ഡക്കോട്ട ഡി.സി-3, ബിജു പട്നായിക് | Photo: PTI
1947 ജൂലൈ 21. ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത ലക്ഷ്യമാക്കി ഒരു ചെറുവിമാനം പറന്നുപൊങ്ങി. തീതുപ്പിയ ഡച്ച് തോക്കുകളെ വകവെയ്ക്കാതെ ഡക്കോട്ട ഡി.സി- 3 എന്ന വിങ് പ്രൊപ്പലര്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡോനീഷ്യന്‍ മണ്ണുതൊട്ടത് മൂര്‍ച്ചയേറിയ ഒരു വാക്കിന്റെ പിന്‍ബലത്തിലായിരുന്നു. ഡക്കോട്ട ഡി.സി-3 വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ അത് ഓര്‍മ്മയിലേക്കു കൊണ്ടുവരുന്നത് ചരിത്രത്തിന്റെ ചില ശേഷിപ്പുകളാണ്. ഒപ്പം, ഒഡീഷ മുന്‍മുഖ്യമന്ത്രിയും ഒഡീഷക്കാരുടെ പ്രിയ നേതാവുമായ ബിജു പട്‌നായികിനെയും ഭാര്യ ഗ്യാന്‍വതിയോടൊപ്പം അദ്ദേഹം പൂർത്തിയാക്കിയ ഒരു രക്ഷാദൗത്യത്തെയുമാണ്.
നെഹ്‌റു എല്‍പ്പിച്ച ഐതിഹാസിക ദൗത്യം
1947 ജൂലായില്‍ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള ഇന്ത്യയാണ് പശ്ചാത്തലം. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ഏതു നിമിഷവും ഇന്ത്യ സ്വതന്ത്രമായേക്കുമെന്ന് പ്രതീക്ഷകളുയരുന്ന കാലം. അന്നത്തെ ഒഡീഷ നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയും പൈലറ്റുമായിരുന്ന ബിജു പട്നായ്കിന് ഒരു ഫോണ്‍ കോള്‍ വന്നു. ആശങ്കകളോടെ പട്നായിക് ഫോണെടുത്തു. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവും സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനിരിക്കുന്ന ആളുമായ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു മറുതലയ്ക്കല്‍. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ പൈലറ്റ് കൂടിയായിരുന്ന ബിജു പട്നായികിനു മുന്നില്‍ നെഹ്റു വെച്ചത് വിചിത്രമായ ഒരാവശ്യമായിരുന്നു. ഡച്ച് അധിനിവേശ ഇന്‍ഡോനീഷ്യയില്‍ വീട്ടുതടങ്കലിലുള്ള ഇന്‍ഡോനീഷ്യന്‍ പ്രധാനമന്ത്രിയായ സുതന്‍ സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്തയേയും അവിടെനിന്ന് മോചിപ്പിക്കണം.

ഐതിഹാസികമായ ആ രക്ഷാദൗത്യത്തിന് പട്നായിക് എന്ന വൈമാനികന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ തയ്യാറെടുത്തു. ഒരു സഹപൈലറ്റിനേയും ഒപ്പം കൂട്ടി, പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്ന തന്റെ പങ്കാളി ഗ്യാന്‍വതിയെ. പട്നായിക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കലിംഗ എയര്‍ലൈന്‍സിന്റെ ഡി.സി-3 വിഭാഗത്തിലുള്ള ഡക്കോട്ട വി.ടി.-എ.യു.ഐ. എന്ന വിമാനത്തില്‍ അവര്‍ ജക്കാര്‍ത്തയിലേക്കു തിരിച്ചു. ആ യാത്രയിലൂടെ തുടക്കംകുറിച്ചത് പട്നായികിലെ രാഷ്ട്രീയ പ്രാഗത്ഭ്യത്തിന് കൂടിയായിരുന്നു.
ബിജു പട്നായികിന്‍റെയും ഗ്യാന്‍വതിയുടെയും ജക്കാര്‍ത്ത രക്ഷാദൗത്യത്തിന്‍റെ പശ്ചാത്തലം ആദ്യം പറയാം.
ഡച്ച് അധിനിവേശ ഇന്‍ഡോനീഷ്യ
1600-കളിലാണ് ഡച്ച് അധിനിവേശ ശക്തികള്‍ ഇന്‍ഡോനീഷ്യയില്‍ കോളനിവത്കരണത്തിന്റെ കൊടിനാട്ടിയത്. 1796-ഓടെ ഡച്ച് അധികാരികള്‍ ഇന്‍ഡോനീഷ്യയ്ക്കു മേല്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിച്ചു. അന്ന് 'നെതര്‍ലന്‍ഡ്‌സ് ഡച്ച് ഈസ്റ്റ് ഇന്‍ഡീസ്' എന്ന പേരിലായിരുന്നു ഡച്ച് അധിനിവേശ ഇന്‍ഡോനീഷ്യ അറിയപ്പെട്ടിരുന്നത്. ഒടുവില്‍ സ്വാതന്ത്ര്യ ലബ്ധിയ്ക്കായി രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം 1945 ഓഗസ്റ്റ് 17-ന് ഇന്‍ഡോനീഷ്യ ഡച്ച് ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് മോചിതമായി. 1945 നവംബറില്‍ സുതന്‍ സ്ജാഹിര്‍ പ്രധാനമന്ത്രിയായും അക്മെദ് സുകാര്‍ണോ പ്രസിഡന്റായും ചുമതലയേറ്റ് ആദ്യ സ്വതന്ത്ര ഭരണകൂടത്തിന് തുടക്കംകുറിച്ചു. എന്നാല്‍ ഡച്ചുകാര്‍ മറ്റൊരു തിരിച്ചടിയ്ക്ക് കോപ്പുകൂട്ടുന്ന തിടുക്കത്തിലായിരുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത് താത്കാലിക കൈയ്യേറ്റം നടത്തിയ ഇന്‍ഡോനീഷ്യന്‍ മേഖലയില്‍ നിന്ന് ജപ്പാന്‍ സേന പിന്തിരിഞ്ഞ സമയം. സ്വാതന്ത്ര്യലബ്ധിയുടെ ആശ്വാസത്തിലും ആഹ്‌ളാദത്തിലും മുഴുകിയ ഇന്‍ഡോനീഷ്യന്‍ ജനതയ്ക്കു മുന്നില്‍ ചാട്ടവാര്‍ പോലെ ഡച്ച് ഭരണകൂടത്തിന്റെ പ്രഖ്യാപനം വന്നുവീണു. സ്ജാഹിറിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഭരണകൂടത്തെ അംഗീകരിക്കാന്‍ അവര്‍ ഒരുക്കമല്ല. ഡച്ച് ആധിപത്യത്തില്‍ നിന്ന് ഇന്‍ഡോനീഷ്യയ്ക്ക് മോചനവുമില്ല. സ്തബ്ധരായ അവര്‍ പിന്നെ കണ്ടത് തങ്ങള്‍ക്ക് ചുറ്റും വിന്യസിക്കപ്പെടുന്ന ഡച്ച് സൈന്യത്തെയാണ്. ഇന്‍ഡോനീഷ്യയ്ക്കുമേല്‍ ഡച്ചുകാർ പരമാധികാരം ഉറപ്പിച്ചു.
എന്നാല്‍ തോറ്റുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. 'നെതര്‍ലന്‍ഡ്‌സ് ഡച്ച് ഈസ്റ്റ് ഇന്‍ഡീസ്' നിന്നും 'റിപബ്ലിക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്‍ഡോനീഷ്യ' എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ അവര്‍ പോരാട്ടത്തിനിറങ്ങി. ഇന്‍ഡോനീഷ്യന്‍ പീപ്പിള്‍സ് ആര്‍മി ഡച്ച് സൈനികര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. നിരവധി നേതാക്കള്‍ ഡച്ചുകാരുടെ തടവിലായി. 1947 ജൂലായില്‍ പ്രധാനമന്ത്രി സുതന്‍ സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്തയേയും ഡച്ച് സൈന്യം വീട്ടുതടങ്കലിലാക്കി.
ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സും നെഹ്‌റു നല്‍കിയ ഉറപ്പും
ഈ സംഭവത്തിന് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി നെഹ്റുവിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ റിലേഷന്‍സ് എന്ന പേരില്‍ ഒരു കോണ്‍ഫറന്‍സ് നടന്നു. വിദേശാധിപത്യത്തിന്റെ ചങ്ങലകള്‍ക്കിടയിലും ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അവിടെ ഒത്തുചേര്‍ന്നു. കൂട്ടത്തില്‍ സുതന്‍ സ്ജാഹിറും. അന്ന് നെഹ്റുവുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വൈദേശികാധിനിവേശത്തിനെതിരെ ഇന്ത്യയും ഇന്‍ഡോനീഷ്യയും ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനം ഉയർന്നു.

കൈകൊടുത്തു പിരിഞ്ഞ് സ്ജാഹിര്‍ ഇന്‍ഡോനീഷ്യയിലേക്കു മടങ്ങിയത് നെഹ്റു നല്‍കിയ ഒരുറപ്പുമായാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഇന്‍ഡോനീഷ്യയ്ക്ക് എന്തു സഹായംനല്‍കാനും ഇന്ത്യ തയ്യാറാണ്. ഡച്ച് സൈന്യത്തിന്റെ രണ്ടാം ആക്രമണത്തെ കുറിച്ച് ഇന്ത്യയിലും വാര്‍ത്തയെത്തി. പതിനാല് ദിവസങ്ങളായി സ്ജാഹിറും ഹത്തയും വീട്ടുതടങ്കലിലാണെന്ന വിവരമറിഞ്ഞ നെഹ്റു അവരെ മോചിതരാക്കാന്‍ തന്ത്രം മെനഞ്ഞു.
ചരിത്രദൗത്യം പട്‌നായികിലേക്ക്
റങ്കൂണ്‍ ഓപ്പറേഷന്‍, യാങ്കൂണിലെ ബ്രിട്ടീഷ് കുടുംബങ്ങളെ ഒഴിപ്പിക്കല്‍, ചിയാങ്ങ് കൈഷെക്ക് ഭരണ ചൈനയിലെ ചൈനീസ് വിപ്ലവകാരികളെ സഹായിക്കാന്‍ ഹിമാലയന്‍ മേഖലകളില്‍ നടത്തിയ വെല്ലുവിളി നിറഞ്ഞ വൈമാനിക ഓപ്പറേഷന്‍ എന്നിവ കൊണ്ട് പ്രാഗത്ഭ്യം തെളിയിച്ച പൈലറ്റായിരുന്നു നെഹ്റുവിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് എം.എല്‍.എ. ബിജു പട്‌നായിക്. സ്ജാഹിറിനെയും ഹത്തയേയും മോചിപ്പിക്കുന്ന ദൗത്യം ആരെ ഏല്‍പ്പിക്കണമെന്ന കാര്യം നെഹ്റുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
നെഹ്റുവിന്റെ ഫോണ്‍ കട്ടായപ്പോള്‍ പട്‌നായിക് കുഞ്ഞിനെ ഉറക്കിക്കൊണ്ടിരുന്ന ഭാര്യ ഗ്യാന്‍വതിയെ ഒന്നു നോക്കി. പതിനാല് ദിവസം മാത്രം പ്രായമുള്ള മകന്‍ പ്രേം പട്‌നായികിനെ വീട്ടില്‍ ഏല്‍പ്പിച്ച് ഗ്യാന്‍വതി പൈലറ്റിന്റെ വേഷമണിഞ്ഞു. ഇന്ത്യന്‍ വിമാനത്തെ നേരിടുന്നത് തോക്കുകളായിരിക്കുമെന്ന ഡച്ച് ഭീഷണികള്‍ക്കിടയിലും പട്‌നായികും ഗ്യാന്‍വതിയും ഡക്കോട്ട ഡി.സി-3യുമായി ജക്കാര്‍ത്തയിലേക്കു പറന്നു. സ്ജാഹിറിനെയും ഹത്തയേയും മോചിപ്പിച്ച് 1947 ജൂലായ് 22-ന് സിംഗപ്പൂരിലും 24-ന് ന്യൂഡല്‍ഹിയിലുമെത്തി.
പട്‌നായികിന്റെ ഐതിഹാസിക ദൗത്യത്തിലൂടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്‍ഡോനീഷ്യയുടെ പോരാട്ടം ലോകശ്രദ്ധ നേടി. അതോടെ ഇന്‍ഡോനീഷ്യയ്ക്കു മേലുള്ള ഡച്ച് ആധിപത്യത്തിന്റെ കുരുക്കുകളയഞ്ഞു. ഒടുവില്‍ 1949 ഡിസംബര്‍ 27-ന് ഇന്‍ഡോനീഷ്യയ്ക്കു സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ഹേഗ് ഉടമ്പടിയില്‍ ഡച്ച് ഭരണകൂടം ഒപ്പിട്ടു. ബിജു പട്‌നായികിനോടുള്ള ആദരസൂചകമായി 1950-ല്‍ 'ഭൂമിപത്ര' എന്ന ഇന്‍ഡോനീഷ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി പട്‌നായികിന് നല്‍കി.
1961-ല്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയായി. 1995-ല്‍ ജനതാദളിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിപദത്തിലെത്തി. 1997-ല്‍ മരിക്കുന്നതു വരെ ശോഭയൊട്ടും ചോരാതെ ഒഡീഷയിലെ ജനതയുടെ പ്രിയപ്പെട്ട നേതാവായി അദ്ദേഹം തുടര്‍ന്നു.
കാലം മറന്ന ഡക്കോട്ട ഡി.സി-3
ചരിത്രം കുറിച്ച രക്ഷാദൗത്യത്തിന്റെ ഗര്‍വ്വോടെ പിന്നീട് കുറേ വര്‍ഷങ്ങള്‍ ഡക്കോട്ട ഡി.സി-3 വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തി. 1953-ല്‍ കലിംഗ എയര്‍ലൈന്‍സ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ലയിച്ചു. പതിയെ ഡക്കോട്ട ഡി.സി-3യെ കാലം മറന്നുതുടങ്ങി.
2017-ല്‍ ഗുജറാത്ത് പ്രതിരോധ ഉപദേഷ്ടാവ് എയര്‍ മാര്‍ഷല്‍ രവീന്ദര്‍ കുമാര്‍ ധീര്‍, ഡക്കോട്ട ഡി.സി-3യ്ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഒഡീഷ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ഡക്കോട്ട ഡി.സി-3 ഭുവനേശ്വറിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ചു. 2020 ജനുവരിയില്‍ ഡക്കോട്ട ഡി.സി-3 ഭുവനേശ്വറിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
അങ്ങനെ ദശാബ്ദങ്ങളായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ശോച്യാവസ്ഥയില്‍ കിടക്കുകയായിരുന്ന ഡക്കോട്ട ഡി.സി-3യ്ക്ക് ഒടുവില്‍ പുനരധിവാസമായി. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ ഈ വിമാനം പ്രദര്‍ശനത്തിനുവെക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 1.1 ഏക്കര്‍ സ്ഥലം അനുവദിച്ചു. എട്ടുടണ്‍ ഭാരവും 64 അടി നീളവുമുള്ള ഡക്കോട്ടയെ മൂന്നുഭാഗങ്ങളായാണ് ഭുവനേശ്വറിലെത്തിച്ചത്. ഇനി ഡക്കോട്ട ഡി.സി-3 ഭുവനേശ്വറിലെ ബിജു പട്‌നായിക് വിമാനത്താവളത്തില്‍ വിശ്രമിക്കും. പോയ് മറഞ്ഞ കാലത്തിന്റെ സ്വര്‍ണത്തിളക്കമുള്ള ഓര്‍മ്മകളോടെ.
Content Highlights: dakota aircraft, biju patnaik historical mission, odisha, indonesia, independence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..