷിക വിദ്യാർഥികളായ ഗണപതിക്കും സഹപാഠികൾക്കും. വിമാനത്തോടൊപ്പം കത്തിയമര്‍ന്ന ആ നാലു യാത്രികരില്‍ ഒരാള്‍ തെന്നിന്ത്യയുടെ അന്നത്തെ സൂപ്പര്‍നായിക സൗന്ദര്യയായിരുന്നുവെന്ന് അപ്പോള്‍ അവര്‍ അറിഞ്ഞില്ല. ജയനും റാണി ചന്ദ്രയ്ക്കുംശേഷം ആകാശത്ത് മറ്റൊരു താരം കൂടി പൊലിഞ്ഞുതീര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് പിന്നീട് ലോകം സ്ഥിരീകരിച്ചത്. രാജ്യം തിരഞ്ഞെടപ്പ് ചൂടിലമരുന്ന ഈ ഏപ്രില്‍ പതിനേഴിന് രണ്ട് പതിറ്റാണ്ട് തികയും, സൗന്ദര്യയുടെ ജീവന്‍ കവര്‍ന്ന ആ ദുരന്തത്തിന്.
കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു തമിഴ്‌നാട്ടിലെ ഷോളാവരത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്റെ അന്ത്യം. റാണിചന്ദ്രയുടെ മരണം മുംബൈയില്‍ കുടുംബത്തോടൊപ്പം നൃത്തപരിപാടി കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങുമ്പോഴും. സൗന്ദര്യയുടെ ജീവനെടുത്തത് അഭിനയലോകമല്ല, പുതിയ വേഷപ്പകര്‍ച്ചയായ രാഷ്ട്രീയമാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയായിരുന്നു അത്. കന്നഡയിലും തമിഴിലും മലയാളത്തിലുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് യാത്ര പുറപ്പെട്ടത്.

ഇടയാക്കി കത്തിയമർന്ന
സെസ്ന വിമാനം. Photo: mathrubhumi
കഥയാകെ മാറിയത് ഒരൊറ്റ ക്ഷണത്തിലാണ്. കാലത്ത് പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാലു സീറ്റ് മാത്രമുള്ള, സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരുംമുന്‍പ് തന്നെ അഗ്‌നികുണ്ഠമായി താഴേ പാടത്ത് വിദ്യാർഥികളുടെ കൺമുന്നിൽ പതിച്ചത്. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. വാതിൽ പതിനഞ്ചടി ദൂരേയ്ക്ക് തെറിച്ചുവീണു.
തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഗണപതിക്കും കൂട്ടുകാർക്കും പൊള്ളലേൽക്കുകയും ചെയ്തു. കത്തിയമർന്ന് നാമാവശേഷമാകുമ്പോൾ മുപ്പത്തിനാല് വയസ്സേ ഉണ്ടായിരുന്നുളളൂ സൗന്ദര്യയ്ക്ക് പ്രായം. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പത്ത് നാള്‍ മാത്രവും. തിരിച്ചുവരുമ്പോള്‍ തരാന്‍ ഒരു കോട്ടണ്‍സാരിയും ഒരു ചെപ്പ് സിന്ദൂരവും കരുതണമെന്ന് ബന്ധുവിനോട് പറഞ്ഞായിരുന്നുവത്രെ വിമാനം കയറിയത്. അവര്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നുവെന്നും ശ്രുതിയുണ്ടായിരുന്നു.
അപകടവിവരമറിഞ്ഞ ഉടനെ അന്ന് മുഖ്യമന്ത്രിയായിരുന്നു എസ്.എം. കൃഷ്ണയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന അനന്ത്കുമാറും അടക്കമുള്ളവര്‍ അപകടസ്ഥലത്ത് ഓടിയെത്തി. പ്രധാനമന്ത്രി എ.ബി.വാജ്‌പെയി അടക്കമുള്ളവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

മലയാളത്തിലെ മോഹന്‍ലാലിനൊപ്പം കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ആമിനയായും ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയില്‍ ജ്യോതിയായും കന്നഡയിലെ ദ്വീപും തമിഴില്‍ രജനികാന്തിനൊപ്പം അരുണാചലവും പടയപ്പയും കമലിനൊപ്പം കാതലാ കാതലായും തെലുങ്കില്‍ അമ്മൊരുവും ഹിന്ദിയില്‍ ബച്ചനൊപ്പം സൂര്യവംശവുമെല്ലാം അഭിനയിച്ച് പുതിയ കാലത്തെ സാവിത്രിയെന്ന ഖ്യാതി നേടി നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു അത്. ഈ ചുരുങ്ങിയകാലം കൊണ്ടു തന്നെ മൂന്ന് ഭാഷകളിലായി ഒരു ഡസനോളം അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു മെഡിസിന്‍പഠനം ഉപേക്ഷിച്ച് അഭിനയരംഗത്തെത്തിയ സൗന്ദര്യ. തിരക്കൊഴിയാത്ത ഇക്കാലത്താണ് ഹിന്ദു രക്ഷണ വേദികെയുടെ പ്രവര്‍ത്തകന്‍ കൂടിയായ സഹോദരന്റെ പ്രേരണയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മണിച്ചിത്രത്താഴിന്റെ കന്നഡ പതിപ്പായ ആപ്തമിത്രയുടെ ചിത്രീകരണത്തിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി അഭിനയരംഗത്ത് നിന്ന് രണ്ടുമാസം അവധിയെടുക്കുകയും ചെയ്തു. സൗന്ദര്യ മരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ആപ്തമിത്ര തീയേറ്ററുകളില്‍ എത്തിയത്. അത് സാന്‍ഡില്‍വുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയത് പക്ഷേ, നായിക മാത്രം അറിഞ്ഞില്ല.

ബെംഗളൂരുവിൽ നടന്ന ബി.ജെ.പി റാലിയെ
സൗന്ദര്യ അഭിസംബോധന ചെയ്യുന്നു.
Photo: mathrubhumi
പ്രധാനമന്ത്രി വാജ്പെയിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ ലഖ്നൗവിൽ സാരി വിതരണത്തിനിടെയുണ്ടായി തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിയൊന്നു പേർ കൊല്ലപ്പെട്ടിട്ട് വെറും മൂന്ന് ദിവസമേ ആയിരുന്നുള്ളൂ. സൗന്ദര്യയുടെ ഞെട്ടുന്ന അപകടമരണം അടുത്ത പ്രഹരമായി. 'കൊണ്ടു നടന്നതും നീയേ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ' എന്ന സിനിമാലോകത്തിന്റെ പഴി കേള്‍ക്കുക മാത്രമല്ല, ഈ രണ്ട് ദുരന്തങ്ങൾ ബി.ജെ.പിക്ക് വരാനിരിക്കുന്ന തിരിച്ചടികളുടെ ഒരു അശുഭ സൂചനകൾ കൂടിയായിരുന്നു.
ഇന്ത്യ ഷൈനിങ് പരസ്യം കൊണ്ട് വലിയ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടു. സൗന്ദര്യ പ്രചരണം നടത്തേണ്ടിയിരുന്ന വിദ്യാസാഗര്‍ റാവു മൂന്നാമൂഴത്തില്‍ കരീംനഗര്‍ മണ്ഡലത്തില്‍, ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവുവിനോട് ഒന്നേകാല്‍ ലക്ഷം വോട്ടിന് പരാജയപ്പെട്ടു. പിന്നീട് നാലാം സ്ഥാനത്തേയ്ക്ക് വരെ പിന്തള്ളപ്പെട്ടതും ചരിത്രം. ഒടുവില്‍ 2019ലാണ് പാര്‍ട്ടിക്ക് മണ്ഡലം തിരിച്ചുപിടിക്കാനായത്.
സൗന്ദര്യ കത്തിമയര്‍ന്ന് ചാരമായെങ്കിലും അപകടത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് തീപിടിക്കാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിക്ക് മേലുള്ള ശാപവര്‍ഷം മാത്രമല്ല, വിവാദങ്ങളും വിട്ടൊഴിഞ്ഞില്ല ആ ദുരന്തത്തെ. വാടകയ്‌ക്കെടുത്ത ചെറുവിമാനം ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതായിരുന്നു ആദ്യത്തേത്. പരിശീലനങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചുപോന്ന എയര്‍സ്ട്രിപ്പില്‍ നിന്ന് അന്നുവരെ ഒരു യാത്രാവിമാനവും ടേക്ക് ഓഫ് ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ ഇവിടെ വിമാനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) സംവിധാനങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. ഇത്തരമൊരു സ്ഥലത്ത് നിന്ന് ഒരു വി.ഐ.പിയെയും കൊണ്ട് എങ്ങനെ വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചുവെന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. ഇതൊരു ഗുരുതര വീഴ്ചയാണെന്ന് കാണിച്ച് ഡെല്‍ഹിയില്‍ നിന്നെത്തിയ സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡെറക്ടര്‍ ജനറല്‍ അന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സ്വകാര്യ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വിമാനക്കമ്പനികള്‍ പൈലറ്റുമാര്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുന്നില്ലെന്നും അന്ന് ആരോപണം ഉയര്‍ന്നു.

ജോയ് ഫിലിപ്‌സ്. Photo: mathrubhumi
പൈലറ്റ് ആലപ്പുഴ ചുനക്കര സ്വദേശി ജോയ് ഫിലിപ്പിന്റെ മരണമായിരുന്നു അടുത്ത വിവാദം. അപകടം ഒരു അട്ടിമറിയായിരുന്നുവെന്നും കാലപ്പഴക്കം കാരണം വിമാനം, പറക്കലിന് യോഗ്യമായിരുന്നില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അബുദാബിയില്‍ ഡിഫന്‍സില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛന്‍ ഉമ്മന്‍ ജോയ് ഉന്നയിച്ചത്. നാലു മാസമായി വിമാനം പറത്തുന്ന മകന്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ പണിമുടക്ക് നടത്താന്‍ ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മകനെ ഇല്ലാതാക്കാന്‍ വിമാനക്കമ്പനി നടത്തിയ അട്ടിമറിയായിരുന്നു അപകടമെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും ഒരു സഹപൈലറ്റിനെ വിട്ടുകൊടുക്കാതിരുന്നത് അതുകൊണ്ടാണെന്നും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് കൊടുത്ത ഹര്‍ജിയുടെ വാദത്തിനിടെ അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജോയ് ഫിലിപ്‌സ് തങ്ങളുടെ ജീവനക്കാരനല്ല എന്നതായിരുന്നു നഷ്ടപരിഹാരം നിഷേധിക്കാനുള്ള, വിമാനത്തിന്റെ ഉടമകളായ അഗ്‌നി ഏറോ സ്‌പോര്‍ട്‌സ് ആന്‍ഡ് അഡ്വഞ്ചര്‍ അക്കാദമിയുടെ ന്യായം. തങ്ങള്‍ ഹൈദരാബാദിലെ ഫ്‌ളൈറ്റ് ടെക്ക് ഏവിയേഷന്‍ എന്ന കമ്പനിക്ക് വാടകയ്ക്ക് നല്‍കിയതായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് സൗന്ദര്യയുടെ ഭര്‍ത്താവ് രഘുവും കമ്പനിക്കെതിരേ കേസ് കൊടുത്തിരുന്നു.

സൗന്ദര്യയുടെ വില്‍പത്രത്തെ ചൊല്ലിയായിരുന്നു അടുത്ത വിവാദം. സൗന്ദര്യ മരിച്ച് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകും മുന്‍പ് തന്നെ സ്വത്തിനെ ചൊല്ലി അമ്മയും ഭര്‍ത്താവും ഒരു വശത്തും അപകടത്തില്‍ സൗന്ദര്യയ്‌ക്കൊപ്പം മരിച്ച സഹോദരന്റെ ഭാര്യയും മകനും മറുചേരിയിലുമായി നിന്ന് പരസ്യമായ പോര് തുടങ്ങിയിരുന്നു. തര്‍ക്കം കോടതി കയറുകയും ചെയ്തു. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് സൗന്ദര്യ തയ്യാറാക്കിയ വില്‍പത്രമായിരുന്നു കേസിന് ആധാരം. സൗന്ദര്യയുടെ പേരില്‍ കര്‍ണാടകയിലും ആന്ധ്രയിലുമായി ഉണ്ടായിരുന്ന കെട്ടിടങ്ങളും കൃഷിസ്ഥലവും പണവും ആഭരണങ്ങളും അടക്കമുള്ള സ്വത്ത് വില്‍പത്രത്തില്‍ പറഞ്ഞത് പ്രകാരം ഭാഗംവെക്കണമെന്നാണ് സഹോദരന്റെ ഭാര്യയും മകനും ആവശ്യപ്പെട്ടത്. എന്നാല്‍, സൗന്ദര്യ അത്തരമൊരു വില്‍പത്രം തയ്യാറാക്കിയിട്ടില്ലെന്നാണ് അമ്മയും ഭര്‍ത്താവും വാദിച്ചത്. കേസ് വര്‍ഷങ്ങളോളം നീണ്ടു. ഒടുവില്‍ മെട്രോപൊളിറ്റന്‍ കോടതിയുടെ മുന്‍പാകെ ഇരുകൂട്ടരും ഒത്തുതീര്‍പ്പിന് വഴങ്ങുകയായിരുന്നു.
കരീംനഗര്‍ ഇപ്പോള്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെ ജക്കൂര്‍ എയര്‍ സ്ട്രിപ്പ് ഭാഗികമായി അടച്ചു. ഇവിടെ നിന്ന് ഇപ്പോള്‍ വിമാനങ്ങളൊന്നും പറന്നുയരാറില്ല. രാഷ്ട്രീയവും അടിമുടി മാറി. പ്രചരണോപാധികളായല്ല, സ്ഥാനാർഥികളായി തന്നെ ഒരു ഡസനോളം താരങ്ങള്‍ ഇന്ന് വിവിധ പാര്‍ട്ടികളിലായി രംഗത്തുണ്ട്. രണ്ട് പതിറ്റാണ്ടായിട്ടും സൗന്ദര്യയുടെ അഭാവം ഇന്നും ചലച്ചിത്രലോകത്ത് നികത്താനാവാതെ തന്നെ നില്‍ക്കുകയാണ്. ആ മരണം മഹാമറവികൾക്ക് കീഴ്പ്പെടാതെ ഇന്നും തീരാനോവായി ഓര്‍മകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
Content Highlights: actress soundarya, plane crash, bjp, loksabha election 2004, bengaluru, jakkur
Published: 13 Apr 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented