
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിര്‍' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പോലീസ്. ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മതവിദ്വേഷം വളര്‍ത്തുന്ന 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് 'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നും ഇത് 'അമ്പലമുക്ക് സഖാക്കള്‍' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. 'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മത സ്പര്‍ധവളര്‍ത്തുകയാണ് ഈ സ്‌ക്രീന്‍ ഷോട്ടിലൂടെ ഇത് നിര്‍മിച്ചവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
പോരാളി ഷാജി, അമ്പലമുക്ക് സഖാക്കള്‍ എന്നീ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഈ സ്‌ക്രീന്‍ ഷോട്ട് എങ്ങനെ എത്തി എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. റെഡ് ബറ്റാലിയന്‍ എന്നും റെഡ് എന്‍കൗണ്ടേഴസ് എന്നും പേരുള്ള രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റാണ് ഈ ഫെയ്‌സ്ബുക്ക് പേജുകളില്‍ അതിന്റെ അഡ്മിന്‍മാര്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി.
2024 ഏപ്രില്‍ 25-ന് വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്‍ 25-ന് ഉച്ചക്ക് 2.13-ന് റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23-ന് പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
'അമ്പലമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ കിട്ടിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. മനീഷാണ് അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു.
പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നയാളാണെന്നും പോലീസ് കണ്ടെത്തി. പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
Content Highlights: kafir screenshot vadakara-police report high court
Published: 13 Aug 2024, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented