രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കണ്ണോത്ത് കരുണാകരന്‍ പ്രതാപകാലത്ത് പൂഴിക്കടകനെടുത്ത് പയറ്റിയിട്ടും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാതെ തടിതപ്പിയൊരു സൂപ്പര്‍താരമുണ്ട്. മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകന്‍ പ്രേംനസീര്‍. സീരിയല്‍ താരങ്ങള്‍ മുതല്‍ താരചക്രവര്‍ത്തിമാര്‍ വരെ മുന്നണിഭേദമന്യേ സ്ഥാനാര്‍ഥിവേഷം കെട്ടി ഭാഗധേയം തേടിയിറങ്ങുന്ന വര്‍ത്തമാനകാലത്തിന് പാര്‍ലമെന്ററി മോഹത്തോട് മുഖം തിരിച്ച നസീര്‍ ഒരു അത്ഭുതമായിരിക്കാം. റോണാള്‍ഡ് റീഗനും ക്ലിന്റ് ഈസ്റ്റ്‌വുഡും മുതല്‍ ജോസഫ് എസ്ട്രാഡയും വില്‍മ സാന്റോസും വരെയുള്ള ആഗോള പ്രതിഭകളും ബോളിവുഡിലെയും തെന്നിന്ത്യയിലെയും സമശീര്‍ഷരും സമകാലികരുമായ വെള്ളിത്തിരയിലെ അതിമാനുഷരെല്ലാം ഒന്നൊഴിയാതെ വെള്ളിത്തിര സമ്മാനിച്ച ജനപ്രീതിയെ അധികാരശ്രേണിയിലേയ്ക്കുളള ചവിട്ടുപടിയാക്കിയപ്പോഴായിരുന്നു നയചാതുരിയോടെയുള്ള നസീറിന്റെ ഒഴിഞ്ഞുമാറല്‍.

To advertise here,
placeholder
കെ.കരുണാകരനും ഏ.കെ. ആന്റണിയും പ്രേംനസീറും തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ. ഫോട്ടോ: മാതൃഭൂമി

ജന്മനാടായ ചിറയിന്‍കീഴ് അടക്കം ഏത് ഉറച്ച സീറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടും തന്ത്രപരമായി വഴുതിമാറിയ നസീറിനെ ചാക്കിലാക്കാന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയെയും മകന്‍ രാജീവിനെയും വരെ ചൂണ്ടയില്‍ കൊരുത്തിയിട്ടുനോക്കിയതാണ് ലീഡര്‍. ആരോമല്‍ ചേകവരും തച്ചോളി ഒതേനനുമൊക്കെയായി വെള്ളിത്തിരയില്‍ അങ്കം വെട്ടി വിലസിയ നസീര്‍, പക്ഷേ, അതിലും വലിയ മെയ്‌വഴക്കത്തോടെ രാഷ്ട്രീയ അങ്കത്തട്ടിലേറാതെ വെട്ടിയൊഴിഞ്ഞുമാറി. സൂപ്പര്‍താരത്തെ മെരുക്കാന്‍ ഒടുവില്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു, പതിനെട്ടടവും പയറ്റിത്തെളിഞ്ഞ കരുണാകരന്‍. ആദായനികുതി റെയ്ഡായിരുന്നു ആയുധം. എന്നിട്ടും മത്സരംഗത്തിറങ്ങാന്‍ കൂട്ടാക്കിയില്ല നസീര്‍. പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി വേഷംകെട്ടിയിറങ്ങാമെന്ന് മനസില്ലാ മനസോടെ ഏറ്റു. എണ്‍പത്തിയേഴിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ കരുണാകരനും കോണ്‍ഗ്രസിനുംവേണ്ടി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ പ്രസംഗിച്ച് ആളെക്കൂട്ടുകയായിരുന്നു ദൗത്യം. വെള്ളിവെളിച്ചത്തിലെ വേഷപ്പകര്‍ച്ചയിലല്ലാതെ പച്ചവെയിലില്‍ ഖദറണിഞ്ഞിറങ്ങിയ നിത്യഹരിത നായകനെ കാണാന്‍ എല്ലായിടത്തും ജനം തടിച്ചുകൂടി. അക്ഷരവടിവിലുള്ള ഡയലോഗുകള്‍ക്ക് നിറഞ്ഞു കൈയടിച്ചു. വലിയൊരു ഇടവേളയ്ക്കുശേഷം വന്ന ധ്വനിയുടെ ചിത്രീകരണസമയത്തായിരുന്നു തെക്കുവടക്ക് ഓടിനടന്നുള്ള ഈ പ്രചരണം. നസീറിന്റെ താരസാന്നിധ്യവും യോഗങ്ങളിലെ ആള്‍ക്കൂട്ടവുമൊന്നും പക്ഷേ, യു.ഡി.എഫിനെ തുണച്ചില്ല. എ, ഐ. ഗ്രൂപ്പുകളും രണ്ട് ലീഗുകളും ഒന്നിച്ചിട്ടും വലിയ വര്‍ഗീയ ധ്രുവീകരണമുണ്ടായ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്ക് അടിതെറ്റി. 

'ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ആസ്വദിച്ചാണ് അച്ഛന്‍ പ്രചരണത്തിലൊക്കെ പങ്കെടുത്തത്. ശരിക്കും അന്ന് യു.ഡി.എഫ്. ജയിക്കേണ്ടതായിരുന്നു. കരുണാകരന്റെയും ആന്റണിയുടെയും ഗ്രൂപ്പുകള്‍ അത്ര ചേര്‍ച്ചയിലായിരുന്നില്ല. അവര്‍ തന്നെയാണ് ശരിക്കും പാര്‍ട്ടിയെ തോല്‍പിച്ചത്. അച്ഛന് അതില്‍ വലിയ വിഷമമുണ്ടായിരുന്നു'- നസീറിന്റെ മകനും നടനുമായ ഷാനവാസ്, മാതൃഭൂമി ഡോട്ട് കോമിനോട് പഞ്ഞു. കരുണാകരന് മാത്രമല്ല, ലീഡറുടെ തുറുപ്പുചീട്ടായിരുന്ന നസീറിനും അത് വലിയ തിരിച്ചടിയായി. നസീര്‍ ഉപേക്ഷിച്ച, ഇന്നത്തെ ആറ്റിങ്ങലായ ആ പഴയ ചിറയിന്‍കീഴില്‍ പിന്നീട് നസീറിന്റെ സഹോദരീഭര്‍ത്താവായ തലേക്കുന്നില്‍ ബഷീര്‍ രണ്ട് തവണ മത്സരിച്ച് ജയിച്ചത് വേറെ ചരിത്രം.

placeholder
ഷാനവാസ്

'കോണ്‍ഗ്രസ് അനുഭാവിയായിരുന്നെങ്കിലും അച്ഛന് രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു. കെ.കരുണാകരന്റെ ചരടുവലിച്ച് ഇന്ദിരാഗാന്ധിവരെ മത്സരിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു ഒരു കാലത്ത്. പിന്നെ രാജീവ്ഗാന്ധിയും നിര്‍ബന്ധിച്ചു. ഏത് സീറ്റില്‍ മത്സരിക്കാമെന്നും ചെലവ് വഹിക്കാമെന്നുമുള്ള വാഗ്ദാനമുണ്ടായിരുന്നു. പക്ഷേ, മത്സരിക്കാന്‍ അച്ഛന്‍ ഒരുക്കമായിരുന്നില്ല. അതിനും വഴങ്ങായായപ്പോഴാണ് ഒരു ദിവസം ചെന്നൈയിലെ വീട്ടില്‍ റെയ്ഡ് നടന്നത്. നാലു പതിറ്റാണ്ട് കാലത്തെ സിനിമാജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. അങ്ങനെയാണ് അച്ഛന്റെ മനസ് മാറിയത്. മത്സരിക്കാനില്ല. വേണമെങ്കില്‍ പ്രചരണത്തിന് ഇറങ്ങാം. അച്ഛന്‍ കരുണാകരനെ അറിയിച്ചു. അച്ഛനെ എതിര്‍ വിഭാഗക്കാര്‍ റാഞ്ചുമോ എന്നൊരു പേടി ഉണ്ടായിരുന്നു അവര്‍ക്ക്. ആരോഗ്യം അത്ര മെച്ചമല്ലാതിരുന്നിട്ടും അച്ഛന്‍ വിശ്രമമില്ലാതെ കേരളത്തില്‍ മുഴുവന്‍ നടന്ന് പ്രസംഗിച്ചു. അതോടെ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ക്രമമൊക്കെ തെറ്റി. സത്യത്തില്‍ അതിനൊന്നും പറ്റുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ. അങ്ങനെ തിരഞ്ഞെടുപ്പ് കഴിയുമ്പൊഴേയ്ക്കും ആരോഗ്യം മോശമായി'-ഷാനവാസ് പറഞ്ഞു.

മുസ്‌ലിംലീഗില്‍ ചേര്‍ന്ന് മലബാറില്‍ എവിടെയെങ്കിലും മത്സരിച്ചിരുന്നെങ്കില്‍ നസീറിന് അനായാസം ജയിക്കാമായിരുന്നു എന്നാണ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ കോണ്‍ഗ്രസ് സഹയാത്രികന്‍ കൂടിയായ നടന്‍ സലീംകുമാര്‍ പറഞ്ഞത്. അരങ്ങേറ്റം തന്നെ ഫ്‌ളോപ്പായെങ്കിലും പിന്നീട് രാഷ്ട്രീയത്തിലെ ഒരു വേഷംകെട്ടിനും ഒരു പരീക്ഷണത്തിനും നസീര്‍ നിന്നുകൊടുത്തില്ല. പിന്നെ ഒരു പാര്‍ട്ടിക്കും പിടികൊടുത്തതുമില്ല. ആരോഗ്യം തീര്‍ത്തും മോശമായെങ്കിലും എ.ടി.അബുവിന്റെ ധ്വനിയിലെ ജസ്റ്റിസ് രാജശേഖരന്റെ വേഷം ഒരുവിധം
അഭിനയിച്ചു തീര്‍ത്തു. അഴിമതിക്കാരനായ മന്ത്രിയെ വീഴ്ത്തുന്ന അന്വേഷണ കമ്മിഷന്‍ ചെയര്‍മാനായ ന്യായാധിപന്റെ വേഷം വലിയ കൈയടി നേടിക്കൊടുത്തു.  അവസാനകാലത്ത് രാഷ്ട്രീയം തൊട്ട് കൈപൊള്ളിയ നസീറിന് ആ അവസാനവേഷം വല്ലാത്തൊരു യാദൃച്ഛികതയായി. വേദന സമ്മാനിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദുരന്തഫലം അപ്പൊഴേയ്ക്കും ശരീരത്തെ വല്ലാതെ കടന്നാക്രമിച്ചുകഴിഞ്ഞിരുന്നു. ധ്വനി ഇറങ്ങി ഏറെ കഴിയാതെ തന്നെ നസീര്‍ രോഗശയ്യയിലായി. കൃത്യം ഒരു വര്‍ഷത്തിനുശേഷം അവസാനവേഷവും അഴിച്ച് യാത്രയാവുകയും ചെയ്തു.

ഏറെ വൈകിയാണെങ്കിലും നസീറിന്റെ വഴിയേ, സ്ക്രീനിലെ പഴയ ഭാഗ്യജോഡിയായ ഷീലയുമെത്തി രാഷ്ട്രീയത്തില്‍. രാഷ്ട്രീയക്കാരിയാവുക എന്നത് ചിരകാല മോഹമാണെന്ന് പണ്ട് തുറന്നുപറഞ്ഞ ഷീല പ്രിയ നായകന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് രാഷ്ട്രീയവേഷമണിഞ്ഞത്. അതും എഴുപതാം വയസ്സില്‍. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ സന്ദര്‍ശിച്ചശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഷീല, പക്ഷേ, തിരഞ്ഞെടുപ്പ്‌രംഗത്തേയ്‌ക്കൊന്നും കാല്‍വയ്ക്കാനുളള ബുദ്ധിശൂന്യത കാട്ടിയില്ല. വൈകിയ കാലത്ത് ചുടുചോറ്‌ വാരിച്ച് മറ്റൊരു പരീക്ഷണത്തിന് പാര്‍ട്ടി തയ്യാറായതുമില്ല. ഇവര്‍ക്കൊപ്പം അന്നത്തെ താരസിംഹാസനം പങ്കിട്ട, നടന്‍ മധു ജീവിതത്തില്‍ ഇന്നോളം ഒരു പക്ഷത്തിനും പിടികൊടുത്തിട്ടില്ല. കുട്ടിക്കാലം മുതല്‍ അച്ഛന്‍ വഴി വീട്ടില്‍ രാഷ്ട്രീയം കണ്ടാണ് വളര്‍ന്നതെങ്കിലും അത് തന്റെ വഴിയല്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് മലയാളത്തിന്റെ ഭാവാഭിനയ ചക്രവര്‍ത്തി. പുന്നപ്ര-വയലാര്‍ സമരകാലത്ത് സമരക്കാരെ വിറപ്പിച്ചിരുന്ന ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനിലെ എസ്.ഐ.യായിരുന്ന സത്യന്‍ എന്ന ഇൻസ്പെക്ടർ സത്യനേശൻ അനുഭവങ്ങള്‍ പാളിച്ചകള്‍ പോലുള്ള ചിത്രങ്ങളില്‍ വിപ്ലവകാരിയായി വേഷമിട്ടെങ്കിലും ഒരു രാഷ്ട്രീയചായ്‌വും പരസ്യമാക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. ഭരത് ഗോപിയും ജി.കെ.പിള്ളയുമൊക്കെ ഔദ്യോഗികമായി തന്നെ ബി.ജെ.പിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന സാഹസം കാട്ടിയില്ല.

കാര്യാട്ടിന്റെ ആന്റി ക്ലൈമാക്​സ്

എം.ജി.ആറിനെയും എന്‍.ടി.ആറിനെയുമെല്ലാം പോലെ നസീറിന്റെ രാഷ്ട്രീയവേഷം എന്തുകൊണ്ട് മലയാളികള്‍ സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് വര്‍ഷങ്ങള്‍ക്കുശേഷം തമിഴ് നടന്‍ ചാരുഹാസന്‍ ഒരു ഉത്തരം നല്‍കി. മലയാളികള്‍ക്ക് വിദ്യാഭ്യാസം ഉളളതുകൊണ്ടാണ് പ്രേംനസീര്‍ മുഖ്യമന്ത്രിയാകാതിരുന്നത് എന്ന ചാരുഹാസന്റെ കുത്ത് സ്വന്തം നാട്ടുകാരെ ഉദ്ദേശിച്ചായിരുന്നു. ഇതേ ചാരുഹാസന്റെ സഹോദരന്‍ കമല്‍ഹാസന്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നത്  മറ്റൊരു ചരിത്രം. മലയാളികള്‍ സിനിമാക്കാരുടെ രാഷ്ട്രീയവേഷം സ്വീകരിക്കില്ലെന്ന ചാരുഹാസന്റെ കണ്ടെത്തലില്‍ വലിയ കഴമ്പില്ല. എണ്‍പതുകളുടെ അവസാനമാണ് നസീര്‍ പേരിനാണെങ്കിലും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നത്. അതും കരിയറിന്റെ മാത്രമല്ല, ആയുസ്സിന്റെ തന്നെ അവസാന സീനില്‍ മാത്രം. എന്നാല്‍, നസീര്‍ മടിച്ചു മടിച്ച് രാഷ്ട്രീയ തീച്ചൂടിലിറങ്ങുന്നതിന് രണ്ട് പതിറ്റാണ്ട് മുന്‍പ് തന്നെ, രാഷ്ട്രീയത്തിലിറങ്ങിയ ഒരാളുണ്ട്. ഒരു തൃശൂര്‍ക്കാരന്‍. വെറുതെ അപരിചിതമായ രാഷ്ട്രീയപ്പോരില്‍ അതിഥിവേഷം കെട്ടി മുഖം കാണിക്കുകയല്ല, നായകവേഷം തന്നെ ആടി പതക്കം വാങ്ങിയ ആളാണ്. അതും കരിയര്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍. അയാള്‍ക്കുവേണ്ടി മലയാളത്തിന്റെ താരനിര ഒന്നടങ്കം മീനവെയില്‍ കാഞ്ഞ ചരിത്രവുമുണ്ട് കേരളക്കരയ്ക്ക്. ചെമ്മീനും നീലക്കുയിലും മലയാളിക്ക് സമ്മാനിച്ച രാമു കാര്യാട്ട്. രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രസിഡന്റിന്റെ നാല് പുരസ്‌കാരങ്ങള്‍ ആദ്യമായി തെന്നിന്ത്യയിലേയ്ക്ക് കൊണ്ടുവന്നയാള്‍. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആദ്യത്തെ സിനിമാക്കാരനാണ് കെ.പി.എ.സിയിലൂടെ വളര്‍ന്ന അടിയുറച്ച ഇടതുപക്ഷക്കാരനായ കാര്യാട്ട്. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നാട്ടിക മണ്ഡലത്തില്‍ നിന്നാണ് കാര്യാട്ട് ജയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി ജയിച്ചെങ്കിലും നിയമസഭ കാണാന്‍ കാര്യാട്ടിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് പാടെ തകരുകയും ലീഗിന്റയും എസ്.എസ്.പി.യുടെയും പിന്തുണയോടെ ഇ.എം.എസ് നയിച്ച സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. എന്നാല്‍, ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതായതോടെ പ്രസിഡന്റ് നിയമസഭ പിരിച്ചുവിട്ടു.

ജയിച്ചിട്ടും ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാനാവാത്ത പ്രസിഡന്റ് നിയമസഭ പിരിച്ചുവിട്ട് അത്യപൂര്‍വ യോഗം അനുഭവിക്കേണ്ടിവന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു അപൂര്‍വ ഭാഗ്യം കാര്യാട്ടിനെ തേടിയെത്തി. മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍. സത്യത്തില്‍ മെഡല്‍ നേടിയ ചെമ്മീന്‍ തന്നെയാണ് കാര്യാട്ടിനെ തിരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചതും. തകഴിയുടെ ചെമ്മീന്‍ അഭ്രപാളിയിലേയ്ക്ക് പകര്‍ത്തുമ്പോള്‍ നോവലിലെ പശ്ചാത്തലമായ പുറക്കാട്ട് വച്ചു തന്നെ ചിത്രീകരണം നടത്തണം എന്നായിരുന്നു കാര്യാട്ടിന്റെ ആഗ്രഹം. എന്നാല്‍, വള്ളത്തിനും വീടിനുമൊക്കെ തീരവാസികള്‍ വലിയ വാടക ആവശ്യപ്പെട്ടതോടെ കാര്യാട്ട് നിരാശനായി. അങ്ങനെയാണ് പുറക്കാട് കടപ്പുറം ചാവക്കാടിനടുത്ത് നാട്ടികയിലേയ്ക്ക് മാറ്റുന്നത്. ആദ്യമായി കടപ്പുറത്തെത്തിയ സിനിമാസംഘത്തിന് വലിയ വരവേല്‍പായിരുന്നു ലഭിച്ചത്. ഷൂട്ടിങ്ങിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്വന്തം കാര്യമെന്ന പോലെ പ്രദേശവാസികള്‍ സൗജന്യമായി ചെയ്തുകൊടുത്തു. വീടും വള്ളങ്ങളും വസ്ത്രങ്ങളുമെല്ലാം കൊടുത്തു. നാട്ടുകാര്‍ക്ക് ചിത്രീകരണം ഒരു ഉത്സവമായിരുന്നു. രാമു കാര്യാട്ടിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ സംരംഭം എന്ന പോലെയായിരുന്നു ചിത്രീകരണം എന്നാണ് ചിത്രത്തില്‍ പരീക്കുട്ടിയെ അവതരിപ്പിച്ച് അനശ്വരമാക്കിയ നടന്‍ മധു അനുസ്മരിച്ചത്. അങ്ങനെ ആ ജനകീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത എങ്ങണ്ടിയൂരുകാരന്‍ കാര്യാട്ട് അങ്ങനെ അവരുടെ വീരനായകനുമായി. സത്യത്തില്‍ ഇതുതന്നെയായിരുന്നു കാര്യാട്ടിന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണവും. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സി.പി.എമ്മിന് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ടിവന്നില്ല. സി.പി.എം പിന്തുണയുള്ള സ്വതന്ത്രനായിരുന്നു കാര്യാട്ട്.  പാർട്ടികളെല്ലാം വെവ്വേറെ മത്സരിച്ച തിരഞ്ഞെടുപ്പിൽ സി.പി.എം. കാര്യാട്ടിന് തന്ത്രപരമായ പിന്തുണ കൊടുക്കുകയായിരുന്നുവെന്ന് അഡ്വ. ജയശങ്കർ പറഞ്ഞു.  നാട്ടുകാര്‍ക്ക് സുപരിചിതനായ കാര്യാട്ട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മൂവായിരത്തിലേറെ വോട്ടിന് വിജയിച്ചു.

തിരഞ്ഞെടുപ്പ് മാത്രമല്ല കാര്യാട്ടിനെ കാത്ത് ദുര്‍വിധികളുടെ പെരുമഴയായിരുന്നു വരാനിരുന്നത്. കാന്‍സര്‍ ബാധിച്ച മകന്‍ സോമന്റെ ചികിത്സയ്ക്കുവേണ്ടി വെല്ലൂരിലും തിരുവനന്തപുരത്തുമെല്ലാമായിരുന്നു കുറേക്കാലം. രണ്ട് കൊല്ലം കഴിഞ്ഞ് 1967ല്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പൊഴേയ്ക്കും മകന്‍ മരിക്കുകയും ചെയ്തു. ഇതോടെ കാര്യാട്ട് ആകെ തകര്‍ന്നുപോയി. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ മറ്റൊരാളെ തേടേണ്ടിവന്നു. സി.പി.എമ്മിന്റെ ടി.കെ. കൃഷ്ണനാണ് അത്തവണ വിജയിച്ചത്. ഇക്കുറി വിജയം പാഴായില്ല. ഇ.എം.എസിന്റെ നേതൃത്വത്തിലുളള സപ്തകക്ഷി മുന്നണി അധികാരത്തില്‍ വന്നു. പക്ഷേ, രണ്ടാം ഇ.എം.എസ്. സര്‍ക്കാരിനെയും കാത്തിരുന്നത് അകാലമൃതുവാണ്. 1969-ല്‍ സര്‍ക്കാര്‍ നിലംപതിച്ചു.

രാഷ്ട്രീയത്തില്‍ നിന്നും സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത കാര്യാട്ട് പിന്നീട് 1971ല്‍ വീണ്ടും മത്സരരംഗത്തിറങ്ങി. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലായിരുന്നു ഭാഗ്യപരീക്ഷണം. അതും ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ യഥാര്‍ഥ സ്വതന്ത്രനായി. അന്ന് കാര്യാട്ടിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് പ്രേംനസീറും ഷീലയും ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും തൃശൂരിലെത്തിയിരുന്നു. ഇവര്‍ പങ്കെടുത്ത പൊതുയോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടവും ഉണ്ടായി. എന്നാല്‍, അതൊന്നും വോട്ടായില്ല. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ നടന്ന മത്സരത്തില്‍ ആറായിരം വോട്ടുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും പിറകില്‍ നാലാം സ്ഥാനത്തായിപ്പോയി നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകന്‍.

placeholder
ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ. ഫോട്ടോ: മാതൃഭൂമി

ലെനിനിൽ തുടക്കം

സിനിമയുടെ പിന്നണിയില്‍ നിന്ന് പിന്നെയൊരാളെ പരീക്ഷിക്കാന്‍ ഇറക്കുന്നത് ഒരു പതിറ്റാണ്ട് കഴിഞ്ഞാണ്. അതും ഇടതുമുന്നണി തന്നെ. അപ്പൊഴേയ്ക്കും മുന്നണി രാഷ്ട്രീയം ഏതാണ്ട് കലങ്ങിത്തെളിഞ്ഞുകഴിഞ്ഞിരുന്നു. നസീര്‍ തൊട്ടു കൈപൊള്ളിയെങ്കിലും രാഷ്ട്രീയത്തിലേയ്ക്കും തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കും വലിയ താരപ്രവാഹത്തിനാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്. കെ.ആര്‍. നാരായണനെ വീഴ്ത്തി പഴയ ഒറ്റപ്പാലം സീറ്റ് പിടിക്കാന്‍ സി.പി.എം. ആശ്രയിച്ചത് ഒരു സിനിമാക്കാരനെയാണ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെ. നിസാരക്കാരനായിരുന്നില്ല അംബാസഡർ സ്ഥാനമൊഴിഞ്ഞ് അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിയ ഉഴവൂരുകാരൻ കെ.ആർ. നാരായണൻ. മത്സരിക്കാനെത്തിയത് രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം. അടിമുടി ചുവന്നുകിടക്കുന്ന മണ്ഡലത്തിൽ സാധ്യത ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സഹതാപതരംഗത്തില്‍, വെട്ടിവീഴ്ത്തിയത് സി.പി.എമ്മിന്റെ ഒരു കരുത്തനെ തന്നെയാണ്. സിറ്റിങ് എം.പി. എ.കെ.ബാലനെ. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചുപിടിക്കുക പാർട്ടിക്ക് അഭിമാനപ്രശ്നമായിരുന്നു. എന്നാല്‍ സഹതാപതരംഗം അസ്തമിച്ച 89ലും പിന്നീട് 91ലും കെ.ആര്‍. നാരായണനെ തൊടാന്‍ ലെനിന് കഴിഞ്ഞില്ല. നാരായണന്‍ വളര്‍ന്ന് പിന്നീട് കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. ലെനിന്‍ രാജേന്ദ്രന്‍ ഇടതുഭരണത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായി.

placeholder
ഒ.എൻ.വി കുറുപ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

വെറുതെ മോഹിക്കുവാന്‍ മോഹം

കെ.ആര്‍. നാരായണന് പുറമെ, സാമുദായിക പിന്തുണയില്‍ തിരുവനന്തപുരം കുത്തകയാക്കിക്കൊണ്ടിരുന്ന എ. ചാള്‍സിനെ പൂട്ടാനും എണ്‍പത്തിയൊന്‍പതില്‍ ഇടതുമുന്നണി കൂട്ടുപിടിച്ചത് സിനിമാപിന്നണിയെ തന്നെ. കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി.കുറുപ്പിനെ. കറകളഞ്ഞ ഇടതുസഹയാത്രികനാണെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ വലിയ മനസുണ്ടായിരുന്നില്ല കവിക്ക്. ഒടുവില്‍ മുഖ്യമന്ത്രി നായനാരും അന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ.വിയും മന്ത്രി ടി.കെ.രാമകൃഷ്ണനും വി.എസുമെല്ലാം നിര്‍ബന്ധിച്ചാണ് മനസ് മാറ്റിയത്. വെറുത ഈ മോഹങ്ങള്‍ എന്നറിയുമെങ്കിലും വെറുതെ മോഹിക്കുവാന്‍ മോഹം എന്ന കവിവാക്യം തന്നെ ചുവരെഴുത്താക്കിക്കൊണ്ടാായിരുന്നു അന്ന് യു.ഡി.എഫ്. കവിയുടെ ജനപ്രീതിയെ നേരിട്ടത്. പൊന്നരിവാളമ്പിളിയും സഖാക്കളെ മുന്നോട്ടും പോലുള്ള ഒ.എന്‍.വിയുടെ എണ്ണമറ്റ വിപ്ലവഗാനങ്ങളും അസംഖ്യം മെലഡികളും സദാ ചുണ്ടത്തു മൂളുന്നവര്‍ പക്ഷേ, വോട്ടില്‍ ഈ ഇമ്പം കാട്ടിയില്ല. അമ്പതിനായിരത്തിലേറെ വോട്ടിനായിരുന്നു തോല്‍വി. സാക്ഷാല്‍ എം.എൻ ഗോവിന്ദൻ നായരെ പോലും കൈവിട്ട മണ്ഡലമല്ലേ എന്നാശ്വസിക്കാം കവിക്ക്. ഒ.എന്‍.വിയും എന്തായാലും പിന്നൊരു രാഷ്ട്രീയാങ്കത്തിന് തന്റെ പ്രതിഭ പാഴാക്കിയില്ല.

placeholder
 എം.എ.ബേബിയും മുരളിയും. Photo Courtesy MA Baby facebook

സുല്ലിട്ട ലാല്‍ സലാം

മറ്റൊരു താപ്പാനയെ തളയ്ക്കാനായിരുന്നു പിന്നെ ഇടതുമുന്നണി വീണ്ടും സിനിമയെ അഭയം പ്രാപിച്ചത്. പാര്‍ട്ടിയുടെ അഭിമാനസീറ്റായ ആലപ്പുഴയില്‍ 1999ൽ ഹാട്രിക് തികയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ വി.എം. സുധീരനെ തളയ്ക്കാന്‍ പിന്നണിക്കാര്‍ക്ക് പകരം ഒരു മുന്‍നിര നായകനെ തന്നെ രംഗത്തിറക്കി സി.പി.എം. അടിയുറച്ച ഇടതുപക്ഷക്കാരനായ നടന്‍ മുരളിയെ. മുരളിയുടെ പേര് നിര്‍ദേശിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്നു ആലപ്പുഴക്കാരന്‍ വി.എസ്. തന്നെയാണ്. മുരളിയോട് സ്ഥാനാര്‍ഥിക്കാര്യം സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടത് ആലപ്പുഴ സമരനായകരുടെ കഥ പറഞ്ഞ ലാല്‍ സലാമിന്റെ തിരക്കഥാകൃത്തും വര്‍ഗീസ് വൈദ്യന്റെ മകനുമായ ചെറിയാന്‍ കല്‍പകവാടിയെയായിരുന്നു. ആദ്യമൊന്ന് പിന്നീട് പാര്‍ട്ടിക്കുവേണ്ടി ചെറിയാന്റെയും വേണു നാഗവള്ളിയുടെയും പി.ശ്രീകുമാറിന്റെയുമെല്ലാം സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു മുരളി. കേരള സര്‍വകലാശാലയിലെ ജോലി രാജിവച്ചാണ് മുരളി പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പ്‌ഗോദയിലേയ്ക്ക് വലതുകാല്‍ വെച്ചിറങ്ങിയത്. സിനിമയിലേയ്ക്ക് കൈപിടിച്ചു നയിച്ച ഭരത് ഗോപി, മധു തുടങ്ങിയവരുടെ അനുഗ്രഹാശിസ്സോടെയായിരുന്നു ആലപ്പുഴയ്ക്കുള്ള വരവ്.

ലാല്‍ സലാമില്‍ ടി.വി.തോമസിന്റെ തിരരൂപമായ സഖാവ് ഡി.കെ.യെ ഗംഭീരമായി തിരശ്ശീലയില്‍ പകര്‍ന്നാടിയ മുരളിക്ക് തിരഞ്ഞെടുപ്പ് പോരാട്ടവും മറ്റത് വേഷവും പോലെ ക്ഷണത്തില്‍ ഇണങ്ങി. പുന്നപ്ര, വയലാര്‍ സമരചരിത്രം പറഞ്ഞ രക്തസാക്ഷികള്‍ സിന്ദാബാദ് ഇറങ്ങിയിട്ട് ഏറെനാളായിരുന്നില്ല. ആലപ്പുഴക്കാരനല്ലാതിരുന്നിട്ടും പുന്നപ്രയിലും വയലാറിലുമെല്ലാം ജനങ്ങള്‍ ലാല്‍ സലാമിലെ ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാന്‍ എന്ന ഐക്കോണിക്ക് ഡയലോഗ് കൊണ്ടാണ് താരസ്ഥാനാര്‍ഥിയെ ഹൃദയം കൊണ്ട് വരവേറ്റത്. എന്നാല്‍, എതിര്‍പക്ഷത്ത് മത്സരിക്കാത്ത വലിയൊരു എതിരാളി ഉണ്ടായിരുന്നു മുരളിക്ക്. കെ.ആര്‍. ഗൗരിയമ്മ. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ ഗൗരിയമ്മ അപ്പൊഴേയ്ക്കും ജെ.എസ്.എസ്. രൂപവത്കരിച്ച് യു.ഡി.എഫ് പാളയത്തിലെത്തിക്കഴിഞ്ഞിരുന്നു. വി.എസിന്റെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗൗരിയമ്മയെ മുരളി പോയി കണ്ടിരുന്നു. അന്നു തന്നെ ഗൗരിയമ്മ മുരളിയുടെ തോല്‍വി പ്രവചിച്ചുവെന്ന് ചെറിയാന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരിയമ്മയ്ക്ക് തെറ്റിയില്ല. മുരളിയുടെ വെള്ളിത്തിരയിലെ ഇമേജ്, വി.എം. സുധീരന്റെ ക്ലീന്‍ ഇമേജിനും ആലപ്പുഴയിലെ മാറിയ രാഷ്ട്രീയ സമവാക്യത്തിന് മുന്നിലും വിലപ്പോയില്ല. മുപ്പത്തിയയ്യായിരം വോട്ടിനായിരുന്നു സുധീരന്റെ ഹാട്രിക് ജയം. നെയ്ത്തുകാരന്‍ പോലുള്ള രാഷ്ട്രീയ ചിത്രങ്ങള്‍ ചെയ്യുകയും പാര്‍ട്ടി സഹയാത്രികനായി തുടരുകയും ചെയ്‌തെങ്കിലും മുരളി പിന്നീട് തിരഞ്ഞെടുപ്പ്‌രംഗത്തേയ്ക്ക് മടങ്ങിയില്ല. പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എം.എ.ബേബിക്കുവേണ്ടി വീടുവീടാന്തരം കയറി വോട്ടുചോദിച്ചിരുന്നു. ബേബി പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ബേബി സംസ്കാരിക മന്ത്രിയായിരിക്കെ  മുരളിയെ സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനാക്കി. ഈ സ്ഥാനത്തിരിക്കെയായിരുന്നു അപ്രതീക്ഷിതമായ മരണവും.

വിപ്ലവവും സിനിമയും തോറ്റിടത്ത് പാര്‍ട്ടി മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നു. അങ്ങനെ ലത്തീന്‍ സഭയുടെ മാനസപുത്രനായ കുരിശിങ്കല്‍ സെബാസ്റ്റ്യൻ മനോജ് എന്ന ഡോ. കെ.എസ്.മനോജും ഒരുകൂട്ടം അപരന്മാരും വേണ്ടിവന്നു സുധീരന്റെ അശ്വമേധത്തിന് പിന്നീട് തടയിട്ട് മണ്ഡലം ചുവപ്പിക്കാന്‍. ഇതേ ഡോ. മനോജ് വിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് നിയസഭയിലേയ്ക്ക് കെപ്പത്തി ചിഹ്‌നത്തില്‍ മത്സരിച്ച് തോറ്റത് മറ്റൊരു ചരിത്രം.

താരമയമായ ബാലറ്റ്

സുകുമാർ അഴീക്കോടിനെയും എസ്.കെ. പൊറ്റക്കാടിനെയും കടമ്മനിട്ടയെയും വി.ആര്‍. കൃഷ്ണയ്യരെയും പ്രൊഫ. എം.കെ.സാനുവിനെയും ജോസഫ് മുണ്ടശ്ശേരിയെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയെയും പോലുള്ള, സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വിരാജിച്ചവര്‍ അണിനിരന്ന ചരിത്രമുള്ള രാഷ്ട്രീയ ബാലറ്റിലേയ്ക്ക് പിന്നെ വെള്ളിത്തിരയുടെ മുന്നണിയില്‍ നിന്നും പിന്നണിയില്‍ നിന്നും പ്രതിഭകളുടെ കുത്തൊഴുക്കായി. ഇടതുമുന്നണി മുകേഷിനെയും ഗായിക ദലീമയെയും യു.ഡി.എഫ് ജഗദീഷിന പുറമെ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ബി.ജെ.പി. ഭീമന് പുറമെ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും വിവേക് ഗോപനെയും രാജസേനനെയുമെല്ലാം കളത്തിലിറക്കി കളിച്ചുനോക്കി. സാധ്യതാപട്ടികയില്‍ സിദ്ധിഖിന്റെയും നടന്‍ ദേവന്റെയും കൊല്ലം തുളസിയുടെയും സംവിധായകന്‍ രഞ്ജിത്തിന്റെയുമെല്ലാം പേര് പറഞ്ഞുകേട്ടു. അശോകന്‍ സ്ഥാനാര്‍ഥിമോഹവുമായി വന്നുവെന്നും സംസാരമുണ്ടായി. എന്തായാലും കരപറ്റിയത് കൊല്ലത്ത് മുകേഷും ആലപ്പുഴ അരൂരില്‍ ദലീമയും മാത്രമാണ്. പി.കെ.ഗുരുദാസനെ വെട്ടാനാണെന്ന് ആരോപണമുണ്ടായെങ്കിലും തുടർച്ചയായി രണ്ടാംവട്ടവും കൊല്ലം പിടിച്ച് മുകേഷ് മാറ്റ് തെളിയിച്ചു. ഇപ്പോൾ പാർലമെന്റിലേയ്ക്കും എൻ.കെ.പ്രേമചന്ദ്രനെ വെല്ലാൻ മറ്റൊരാളെ കണ്ടെത്താൻ സി.പി.എമ്മിന് കഴിഞ്ഞില്ല എന്നതും മുകേഷിന് മേന്മയായി.

ഈ താര പരീക്ഷണത്തിൽ മറ്റുള്ളവർക്കെല്ലാം കാലിടറിയതാണ് ചരിത്രം. കൊച്ചി ബോള്‍ഗാട്ടിക്കാരന്‍ ധര്‍മജന്റെ കോമഡി വടക്ക് കോഴിക്കോട്ട് ബാലുശ്ശേരിയിലും സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനവും ഇടിവെട്ട് ഡയലോഗുകളുമൊന്നും തൃശൂരിലുമൊന്നും വിലപ്പോയില്ല. താരങ്ങള്‍ മുന്‍പൊന്നും കാണാത്തവിധം ചേരിതിരിഞ്ഞ് കൊടിപിടിച്ച് പ്രചരണരംഗത്തിറങ്ങുന്ന കാഴ്ചയ്ക്കാണ് വര്‍ത്തമാനകാല രാഷ്ട്രീയ കേരളം സാക്ഷിയാകുന്നത്. ഇക്കുറിയുമില്ല കുറവ്. രണ്ട് നായകര്‍ രണ്ട് കൊടിക്കീഴിയില്‍ ഭാഗ്യാന്വേഷികളായി രംഗത്തുണ്ട്. സുരേഷ് ഗോപിയും മുകേഷും. ഉണ്ണി മുകുന്ദന്റെയും ശോഭനയുടെയുമെല്ലാം പേരുകള്‍ അഭ്യൂഹങ്ങളില്‍ പാറിനടക്കുകയും ചെയ്തിരുന്നു.

പത്തനാപുരത്തെ കൊമ്പൻ

രക്തസാക്ഷികളുടെ മണ്ണില്‍ മുരളികൂടി മണ്ണ് തൊട്ടതോടെ, തമിഴും തെലുങ്കും പോലെ സിനിമ കേരള രാഷ്ട്രീയത്തിന് പറ്റിയ ചേരുവയല്ലെന്ന വിശ്വാസം മാറ്റിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറാണ്. മുഴുവന്‍ ക്രെഡിറ്റ് സിനിമയ്ക്ക് കൊടുക്കാനാവില്ലെങ്കിലും ഇന്നുവരെ പത്താനാപുരത്ത് തോല്‍വി അറിഞ്ഞിട്ടില്ല, സിനിമയിലും ഒരു കൈനോക്കിയിട്ടുള്ള രാഷ്ട്രീയ അതികായന്‍ കീഴൂട്ട് ബാലകൃഷ്ണപിള്ളയുടെ മകന്‍. നാലാമൂഴത്തില്‍, 2016ല്‍ ഒറ്റയടിക്ക് മലര്‍ത്തിയടിച്ചത് സഹപ്രവര്‍ത്തകരായ ജഗദീഷിനെയും ഭീമന്‍ രഘുവിനെയുമാണ്.

നിയമസഭയിലേയ്ക്ക് പിന്നീട് വെള്ളിത്തിരയുടെ മുന്നണിയില്‍ നിന്നും പിന്നണിയില്‍ നിന്നും പ്രതിഭകളുടെ കുത്തൊഴുക്കായി. ഇടതുമുന്നണി മുകേഷിനെയും ഗായിക ദലീമയെയും യു.ഡി.എഫ് ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ബി.ജെ.പി. സുരേഷ് ഗോപിയെയും വിവേക് ഗോപനെയും രാജസേനനെയുമെല്ലാം കളത്തിലിറക്കി കളിച്ചുനോക്കി. ഇതില്‍ കരപറ്റിയത് കൊല്ലത്ത് മുകേഷും ആലപ്പുഴ അരൂരില്‍ ദലീമയും മാത്രമാണ്. മുകേഷിന് കൊല്ലത്ത് അത് രണ്ടാമൂഴമായിരുന്നു. കൊച്ചി ബോള്‍ഗാട്ടിക്കാരന്‍ ധര്‍മജന്റെ കോമഡി വടക്ക് കോഴിക്കോട്ട് ബാലുശ്ശേരിയിലും സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനവും ഇടിവെട്ട് ഡയലോഗുകളുമൊന്നും തൃശൂരിലുമൊന്നും വിലപ്പോയില്ല. താരങ്ങള്‍ മുന്‍പൊന്നും കാണാത്തവിധം ചേരിതിരിഞ്ഞ് കൊടിപിടിച്ച് പ്രചരണരംഗത്തിറങ്ങുന്ന കാഴ്ചയ്ക്കും രാഷ്ട്രീയ കേരളം സാക്ഷിയായി.

2016-ല്‍ ജന്മനാടായ വടക്കാഞ്ചേരിയില്‍ നടി കെ.പി.എ.സി ലളിതയെ ഇറക്കി ഒരു പരീക്ഷണത്തിന് ഒരുങ്ങിയതായിരുന്നു സി.പി.എം. എന്നാല്‍, കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ തഴഞ്ഞ് സിനിമാതാരത്തെ നൂലില്‍കെട്ടിയറക്കാനുള്ള ശ്രമത്തിനെതിരേ പരസ്യ പ്രതിഷേധം ഉയര്‍ന്നതോടെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ലളിത പിന്‍വാങ്ങി. കെ.പി.എ.സിയുടെ എം.എല്‍.എ. മോഹം യുവജനോത്സവം സിനിമയിലെ ഒറ്റവേഷത്തില്‍ തീര്‍ന്നു. സംഗീത നാടക അക്കാദമി അധ്യക്ഷപദവി നല്‍കിയാണ് പാര്‍ട്ടി അന്നവരെ അനുനയിപ്പിച്ചത്. വടക്കാഞ്ചേരിയില്‍ കെ.പി.എ.സി.ക്ക് പകരം വന്ന മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേരി തോമസ്, അനില്‍ അക്കരയോട് 43 വോട്ട് എന്ന നൂൽ മാർജിനിലാണ് തോറ്റത്.

placeholder
ഇന്നസെന്റ് ചാലക്കുടിയിൽ പ്രചരണത്തിനിടെ

ഇന്നസെന്റിന്റെ ലോട്ടറി

ലോക്‌സഭയിലേയ്ക്ക് സിനിമാക്കാരുടെ അയിത്തം മാറ്റിയത് ഇന്നസെന്റാണ്. മുകുന്ദപുരമായിരുന്ന കാലത്ത് പനമ്പള്ളി ഗോവിന്ദ മേനോനെയും കെ.കരുണാകരനെയും ഇ.ബാലാനന്ദനെയും ലോനപ്പന്‍ നമ്പാടനെയും എ.സി.ജോസിനെയും പോലുള്ള അതികായന്മാര്‍ ജയിച്ചുകയറിയ ചാലക്കുടിക്കായിരുന്നു ആ നിയോഗം. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ഡലത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ്, പണ്ട് ഇരിങ്ങാലക്കുടയില്‍ ആര്‍.എസ്.പി. ടിക്കറ്റില്‍ മുനിസിപ്പല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മേനിയും കൈനിറയെ തമാശയുമായി ഇന്നസെന്റ് എത്തുന്നത്. 2006-ല്‍ സ്വന്തം തട്ടകമായ ഇരിങ്ങാലക്കുടയില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാന്‍ ഇടതുമുന്നണി ചരടുവലി നടത്തിയെങ്കിലും വരാല്‍ തെന്നുന്നപോലെ തെന്നിമാറി തടിതപ്പുകയായിരുന്നു എട്ടാം ക്ലാസും ഗുസ്തിയും അതിന്റെ നൂറിരട്ടി ജീവിതാനുഭവങ്ങളും സ്വന്തമായ ഇന്നസെന്റ്. പക്ഷേ, ഇക്കുറി ഇടതുമുന്നണി നന്നായി പിടിമുറുക്കി. അത് ചരിത്രവുമായി. തൃശൂര്‍ വിട്ട് സുരക്ഷിത മണ്ഡലം തേടിയെത്തിയ പി.സി. ചാക്കോയെ പതിമൂവായിരത്തിലേറെ വോട്ടിന് തറപറ്റിച്ചാണ് ഇന്നസെന്റ് കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാക്കാരനായത്. കളംമാറിയ ചാക്കോയോടുള്ള കോണ്‍ഗ്രസുകാരുടെ വിദ്വേഷമാണ് ഇന്നസെന്റിന് ഗുണകരമായത് എന്നത് അങ്ങാടിപ്പാട്ട്. അഞ്ച് വര്‍ഷത്തിനുശേഷം ചാക്കോ മാറി ബെന്നി ബെഹന്നാൻ വന്നപ്പോള്‍ ഇന്നസെന്റ് ഒന്നകാല്‍ ലക്ഷത്തിലേറെ വോട്ടിന് തോല്‍ക്കുകയും ചെയ്തു. രാജ്യസഭാംഗമായ സുരേഷ് ഗോപിക്കും കഴിഞ്ഞ തവണ തൃശൂരില്‍ തോല്‍വി തന്നെയായിരുന്നു ഫലം. തൊട്ടുപിറകേ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയെ തൃശൂരുകാര്‍ തുണച്ചില്ല. മൂന്നാമതൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയിറയിരിക്കുകയാണ് ആക്ഷൻ ഹീറോ. അപ്പുറത്ത് മുകേഷുമുണ്ട്.

ലോക്​സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും കോർപ്പറേഷനിലേയ്ക്കും ഒരുപോലെ വ്യർഥമായി ഭാഗ്യപരീക്ഷണം നടത്തിയൊരു  സംവിധായകനുണ്ട്. അതും പാർട്ടി ചിഹ്നത്തിൽ. ബി.ജെ.പിയുടെ സംസ്ഥാന നേതൃനിരയിൽ വരെയെത്തിയ അലി അക്ബർ. ലോക്​സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ആം ആദ്​മി ടിക്കറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും നിയമസഭയിലേയ്ക്ക് കൊടുവള്ളിയിൽ നിന്ന് കാരാട്ട് റസാക്കിനെതിരേയും കോഴിക്കോട് കോർപറേഷനിലേയ്ക്ക് അരീക്കാട് വാർഡിൽ വി.കെ.സി. മമ്മദ് കോയക്കെതിരേയും ബി.ജെ.പി ചിഹ്നത്തിലുമായിരുന്നു മത്സരം. മൂന്നിലും കാത്തിരുന്നത് ദയനീയ തോൽവി. അലി അക്ബർ പിന്നീട് മതം മാറി രാമസിംഹനായി. പിന്നെ ബി.ജെ.പി നേതൃത്വത്തോട്  പിണങ്ങി പാർട്ടിയും സജീവ രാഷ്ട്രീയത്തോടും വിടപറയുകയും ചെയ്തു.

(രാവണനും സീതയും പിന്നെ രാജേഷ് ഖന്നയുടെ പിണക്കവും. ആ കഥ നാളെ)