
ഏറ്റവും സുരക്ഷിതമായ അകലം എന്നതാണ് മാധ്യമപഠനത്തിന്റെ ആദ്യാക്ഷരം. വൈലോപ്പിള്ളി കവിതയില്‍ പറഞ്ഞ സൗവര്‍ണപ്രതിപക്ഷം എന്ന പ്രയോഗം. അതു മാത്രമേ മാധ്യമപ്രവര്‍ത്തകന് മുഖം നോക്കാതെ പറയാന്‍ ശക്തിയാവൂ. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും മാറിപ്പോയ ദശകങ്ങളാണ് പിന്നിട്ടത്. വിമര്‍ശനങ്ങളുടെ ഘടികാരം നിലച്ചു. പിണക്കങ്ങള്‍ ഭീഷണികളിലേക്ക് ദിശമാറി.
കെ കരുണാകരനേയും നവാബ് രാജേന്ദ്രനേയും ഓര്‍ക്കേണ്ടതുണ്ട് ഈ തിരഞ്ഞെടുപ്പ് കാലത്ത്. പ്രത്യേകിച്ചും 1996 ലെ തൃശൂര്‍ തിരഞ്ഞെടുപ്പ്. തൃശൂര്‍ കണ്ട ഏറ്റവും കടുത്ത മത്സരമായിരുന്നു അത്. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് തട്ടില്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്ത കാലം. ഇടപാടില്‍ അഴിമതിയെന്ന് ആരോപണം വന്നു. രാജേന്ദ്രന്‍ അക്കാലത്ത് നവാബ് എന്ന പത്രത്തിന്റെ ഉടമ തന്നെയായ പത്രപ്രവര്‍ത്തകന്‍. അച്ച് നിരത്തി തന്നെ വേണം അന്ന് അച്ചടി. അഴിമതിയെ ഗൗരവത്തിലെടുത്തിരുന്ന ഒരു പൊതു സമൂഹം പുറത്ത് പ്രബലം. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളി നോക്കാതെ ഓരോരുത്തരേയും വിലയിരുത്തിപ്പോന്നു.
ആ സമൂഹത്തിലേക്കാണ് തട്ടില്‍ എസ്റ്റേറ്റ് അഴിമതിയുടെ വാര്‍ത്തയെത്തുന്നത്. നവാബ് എന്ന കൊച്ചു പത്രം ഇടിവാളായി. കെ കരുണാകരന്‍ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളിപ്പനിച്ചു. വലിയ തെളിവുകള്‍ പുറത്തുവിടും എന്ന് നവാബ് രാജേന്ദ്രന്‍ പറഞ്ഞു. ആ വാര്‍ത്ത പക്ഷേ പുറത്തുവന്നില്ല. അതിലും മുമ്പേ പോലീസ് രാജേന്ദ്രനെ പൊക്കി. അന്ന് അഴീക്കോടന്‍ രാഘവനാണ് തൃശൂരില്‍ സിപിഎമ്മിന്റെ ചുമതല. ഏറ്റവും ഇച്ഛാശക്തിയുടെ നേതാവ്. പോലീസ് നവാബിനോട് തട്ടില്‍ എസ്റ്റേറ്റ് ഇടപാടിലെ രേഖകളെ പറ്റി ചോദിച്ചു. അത് അഴീക്കോടിനെ ഏല്‍പിച്ചെന്ന് നവാബ് പറഞ്ഞു. അഴീക്കോടനെ തേടി പോലീസ് കണ്ണൂരില്‍ എത്തി. അപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് നവാബ് പറഞ്ഞു.
'പോലീസ് കസ്റ്റഡിയിലാണ്'

രേഖകള്‍ ഇഎംഎസ്സിന്റെ കയ്യിലെന്ന് അഴീക്കോടന്‍ പറഞ്ഞു. എന്തായാലും തിരികെ തൃശൂരില്‍ വന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അഴീക്കോടന്‍ വ്യക്തമാക്കി. ആ വാര്‍ത്താസമ്മേളനം നടന്നില്ല. 1972 സെപ്റ്റംബര്‍ 23ന് പോസ്റ്റ് ഓഫീസ് റോഡില്‍ വച്ച് അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റു മരിച്ചു. അഴീക്കോടനെ മുറിയില്‍ കാത്തിരുന്ന എംപി വീരേന്ദ്രകുമാര്‍ രാത്രി ഇറങ്ങിച്ചെന്നത് ആ മരണമുഖത്തേക്കാണ്. മരിച്ചത് അഴീക്കോടനെന്ന് ആദ്യം തിരിച്ചറിഞ്ഞതും വീരേന്ദ്രകുമാറായിരുന്നു.
പൊലീസ് നവാബിനെ നന്നായി പെരുമാറി. ആ ക്ഷതങ്ങള്‍ മരിക്കുവോളം നവാബില്‍ നീറി. ശരീരത്തിലും അതിലേറെ മനസ്സിലും. പൊതുതാല്‍പര്യഹര്‍ജികളെ ആയുധമാക്കി അധികാരത്തോട് നവാബ് പിന്നെ പൊരുതിക്കൊണ്ടേയിരുന്നു. കെ കരുണാകരനും കരുണാകരവിഭാഗത്തിനും നവാബ് എന്നും ചതുര്‍ത്ഥിയായി.
1996ലെ തിരഞ്ഞെടുപ്പ് ആ പോരാട്ടത്തിന്റെ കൂടി മൂര്‍ധന്യത്തിലായിരുന്നു. കരുണാകരന് ഇഷ്ടമില്ലാത്തത് ചെയ്യുക എന്നതായിരുന്നു നവാബിന്റെ ഇഷ്ടം. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ കരുണാകരന്‍ രാജേന്ദ്രന് മുഖം കൊടുക്കാതിരിക്കാനും നോക്കി.
1996
ചാരക്കേസിന്റെ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പോയ ലീഡര്‍ പക്ഷേ തിരിച്ചെത്തിയത് കേന്ദ്ര വ്യവസായ മന്ത്രി ആയിട്ടാണ്. മലയാളമാസം ഒന്നാം തിയതിയുള്ള ഗുരുവായൂര്‍ ദര്‍ശനത്തിനും രാമനിലയത്തിലെ കൂടിക്കാഴ്ചകള്‍ക്കും പ്രൗഢി തെല്ലും കുറഞ്ഞില്ല. എ വിഭാഗം കരുണാകരന് എതിരേ രണ്ടും കല്‍പിച്ച് പോരാട്ടത്തില്‍. അപ്പോഴും നവാബ് രാജേന്ദ്രന്‍ പറ്റുന്നിടത്തൊക്കെ കരുണാകരന് കണിക്കാഴ്ചയാവാന്‍ കാത്തു നിന്നു.
അന്നും ഇതുപോലൊരു മേടമാസത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ടിഎന്‍ ശേഷന്‍ വന്ന ശേഷം വരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് അധികാരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വന്നു. തൃശൂര്‍ കളക്ടറായി എല്‍ രാധാകൃഷ്ണന്‍ മാറി രാജീവ് സദാനന്ദന്‍ വന്നു. രാധാകൃഷ്ണന്‍ ലീഡറുടെ സ്വന്തം ആളായാണ് അറിയപ്പെട്ടത്. രാജീവ് സദാനന്ദന് അന്ന് വലിയ പ്രതിച്ഛായ ആയിരുന്നു.
തൃശൂര്‍ കളക്ടര്‍ക്കു മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. മുഴുവന്‍ പ്രാര്‍ത്ഥനകള്‍ക്കും ശേഷം രാവിലെ തന്നെ ലീഡര്‍ എത്തി. ആരവങ്ങള്‍ അകമ്പടി. മുദ്രാവാക്യം മേമ്പൊടി. ഡിസിസി പ്രസിഡണ്ട് സിഎന്‍ ബാലകൃഷ്ണനും സി.എന്‍ ഗോവിന്ദന്‍കുട്ടിയും അടക്കമുള്ള പ്രിയപ്പെട്ടവരുമായി ലീഡര്‍. അത്തവണ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ എണീറ്റുനില്‍ക്കാതെ കളക്ടര്‍മാര്‍ പത്രിക സ്വീകരിച്ചു.

ശകുനങ്ങളില്‍ ലീഡര്‍ വിശ്വസിച്ചിരുന്നോ? അറിഞ്ഞുകൂടാ, വിശ്വസിച്ചിരുന്നു എന്നാണ് നവാബ് രാജേന്ദ്രന്‍ വിശ്വസിച്ചത്. അതിനാല്‍ അന്ന് ലീഡര്‍ക്കായി അദ്ദേഹം ഒരു കണിയൊരുക്കി. പത്രിക സമര്‍പ്പിച്ചു പുറത്തു വന്ന കെ കരുണാകന് ഒരു തരത്തിലും ഒഴിവാക്കാനാവാത്ത വിധം നവാബ് തന്നെത്തന്നെ ഒരുക്കി നിര്‍ത്തി. കളക്ടറേറ്റിന്റെ കോണിപ്പടിയിലേക്ക്. ലീഡര്‍ ഒന്നു നോക്കി. നവാബ് തിരിച്ചുനോക്കി. ആ കാവി ജുബ്ബയ്ക്കുളളിലെ മെലിഞ്ഞ ദേഹത്തിലെ കട്ടിക്കണ്ണട വിട്ടിറങ്ങിയ നോട്ടം ഒരുപാട് പറഞ്ഞിരിക്കണം. ലീഡര്‍ പതിവുപോലെ അവഗണിച്ച് ഇറങ്ങിപ്പോയി.
ബഹളം ഒതുങ്ങി, അപ്പോള്‍ നവാബ് പറഞ്ഞു.
'നോക്കിക്കോ, ഇത്തവണ ഇയാള്‍ തോല്‍ക്കും,.'
'എന്തേ? '
'ഞാനല്ലേ കണി. മറ്റാരേക്കാളും വലിയ ശകുനക്കേടാവാനാ ഞാന്‍ കാത്തുനിന്നത്? വിവി രാഘവനെ കണ്ടാല്‍പ്പോലും ഇത്ര ദേഷ്യം വരില്ല'
വിവി രാഘവനായിരുന്നു അത്തവണ ലീഡറുടെ എതിരാളി. തൃശൂരില്‍ ഏതാണ്ട് കരുണാകരനോളം തലപ്പൊക്കം. അച്യുതമേനോന്റെ തലമുറയിലെ ലാളിത്യം. തൃശൂര്‍ റൗണ്ടില്‍ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന മുന്‍മന്ത്രി. കൂട്ടുകൃഷി സംഘങ്ങളിലൂടെ കോള്‍പ്പാടത്ത് ചിരി വിടര്‍ത്തിയവന്‍. മന്ത്രിസ്ഥാനം വിട്ടിറങ്ങി പിറ്റേന്ന് ബസ്സില്‍ ടിക്കറ്റെടുത്ത് കയറിയ തൃശ്ശൂക്കാരന്‍. ജനപ്രിയന്‍.
ഇടതു മുന്നണിക്ക് കാര്യങ്ങള്‍ അക്കൊല്ലം എളുപ്പമായിരുന്നു. സിപിഎമ്മിന് കെകെ മാമക്കുട്ടിയുടെ പ്രതാപകാലം. സിപിഐയ്ക്ക് പൊക്കം ഒരു തരിയെങ്കിലും കൂടുതലോ എന്ന സംശയിക്കുന്ന വികെ രാജന്‍. ആര്‍ക്കും എതിര്‍പ്പില്ലാത്ത സ്ഥാനാര്‍ത്ഥി. പോരാട്ടം അധികാരവും അന്തസ്സും തമ്മില്‍ എന്ന് തൃശ്ശൂര്‍ക്കാര്‍ പറഞ്ഞു. അപ്പോഴും പാര്‍ട്ടി വിട്ട ഗൗരിയമ്മയും സംഘവും ഇടതുമുന്നണിക്ക് തലവേദനയായി.
മറുവശത്ത് കരുണാകരന്‍ വിയര്‍ത്തു. ലീഡര്‍ ജയിക്കാനേ പാടില്ലെന്ന് എ വിഭാഗം ഉള്ളില്‍ ഉറപ്പിച്ചിരുന്നു. കോഴക്കേസുകളും പാമോയില്‍ കേസും ചാരക്കേസും വീണ്ടും വീണ്ടും വിവാദമായി. കേന്ദ്രത്തിലും കോണ്‍ഗ്രസ്സിന് പ്രതാപകാലം നഷ്ടമായി. ആന്റണി ചാരായം നിര്‍ത്തി സ്ത്രീ വോട്ടര്‍മാരെ ഒപ്പം കൂട്ടാന്‍ നോക്കി. 1992ല്‍ പൊളിഞ്ഞുവീണ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ കോണ്‍ഗ്രസ്സിനെ ക്ഷീണിപ്പിച്ചു.
എല്ലാമായിട്ടും പ്രവചനാതീതമായിരുന്നു തൃശൂര്‍ ജനവിധി.

ഉച്ചയാവുമ്പോഴേക്കും ഫലം വരുന്ന കാലമല്ല അത്. എണ്ണിയെണ്ണിക്കയറണം. വൈകീട്ടോടെ നിയമസഭാ ഫലങ്ങളെത്തി. അപ്രതീക്ഷിതമായി ഒല്ലൂരില്‍ സിഎന്‍ ജയദേവന്‍ ജയിച്ചു. തോറ്റത് ലീഡറുടെ വിശ്വസ്ഥന്‍ പിപി ജോര്‍ജ്. പിഎസ് ജോണി എന്ന വിമതന്‍ കോണ്‍ഗ്രസ്സിനുണ്ടാക്കിയ ആഘാതം.
രാത്രി ജില്ലാ കളക്ടര്‍ക്കു മുന്നിലായിരുന്നു പത്രക്കാര്‍. വരണാധികാരിക്ക് എല്ലായിടത്തു നിന്നും വിവരം കിട്ടും. ഓരോ മണ്ഡലത്തിലേയും വികാരമറിയാം. സൂചനകളും. തൃശൂരില്‍ ലീഡര്‍ മുന്നില്‍ തന്നെ നിന്നു. ഒരു ഘട്ടത്തിലും പക്ഷേ വലിയ മാര്‍ജിനിലേക്ക് ലീഡ് ഉയര്‍ന്നുമില്ല. രാജീവ് സദാനന്ദന്‍ ഉറക്കമൊഴിപ്പിന്റെ അലസ വായനയ്ക്കെന്നോണം റേജ് ഓഫ് ഏഞ്ചല്‍സ് എന്ന സിഡ്നി ഷെല്‍ഡന്‍ കൃതിയിലേക്ക് മാറി. എല്ലാ മണ്ഡലങ്ങളിലേയും പ്രവണതകള്‍ നിയമസഭാ കണക്കുകള്‍ക്ക് ഏറെക്കുറെ സമാനമായിരുന്നു. ഗുരുവായൂര്‍ എണ്ണിയപ്പോള്‍ വിവി രാഘവന്‍ ആദ്യമായി മുന്നിലെത്തി. അതു പക്ഷേ നീണ്ടു നിന്നില്ല. അവസാനത്തെ വോട്ടുകള്‍ വന്നത് ഒല്ലൂരില്‍ നിന്നാണ്. ഒല്ലൂര്‍ എണ്ണുമ്പോഴും കരുണാകരന് രണ്ടായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ ഉണ്ടായിരുന്നു. ആ വോട്ടുകളും എണ്ണി. നിയമസഭയിലേക്ക് ചെയ്തപോലെ ഒല്ലൂരുകാര്‍ വിവി രാഘവനും വോട്ടു കൊടുത്തു. ലീഡര്‍ തോറ്റു.
പിറ്റേന്ന് രാവിലെ വീണ്ടും ലീഡറെക്കാണാന്‍ ചെന്നു. ലീഡറോടുള്ള പൊതുചോദ്യം ഒന്നുമാത്രം.
'പിന്നില്‍ നിന്ന് കുത്തിയോ? '
മറുപടി ഉടനെത്തി.
' പിന്നില്‍ നിന്ന് മാത്രമല്ലാ, മുന്നില്‍ നിന്നും കുത്തി'
കെ കരുണാകരന് പെട്ടെന്ന് പ്രായം തോന്നിച്ച പ്രഭാതമായി അത് മാറി. മനസ്സില്‍ വന്ന ചോദ്യം അന്ന് ആരും ചോദിച്ചില്ല. കുത്തിയത് മുന്നില്‍ നിന്നെങ്കില്‍ ആളറിയാമല്ലോ എന്ന ചോദ്യം.
പത്രികാ സമര്‍പ്പണവേളയില്‍ കണിക്കാഴ്ചയൊരുക്കിയ നവാബ് രാജേന്ദ്രന്‍ കാത്തു നിന്നിരുന്നു. അദ്ദേഹം പറഞ്ഞു.
'എന്നും ഒരാള്‍ക്ക് മാത്രമായി ജയിക്കാനാവില്ല. '
നവാബ് ചിരിച്ചു.
കുലപതിയുടെ ഇലപൊഴിയും കാലത്തിന്റെ തുടക്കമായിരുന്നു അത്. ജയമെന്ന പോലെ തോല്‍വിയും ഗുരുവായൂരപ്പന്റെ കടാക്ഷമായിക്കണ്ട് കരുണാകരന്‍ പിന്നേയും ലീഡറായി. കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പൂര്‍വാധികം ശക്തിയില്‍ പിന്നേയും തമ്മിലടിച്ചു. പഴയ പ്രതാപത്തിലേക്ക് കെ കരുണാകരന്‍ പിന്നെ തിരിച്ചെത്തിയതേയില്ല.
ഇത്തവണയും തൃശൂരില്‍ കനത്ത പോരാണ്...!
Content Highlights: lok sabha election 1996 thrissur election memories k karunakaran nawab rajendran
Published: 27 Apr 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented