
നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍... ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെ നേരിടാനെത്തുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി ആരായിരിക്കും?. രാജ്യം തിരഞ്ഞെടുപ്പ് വര്‍ത്തമാനങ്ങളിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുയരുന്ന ചൂടേറിയ ചോദ്യമാണിത്. കേരളത്തില്‍നിന്ന് ഒരു പ്രതിനിധിയെ എങ്കിലും ലോക്‌സഭയിലെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് ബി.ജെ.പി. എ ക്ലാസ് മണ്ഡലമായാണ് തിരുവനന്തപുരത്തെ ബി.ജെ.പി. കണക്കാക്കുന്നത്. തുടരെത്തുടരേയേറ്റ പരാജയങ്ങളില്‍ എല്‍.ഡി.എഫ്. ക്യാമ്പിലും കനത്ത നിരാശയാണ്. അതുകൊണ്ടു തന്നെ തിരുവനന്തപുരത്ത് ഇക്കുറി പോരാട്ടം പൊടിപാറും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തുനിന്നുകൂടി മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍, ആ പ്രചരണം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 2014-ല്‍ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍നിന്നും ഗുജറാത്തിലെ വഡോദരയില്‍നിന്നും മോദി മത്സരിച്ച് വിജയിച്ചിരുന്നു.
പൊതു തിരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് ദിവസങ്ങള്‍ മാത്രമാണ്. മണ്ഡലങ്ങളെ വിലയിരുത്തി, കൂട്ടിയും കിഴിച്ചും പ്രബലരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ് മൂന്നു മുന്നണികളും. കേരളത്തില്‍ ബി.ജെ.പി. ലക്ഷ്യംവെക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരത്തിന്റെ സ്ഥാനം മുന്‍പന്തിയിലാണ്. ശശി തരൂരിനെ വീഴ്ത്താന്‍ ബി.ജെ.പി. ആരെ കൊണ്ടുവരും എന്നത് ഒരു മില്യന്‍ ഡോളര്‍ ചോദ്യമായി നിലനില്‍ക്കുകയാണ്. 2009 മുതല്‍ തരൂരാണ് മണ്ഡലത്തിന്റെ പ്രതിനിധി. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നത് ഉറപ്പാണ്. ഇടതു മുന്നണിയില്‍ സി.പി.ഐയുടെ സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ 2009-ലേത് ഒഴികെയുള്ള രണ്ടുവട്ടവും സി.പി.ഐ. സ്ഥാനാര്‍ഥി മൂന്നാമതായിരുന്നു. ഫലത്തില്‍ 2014-ലും 2019-ലും മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു നടന്നത് എന്ന് പറയേണ്ടിവരും.
'തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാവില്ല'; ഒ. രാജഗോപാല്‍ പൊട്ടിച്ച ബോംബ്
തരൂരിന് തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നും അതിനാലാണ് വീണ്ടും വീണ്ടും വിജയിക്കുന്നത് എന്നുമായിരുന്നു മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞത്. തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാവില്ലെന്ന കേരളത്തിലെ ആദ്യ ബി.ജെ.പി. എം.എല്‍.എ. കൂടിയായ രാജഗോപാലിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്‍. രാമചന്ദ്രന്റെ പേരിലുള്ള അവാര്‍ഡ് തരൂരിന് കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയ രാജഗോപാലിന്റെ കാലുതൊട്ട് തരൂര്‍ വന്ദിക്കുകയും ചെയ്തിരുന്നു. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ എതിരാളി ആയിരുന്നു രാജഗോപാല്‍. പത്തു കൊല്ലത്തിനിപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായാണ് രാജഗോപാല്‍, തരൂരിനെ പുകഴ്ത്തിയത് എന്നതും ശ്രദ്ധേയമാണ്.
രാജഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ:
"പാലക്കാട്ടുകാരനായിട്ടുള്ള ആള്‍, അദ്ദേഹത്തിന്റെ മേന്മ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഇവിടെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍... വളരെ ശരിയാണ്, അവിടെ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ്. നല്ല ഇംഗ്ലീഷില്‍ ഭംഗിയായിട്ട് സംസാരിക്കും. പിന്നെ എന്തിനാണ് ഇവിടെ ഈ തിരുവനന്തപുരത്ത് വന്ന് നില്‍ക്കാനുള്ള കാരണം എന്നു ഞാന്‍ ചോദിക്കുകയുണ്ടായി. പക്ഷേ അദ്ഭുതം എന്നു പറയട്ടേ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കും ഇങ്ങനെ അവസരം ഉണ്ടാകുമോ എന്ന് ഞാന്‍ സംശയിക്കുകയാണ്."
അതേസമയം, പരാമര്‍ശം വിവാദമായതോടെ രാജഗോപാല്‍ മലക്കംമറിഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താന്‍ ഉദ്ദേശിച്ച അര്‍ഥത്തില്‍ അല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല, നിലവില്‍ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്'- എന്നായിരുന്നു പിന്നീട് രാജഗോപാല്‍ നടത്തിയ വിശദീകരണം
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിനെ എതിരിടുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി ആരായിരിക്കും?
തിരുവനന്തപുരം പിടിക്കുക. അതിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുക. ബി.ജെ.പിയുടെ ലക്ഷ്യം അതുമാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് നിലവിലെ കേന്ദ്രമന്ത്രിസഭാംഗങ്ങളായ എസ്. ജയശങ്കര്‍, നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ മുന്നിട്ടുനില്‍ക്കുന്നത്. ദക്ഷിണേന്ത്യന്‍ വേരുകളുള്ളവരാണ് മൂന്നു പേരുമെന്നതും ബി.ജെ.പി. കാണുന്ന പ്ലസ് പോയിന്റാണ്. എന്നാല്‍ നേരിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരല്ല ഈ മൂന്നുപേരും. ഐ.എഫ്.എസില്‍നിന്ന് വിരമിച്ച് കോര്‍പറേറ്റ് മേഖലയില്‍ സേവനം അനുഷ്ഠിച്ച ജയശങ്കര്‍, ബി.ജെ.പിയുടെ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. നിലവില്‍ നിര്‍മല സീതാരാമന്‍ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമാണ്.
എസ്. ജയശങ്കര്‍
നിലവിലെ വിദേശകാര്യമന്ത്രി. ഇദ്ദേഹമാണ് തരൂരിനെ നേരിടാന്‍ എത്തുന്നതെങ്കില്‍, നയതന്ത്രജ്ഞനെ നേരിടാന്‍ നയതന്ത്രജ്ഞന്‍ എന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുക. 1977 ബാച്ച് ഐ.എഫ്.എസ്. ഓഫീസറാണ് ജയശങ്കര്‍. ചൈന, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്രജ്ഞനായും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതസ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-യു.എസ്. ആണവകരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2015 ജനുവരിയിലാണ് ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2018 വരെ സ്ഥാനത്തു തുടര്‍ന്ന അദ്ദേഹം മോദി സര്‍ക്കാരിന്റെ വിദേശനയരൂപവത്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ചു. 2009 മുതല്‍ 2013 വരെ ചൈനയിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു ജയശങ്കര്‍. അത്രയും ഏറെക്കാലം ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെന്ന നേട്ടവും ജയ്ശങ്കറിനാണ്. സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം ടാറ്റാ സണ്‍സിന്റെ ഗ്ലോബല്‍ കോര്‍പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ജയശങ്കര്‍, 2019 മേയില്‍ രണ്ടാം മോദി സര്‍ക്കാരില്‍ അംഗമായി. സുഷമ സ്വരാജിന് പിന്‍ഗാമിയായെത്തിയ ജയ്ശങ്കര്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. വിദേശകാര്യമന്ത്രിയാകുന്ന ആദ്യ വിദേശകാര്യ സെക്രട്ടറി എന്ന പ്രത്യേകതയും ജയശങ്കറിന് സ്വന്തമാണ്.
നിര്‍മല സീതാരാമന്‍
ദക്ഷിണേന്ത്യയില്‍ വേരുള്ള, കരുത്തയായ എതിരാളി. നിര്‍മല സീതാരാമനാണ് തരൂരിനെതിരെ തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാകുന്നത് എങ്കില്‍ പോരാട്ടം കനക്കുമെന്നത് നിസ്സംശയമാണ്. ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനകാര്യ വകുപ്പു മന്ത്രി, പ്രതിരോധ വകുപ്പുമന്ത്രി എന്നീ നേട്ടങ്ങള്‍ നിര്‍മലയ്ക്ക് സ്വന്തമാണ്. 2008ലാണ് നിര്‍മല ബി.ജെ.പിയില്‍ അംഗത്വം എടുക്കുന്നത്.

മൂര്‍ച്ചയുള്ള വാക്കുകളുടെ ഉടമയായ അവരെ പാര്‍ട്ടി ദേശീയ വക്താവാക്കി. 2014 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട് കേന്ദ്രമന്ത്രിസഭയിലേക്ക്. ആദ്യം സഹമന്ത്രിയായും പിന്നീട് ക്യാബിനറ്റ് മന്ത്രിയായും നിര്‍മല ചുമതലയേറ്റു. മധുരയിലെ തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച നിര്‍മല, സീതാലക്ഷ്മി രാമസ്വാമി കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍ കരസ്ഥമാക്കി. കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിന് മുന്‍പേ ദേശീയ വനിതാ കമ്മിഷനിലും അംഗമായിരുന്നു നിര്‍മല. 2019-ലെ പുല്‍വാമ ഭീകരക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ട് വ്യോമാക്രമണം നടത്തിയപ്പോള്‍, നിര്‍മലയായിരുന്നു പ്രതിരോധമന്ത്രി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയെന്ന നേട്ടം കൈവരിച്ചപ്പോള്‍ ധനകാര്യമന്ത്രിയും അവരായിരുന്നു.
രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പ്രതീക്ഷിത സ്ഥാനാര്‍ഥികളില്‍ മലയാളിമുഖമാണ് രാജീവ് ചന്ദ്രശേഖര്‍. രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രി. ഇലക്ട്രോണിക്‌സ്, ഐ.ടി., സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് വകുപ്പിന്റെ ചുമതലക്കാരന്‍. നിലവില്‍ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. പാര്‍ട്ടി ദേശീയവക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-ലാണ് രാജീവ് ഔദ്യോഗികമായി ബി.ജെ.പി. അംഗമാകുന്നത്. അതിന് മുന്‍പ് 2006 മുതല്‍ 2018 വരെ കര്‍ണാടകയെ രാജ്യസഭയില്‍ പ്രതിനിധീകരിച്ച സ്വതന്ത്ര എം.പിയായിരുന്നു അദ്ദേഹം. മലയാളി മാതാപിതാക്കളുടെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം.

മണിപ്പുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ രാജീവ്, ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടുകയും പിന്നീട് അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ഇന്റലില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠനം, തൊഴില്‍മേഖല എന്നിവയുമായി ബന്ധപ്പെട്ട് ടെക്‌നോക്രാറ്റ് എന്നൊരു വിശേഷണവും രാജീവിനുുണ്ട്. 1994-ല്‍ രാജീവാണ് ബി.പി.എല്‍. മൊബൈല്‍ സ്ഥാപിച്ചത്. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാനത്തെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാനായിരുന്നു. കൂടാതെ 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ആയിരുന്നു. പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍പ് രാജീവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ശശി തരൂരും തിരുവനന്തപുരവും; ബി.ജെ.പിയുടെ പ്രകടനവും
'വിശ്വപൗരന്‍'- ശശി തരൂര്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന, യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരിച്ച, എഴുത്തുകാരന്‍, വാഗ്മി എന്നിങ്ങനെ വിവിധ നിലകളിലും തലങ്ങളിലും പ്രമുഖനായ തരൂര്‍. എല്‍.ഡി.എഫില്‍ സി.പി.ഐ. മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2009-ലെ തന്റെ കന്നി തിരഞ്ഞെടുപ്പില്‍ തരൂര്‍, നേരിട്ടത് സി.പി.ഐയുടെ പി. രാമചന്ദ്രന്‍ നായരെയും ബി.എസ്.പിയുടെ എ. നീലലോഹിതദാസന്‍ നാടാരെയുമായിരുന്നു. അന്ന് പി.കെ. കൃഷ്ണദാസ് ആയിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. നാലാം സ്ഥാനത്താണ് അന്ന് കൃഷ്ണദാസ് എത്തിയത്. 44.29% വോട്ട് തരൂര്‍ പെട്ടിയിലാക്കിയപ്പോള്‍ രാമചന്ദ്രന്‍ നായര്‍ക്ക് നേടാനായത് 30.74% മാത്രമായിരുന്നു. നാലാം സ്ഥാനത്തെത്തിയ കൃഷ്ണദാസിനാകട്ടെ 11.40% വോട്ടാണ് നേടാന്‍ കഴിഞ്ഞത്. മികച്ച വിജയം നേടിയ തരൂര്‍ വിദേശകാര്യ സഹമന്ത്രിപദത്തിലുമെത്തി. എന്നാല്‍ കൊച്ചി ഐ.പി.എല്‍. ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചു. രണ്ടുകൊല്ലത്തിനു ശേഷം കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലൂടെ അദ്ദേഹം വീണ്ടും മന്ത്രിയായി.
2014-ല്‍ സി.പി.ഐയുടെ ബെന്നറ്റ് എബ്രഹാമും ബി.ജെ.പിയുടെ ഒ. രാജഗോപാലുമായിരുന്നു തരൂരിന്റെ എതിരാളികള്‍. 34.09% വോട്ടു നേടി തരൂര്‍ വിജയിച്ച തിരഞ്ഞെടുപ്പില്‍, 32.32% വോട്ട് പെട്ടിയിലാക്കി രാജഗോപാല്‍ രണ്ടാംസ്ഥാനത്തെത്തി. 28.50% വോട്ടുമാത്രമേ ബെനറ്റ് എബ്രഹാമിന് നേടാനായുള്ളൂ. 2019-ല്‍ മൂന്നാംവട്ടം തരൂര്‍ കളത്തിലിറങ്ങിയപ്പോള്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും സി.പി.ഐയുടെ സി. ദിവാകരനുമായിരുന്നു എതിരാളികള്‍. 41.19% വോട്ടു നേടി തരൂര്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ 31.30% വോട്ടു നേടി കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തെത്തി. സി. ദിവാകരന് 25.60% വോട്ട് മാത്രമാണ് നേടാനായത്.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് മുപ്പതു ശതമാനത്തിനു മുകളില്‍ വോട്ട് വിഹിതം നേടാനും രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിയ്ക്ക് സാധിച്ചു. തീരദേശ- ഗ്രാമീണ മണ്ഡലങ്ങളിലെയും അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിന്റെയും വോട്ടുകള്‍ ഒരേപോലെ നേടാന്‍ കഴിയുന്നു എന്നതാണ് തരൂരിന്റെ വിജയം. അതേസമയം, ബി.ജെ.പിയ്ക്ക് സാധ്യതകളുള്ള, ആഞ്ഞുപിടിച്ചാല്‍ ഒപ്പം പോരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിന്റെ തലസ്ഥാനത്ത് ബി.ജെ.പി. പ്രതിനിധി വിജയിക്കുക എന്നതോളം വലിയൊരു രാഷ്ട്രീയ പ്രതികാരം ബി.ജെ.പിയ്ക്ക് എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും വീട്ടാനുമാകില്ല.
കേരളത്തില്‍നിന്ന് ഒരു പ്രതിനിധിയെങ്കിലും; അഭിമാനപ്രശ്‌നം
കേരളത്തില്‍നിന്ന് ഒരു പ്രതിനിധിയെ എങ്കിലും ലോക്‌സഭയിലെത്തിക്കുക എന്നത് അഭിമാനപ്രശ്‌നമായി ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പി. തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍ തുടങ്ങിയിടങ്ങളെയാണ് എ ക്ലാസ് മണ്ഡലങ്ങളായി പാര്‍ട്ടി പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം, റോഡ് ഷോ, വനിതാസമ്മേളനത്തില്‍ പങ്കെടുത്തത് തുടങ്ങിയവയൊക്കെ സുരേഷ് ഗോപിയ്ക്കു വേണ്ടി കളമൊരുക്കാന്‍ വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്നാകും മത്സരിക്കുക. പത്തനംതിട്ടയില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പേര് മിസോറം മുന്‍ഗവര്‍ണറും ബി.ജെ.പി. മുന്‍സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റേതാണ്. ഒപ്പം സിനിമാതാരം ഉണ്ണി മുകുന്ദന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മാളികപ്പുറം എന്ന സിനിമ നേടിയ വാണിജ്യവിജയം ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ഥിത്വത്തിന് വളമാകുന്നു എന്നുവേണം ഇതില്‍നിന്ന് കണക്കാക്കാന്‍.
തൃശ്ശൂര്‍: ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍, ഗുരുവായൂര്‍, പുതുക്കാട്, നാട്ടിക, ഒല്ലൂര്‍, മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം. ഇതില്‍ ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ സി.പി.ഐയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മുമാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2014ല്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത് സി.പി.ഐയുടെ സി.എന്‍. ജയദേവന്‍ ആയിരുന്നു. അന്ന് കെ.പി. ധനപാലന്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കെ.പി. ശ്രീശന്‍ ബി.ജെ.പിയ്ക്കു വേണ്ടിയും കളത്തിലിറങ്ങി. 42.27 ശതമാനം വോട്ട് ആയിരുന്നു അന്ന് ജയദേവന്‍ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ ധനപാലന്‍ 38.12 ശതമാനം വോട്ടു നേടി. ഒരുലക്ഷത്തില്‍ അധികം വോട്ടു നേടാന്‍ കഴിഞ്ഞെങ്കിലും 11.15 ശതമാനമായിരുന്നു ശ്രീശന് സമാഹരിക്കാന്‍ കഴിഞ്ഞ വോട്ടുവിഹിതം.
എന്നാല്‍, 2019-ല്‍ കണക്കുകള്‍ മാറിമറിയുന്ന കാഴ്ച കണ്ടു. ടി.എന്‍. പ്രതാപന്‍ (കോണ്‍ഗ്രസ്), രാജാജി മാത്യു തോമസ് (സി.പി.ഐ.), സുരേഷ് ഗോപി (ബി.ജെ.പി.) എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. ശബരിമല, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം തുടങ്ങിയവ ഗതി നിയന്ത്രിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. 39.84% വോട്ട് നേടി പ്രതാപന്‍ വിജയിച്ചപ്പോള്‍ രാജാജി മാത്യു തോമസിന് നേടാന്‍ കഴിഞ്ഞത് 30.85 % വോട്ടാണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ വോട്ട് വിഹിതം ഇരട്ടിയില്‍ അധികം വര്‍ധിപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് സാധിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്ക്ക് 28.2% വോട്ടാണ് ലഭിച്ചത്. ഇത്തവണയും സുരേഷ് ഗോപി തന്നെയാകും തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. സാമുദായിക സമവാക്യങ്ങളുടെയും അദ്ദേഹത്തിന്റെ താരമൂല്യത്തിന്റെയും സഹായത്തില്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് ബി.ജെ.പി. കരുതുന്നത്.

പത്തനംതിട്ട: പത്തനംതിട്ടയെ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി. പരിഗണിക്കാന്‍ ശബരിമല, സഭ അങ്ങനെ എണ്ണംപറഞ്ഞ കാര്യങ്ങളുണ്ട്. എന്നാല്‍ 2019ല്‍, ശബരിമല വിഷയം കത്തിനിന്ന സമയത്ത് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രന്‍ ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ എത്തിയുള്ളൂ. 28.97% വോട്ട് ആയിരുന്നു അന്ന് സുരേന്ദ്രനിലൂടെ ബി.ജെ.പി. സമാഹരിച്ചത്. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി 37.11% വോട്ടു നേടി വിജയിച്ചപ്പോള്‍ വീണാ ജോര്‍ജ്, 32.8% വോട്ടു നേടി രണ്ടാംസ്ഥാനത്തെത്തി. കുമ്മനം രാജശേഖരന്റെ പേരാണ് ഇവിടെ സജീവപരിഗണനയിലുള്ളത്. ഉണ്ണി മുകുന്ദന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 2014-ല്‍ 41.19% വോട്ടു നേടിയാണ് ആന്റോ ആന്റണി ജയിച്ചത്. ഇടതു സ്വതന്ത്രന്‍ അഡ്വ. പീലിപ്പോസ് തോമസ് 35.48% വോട്ടും ബി.ജെ.പിയുടെ എം.ടി. രമേശ് 16% വോട്ടുമാണ് നേടിയത്. ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

ആറ്റിങ്ങല്‍: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1991 മുതല്‍ 2014 വരെ ഇടതുകോട്ടയായിരുന്നു മണ്ഡലം. എന്നാല്‍ 2019ല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 37.91% വോട്ടാണ് അടൂര്‍ പ്രകാശ് നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എ. സമ്പത്തിന് 34.11% വോട്ടും നേടാനായി. ശോഭ സുരേന്ദ്രനായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. 24.69% വോട്ടാണ് ശോഭ നേടിയത്. 2014-ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 45.67% വോട്ടായിരുന്നു അന്ന് എ. സമ്പത്ത് നേടിയത്. കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയായിരുന്നു രണ്ടാമതെത്തിയത്. 37.90% വോട്ടായിരുന്നു ബിന്ദു നേടിയത്. എസ്. ഗിരിജാകുമാരി ആയിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. 10.53 ശതമാനമായിരുന്നു 2014-ല്‍ ബി.ജെ.പി. നേടിയ വോട്ട്. അഞ്ചു കൊല്ലത്തിനു ശേഷം ശോഭ കളത്തിലിറങ്ങിയപ്പോള്‍ വോട്ട് വിഹിതം 24.69% ആയി വര്‍ധിച്ചു. നെടുമങ്ങാട്, അരുവിക്കര, ആറ്റിങ്ങല്‍, വര്‍ക്കല, വാമനപുരം, ചിറയന്‍കീഴ്, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം.
2019-ലെ തിരഞ്ഞെടുപ്പ് വരെ ബി.ജെ.പി. ഏറ്റവും പരിഗണന നല്‍കിയ, ഒന്നാം മണ്ഡലം തിരുവനന്തപുരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി. ഏറ്റവും അധികം ശ്രദ്ധവെക്കുന്നത് തൃശ്ശൂരിലാണ്. തൃശ്ശൂരിന് പിന്നില്‍ രണ്ടാം പരിഗണന മാത്രമാണ് തിരുവനന്തപുരത്തിനുള്ളത്. ഒ.രാജഗോപാല്‍ പറഞ്ഞത് വെറുംവാക്കല്ല എന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകള്‍ എടുത്താല്‍ 2009-ലും 2014-ലിലും ക്രോസ് വോട്ടിങ്ങാണ് ബി.ജെ.പിയുടെ സാധ്യത അടച്ചത് എന്ന് വോട്ടുനില പരിശോധിച്ചാല്‍ വ്യക്തമാകും. ഇതേത്തുടര്‍ന്നാണ് തരൂരിനെ വീഴ്ത്താന്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മതിയാകുമോ എന്ന ചിന്ത ഉയര്‍ന്നു വന്നതും നിര്‍മല, ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പേരുകളിലേക്ക് ആലോചന നീണ്ടതും.
ഈ മൂന്ന് നേതാക്കള്‍ അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ തന്നെ വീണ്ടും വന്നേക്കും. ഇനി അതല്ലെങ്കില്‍ നടന്‍ കൂടിയായ കൃഷ്ണകുമാറിന് സാധ്യത തെളിയാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. 27.29 ശതമാനം വോട്ട് ആയിരുന്നു അദ്ദേഹത്തിന് നേടാനായത്. സ്ഥിരം മുഖങ്ങളെ ആശ്രയിക്കുന്നതില്‍നിന്ന് മാറി സിനിമ, ടെക്‌നോക്രാറ്റ്, സോഷ്യല്‍മീഡിയ താരങ്ങള്‍ ഒക്കെ പരിഗണനയില്‍ വന്നേക്കാം.
ഏപ്രിലില്‍ വി. മുരളീധരന്റെ രാജ്യസഭാ കാലാവധി കഴിയും. മഹാരാഷ്ട്രയില്‍നിന്ന് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചാല്‍ ലോക്‌സഭയിലേക്ക് മുരളീധരന്‍ മത്സരിച്ചില്ലെന്ന് വരാം. അല്ലാത്തപക്ഷം ശോഭ സുരേന്ദ്രന്‍ തന്നെ ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. അല്ലെങ്കില്‍ അവര്‍ കോഴിക്കാട്ടുനിന്ന് മത്സരിക്കാനാണ് കൂടുതല്‍ സാധ്യത. പാലക്കാട് എം.ടി. രമേശോ സി. കൃഷ്ണകുമാറോ മത്സരിച്ചേക്കാം. കെ. സുരേന്ദ്രന്‍ ഇത്തവണ ഒരു സീറ്റിലേ മത്സരിക്കാന്‍ ഇടയുള്ളൂ. അത് കാസര്‍കോട് തന്നെയാകാനാണ് എല്ലാ സാധ്യതയും. കുമ്മനം രാജശേഖരന്‍ മത്സരിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തും സുരേന്ദ്രന്റെ പേര് പരിഗണനയില്‍ വന്നേക്കാം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളില്‍ ഗ്ലാമര്‍ പോരാട്ടം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോണ്‍ഗ്രസിന് വേണ്ടി തരൂര്‍ സ്ഥാനാര്‍ഥിയാകുമെങ്കില്‍ അതിന് പോന്ന സ്ഥാനാര്‍ഥികളെ തന്നെയാകും മറ്റ് രണ്ടുപക്ഷങ്ങളും ഇറക്കുക. എന്തായാലും 2024ല്‍ ലോക്‌സഭയിലേക്ക് തിരുവനന്തപുരം തങ്ങളുടെ പ്രതിനിധിയെ അയക്കുക വീറുറ്റ പോരാട്ടത്തിന് ശേഷമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
Content Highlights: who will be the bjp candidate in thiruvananthapuram loksabha seat
Published: 19 Jan 2024, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented