1990 സെപ്റ്റംബറിലെ ഒരു പകല്‍. കൊടുംചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് രാഷ്ട്രീയവും തിളച്ചുമറിയുകാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വി.പി. സിങ്ങ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയാണ്. ഇതിന്റെ ഭാഗമായി തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ദേശബന്ധു കോളേജിന് മുന്നിലും വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. റോഡില്‍ വിറക് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു പ്രതിഷേധക്കാരുടെ ഭീഷണി. വിദ്യാര്‍ഥികള്‍ റോഡില്‍ വിറക് കത്തിക്കുകയും സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പെട്ടെന്നാണ്‌ സമരകേന്ദ്രത്തില്‍നിന്ന് 50 മീറ്റര്‍ അകലെ കോളേജ് വളപ്പില്‍നിന്ന് മതില്‍ ചാടി ഒരു ചെറുപ്പക്കാരന്‍ പുറത്തെത്തുന്നത്. ദേഹം മുഴുവന്‍ മണ്ണെണ്ണയൊഴിച്ച് റോഡിലേക്ക് ചാടിയ ആ യുവാവ് സ്വയം തീകൊളുത്തി. ആളിക്കത്തുന്ന അഗ്നിനാളങ്ങള്‍ അയാളെ പൊതിഞ്ഞു. പഞ്ചാബ് സ്വദേശിയായ രാജീവ് ഗോസ്വാമിയായിരുന്നു അത്. പില്‍ക്കാലത്ത് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖം. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിപ്പടരാന്‍ രാജീവ് ഗോസ്വാമിയുടെ ആത്മഹത്യാശ്രമം വഴിവെച്ചു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ആത്മഹത്യാശ്രമങ്ങള്‍ നടന്നു. 

To advertise here,

1990 ഓഗസ്റ്റ് 7-നാണ് വി.പി.സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍, കേന്ദ്രസര്‍വീസുകളിലും പൊതുസ്ഥാപനങ്ങളിലും ജോലികള്‍ക്കായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 13-ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ വി.പി. സിങ്, രണ്ട് ദിവസത്തിന് ശേഷം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉത്തരവ് നിയമപരമായി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ മണ്ഡല്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ഓഗസ്റ്റ് 13-ലെ സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തു. 1992 നവംബര്‍ 16-ന് സുപ്രീം കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ഒബിസി  സംവരണം നടപ്പില്‍ വന്നു. പക്ഷേ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അത് നടപ്പാക്കാനുള്ള വി.പി.സിങ്ങിന്റെ തീരുമാനവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയം അതുവരെ കാണാത്ത തരത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും വിഘടിച്ചതോടെ തിരഞ്ഞെടുപ്പിലും അത് വലിയ തോതില്‍ പ്രതിഫലിച്ചു. എന്തായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി.സിങ്ങിനെ പ്രേരിപ്പിച്ചത്? തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്‌തോ? 

placeholder
മണ്ഡല്‍ കമ്മിഷനുമായി ബന്ധപ്പെട്ട് നടന്ന പ്രകടനം (ഫയല്‍ ചിത്രം) | Photo: Mathrubhumi Archives

1989-ലെ തിരഞ്ഞെടുപ്പും ജനതാദള്‍ സര്‍ക്കാരും

1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ആത്മവിശ്വാസം കുറവായിരുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബോഫോഴ്സ് അഴിമതി, പഞ്ചാബിലെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദം, എല്‍.ടി.ടി.ഇയും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധം എന്നിവ രാജീവ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി. പ്രതിപക്ഷത്ത് മാത്രമല്ല സര്‍ക്കാരിനുള്ളില്‍ തന്നെയും രാജീവ് ഗാന്ധിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. ആദ്യം ധനമന്ത്രാലയത്തിന്റെയും പിന്നീട് പ്രതിരോധ മന്ത്രാലയത്തിന്റേയും ചുമതല വഹിച്ചിരുന്ന വിശ്വനാഥ് പ്രതാപ് സിങ് എന്ന വി.പി. സിങ്ങായിരുന്നു രാജീവിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍. മന്ത്രിസഭയില്‍ പിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹം പാര്‍ലമെന്റ് അംഗത്വവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ചു. സഹപ്രവര്‍ത്തകരായ അരുണ്‍ നെഹ്റു, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊപ്പം വി.പി. സിങ് ജന്‍ മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ചു. അലഹബാദ് ഉപതെരഞ്ഞെടുപ്പില്‍ സുനില്‍ ശാസ്ത്രിയെ പരാജയപ്പെടുത്തി അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജനതാ പരിവാറിന്റെ പുനരേകീകരണത്തിലേക്ക് നയിച്ചത് വി.പി സിങ്ങിന്റെ ചടുലനീക്കങ്ങളായിരുന്നെങ്കില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പൊളിച്ചെഴുതിയ തീരുമാനമായിരുന്നു മണ്ഡലും സംവരണവും. ദേശീയ വേദിയില്‍ വി.പി. സിങ്ങിന്റെ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് തിരഞ്ഞെടുപ്പായിരുന്നു 1989-ലേത്. അതിന് മുന്നോടിയായി 1988 ഒക്ടോബര്‍ 11-ന്, ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍, വിവിധ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി വി.പി.സിങ് ജന്‍മോര്‍ച്ച, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവ ലയിപ്പിച്ച് ജനതാദള്‍ സ്ഥാപിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം, തെലുങ്കുദേശം പാര്‍ട്ടി, അസം ഗണപരിഷത്ത് എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ജനതാദളിന്റെ സഖ്യം നിലവില്‍ വന്നു. നാഷണല്‍ ഫ്രണ്ട് എന്ന് അറിയപ്പെട്ട ഈ സഖ്യത്തിന്റെ കണ്‍വീനര്‍ വി.പി. സിങ്ങും പ്രസിഡന്റ് എന്‍.ടി. രാമറാവുമായിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായും ഇടതു പാര്‍ട്ടികളുമായും ധാരണയിലെത്തിയതിന് ശേഷമാണ് നാഷണല്‍ ഫ്രണ്ട് 1989-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അധികാരത്തിലെത്തിയാല്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ജനതാദളിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.  അതൊരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി. എങ്കിലും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം മുന്നാക്ക വോട്ടുകള്‍ എതിരായേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. 

placeholder
ഡൽഹിയിൽ 'ജൻ മോർച്ച' പാർട്ടി രൂപീകരണ വേളയിൽ വി.പി. സിങ്, അരുൺ നെഹ്‌റു, രാംധൻ എന്നിവർ | Photo: Mathrubhumi Archives

ബൊഫോഴ്സ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്. ഈ ആരോപണങ്ങള്‍ വലിയ തോതില്‍ തിരിച്ചടിച്ചിട്ടും തിരഞ്ഞെടുപ്പില്‍ 197 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവു വലിയ ഒറ്റ കക്ഷിയായി. 143 സീറ്റുകളാണ് ജനതാദള്‍ നേടിയത്. ബി.ജെ.പി 85 സീറ്റും സി.പി.എം. 33 സീറ്റും സി.പി.ഐ. 12 സീറ്റും നേടി. ദേശീയ മുന്നണി അതിന്റെ സഖ്യകക്ഷികളോടൊപ്പം ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചു. അതോടെ വി.പി. സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

മണ്ഡല്‍-മന്ദിര്‍ രാഷ്രീയവും ബി.ജെ.പിയും

വി.പി.സിങ്ങ് അധികാരത്തിലെത്തിയ 1989-മുതലുള്ള നാല് വര്‍ഷക്കാലം മണ്ഡല്‍-മന്ദിര്‍ രാഷ്ട്രീയത്തിന്റേതായിരുന്നു. ബി.ജെപിയുടെ വര്‍ഗീയ നിലപാടുകള്‍ അറിയാതെയല്ല വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഫ്രണ്ട് മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരുടെ പിന്തുണ തേടിയത്. ദേശീയ മുന്നണിയെ ഇടതുപക്ഷം പിന്തുണച്ചതും ഇത് അറിഞ്ഞുവെച്ച് തന്നെയാണ്. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 1989 ജൂണില്‍ ഹിമാചല്‍ പ്രദേശിലെ പാലംപുരിൽ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അയോധ്യാ പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ ബി.ജെ.പി. തീരുമാനിച്ചിരുന്നു. 1989 നവംബറില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വി.എച്ച്.പി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശിലകളുടെ പൂജകള്‍ രാജ്യമെമ്പാടും തുടങ്ങിയിരുന്നു.

1990 ഫെബ്രുവരിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്.പി. പ്രഖ്യാപിച്ചു. എന്നാല്‍ പഞ്ചാബിലേയും ജമ്മു കശ്മീരിലേയും സ്ഥിതിവിശേഷങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവരെ അനുനയിപ്പിക്കാന്‍ വി.പി.സിങ്ങിനായി. അവര്‍ തീരുമാനം മാറ്റാന്‍ തയ്യാറായി. ഇതിനിടെ ജനതാദള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പുകയാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ ഇത് മൂര്‍ച്ഛിക്കുകയും ഉപപ്രധാനമന്ത്രി ദേവീലാല്‍ വി.പി. സിങ്ങിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. നവംബര്‍ ഒന്‍പതിന് അദ്ദേഹം ഡല്‍ഹിയില്‍ പടുകൂറ്റന്‍ കര്‍ഷകറാലി സംഘടിപ്പിച്ചു. ഇതിനിടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട് വി.പി. സിങ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹൈന്ദവ ഏകീകരണത്തിനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജാതി വൈവിധ്യവും അവരുടെ പിന്നാക്കാവസ്ഥയും കൊണ്ട് എതിരിടുക എന്നതായിരുന്നു വി.പി. സിങ്ങിന്റ ലക്ഷ്യം. 

placeholder
വി.പി. സിങ് (ഫയല്‍ ചിത്രം) | Photo: Mathrubhumi Archives

1979-ല്‍ മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടി സര്‍ക്കാരാണ് രണ്ടാം പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന മണ്ഡല്‍ കമ്മിഷന്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ (എസ്.ഇ.ബി.സി.) തിരിച്ചറിയാനും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും കമ്മീഷനെ ചുമതലപ്പെടുത്തി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍. കമ്മിഷനിലെ അഞ്ച് അംഗങ്ങളില്‍ നാല് പേര്‍ ഒബിസിക്കാരായിരുന്നു, ഒരാള്‍ ദളിത് വിഭാഗത്തില്‍ നിന്നും. വിവിധ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സൂചകങ്ങളെ അടിസ്ഥാനമാക്കി എസ്.ഇ.ബി.സി വിഭാഗത്തെ തിരിച്ചറിയാന്‍ വിപുലമായ ഒരു സര്‍വേയും വിശകലനവും കമ്മിഷന്‍ നടത്തി.

1980 ഡിസംബര്‍ 31-ന് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്.ഇ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നതായിരുന്നു മണ്ഡല്‍ കമ്മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ. അപ്പോഴേക്കും മൊറാര്‍ജി ദേശായി സര്‍ക്കാര്‍ വീഴുകയും ഇന്ദിര ഗാന്ധി അധികാരത്തില്‍ വരികയും ചെയ്തു. തുടര്‍ന്നുവന്ന ഇന്ദിര ഗാന്ധി, രാജീവ്ഗാന്ധി സര്‍ക്കാരുകള്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറായില്ല. പത്ത് വര്‍ഷത്തിന് ശേഷം വി.പി. സിങ്‌ സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ പിന്നീട് ഒരു നീക്കമുണ്ടാകുന്നത്. 

മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും വി.പി.സിങിന്റെ വീഴ്ചയും

1990 ആഗസ്റ്റ് ഏഴിനാണ് തന്റെ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്ന് വി.പി.സിങ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള വി.പി.സിങ്ങിന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ അമ്പരപ്പിക്കുന്നതായിരുന്നു. അത്യന്തം നാടകീയമായ ഒരു രാഷ്ട്രീയ നീക്കമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നോക്ക സമുദായത്തില്‍ ജനിച്ചിട്ടും ആ വിഭാഗത്തിന്റെ പിന്തുണയുണ്ടായിട്ടും രാജ്യത്തെ പിന്നാക്കക്കാരുടെ പിന്തുണ ഉറപ്പിക്കാനും അവരെ ഒരു വോട്ട് ബാങ്കായി രൂപപ്പെടുത്താനുമാണ് വി.പി.സിങ് ഇതിലൂടെ ലക്ഷ്യമിട്ടത്. 1990 ഓഗസ്റ്റ് 6-ന് വൈകുന്നേരം അന്തിമ ചര്‍ച്ചയ്ക്കായി ഒത്തുകൂടിയ ജനതാദള്‍ നേതാക്കള്‍ അടുത്ത ദിവസം ലോക്സഭയില്‍ വി.പി. നടത്തേണ്ട പ്രസംഗത്തിന്റെ കരട് തയ്യാറാക്കി. അതിനുശേഷം മാത്രമാണ് വി.പി.സിങ് തന്റെ തീരുമാനം ബി.ജെ.പി., സി.പി.ഐ., സി.പി.എം. നേതാക്കളെ അറിയിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ലാല്‍ കൃഷ്ണ അദ്വാനി അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഠിനമായി ശ്രമിച്ചു. വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. പക്ഷ എനിക്ക് കാത്തിരിക്കാനാവില്ല എന്നായിരുന്നു വി.പി.സിംഗിന്റെ മറുപടി. 

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പക്ഷേ വലിയ പ്രതിഷേധമാണ് വരുത്തിവെച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ വിമര്‍ശകര്‍ ചോദ്യം ചെയ്തു. രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്ന് ആരോപണം ഉയര്‍ന്നു. ഉത്തരവിനെതിരേ രാജ്യത്തുടനീളം പ്രക്ഷോഭം ആരംഭിച്ചു. ഉത്തരേന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. 1990 സെപ്റ്റംബര്‍ 19-ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളില്‍ ഒരാളായ രാജീവ് ഗോസ്വാമി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അമ്പത് ശതമാനത്തിലേറെയാണ് അന്ന് രാജീവ് ഗോസ്വാമിക്ക് പൊള്ളലേറ്റത്. പാതി പൊള്ളിയ ശരീരത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന രാജീവ് ഗോസ്വാമിയുടെ ചിത്രം പ്രതിഷേധക്കാര്‍ ഏറ്റെടുത്തു. കാട്ടുതീ പോലെയാണ് രാജീവ് ഗോസ്വാമിയുടെ ആത്മഹത്യാ പ്രവണത കത്തിപ്പടര്‍ന്നത്. പിന്നീട് നടന്നത് സ്വയം തീക്കൊളുത്തലിന്റെ ഒരു പരമ്പര തന്നെയായിരുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും സമാനമായ രീതിയില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്നായിരുന്നു വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപടേണ്ടി വന്നത്. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 

placeholder
എല്‍.കെ.അദ്വാനി രഥയാത്രാവേളയില്‍ (ഫയല്‍ ചിത്രം) | Photo: Mathrubhumi Archives

ഹിന്ദു ഐക്യം തകര്‍ക്കാന്‍ വി.പി.സിങ് നടത്തിയ ശ്രമമായാണ് സംഘപരിവാര്‍ മണ്ഡല്‍ കമ്മിഷനെ തുടക്കത്തില്‍ കണ്ടത്. പക്ഷേ വിഷയത്തില്‍ വ്യക്തമായ നിലപാട് അവര്‍ വ്യക്തമാക്കിയില്ല. പിന്നാലെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്താനുള്ള തീരുമാനം എല്‍.കെ. അദ്വാനി പ്രഖ്യാപിച്ചു. യാത്ര നിരോധിക്കാനും അദ്വാനിയെ അറസ്റ്റ് ചെയ്യാനും വി.പി.സിങ്ങിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ അദ്വാനി സിങ്ങിനെ വെല്ലുവിളിച്ചു. പക്ഷ, അദ്ദേഹം നിശബ്ദത പാലിച്ചു. ഒരു വശത്ത് സംഘര്‍ഷവും മറ്റൊരു വശത്ത് സര്‍ക്കാരിനെതിരായ ഭീഷണികളും വി.പി.സിങ്ങിനെ വലച്ചു. ഒരുമാസത്തിന് ശേഷം അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്തു. രഥയാത്ര ബിഹാറിലെ സമസ്തിപുരിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു. രാജ്യത്ത് ശക്തമായ രാഷ്ട്രീയ-മത ധ്രുവീകരണമുണ്ടായി.

ഒക്ടോബര്‍ 30-ന് കര്‍സേവകര്‍ ബാബറി മസ്ജിദിലേക്ക് മാര്‍ച്ച് നടത്തി. യു.പി. മുഖ്യമന്ത്രി മുലായം സിങ് യാദവ് അവരെ ശക്തമായി നേരിട്ടു. പോലീസ് വെടിവെയ്പ്പുണ്ടായി. നിരവധി കര്‍സേവകര്‍ കൊല്ലപ്പെട്ടു. പിന്തുണ നഷ്ടപ്പെട്ടിട്ടും രാജിവെയ്ക്കാതെ പിടിച്ചുനിന്ന വി.പി.സിങ് തന്നെ ലോക്‌സഭയില്‍ വോട്ട് ചെയ്തു പുറത്താക്കാന്‍ വെല്ലുവിളിച്ചു. വിശ്വാസ പ്രമേയ ചര്‍ച്ചക്കൊടുവില്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും സിങ്ങിനെതിരേ വോട്ട് ചെയ്തു. വി.പി.സിങ്ങിന് ശേഷം കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ചന്ദ്രശേഖറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. 

placeholder
ഉത്തർപ്രദേശിലെ കാശിപുരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്ന രാജീവ് ഗാന്ധി (ഫയൽ ചിത്രം) | Photo: D Mohan/ PIB (Mathrubhumi archives)

1991-ലെ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ തിരിച്ചുവരവും

വി.പി.സിങ്ങിന് പിന്നാലെ അധികാരത്തിലെത്തിയ ചന്ദ്രശേഖര്‍ സര്‍ക്കാരിന് 223 ദിവസമാണ് അധികാരത്തിലിരിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ താഴെവീണ പശ്ചാത്തലത്തിലാണ് 1991-ല്‍ തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡല്‍ കമ്മിഷന്‍ പ്രതിഷേധം, രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം എന്നീ രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഉയര്‍ന്നുകേട്ട തിരഞ്ഞെടുപ്പ് 'മണ്ഡല്‍-മന്ദിര്‍' തിരഞ്ഞെടുപ്പ് എന്നാണ് അറിയപ്പെട്ടത്. രാജ്യം വലിയ തോതില്‍ ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണ് ആ വര്‍ഷം തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡല്‍-മന്ദിര്‍ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധത്തിന് കാരണമാവുകയും വോട്ടര്‍മാര്‍ ജാതി-മത അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെടുകയും ചെയ്തു. 1991 മേയ് 20, ജൂണ്‍ 12, ജൂണ്‍ 15 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. മേയ് 20-ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന് ഒരു ദിവസത്തിന് ശേഷം ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ബാക്കിയുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ പകുതി വരെ മാറ്റിവച്ചു. ഒടുവില്‍ ജൂണ്‍ 12, 15 തീയതികളില്‍ വോട്ടിങ് നടന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ആയിരുന്നു ആ തിരഞ്ഞെടുപ്പിലേത്. വെറും 53 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 

ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും ലോക്സഭയില്‍ ഭൂരിപക്ഷം നേടാനായില്ല. പക്ഷേ ധ്രുവീകരണം പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഒപ്പം രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്റെ സഹതാപതരംഗവും അവര്‍ക്ക് ഗുണകരമായി. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷമാണ് ശ്രീപെരുംപതൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടി പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്‌. അതോടെ രാഷ്ട്രീയം അടിമുടി മാറി. രണ്ടാം ഘട്ട വോട്ടിങ്ങില്‍ സഹതാപതരംഗം ആഞ്ഞുവീശി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഏതാണ്ട് നിഷ്പ്രഭമായിരുന്നു. പക്ഷേ രണ്ടാം ഘട്ടത്തില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ സഹതാപ തരംഗം കാരണമായി. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ച ജനതാദളിന് 59 സീറ്റുകളിലൊതുങ്ങി.  രാജീവ് വികാരത്തില്‍ മണ്ഡല്‍ തരംഗം നിഷ്പ്രഭമായി. ബി.ജെ.പിക്ക് പക്ഷേ 120 സീറ്റ് ലഭിച്ചു. ഇതോടൊപ്പം യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തി. ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ പി.വി. നരസിംഹ റാവുവിന്റെ കീഴില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

സോഷ്യലിസ്റ്റ് ചേരിയുടെ രണ്ടാം വരവിന് മണ്ഡല്‍ നിമിത്തമായപ്പോള്‍ പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കപ്പെട്ടു. അത് പല സംസ്ഥാനങ്ങളിലും ഇന്നും നിര്‍ണായക ശക്തിയായി തുടരുന്ന പാര്‍ട്ടികളുടെ അടിത്തറവികസിപ്പിക്കുന്നതിലേക്കും നയിച്ചു