അപൂര്‍വമായ ഒരു റെക്കോഡ് തകര്‍ക്കാന്‍ നവീന്‍ പട്‌നായിക്കിന് കേവലം 70 ദിവസം കൂടി മതിയായിരുന്നു. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി ഭരണത്തില്‍ നിന്നിറങ്ങുമ്പോള്‍ 24 വര്‍ഷവും 96 ദിവസവുമാണ് അദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന നേട്ടം സിക്കിമിലെ പവന്‍ കുമാര്‍ ചാംലിങ്ങിന്റെ പേരില്‍ തന്നെ തുടരും. 24 വര്‍ഷവും 166 ദിവസവുമാണ് ചാംലിങ് മുഖ്യമന്ത്രിയായിരുന്നത്.
ചാംലിങ്ങിനെപ്പോലെ തുടര്‍ച്ചയായാണ് നവീനും മുഖ്യമന്ത്രിക്കസേരയിലിരുന്നത്. പാര്‍ട്ടിക്കുള്ളിലെ പടയാണ് ചാംലിങ്ങിനെ വീഴ്ത്തിയതെങ്കില്‍ നവീന്‍ പട്‌നായിക്കിന് എതിരായത് ജനങ്ങളുടെ വിധിയെഴുത്താണ്. ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും നവീന്‍ തിരിച്ചെത്തും എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ സംഘടനാബലവും ഭരണവിരുദ്ധവികാരവും കൊണ്ട് അപ്പാടെ ബി.ജെ.പി. തകര്‍ത്തു. നവീന്‍ മുഖ്യമന്ത്രിയായതിനുശേഷം മറ്റൊരു നേതാവിന്റെ പേരും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകേട്ടിരുന്നില്ല. കണക്കുകള്‍ പോലും അത് സമ്മതിക്കും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഒരു മോദിക്കാറ്റും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മത്സരത്തില്‍ വീശിയിരുന്നില്ല. എന്നാല്‍ ഇത്തവണ ബി.ജെ.പി. ദേശീയതലത്തില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ഒഡിഷയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പയറ്റുന്ന എവിടെയും തൊടാതെയുള്ള നില്‍പ്പ് പോലും നവീനെ രക്ഷിച്ചില്ല. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 61 സീറ്റ് നഷ്ടപ്പെട്ട ബിജു ജനതാദളിന് 51 സീറ്റ് മാത്രമാണ് നേടാനായത്. 147 അംഗ നിയമസഭയില്‍ ബി.ജെ.പി. 78 സീറ്റ് നേടി അധികാരത്തിലെത്തി. അതോടെ നവീന്‍ യുഗത്തിന് അര്‍ധവിരാമമായി.
ആഘോഷത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനേകം അദ്ഭുത പ്രതിഭാസങ്ങളിലൊന്നാണ് 77 വയസ്സുള്ള നവീന്‍ പട്‌നായിക് എന്ന് സംശയലേശമന്യേ പറയാം. തുടക്കത്തില്‍ നവീനെ സംബന്ധിച്ചിടത്തോളം ഒറീസ (ഇന്നത്തെ ഒഡിഷ) തീര്‍ത്തും അപരിചിതമായ പ്രദേശമായിരുന്നു. അമ്പത് വര്‍ഷത്തോളം ജീവിച്ചത് മുഴുവന്‍ സംസ്ഥാനത്തിന് പുറത്താണ്. പാശ്ചാത്യ ഉച്ചാരണത്തോടെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും. കൂടാതെ ഹിന്ദിയും പഞ്ചാബിയും ഫ്രഞ്ചും. എന്നാല്‍ മാതൃഭാഷയായ ഒഡിയ നവീന് തീരെ വഴങ്ങിയിരുന്നില്ല.
ദെഹ്റാദൂണിലായിരുന്നു നവീന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. വെല്‍ഹാം ബോയ്സ് സ്‌കൂളിലും പ്രശസ്തമായ ഡൂണ്‍ സ്‌കൂളിലുമായിരുന്നു നവീന്‍ പഠിച്ചത്. സഞ്ജയ് ഗാന്ധി അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. രാജീവ് ഉയര്‍ന്ന ക്ലാസില്‍ അതേസമയം അവിടെ പഠിക്കുന്നുണ്ട്. അതിനുശേഷം ഡല്‍ഹിയിലെ കിരോരി മാല്‍ കോളേജില്‍ നിന്ന് ബി.എ. നേടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അച്ഛന്‍ ബിജു പട്നായിക്കിന്റെ ഡല്‍ഹിയിലെ ബംഗ്ലാവിലായിരുന്നു നവീന്‍ താമസിച്ചിരുന്നത്. ജുബ്ബാലിലെ മഹാരാജാവില്‍ നിന്ന് ബിജു പട്നായിക് വാങ്ങിയതായിരുന്നു ഈ ബംഗ്ലാവ്. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി അദ്ദേഹം തന്നെ പിന്നീടത് വിറ്റു.
സാംസ്‌കാരിക സദസ്സുകളും ഫാഷനും വായനയും എഴുത്തും സുഹൃത്തുക്കളുമായി കഴിഞ്ഞിരുന്ന യൗവനകാലമായിരുന്നു നവീനിന്റേത്. ദര്‍ബാര്‍ എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകയും നവീന്റെ സുഹൃത്തുമായ തവ്ലീന്‍ സിങ് നവീനുമൊരുമിച്ച് സ്ഥിരമായി കറങ്ങാന്‍ പോകുന്നതും പാര്‍ട്ടികള്‍ക്ക് പോകുന്നതും ഓര്‍മിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് തന്റെ അച്ഛനെ ജയിലിലടച്ച ഇന്ദിരാ ഗാന്ധിയുടെ മകന്‍ രാജീവിന്റെ പാര്‍ട്ടിയില്‍ പോകാന്‍ നവീന്‍ മടിച്ചതും പിന്നീട് പോയപ്പോള്‍ സോണിയയോട് കുശലം ചോദിച്ചതും തവ്ലീന്‍ സിങ് അതിലെഴുതി. പിന്നീടൊരിക്കല്‍ ഒബ്റോയ് ഹോട്ടലിന്റെ ഉടമയുടെ മകന്‍ ബിക്കിയുടെ പാര്‍ട്ടിയിലേക്കായിരുന്നു കൊണ്ടുപോയത്. ഒരു ദിവസം നവീന്റെ വീട്ടിലെ ഡ്രോയിങ് മുറിയില്‍ തവ്ലീന്‍ കണ്ടത് സല്‍മാന്‍ റുഷ്ദിയെയാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വലിന്‍ ലീ കെന്നഡി, ഇംഗ്ലീഷ് സംഗീതജ്ഞന്‍ മൈക്ക് ജാഗ്ഗര്‍, ഇംഗ്ലീഷ് എഴുത്തുകാരന്‍ ബ്രൂസ് ചാറ്റ്‌വിന്‍, നടിയും ആന്‍ഡ്ര്യൂ രാജകുമാരന്റെ കാമുകിയുമായിരുന്ന കൂ സ്റ്റാര്‍ക്ക്, ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ റോബര്‍ട്ട് ഡി നിറോ എന്നിവരെല്ലാം ഇന്ത്യ കാണാന്‍ എത്തുമ്പോള്‍ ആതിഥേയനായത് നവീനായിരുന്നു.
ചരിത്രവും സംസ്‌കാരവുമാണ് നവീന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് എന്ന സാംസ്‌കാരിക സംഘടനയുടെ സ്ഥാപകാംഗമാണ് നവീന്‍. മൂന്ന് പുസ്തകങ്ങള്‍ നവീന്റെ പേരിലുണ്ട്. കലയും ഔഷധസസ്യങ്ങളും ബിക്കാനീറിലെ ജനങ്ങളും പോലെ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് പുസ്തകങ്ങള്‍! പുത്തന്‍ ഫാഷനുകളെ യുവാവായ നവീന്‍ ഒരുപാട് പ്രണയിച്ചിരുന്നു. സൈക്കേ ഡല്‍ഹി എന്ന പേരില്‍ സ്വന്തമായൊരു ബൊട്ടീക്ക് തുടങ്ങി, അതും ഡല്‍ഹിയിലെ ഒബ്രോയ് ഹോട്ടലില്‍. വിശ്വവിഖ്യാതരായ ബീറ്റില്‍സ് വരെ നവീന്റെ കടയിലെ ഇടപാടുകാരായി. ലണ്ടനിലെ ഷോറൂമുകളിലേക്ക് ഇവിടെ നിന്ന് വസ്ത്രങ്ങളയച്ചുതുടങ്ങി. ലണ്ടനില്‍ നവീന്‍ ഇടക്കിടെ സന്ദര്‍ശനം നടത്തി.
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ കാലഘട്ടത്തില്‍ നിന്നാണ് നവീന്‍ പട്‌നായിക് എന്ന 50 വയസ്സുകാരന്‍ കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ ഭൂമികയിലേക്ക് വലിച്ചെറിയപ്പെടുന്നത്. അതോടെ അദ്ദേഹം അടിമുടി മാറി. പാര്‍ലമെന്റംഗമായും കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായും സ്വന്തം പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും നവീന്‍ പട്‌നായിക് പരകായപ്രവേശം നടത്തി. ടീ ഷര്‍ട്ടും ജീന്‍സും ഒഴിവാക്കി രണ്ടേ രണ്ട് സെറ്റ് വെള്ള കുര്‍ത്തയും പൈജാമയുമായി അദ്ദേഹം പിന്നീട് ജീവിച്ചു. മാധ്യമങ്ങളുടെ ഘോഷണത്തില്‍ താത്പര്യമില്ലാതെ, കാടിളക്കി മറിക്കുന്ന പ്രചാരണതന്ത്രങ്ങളില്ലാതെ, പാരമ്പര്യ രാഷ്ട്രീയത്തിന്റെ വിഴുപ്പുഭാരം ചുമക്കാതെ കഴിഞ്ഞ 24 വര്‍ഷത്തിലേറെയായി നവീന്‍ പട്‌നായിക്ക് ഒഡിഷയുടെ മുഖ്യമന്ത്രിക്കസേരയിലുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും ഒഡിയക്കാര്‍ മടിയേതും കൂടാതെ നവീന്‍ ബാബുവിന്റെ പാര്‍ട്ടിയെ വീണ്ടും വീണ്ടും അധികാരത്തിലേറ്റിക്കൊണ്ടിരുന്നു. ഈ മാറ്റത്തിനെല്ലാം തുടക്കം കുറിച്ചത് നവീന്‍ പട്‌നായിക്കിന്റെ അച്ഛന്‍ ബിജു പട്‌നായിക്കിന്റെ മരണമായിരുന്നു.
അച്ഛന്റെ പേരിലൊരു പാര്‍ട്ടി
കലിംഗപുത്രന്‍ എന്നറിയപ്പെടുന്ന ബിജു പട്‌നായിക് ഒഡിഷ രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ സമാനനായ വ്യക്തിയാണ്. ബ്രിട്ടന് കീഴിലുണ്ടായിരുന്ന റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരിക്കെ ദേശീയ സമരത്തില്‍ ബിജു പട്‌നായിക്കിന് ഹരംകയറി. ബ്രിട്ടന്റെ വിമാനങ്ങൾ ഉപയോഗിച്ച് തന്നെ ദേശീയ പ്രസ്ഥാനത്തിന് സഹായം ചെയ്തുതുടങ്ങിയതോടെ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചു. ഭാര്യ ജ്ഞാന്‍വതി പട്‌നായിക്കും പൈലറ്റായിരുന്നു. ഇന്ത്യയില്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിതയാണവര്‍.
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായി വളര്‍ന്ന ബിജു ഒഡിഷയുടെ മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നെങ്കിലും 1969-ല്‍ അവര്‍ ഇടഞ്ഞു. ഉത്കല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുമായി ബിജു ഒറീസയില്‍ പ്രതിപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്നു. (ഉത്കല എന്നും ഒഡിഷ അറിയപ്പെട്ടിരുന്നു. ജനഗണമനയിലെ ഉത്കല, ഒഡിഷയെ സൂചിപ്പിക്കുന്നതാണ്) അടിയന്തിരാവസ്ഥക്കാലത്തെ ജയില്‍വാസത്തിനുശേഷം ജനതാ പാര്‍ട്ടിയിലും പിന്നീട് ജനതാദളിലും അദ്ദേഹം തലമുതിര്‍ന്ന നേതാവായി. മൊറാര്‍ജി ദേശായിയുടെയും ചരണ്‍ സിങ്ങിന്റെയും മന്ത്രിസഭകളില്‍ അംഗമായി. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തി മുഖ്യമന്ത്രിയായി.

ആരെയും കൂസാത്തയാളായിരുന്നു ബിജു പട്‌നായിക്. പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിന്റെ ആവശ്യപ്രകാരം പൈലറ്റായ ബിജു പട്‌നായിക് ഭാര്യ ജ്ഞാനവതിക്കൊപ്പം ഇന്‍ഡൊനീഷ്യയിലേക്ക് വിമാനം പറത്തിയ ചരിത്രമുണ്ട്. ഡച്ച് പട്ടാളക്കാരുടെ തോക്കുകളെ വകവെക്കാതെ ഇന്‍ഡൊനീഷ്യയിലെ സ്വാതന്ത്ര്യസമര പോരാളികളെ വിമാനത്തില്‍ കയറ്റി ഇന്ത്യയിലെത്തിച്ചു. ഹോണററി പൗരത്വവും ഭൂമി പുത്ര എന്ന ഉന്നത ബഹുമതിയും നല്‍കിയാണ് ഇന്‍ഡൊനീഷ്യ അവരുടെ ആദരവ് അര്‍പ്പിച്ചത്. ഹിറ്റ്‌ലറുടെ പട്ടാളത്തോട് എതിരിടാന്‍ സഹായിച്ചതിന് സോവിയറ്റ് യൂണിയന്റെ വക ഓഡര്‍ ഓഫ് ലെനിന്‍ എന്ന ബഹുമതിയും ബിജു പട്‌നായിക്കിന് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. കലിംഗ എയര്‍വേസ് എന്ന പേരില്‍ സ്വന്തമായി വിമാനക്കമ്പനി അദ്ദേഹം സ്ഥാപിച്ചു. കലിംഗ എന്ന പേരില്‍ പത്രം, അയേണ്‍ വര്‍ക്ക്, വ്യവസായ ശാലകള്‍ എന്നിവയെല്ലാം അദ്ദേഹം സ്വന്തമായി തുടങ്ങി. ശാസ്ത്രപ്രചാരകര്‍ക്ക് യുനസ്‌കോ ഇപ്പോഴും നല്‍കിവരുന്ന കലിംഗ പ്രൈസ് ബിജു പട്‌നായിക് നല്‍കിയ തുകയില്‍ നിന്ന് ആരംഭിച്ചതാണ്. ഒഡിഷയില്‍ ഇന്ന് കാണുന്ന പല വ്യവസായശാലകളും ബിജു പട്‌നായിക് മുഖ്യമന്ത്രിയായപ്പോഴാണ് തുടങ്ങിയതെന്ന് പറയുമ്പോള്‍ മനസ്സിലായല്ലോ അദ്ദേഹത്തോട് ജനങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെ കാരണം.
1997 ഏപ്രിലില്‍ ഡല്‍ഹിയില്‍ വെച്ചാണ് ബിജു പട്‌നായിക് മരിച്ചത്. അന്നദ്ദേഹം ലോക്‌സഭാംഗമായിരുന്നു. ഇന്ത്യയുടെയും ഇന്‍ഡൊനീഷ്യയുടെയും റഷ്യയുടെയും ദേശീയപതാകകള്‍ പുതപ്പിച്ച മൃതദേഹം ഒഡിഷയില്‍ ജനസഹസ്രങ്ങള്‍ക്കിടയിലേക്കാണ് കൊണ്ടുപോയത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ അഞ്ച് ലക്ഷത്തിലേറെപ്പേര്‍ പുരിയില്‍ തടിച്ചുകൂടി. ജനങ്ങള്‍ വാവിട്ടുകരഞ്ഞു.
ഒഡിഷ അതുവരെ കണ്ട ഏറ്റവും തലപ്പൊക്കമുള്ള നേതാവിന്റെ മരണത്തോടെ തന്നെ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞിരുന്നു. ബിജു ബാബുവിന്റെ കുടുംബത്തില്‍ നിന്നുതന്നെയുള്ളൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ തീരുമാനിച്ചു. മറ്റൊരു പേരും ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും അംഗീകരിക്കുമായിരുന്നില്ല. ആരാകും എന്നത് മാത്രമായിരുന്നു പ്രശ്‌നം. മൂത്തമകന്‍ പ്രേം പട്‌നായിക് ഡല്‍ഹിയില്‍ ബിസിനസ് നടത്തുന്നു. എഴുത്തുകാരിയായ മകള്‍ ഗീത മേത്ത ഭര്‍ത്താവ് സോണി മേഹ്തക്കൊപ്പം അമേരിക്കയില്‍ സ്ഥിരതാമസവുമാണ്. ഇരുവരും ആദ്യമേ ഇക്കാര്യത്തില്‍ ഇല്ലെന്ന് മറുപടി നല്‍കി.
വീട്ടില്‍ ചര്‍ച്ചകള്‍ സജീവമായി. അവസാനത്തെ പ്രതീക്ഷ നവീന്‍ മാത്രമായിരുന്നു. പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍ നവീനുമായി സംസാരിച്ചു. നിങ്ങള്‍ രണ്ടുപേരും മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തയ്യാറാണെന്ന് അപ്രതീക്ഷിതമായി നവീന്‍ സഹോദരങ്ങളോട് സമ്മതിച്ചു. അങ്ങനെ സംസ്ഥാനത്തെ പാര്‍ട്ടിനേതാക്കള്‍ക്ക് പോലും തീര്‍ത്തും അപരിചിതനായ നവീന്‍ പട്‌നായിക് ആസ്‌ക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തു. 56 ശതമാനം വോട്ടോടെ വിജയിക്കുകയും ചെയ്തു.
ഒഡിഷയിലെ ജനതാദളിനുള്ളില്‍ അസംതൃപ്തി ആളിക്കത്തുന്ന സമയമായിരുന്നു അത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സംസ്ഥാനത്തെ പാര്‍ട്ടിയുടെ അടിവേര് ഇളകിത്തുടങ്ങിയിരുന്നു. 1995-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 46 സീറ്റുമായി ജനതാദള്‍ പ്രതിപക്ഷത്തേക്ക് ഒതുങ്ങി. 1996-ലെ പൊതുതിരഞ്ഞെടുപ്പില്‍ കിട്ടിയത് 21 സീറ്റില്‍ നാലെണ്ണം മാത്രം. അതും രണ്ട് സീറ്റില്‍ ബിജു പട്‌നായിക് തന്നെ മത്സരിച്ച് ജയിച്ചു.
പ്രധാനമന്ത്രിസ്ഥാനം ജനതാദളിന് വെച്ചുനീട്ടിയപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവ് ബിജു പട്‌നായിക് ആയിരുന്നു. എന്നാല്‍ അംഗബലം പട്‌നായികിനെ തുണച്ചില്ല. കര്‍ണാടകത്തിലെ 16 സീറ്റിലെ വിജയവും ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ പിന്തുണയും ദേവ ഗൗഡയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള അവസരമൊരുക്കി. ഒഡിഷയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ബിജു പട്‌നായിക് കേന്ദ്രമന്ത്രിയാകുമെന്നാണ് കരുതിയത്. എന്നാല്‍ നേതാക്കളുടെയും എം.എല്‍.എമാരുടെയും വലിയ ഗ്രൂപ്പ് ശ്രീകാന്ത കുമാര്‍ ജേനയ്ക്ക് അനുകൂലമായി നിന്നു. ജേന കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ബിജോയ് മഹാപത്രയായിരുന്നു ജേനയ്ക്ക് വേണ്ടി ചരടുവലികള്‍ നടത്തിയത്. കൂടെ നിന്നാല്‍ ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അശോക് ദാസിനെ മാറ്റി മഹാപത്രയെ നിയമിക്കാന്‍ സഹായിക്കാമെന്ന് ജേന ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പു പാലിച്ചതുമില്ല, പകരം കേന്ദ്രമന്ത്രിയായപ്പോള്‍ അശോക് ദാസിനൊപ്പം ചേര്‍ന്ന് മഹാപത്രയെ ഒതുക്കാന്‍ ജേന നീക്കം നടത്തുകയും ചെയ്തു.
വലിയ തന്ത്രജ്ഞനായിരുന്നു ബിജോയ് മഹാപത്ര. അദ്ദേഹം വീണ്ടും ബിജു പട്‌നായിക്കിന്റെ അനുയായികള്‍ക്കൊപ്പം ചേര്‍ന്നു. പട്‌നായിക്കിന്റെ മരണത്തോടെ ശ്രീകാന്ത കുമാര്‍ ജേന സംസ്ഥാന ജനതാദളിനെ കൈവശം വെക്കുന്നത് അവര്‍ക്കാര്‍ക്കും സഹിച്ചിരുന്നില്ല. നവീന്‍ പട്‌നായിക്കിനെ മുന്‍നിര്‍ത്തി ജേനയെ നേരിടാന്‍ തന്നെ അവര്‍ ഉറച്ചു. ജനതാദളില്‍ നില്‍ക്കാന്‍ അവരിഷ്ടപ്പെട്ടില്ല. ബി.ജെ.പിയില്‍ പോകാമെന്ന് ചിലര്‍ നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും അതിന് എതിരായിരുന്നു. ബിജു പട്‌നായിക്കിന്റെ പേരില്‍ ഒരു പുതിയ പാര്‍ട്ടിയാണ് നല്ലതെന്ന് അവര്‍ കരുതി. ബിജോയ് മഹാപത്ര ആന്ധ്രാപ്രദേശില്‍ പോയി ചന്ദ്ര ബാബു നായിഡുവിനെ സന്ദര്‍ശിക്കുകയും തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. അങ്ങനെയാണ് നവീന്‍ പട്‌നായിക്കിനെ പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ട് ബിജു ജനതാദള്‍ എന്ന പാര്‍ട്ടി 1997 ഡിസംബറില്‍ രൂപവത്കരിക്കുന്നത്. പുരി ജഗന്നാഥന്റെ അടയാളങ്ങളിലേതെങ്കിലും ചിഹ്നമായി സ്വീകരിക്കാമെന്ന തീരുമാനത്തിലെത്തി. ഗദയും താമരയും ചക്രവും ശംഖുമൊക്കെയാണ് പുരിയുടെ സാംസ്‌കാരിക അടയാളങ്ങള്‍. താമര ബി.ജെ.പിയുടെയും ചക്രം ജനതാദളിന്റെയും ചിഹ്നങ്ങള്‍. ഗദ ആര്‍ക്കും പിടിച്ചില്ല. അങ്ങനെ അവസാനം ശംഖ് പുതിയ പാര്‍ട്ടിയുടെ ചിഹ്നമായി മാറി.
കരുത്തനാകുന്നു
ബിജു ജനതാദളിന്റെ രൂപവത്കരണം ബി.ജെ.പി. മികച്ച അവസരമായി കരുതി. ഒഡിഷയില്‍ ഇരുവരും ചേര്‍ന്ന സഖ്യം രൂപപ്പെട്ടു. 1998-ലും 1999-ലും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നു. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി രൂപവത്കരിച്ച രണ്ട് സര്‍ക്കാരുകളിലും നവീന്‍ പട്‌നായിക് കേന്ദ്രമന്ത്രിയായി. വാജ്‌പേയിക്ക് ബിജു പട്‌നായിക്കിനോട് വലിയ അടുപ്പമായിരുന്നു. നവീനോടും ആ ബന്ധം അദ്ദേഹം തുടര്‍ന്നു. നവീന്‍ പട്‌നായിക്കിന്റെ ആദ്യത്തെ യഥാര്‍ഥ പരീക്ഷണം 2000-ലായിരുന്നു. ബിജു ജനതാദള്‍ രൂപവത്കരിച്ചതിനുശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ബി.ജെ.ഡിയും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യം സംസ്ഥാനം പിടിക്കുമെന്ന ധാരണ പൊതുവേ ശക്തമായിരുന്നു. ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പാണ് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്.
1995-ലെ തിരഞ്ഞെടുപ്പിനുശേഷം ഗ്രൂപ്പ് സമവാക്യങ്ങളുടെ ബലത്തില്‍ മുഖ്യമന്ത്രിയായ ജെ.ബി. പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ലൈംഗികാരോപണങ്ങള്‍ തിരിച്ചടിയായി. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ജനങ്ങള്‍ തളര്‍ന്നു. പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേന്ദ്രമന്ത്രി ഗിരിധര്‍ ഗമാങ്ങിനെ മുഖ്യമന്ത്രിയാക്കി. അപ്പോഴാണ് ദുരന്തം കൊടുങ്കാറ്റിന്റെ രൂപത്തില്‍ ഒഡിയക്കാര്‍ക്കിടയിലേക്കെത്തിയത്. ഒഡിഷ കണ്ട ഏറ്റവും വലിയ ദുരന്തം! 1999 ഒക്ടോബര്‍ 25-ന് രൂപം കൊണ്ട കൊടുങ്കാറ്റ് ഒഡിഷയില്‍ താണ്ഡവമാടി. ഔദ്യോഗികകണക്ക് പ്രകാരം ഒഡിഷയില്‍ മരിച്ചത് 9887 പേര്‍. 1.26 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിച്ചു. ഈ ദേശീയ ദുരന്തത്തിന് മുന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തി. ജനം ശക്തമായി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വീണ്ടും ഇടപെട്ടു. ഗിരിധര്‍ ഗമാങ്ങ് തെറിച്ചു. പകരം ഒഡിഷയിലെ ആദ്യ ഗോത്രവര്‍ഗ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാളിനെ തിരിച്ചുകൊണ്ടുവന്നു. പക്ഷെ അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു.

കേന്ദ്രമന്ത്രിയാണെങ്കിലും ഹിന്‍ജിലി മണ്ഡലത്തില്‍ നിന്ന് നവീന്‍ പട്‌നായിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങി. പാര്‍ട്ടി പ്രസിഡന്റെന്ന നിലയില്‍ സംസ്ഥാനത്തുടനീളം നവീന്‍ പ്രചാരണം നടത്തി. ദുരന്തം വിതച്ച ജില്ലകളിലെല്ലാം ജനം നവീനെ കാണാന്‍ തടിച്ചുകൂടി. ബിജുബാബുവിന്റെ മകന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷ അവരിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും നവീന്‍ ബാബുവിന്റെ സഹായി ഒരു കടലാസ് അദ്ദേഹത്തിന് നല്‍കും. ഇംഗ്ലീഷിലെഴുതിയ ഒഡിയ പ്രസംഗം. ഒഡിയ ഭാഷയില്‍ ഒരു വാചകം പോലും സംസാരിക്കാന്‍ നവീന് കഴിയുമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും അതായിരുന്നു. ''ജാന്‍കീ ബാബു (ജെ.ബി. പട്‌നായിക്) നന്നായി ഒഡിയ പറയും. എന്നാല്‍ അദ്ദേഹം അനവധി വര്‍ഷം മുഖ്യമന്ത്രിയായിട്ടും നിങ്ങള്‍ക്കെന്ത് നേട്ടമുണ്ടായി? ഇനി എനിക്കൊരു അവസരം തന്നുനോക്കൂ'' ജനങ്ങളോട് ഇംഗ്ലീഷ് ചുവയുള്ള ഒഡിയ ഭാഷയില്‍ അദ്ദേഹം പറഞ്ഞു. അല്‍പം കൂടി ഒഡിയ പറയൂ എന്ന് ജനങ്ങള്‍ എല്ലായിടത്തും ആവശ്യപ്പെട്ടു. നവീന്‍ അപ്പോള്‍ അവര്‍ക്ക് നേരെ കൈവീശി. ''രാജ്യസഭയിലേക്ക് അയക്കാന്‍ എനിക്ക് ഭാര്യയോ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ എനിക്ക് കുട്ടികളോ ഇല്ല. നിങ്ങള്‍ മാത്രമാണ് എനിക്കുള്ളത്'' എന്ന് നവീന്‍ പ്രസംഗിക്കുമ്പോള്‍ ജനം ആര്‍ത്തുവിളിച്ചു. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, പണവും സൗകര്യവും ധാരാളമുള്ള, അവിവാഹിതനായ നവീന്‍ ബാബു തങ്ങളുടെ ദുരിതമകറ്റാന്‍ വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിച്ചു.
പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി വാജ്‌പേയ് നവീനെ ഭാവിമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളുടെ ചിന്ത അങ്ങനെയായിരുന്നില്ല. ബി.ജെ.പിയിലെ ഭൂരിഭാഗവും നവീന്റെ രാഷ്ട്രീയ ഭാവി ചെറുതായിരിക്കുമെന്ന് കരുതി. നവീന്‍ മുഖ്യമന്ത്രിയായാലും അല്‍പകാലത്തിനുശേഷം ബി.ജെ.പിയില്‍ ചേരുകയോ രാഷ്ട്രീയം വിടുകയോ ചെയ്യുമെന്ന് അവര്‍ ചിന്തിച്ചു. ബി.ജെ.ഡിയെ വിഴുങ്ങാമെന്ന തോന്നല്‍ ചിലരിലെങ്കിലുമുണ്ടായിരുന്നു. ബി.ജെ.ഡിയിലും നവീന്‍ പട്‌നായിക്കിനെ പലരും ഗൗരവമായി കണ്ടില്ല. ബിജോയ് മഹാപാത്രയായിരുന്നു അവിടെ അണിയറയില്‍ കാര്യങ്ങള്‍ നീക്കിയിരുന്നത്. മഹാപത്ര ജനകീയനായ നേതാവല്ലെങ്കിലും സംഘടനാകാര്യങ്ങളില്‍ മിടുക്കനായിരുന്നു. നവീന്‍ ആദ്യം മുഖ്യമന്ത്രിയായാലും കുറച്ചുകാലം കഴിഞ്ഞാല്‍ അധികാരം തന്റെ വരുതിയിലാകുമെന്ന് മഹാപത്ര കരുതി. കൂടുതല്‍ എം.എല്‍.എമാരെ കൂടെ നിര്‍ത്താവുന്ന തരത്തിലാണ് അദ്ദേഹം സ്ഥാനാര്‍ഥികളെ ഓരോ മണ്ഡലത്തിലും നിശ്ചയിച്ചത്. തന്റെ അനുയായികള്‍ക്ക് പരമാവധി സീറ്റ് അദ്ദേഹം ഒപ്പിച്ചു. പതിവുപോലെ പട്കുരയില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിക്കാനുറച്ചത്. ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായി അദ്ദേഹം നേരത്തേ പത്രികയും നല്‍കി.
പത്രിക നല്‍കേണ്ട അവസാന ദിവസം ഭുവനേശ്വറില്‍ മഹാപത്രയുടെ നേതൃത്വത്തില്‍ രാഷ്ട്രീയകാര്യ സമിതി ചേരുകയാണ്. നവീന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഉച്ചയോടെ മഹാപത്രയുടെ മണ്ഡലമായ പട്കുരയില്‍ നിന്ന് ഒരു നേതാവ് അദ്ദേഹത്തെ വിളിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് അയാള്‍ കൈമാറിയത്. മഹാപത്രയുടെ പത്രിക തള്ളാനുള്ള അപേക്ഷ പാര്‍ട്ടി അധ്യക്ഷനായ നവീന്‍ പട്‌നായിക് നല്‍കിയിരിക്കുന്നു. പകരം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പത്രപ്രവര്‍ത്തകനായ അതാനു സബ്യസാചി. ബിജോയ് മഹാപത്രയുടെ മുഖം ചുവന്നുതുടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതാണ് ഇനി ആകെയുള്ള വഴി. പക്ഷെ എങ്ങനെ പറന്നാലും പത്രിക നല്‍കാനുള്ള അവസാന സമയത്തിന് മുമ്പ് ഭുവനേശ്വറില്‍ നിന്ന് പട്കുരയിലെത്തില്ല. ആ ശ്രമം മഹാപത്ര ഉപേക്ഷിച്ചു. ബിജു ജനതാദള്‍ രൂപവത്കരണ വേളയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി ഭരണഘടന നല്‍കേണ്ടതുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഈ രേഖയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ തീരുമാനമെടുക്കുക. ഉന്നത നേതാക്കള്‍ തയ്യാറാക്കിയ ഭരണഘടന അവസാന നിമിഷം വായിച്ചുനോക്കിയ നവീന്‍ പട്‌നായിക് ചെറിയൊരു തിരുത്ത് നിര്‍ദേശിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക നിഷേധിക്കാനുള്ള അവകാശം പ്രസിഡന്റിനുണ്ട് എന്ന ചെറിയൊരു നിര്‍ദേശം. നിര്‍ദോഷപൂര്‍വമായ ആ കാര്യം ബിജോയ് മഹാപത്രയടക്കമുള്ളവര്‍ സമ്മതിക്കുകയും ചെയ്തു. അന്നത്തെ ആ നീക്കം പാര്‍ട്ടിയിലെ നവീന്റെ കരുത്ത് കാണിക്കാനുള്ള അവസരത്തിന് വേണ്ടിയാണെന്ന് തന്റെ പത്രിക തള്ളിയപ്പോഴാണ് മഹാപത്ര മനസ്സിലാക്കിയത്.
ബിജോയ് മഹാപത്ര ബിജു ജനതാദള്‍ വിട്ടു. അവിടെ പത്രിക നല്‍കിയിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ത്രിലോചന്‍ ബഹ്‌റയെ പിന്തുണച്ചു. മഹാപത്രയുടെ പിന്തുണ കിട്ടിയതോടെ അദ്ദേഹത്തിന്റെ കോട്ടയില്‍ ത്രിലോചന്‍ ബഹ്‌റ എളുപ്പത്തില്‍ ജയം സ്വന്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം ത്രിലോചന്‍ ബഹ്‌റ തനിക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുതരുമെന്ന് മഹാപത്ര കരുതി. എന്നാല്‍ അവിടെയും മഹാപത്രയെ നവീന്‍ ഞെട്ടിച്ചു. ത്രിലോചന്‍ ബഹ്‌റയെയും നവീന്‍ ഭരണപക്ഷത്തിനൊപ്പം നിര്‍ത്തി. മഹാപത്ര ഇളിഭ്യനായി. അടുത്ത തിരഞ്ഞെടുപ്പില്‍ മഹാപത്ര മത്സരത്തിനിറങ്ങി. പക്ഷെ ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പഴയ അതാനു സബ്യസാചിയാണ് ജയം സ്വന്തമാക്കിയത്. പിന്നീടുള്ള കാലം നവീന്റെ ഏറ്റവും വലിയ വിമര്‍ശകനായി മഹാപത്ര മാറിയെങ്കിലും രാഷ്ട്രീയ ഭാവി ഏറെക്കുറേ അസ്തമിച്ചു. സ്വന്തമായുണ്ടാക്കിയ ഒഡിഷ ഗണപരിഷത്തും പിന്നീട് ചേര്‍ന്ന എന്‍.സി.പിയും ബി.ജെ.പിയുമൊന്നും അദ്ദേഹത്തിന് നേട്ടങ്ങള്‍ നല്‍കിയില്ല. രാഷ്ട്രീയ ഭാവി തേടി 2023 ആദ്യം തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിനെ അദ്ദേഹത്തിന് സന്ദര്‍ശിക്കേണ്ടി വന്നു. (2024-ല്‍ ഇതേ ബിജോയ് മഹാപത്രയുടെ മകന്‍ അരബിന്ദ് മഹാപത്ര ബി.ജെ.ഡി. സ്ഥാനാര്‍ഥിയായി പട്കുരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചു!). ബിജോയ് മഹാപത്രയുടെ അവസ്ഥ ബിജു ജനതാദളിലുള്ളവര്‍ക്കെല്ലാം ഒരു പാഠമായിരുന്നു. അതോടെ പാര്‍ട്ടിക്കുള്ളില്‍ നവീന്‍ പട്‌നായിക് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. 2000-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡി. 68 സീറ്റും സഖ്യകക്ഷി ബി.ജെ.പി. 38 സീറ്റും നേടി. നവീന്‍ ബാബു മുഖ്യമന്ത്രിയായി അധികാരമേറ്റു. വലിയൊരു യാത്രയുടെ തുടക്കം.
ഒറ്റയ്ക്ക്... ഒരേയൊരാള്‍
തനിക്ക് ബാധ്യതയാകുന്നതൊന്നും നവീന്‍ബാബു പേറില്ല. തനിക്ക് ഭീഷണിയാകുമെന്ന തോന്നലിനെപ്പോലും വളരാന്‍ അദ്ദേഹം സമ്മതിക്കുകയുമില്ല. 2008-ല്‍ കാന്ധമാലിലുണ്ടായ അക്രമസംഭവങ്ങള്‍ നവീന് വലിയൊരു പരീക്ഷയും പരീക്ഷണവുമായിരുന്നു. കാന്ധമാല്‍ ജില്ല ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. ഇതില്‍ ബഹുഭൂരിഭാഗവും കുയി ഭാഷ സംസാരിക്കുന്ന ഗോത്രജനതയും. അവര്‍ ഹിന്ദുമതത്തില്‍ നിന്ന് മാറി ക്രിസ്തുമതം തിരഞ്ഞെടുത്തവരാണ്. ഇത്തരം മതംമാറലുകള്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിരുന്നു. ഇടക്കിടെ ഇതിനെച്ചൊല്ലി സംഘര്‍ഷങ്ങളുമുണ്ടാകും.
2007-ലെ ക്രിസ്മസ് ആഘോഷത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ നീണ്ട അക്രമസംഭവങ്ങള്‍ക്കാണ് കാരണമായത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായ ലക്ഷ്മണാനന്ദ സരസ്വതി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടായി. പിന്നീട് പ്രദേശത്ത് തുടര്‍ച്ചയായി നടന്ന അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറോളം ക്രിസ്ത്യന്‍ പള്ളികളും അവരുടെ സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും എഴുനൂറോളം വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. 2008 ഓഗസ്റ്റ് 23-ന് ലക്ഷ്മണാനന്ദ സരസ്വതിയുടെ ആശ്രമത്തില്‍ ഒരു സംഘം കടന്നുകയറി അദ്ദേഹത്തെയും മറ്റ് നാലുപേരെയും കൊലപ്പെടുത്തിയതോടെ അക്രമം രൂക്ഷമായി. മാവോവാദികള്‍ പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ക്രിസ്ത്യാനികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് ഉണ്ടായത്. ഔദ്യോഗിക കണക്കുപ്രകാരം 39 പേരാണ് കൊല്ലപ്പെട്ടത്. 365 പള്ളികള്‍ക്ക് നാശമുണ്ടായി. 54000 പേരാണ് വീടില്ലാതെ തെരുവിലായത്. ലക്ഷ്മണാനന്ദ സരസ്വതിയെ കൊന്ന കുറ്റത്തിന് ആന്ധ്രയില്‍ നിന്നുള്ള മാവോവാദി നേതാവും
ഏഴ് ക്രിസ്ത്യന്‍ ഗോത്രവര്‍ഗ യുവാക്കളുമടക്കം ശിക്ഷിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി. എം.എല്‍.എ. അടക്കം 18 പേരാണ് അക്രമങ്ങള്‍ക്ക് തടവിലായത്. കാന്ധമാലിലെ പ്രശ്‌നത്തില്‍ നിന്ന് പരമാവധി മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി. ശ്രമിച്ചു. ഭരണകക്ഷിയെന്ന ആനുകൂല്യവും അവര്‍ക്കുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നേരെയും വിമര്‍ശനമുന നീണ്ടുവന്നതോടെ നവീന്‍ വലിയൊരു പരീക്ഷണത്തിന് മുതിര്‍ന്നു. ബി.ജെ.പിയുമായുള്ള ബന്ധം 2009-ല്‍ ബിജു ജനതാദള്‍ അവസാനിപ്പിച്ചു. പിന്നാലെ നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് വിജയിച്ചു. കാന്ധമാല്‍ കലാപത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, അതേസമയം തന്റെ മതേതരത്വ പ്രതിച്ഛായയും ധീരപരിവേഷവും നിലനിര്‍ത്തുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ആശയം നവീന്‍ പട്‌നായിക്കിന് നേരത്തെയുണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ബി.ജെ.ഡിയുടെ ചെലവിലാണ് ബി.ജെ.പി. വളരുന്നതെന്ന വസ്തുത സ്വകാര്യ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലൂടെ നവീന്‍ മനസ്സിലാക്കിയിരുന്നു. അനുഗുറിലും ഭുവനേശ്വറിലും കട്ടക്കിലും നടന്ന നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഫലമായിട്ടാകണം. 2009-ലെ തിരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇടതുപാര്‍ട്ടികളെയും കൂട്ടുപിടിച്ചാണ് ബി.ജെ.ഡി. മത്സരിച്ചത്. ബി.ജെ.പിയെ ഉപേക്ഷിച്ച ബി.ജെ.ഡിക്ക് ലഭിച്ചത് 103 എം.എല്‍.എമാര്‍. തൊട്ടുമുമ്പുള്ളതിനേക്കാള്‍ 42 സീറ്റ് അധികം. ബി.ജെ.പിക്ക് 26 സീറ്റാണ് നഷ്ടമായത്. ആകെക്കിട്ടിയത് ആറ് സീറ്റ്. ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒഡിഷയിലെ 14 സീറ്റുകള്‍ ബി.ജെ.ഡി. നേടി. ബാക്കിയുള്ള ആറെണ്ണം കോണ്‍ഗ്രസിനും ഒന്ന് സി.പി.ഐക്കും ലഭിച്ചു. ബി.ജെ.പിക്ക് ഒറ്റ് സീറ്റ് പോലും കിട്ടിയില്ല. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 117 ആക്കി ഉയര്‍ത്തിയ ബി.ജെ.ഡി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റുകളില്‍ ഇരുപതും നേടി.
പാര്‍ട്ടിയില്‍ തന്റെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ വളര്‍ന്നവരുടെ വഴി നവീന്‍ പട്‌നായിക് കൃത്യമായി അടച്ചു. ബിജോയ് മഹാപത്രയെ ആദ്യമേ ഒതുക്കിയത് കണ്ടതാണല്ലോ. വ്യവസായിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദിലീപ് റേയുടേതായിരുന്നു അടുത്ത ഊഴം. ബിജു പട്‌നായിക്കുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നു അദ്ദേഹം. ദിലീപ് റേയുടെ വീട്ടിലാണ് ബിജു പട്‌നായിക് മരണസമയത്ത് താമസിച്ചിരുന്നത്. ഈ സ്‌നേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം അദ്ദേഹത്തിനോടുണ്ടായിരുന്നു. ബിജു ജനതാദളിന്റെ രൂപവത്കരണത്തിലും റേ പ്രധാന പങ്കുവഹിച്ചു. 100 കോടിയിലേറെ സ്വത്തുള്ള ദിലീപ് റേ വലിയൊരു ഭീഷണിയാകുമോയെന്ന് നവീന്‍ പട്‌നായിക് സംശയിച്ചു. മുഖ്യമന്ത്രിയാകാന്‍ വേണ്ടി കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമ്പോള്‍ തനിക്കൊപ്പം ദിലീപ് റേയെയും നവീന്‍ രാജിവെപ്പിച്ചു. പകരം മറ്റ് രണ്ടുപേരെയാണ് മന്ത്രിമാരാക്കിയത്. സൂചന മനസ്സിലാക്കിയ ദിലീപ് റേ പതിയെ രാഷ്ട്രീയത്തിലെ തന്റെ സാന്നിധ്യം കുറച്ചു. 2019-ന് ശേഷം പൂര്‍ണമായും രാഷ്ട്രീയം വിട്ടു.
നളിനികാന്ത മൊഹന്തി ബി.ജെ.ഡിയുടെ വര്‍ക്കിങ് പ്രസിഡന്റും നവീന്റെ മന്ത്രിസഭയിലെ അംഗവുമായിരുന്നു. ജനതാ കാലത്ത് എം.എല്‍.എയായ അദ്ദേഹം പിന്നീട് ഒട്ടേറെ പദവികള്‍ അലങ്കരിച്ചു. 2001-ല്‍ തന്നെയും മറ്റ് രണ്ട് മന്ത്രിമാരെയും പുറത്താക്കിയ വിവരം ഓഫീസിലിരിക്കുമ്പോള്‍ ടെലിവിഷനിലെ വാര്‍ത്തയിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. അഴിമതിക്കേസും ഇവര്‍ക്കെതിരെ ചുമത്തി. മുഖ്യമന്ത്രിയെ കാണാന്‍ പോലും അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. നിരാശനായ മൊഹന്തി ഉടനടി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിന് പിന്നീടങ്ങോട്ട് ശോഭനമായ ഒരു കാലമുണ്ടായില്ല. ഭീഷണിയാകുമെന്ന് കരുതുന്ന നേതാക്കളെ നവീന്‍ ഒതുക്കുന്ന രീതി മറ്റുള്ളവരെപ്പോലും ഭയപ്പെടുത്തി. ഏത് സമയവും ആര്‍ക്കും സ്ഥാനം നഷ്ടപ്പെടാമെന്ന് അവര്‍ പേടിച്ചു. പ്യാരി മഹാപത്രയുടേത് അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു.
ബിജു പട്‌നായിക് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു പ്യാരി മഹാപത്ര. അതീവ തന്ത്രശാലി. ആളുകളെ വരുതിയിലാക്കാനും വേണ്ട കാര്യങ്ങള്‍ വേണ്ട പോലെ നടത്താനും മിടുക്കന്‍. ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം നവീനിനൊപ്പം തുടക്കം മുതലുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ നവീന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ മിക്കപ്പോഴും നേടി. പതിയെ പ്യാരി മഹാപത്രയുടെ അധികാരം വളര്‍ന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും ബില്ലുകള്‍ പാസാക്കാനും ടെണ്ടറുകള്‍ അനുവദിക്കാനുമൊക്കെ ആളുകള്‍ മൊഹാപത്രയെ സമീപിച്ചുതുടങ്ങി. ഒന്നിലും അധികം കയറി ഇടപെടാതിരിക്കലായിരുന്നു നവീന്‍ പട്‌നായിക് ശൈലി. നവീന് വേണ്ടി പ്യാരി മഹാപത്ര കാര്യങ്ങള്‍ നടത്തി. ഭരണം നടത്തുന്നത് മഹാപത്രയാണെന്ന അടക്കം പറച്ചിലുകള്‍ ഉണ്ടായിത്തുടങ്ങി. സൂപ്പര്‍ മുഖ്യമന്ത്രി എന്ന് ചിലര്‍ മഹാപത്രയെ വിശേഷിപ്പിച്ചു.
ഉപദേശകനെന്ന വേഷത്തില്‍ നിന്ന് പാര്‍ട്ടിക്കുള്ളിലേക്കും പ്യാരി മഹാപത്രയുടെ അധികാരം വളര്‍ന്നു. 2004-ല്‍ അദ്ദേഹം രാജ്യസഭാംഗമായി. നവീനുമൊത്ത് വേദി പങ്കിടാന്‍ തുടങ്ങി. 2009-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവീനെപ്പോലെ ഹെലികോപ്ടറെടുത്ത് അദ്ദേഹം ചുറ്റിസഞ്ചരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിനൊപ്പം പ്യാരി മഹാപത്രയുടേതും സ്ഥാപിച്ചുതുടങ്ങി.
പ്യാരി മഹാപത്രയുടെ വളര്‍ച്ച മറ്റാര് ശ്രദ്ധിച്ചില്ലെങ്കിലും നവീന്‍ പട്‌നായിക് ശ്രദ്ധിക്കാതിരുന്നില്ല. പുരയ്ക്ക് മീതെ വളരുന്നത് ഏത് മരമായാലും വെട്ടണം എന്ന പക്ഷക്കാരനാണ് നവീന്‍. പതിയെ പ്യാരി മഹാപത്രയുടെ സാന്നിധ്യം നവീന്‍ ഒഴിവാക്കാന്‍ തുടങ്ങി. അവഗണന മഹാപത്ര വേഗത്തില്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടിയുടെ എം.എല്‍.എമാരെയും എം.പിമാരെയുമെല്ലാം തിരഞ്ഞെടുത്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുള്ളതാണ്. 2012 മേയ് 19-ന് തന്റെ അനുഭാവികളായ എം.എല്‍.എമാരുടെ ഒരു യോഗം പ്യാരി മഹാപത്ര തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്തു.
നവീന്‍ പട്‌നായിക് വിദേശത്ത് പോയ സമയമായിരുന്നു അത്. മഹാപത്ര വിളിച്ച യോഗം ടെലിവിഷന്‍ ചാനലുകളില്‍ ബ്രേക്കിങ് വാര്‍ത്തയായി. 1984-ല്‍ ആന്ധ്രാപ്രദേശില്‍ എന്‍.ടി. രാമറാവു വിദേശത്തായിരിക്കെ ഭാസ്‌കര റാവു നടത്തിയ നീക്കവുമായി ഇതിന് ചിലര്‍ സാദൃശ്യം കണ്ടെത്തി. അതോടെ നവീന്‍ പക്ഷത്തെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദേശത്ത് നിന്ന് നവീന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കുതിച്ചെത്തി. നവീനെ താഴെയിറക്കാനുള്ള യാതൊരു ആലോചനയും തനിക്കുണ്ടായിരുന്നില്ലെന്ന് പ്യാരി മഹാപത്ര കേണുപറഞ്ഞു. എന്നാല്‍ അപ്പോഴേക്കും മഹാപത്ര ചതിയനാണെന്ന് നവീന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. മഹാപത്രയുടെ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവര്‍ പോലും അതോടെ അദ്ദേഹത്തെ ഉപേക്ഷിച്ചു. സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് കരുതിയിരുന്ന പ്യാരി മഹാപത്ര ഒരാഴ്ച കൊണ്ട് സംസ്ഥാനത്തെ ഏറ്റവും പരാജിതനായ നേതാവായി മാറി. ബിജു ജനതാദളില്‍ നിന്ന് പുറത്താക്കപ്പെട്ട മഹാപത്ര ഒഡിഷ ജനമോര്‍ച്ച രൂപവത്കരിച്ചെങ്കിലും വലിയ പുരോഗതിയുണ്ടായില്ല. പ്യാരി മഹാപത്രയുടെ വീഴ്ച കണ്ടവരാരും പിന്നീട് നവീന്‍ പട്‌നായിക്കിനെതിരെ തിരിഞ്ഞില്ല. പിന്നീടൊരിക്കലും ഗൗരവമാര്‍ന്ന ഒരു അപശബ്ദം പോലും പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായതുമില്ല.

എന്താണ് ആ രഹസ്യം?
നവീന്‍ ഭരണമേല്‍ക്കുമ്പോള്‍ ഒഡിഷ അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണുണ്ടായിരുന്നത്. കൊടുങ്കാറ്റ് സംസ്ഥാനത്തിന്റെ പകുതിയോളം ഭാഗത്തെയും അവിടുത്തെ ജീവിതങ്ങളെയും കശക്കിയെറിഞ്ഞിരുന്നു. ദാരിദ്ര്യം കൊണ്ട് കുട്ടികളെ വില്‍ക്കുന്ന കാലാഹന്ദി പോലുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണ് ഒഡിഷയില്‍ നിന്ന് അക്കാലത്ത് വന്നുകൊണ്ടിരുന്നത്. ഒഡിഷയിലെ ഏത് മരണവും പട്ടിണിമരണമായി വ്യാഖ്യാനിക്കപ്പെടുന്ന കാലം. നവീന്‍ സര്‍ക്കാരുകള്‍ പ്രകൃതിദുരന്തങ്ങളെയും ദാരിദ്ര്യത്തെയും ധീരമായി നേരിട്ടു. തങ്ങള്‍ക്കൊരു നാഥനുണ്ടെന്ന തോന്നലുണ്ടാക്കാന്‍ നവീന്‍ ബാബുവിന് കഴിഞ്ഞു എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം.
തീര്‍ച്ചയായും, നവീന്‍ബാബുവിനെ ജനങ്ങള്‍ അറിഞ്ഞത് ബിജു പട്‌നായിക്കിന്റെ മകനായിട്ടാണ്. ആ സ്‌നേഹം രാഷ്ട്രീയത്തിലെ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് തുണയായിട്ടുണ്ട്. എന്നാല്‍ പതിവ് മക്കള്‍രാഷ്ട്രീയത്തിന്റെ ഉദാഹരണമായി അറിയപ്പെടാന്‍ നവീന്‍ ആഗ്രഹിച്ചില്ല. ''കുടുംബത്തിലെ ആരെങ്കിലും ബിജു പട്‌നായിക്കിന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പാരമ്പര്യം തുടരണമായിരുന്നു. ഞാന്‍ അച്ഛന്റെ ഉത്തരവാദിത്വങ്ങളുടെ അനന്തരാവകാശിയാണ്, അദ്ദേഹത്തിന്റെ വിശേഷാധികാരങ്ങളുടെയല്ല. ആളുകളോട് എങ്ങനെ ഇടപെടണം, അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ മനസ്സിലാക്കണം, അതിനെ മികച്ച രീതിയില്‍ എങ്ങനെ പരിഹരിക്കണം എന്നൊക്കെയാണ് അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്'' ഇന്ത്യാ ടുഡേയിലെ രാജ് ചെങ്കപ്പയ്ക്ക് 2021 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിതി ആയോഗിന്റെ 2023-ലെ മള്‍ട്ടി ഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (എം.പി.ഐ.) പരിശോധിക്കുക. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ പരിഗണിച്ച് കണക്കാക്കുന്നതാണ് മള്‍ട്ടി ഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ശതമാനം 29.34-ല്‍ നിന്ന് 15.68 ആയി കുറയ്ക്കാന്‍ ഒഡിഷയ്ക്ക് കഴിഞ്ഞു. നഗരത്തിലും ഗ്രാമത്തിലും ഇതേ നിരക്കിലുള്ള കുറവുണ്ടെന്നതാണ് ശ്രദ്ധേയം.
സംസ്ഥാനത്തെ ഓരോ വിഭാഗക്കാര്‍ക്കും വേണ്ട പദ്ധതികള്‍ നവീന്‍ പട്‌നായിക് ആവിഷ്‌കരിച്ചു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 2021 ഫെബ്രുവരി 21 ലക്കത്തില്‍ പ്രളയ് കാനുംഗോയും സീതാറാം കുംഭാറും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ വിശദീകരിച്ച നവീന്റെ പദ്ധതികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആശ്ചര്യം തോന്നും. പൊതുവിതരണ സമ്പ്രദായത്തിലെ ചോര്‍ച്ചകള്‍ പരിഹരിച്ചുകൊണ്ട് അവതരിപ്പിച്ച ഒരു രൂപയ്ക്ക് ഒരു കിലോ അരിയും അഞ്ച് രൂപയ്ക്ക് ആഹാരം കിട്ടുന്ന ആഹാര്‍ പദ്ധതിയും പട്ടിണിയെ പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. പ്ലാസ്റ്റിക്കിന് പകരം ഭക്ഷണം എന്ന പദ്ധതി ദാരിദ്ര്യനിര്‍മാര്‍ജനത്തെയും മാലിന്യനിര്‍മാര്‍ജനത്തെയും കൂട്ടിക്കെട്ടി. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി സഹകരിച്ചായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്. ജഗ മിഷന്‍ ചേരിനിവാസികളുടെ ഭൂഅവകാശങ്ങളെ ലക്ഷ്യം വെച്ചപ്പോള്‍ കാലിയ (കൃഷക് അസിസ്റ്റന്‍സ് ഫോര്‍ ലിവ്‌ലിഹുഡ് ആന്‍ഡ് ഇന്‍കം ആര്‍ഗ്യുമെന്റേഷന്‍) പദ്ധതി ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ബിജു സ്വാസ്ഥ്യ കല്യാണ യോജന പോലുള്ള ആരോഗ്യപദ്ധതികള്‍, പുതിയ ആദിവാസി നിയമങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള മധു ബാബു പെന്‍ഷന്‍ പദ്ധതി തുടങ്ങിയ നൂറുകണക്കിന് പദ്ധതികള്‍ നവീന്‍ പട്‌നായിക് ഭരണത്തിന്റെ മികവിന്റെ ഉദാഹരണങ്ങളായി ജനം കണ്ടു.
നവീന്‍ പട്‌നായിക് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തുപറയാവുന്നത് ദുരന്തനിവാരണ രംഗത്തെ ഇടപെടലുകളാണ്. എല്ലാക്കാലത്തും കൊടുങ്കാറ്റും പ്രളയവും കൊണ്ട് കഷ്ടപ്പെടുന്ന ഒഡിഷയില്‍ 2013-ല്‍ ഫൈലിനും 2019-ല്‍ ഫാനിയും വീശിയപ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളെ നിമിഷനേരം കൊണ്ട് അപകടം പറ്റാതെ രക്ഷിക്കാന്‍ സര്‍ക്കാരിനായി. കാര്യക്ഷമമായ ഒഡിഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ഒഡിഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ആധുനിക കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുമെല്ലാം ഒഡിഷയെന്ന ദുരന്തഭൂമിയുടെ തലവര മാറ്റി.
വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള നവീന്റെ ചങ്ങാത്തം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. വലിയ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതില്‍ യാതൊരു മടിയോ ആശങ്കയോ നവീന്‍ പ്രകടിപ്പിക്കാറില്ല. വേദാന്ത അലുമിനിയം കമ്പനിയുടെ ഒഡിഷയിലെ ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കടുത്ത ആരോപണങ്ങളും ജനകീയ സമരങ്ങളും നവീന് ഏശിയില്ല. ഖോണ്ട് ഗോത്രവിഭാഗക്കാര്‍
ഖനനത്തിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ നവീന്‍ കാര്യമാക്കിയതേയില്ല. തുടര്‍ച്ചയായ ഭരണത്തിന്റെ വിജയമന്ത്രം എന്താണെന്ന് ചോദിച്ചാല്‍ നവീന് അതിനൊരു ഫോര്‍മുലയുണ്ട് - 5ടി. ടീം വര്‍ക്ക്, ടെക്‌നോളജി, ട്രാന്‍സ്പരന്‍സി, ട്രാന്‍സ്‌ഫോര്‍മേഷന്‍, ടൈം ലിമിറ്റ് എന്നിവയാണ് അഞ്ച് ടി-കള്‍. ജനങ്ങള്‍ക്ക് നവീന്‍ ബാബുവിനോടുള്ള ഇഷ്ടത്തിന് മറ്റൊരു കാരണം അദ്ദേഹം അഴിമതി ചെയ്യില്ലെന്ന കടുത്ത വിശ്വാസമായിരുന്നു. നവീന്‍ ബാബു എന്തിന് അഴിമതി ചെയ്യണം, അദ്ദേഹത്തിന് ധാരാളം സ്വത്തുണ്ടല്ലോ, ഭാര്യയോ മക്കളോ ഇല്ലാത്ത അദ്ദേഹം അഴിമതി കാണിക്കില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തെറ്റുചെയ്‌തേക്കാം അദ്ദേഹമത് ചെയ്യില്ല, സ്വന്തം മന്ത്രിമാര്‍ അഴിമതി കാണിച്ചാല്‍ പോലും അദ്ദേഹം അവരെ ശിക്ഷിക്കും - ഇങ്ങനെ നവീന്‍ പട്‌നായിക് എന്ന മുഖ്യമന്ത്രിയെ അന്ധമായി ആരാധിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതികരണം അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സുഹൃത്തും പത്രപ്രവര്‍ത്തകനുമായ റൂബന്‍ ബാനര്‍ജി തന്റെ പുസ്തകത്തില്‍ എടുത്തുകാണിച്ചിട്ടുണ്ട്. നവീന്‍ പട്‌നായിക്കിന്റെ ആരാധകരിലേറെയും സ്ത്രീകളാണ്. ഒഡിഷ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതികള്‍ പരിശോധിച്ചാല്‍ സ്ത്രീ വോട്ടര്‍മാര്‍ ഭൂരിഭാഗവും എപ്പോഴും ബിജു ജനതാദളിനെ പിന്തുണച്ചിരുന്നതായി കാണാം. എന്നാല്‍ ഇത്തവണ ഈ സാഹചര്യങ്ങളൊന്നും ഒത്തുവന്നില്ല. തൊട്ടതെല്ലാം പിഴച്ചു.
ഇനിയെന്ത്?
ഭരണത്തിലെ തുടര്‍ച്ചയുള്ളതിനാല്‍ നവീന്‍ പട്‌നായിക്കിനെതിരെ വിമര്‍ശനങ്ങള്‍ കുറവായിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ലോക്‌സഭയില്‍ അംഗങ്ങളില്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകുകയും ചെയ്തു. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളുണ്ടാകാനും നവീനെതിരെ പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഭരിക്കുമ്പോള്‍ നവീനെതിരെയുള്ള പ്രധാന ആരോപണങ്ങളിലൊന്ന് ബ്യൂറോക്രസിക്ക് അദ്ദേഹം നല്‍കുന്ന അമിതപ്രാധാന്യമായിരുന്നു. പഴയ ഉദ്യോഗസ്ഥനായ പ്യാരി മൊഹാപത്ര ആയിരുന്നു ഒരുകാലത്ത് നവീന്റെ വിശ്വസ്തന്‍. പിന്നീട് ധാരാളം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ നവീന് വേണ്ടി ഭരണം നടത്തി. അവസാനം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. പാണ്ഡ്യനായിരുന്നു വലംകൈയായി കൂടെയുണ്ടായിരുന്നത്.

തമിഴ്‌നാട്ടുകാരനായ പാണ്ഡ്യന്‍ 2000 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോഴത്തെ മിഷന്‍ ശക്തി സെക്രട്ടറിയും ഒഡിഷക്കാരിയുമായ സുജാത റൗതാണ് അദ്ദേഹത്തിന്റെ ഭാര്യ. നവീന് വേണ്ടി പാര്‍ട്ടിപരിപാടികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോലും സംഘടിപ്പിക്കുന്നത് പാണ്ഡ്യനാണെന്നായിരുന്നു ബി.ജെ.ഡിക്കാര്‍ പോലും അടക്കിപ്പിടിച്ച് സംസാരിച്ചിരുന്നത്.
പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നവീന്‍ പട്‌നായിക്കുമായുള്ള ബന്ധം പാണ്ഡ്യന്‍ വഴി മാത്രമായി ചുരുങ്ങി. ബിജു ജനതാദളില്‍ ഒരു രണ്ടാം നിര നേതൃനിര വളര്‍ത്താന്‍ താത്പര്യപ്പെടാത്ത നവീന്‍ തന്റെ പിന്‍ഗാമിയായി കാണുന്നതുപോലും പാണ്ഡ്യനെയാണെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിവില്‍ സര്‍വീസ് വരെ പാണ്ഡ്യന്‍ ഉപേക്ഷിച്ചതോടെ ഈ ആരോപണങ്ങള്‍ ശരിയാണെന്ന പ്രതീതിയുണ്ടായി.
അത്ര മികച്ച ആരോഗ്യസ്ഥിതിയില്ലാത്ത നവീന്‍ പട്‌നായിക്കിന്റെ അനന്തരാവകാശിയാരെന്ന ചോദ്യം ഒഡിഷക്കാരുടെ മനസ്സിലൊക്കെയുണ്ട്. നവീന്റെ ജ്യേഷ്ഠന്‍ പ്രേമിന്റെ മകന്‍ അരുണ്‍ പട്‌നായിക്കിന്റെ പേര് ഇടക്കിടെ പറഞ്ഞുകേള്‍ക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അരുണിന് അത്ര താത്പര്യമില്ല. തമിഴ്‌നാട്ടുകാരനായ പാണ്ഡ്യന്‍ ഒഡിഷയുടെ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ബി.ജെ.പി. അടിത്തട്ടില്‍ നന്നായി നടത്തിയിരുന്നു. ഇത് സാധാരണക്കാര്‍ക്കിടയില്‍ നന്നായി ചര്‍ച്ചയായി. നവീന്‍ പട്‌നായിക് ഇക്കാര്യം നിഷേധിച്ചെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടായി.
സംഘടനാപരമായി ദുര്‍ബലമായ ബിജു ജനതാദള്‍ ഒരുപക്ഷേ നവീന്‍ പട്‌നായിക്കിനുശേഷം വിഘടിച്ച് ഇല്ലാതായെന്നുവരാം; അതല്ലെങ്കില്‍ മറ്റേതെങ്കിലും കക്ഷി അതിനെ വിഴുങ്ങാനും സാധ്യതയുണ്ട്. പ്രതിപക്ഷം എന്ന നിലയില്‍ ആദ്യമാസങ്ങളിലെ പ്രവര്‍ത്തനമായിരിക്കും ബിജു ജനതാദളിന്റെയും നവീന്‍ പട്‌നായിക്കിന്റെയും ഭാവി നിര്‍ണയിക്കുക.
Content Highlights: 24 year rule of naveen patnaik ends after the giant defeat of bjd in lok sabha election
Published: 08 Jun 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented