1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഒറിയാന ഫെല്ലാസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞു.

To advertise here,
''ചിലപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തികളുടെ താല്‍പ്പര്യത്തേക്കാള്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കേണ്ടിവരും. രാജ്യ സ്വാതന്ത്ര്യത്തിന്റെ വലിയ താല്‍പ്പര്യത്തിനായി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടി വരും. നമ്മള്‍ തിരിച്ചുവരും. പുതിയ പാഠങ്ങള്‍ പഠിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും.

ജനാധിപത്യത്തെ നോക്കുകുത്തിയാക്കി വ്യക്തിസ്വാതന്ത്ര്യത്തെ പോലും അടിച്ചമര്‍ത്തി രാജ്യത്തെ  ഇരുണ്ടകാലത്തേയ്ക്ക് തള്ളിവിട്ട അടിയന്തരാവസ്ഥയെ അന്ന് ലോകം മുഴുവന്‍ വിമര്‍ശിച്ചു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിരഭിപ്രായം നേരിട്ടു. താനെടുത്ത തീരുമാനം അത് തന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ബോധ്യമായിട്ടും അങ്ങനെയൊരു തീരുമാനത്തിലേക്ക് പോവേണ്ടി വന്നതിനെ പൂര്‍ണമായും ന്യായീകരിക്കുന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍. അടിയന്തരാവസ്ഥക്കാലത്തെ ചില കാര്യങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും സ്വന്തം മണ്ഡലത്തിലടക്കമുള്ള തോല്‍വിയും ഒടുവില്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് തിരിച്ചുവന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടൊരു ചരിത്രാധ്യായം.

placeholder
ഇന്ദിരാഗാന്ധി കേരള സന്ദർശനത്തിനിടെ | ഫോട്ടോ: മാതൃഭൂമി

1975 മുതല്‍ 77 വരേയുള്ള രണ്ട് വര്‍ഷത്തെ അടിയന്തരാവസ്ഥാക്കാലം രാജ്യത്ത് പിന്നീട് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അതിന്റെ ആദ്യ ഉദാഹരണമായിരുന്നു 77-ലെ ലോക്​സഭാ തിരഞ്ഞെടുപ്പ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ഭാഗമായുള്ള ഭീകരാവസ്ഥയ്ക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാ മുന്നണി 1977 ജനുവരി 23 ന് ജനതാ പാര്‍ട്ടിയായി മാറി. അന്നത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരേ  പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി പിറന്ന പാര്‍ട്ടിയില്‍ സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ലോക് ദള്‍, സംഘടനാ കോണ്‍ഗ്രസ് എന്നിവയും ലയിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ ഈ പാര്‍ട്ടിയെ അംഗീകരിക്കാതിരുന്നതിനാല്‍ പൊതുചിഹ്നത്തിന്റെ സൗകര്യാര്‍ഥം ലയിച്ച പാര്‍ട്ടികളില്‍ ഒന്നായ ചരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിഎല്‍ഡി എന്ന ഭാരതീയ ലോക് ദളിന്റെ കലപ്പ ഏന്തിയ കര്‍ഷകനായിരുന്നു ജനതാപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം. മൊറാര്‍ജിയ്ക്ക് ഒപ്പം ചരണ്‍സിംഗ്, ഫെര്‍ണാണ്ടസ് യുവതുര്‍ക്കികളായ ചന്ദ്രശേഖര്‍, മോഹന്‍ ധാരിയ തുടങ്ങിയവരും ജനതാപാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘവും ആ പാര്‍ട്ടിയില്‍ ലയിച്ചു

എന്നും നെഹ്റു കുടുംബത്തെ ചേര്‍ത്തുപിടിച്ചിരുന്ന റായ്ബറേലി മണ്ഡലത്തിലെ ഫലം എന്താകുമെന്ന് അറിയാന്‍ ശ്വാസമടക്കിപ്പിടിച്ചായിരുന്നു ജനം കാത്തിരുന്നത്. വോട്ടെണ്ണല്‍ അര്‍ധരാത്രിയിലേക്ക് വരെ നീണ്ടു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ മുന്നിട്ട് നിന്ന ജനതാപാര്‍ട്ടിയുടെ രാജ് നാരായണൻ രാജ്യം ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച ഇന്ദിരയെ തോല്‍പിക്കുമോ എന്നതായിരുന്നു ആശങ്ക. ഒടുവില്‍ അര്‍ധരാത്രി ബി.ബി.സി ആ പ്രഖ്യാപനം നടത്തി. 1971-ല്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യംചെയ്ത അതേ രാജ് നാരായണിനോട് തന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ ഇന്ദിര പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം 55202. ഇന്ദിരാഗന്ധിയുടെ പരാജയം വലിയ രാഷ്ട്രീയമാറ്റത്തിന് കൂടിയാണ് വഴിവെച്ചത്. പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തില്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. റായ്ബറേലിയില്‍ രാജ് നാരായണ്‍ 177,719 വോട്ടുനേടിയപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ലഭിച്ചത് 122,517 വോട്ട്. മാത്രമല്ല മാത്രമല്ല ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. ജനതാപാര്‍ട്ടിക്ക് 295 സീറ്റ് ലഭിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിനുശേഷം ഭൂരിഭാഗം കാലത്തും അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 153 സീറ്റിലൊതുങ്ങി.

രാജ്യം നടുങ്ങിയ അടിയന്തരാവസ്ഥക്കാലത്തിന്റെ അവസാനവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ കാലത്തിന്റെ ആരംഭവുമായിരുന്നു 1977ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം. രാജ്യത്ത് ആദ്യമായി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തി. ജനാധിപത്യ മൂല്യങ്ങള്‍ തച്ചുതകര്‍ത്ത അടിയന്തരാവസ്ഥയ്ക്ക് കാരണക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരേയും പ്രത്യേകിച്ച് ഇന്ദിരാഗാന്ധിക്കേതിരേയും വലിയ കാമ്പയിനായിരുന്നു ജനതാസഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്നത്. അത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമായി തിരിച്ചടിക്കുകയും ചെയ്തു. 1977-ലെ പൊതുതിരഞ്ഞെടുപ്പും ജനതാപാര്‍ട്ടിയുടെ രൂപീകരണവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം കുറിച്ചതിനപ്പുറം  സ്വേച്ഛാധിപത്യ രാഷ്ട്രീയത്തെ ജനാധിപത്യ രാഷ്ട്രീയത്തിലേത്ത് തിരിച്ചുകൊണ്ടുവന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു. പക്ഷേ, രണ്ട് വര്‍ഷത്തിനപ്പുറം ജനതാ സര്‍ക്കാരിന് തുടരാനായില്ല എന്നത് ഇന്ദിരയുടെ തിരിച്ചുവരവിനും വഴിയൊരുക്കി.

placeholder
ഇന്ദിരാഗാന്ധി | ഫോട്ടോ: മാതൃഭൂമി

മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലായ് 28 വരെ ജനതാപാര്‍ട്ടി ഇന്ത്യ ഭരിച്ചു. ഈ മന്ത്രിസഭയില്‍ വാജ്പേയ് വിദേശകാര്യമന്ത്രിയും അദ്വാനി വാര്‍ത്താ വിതരണ മന്ത്രിയുമായിരുന്നു. എന്നാല്‍ ഇവര്‍ ഉള്‍പ്പെടുന്ന മുന്‍ ജനസംഘംനേതാക്കള്‍ ആര്‍ എസ് എസുമായി ബന്ധം തുടര്‍ന്നതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. 

ഈ നേതാക്കള്‍ ഒരേ സമയം ജനതാപാര്‍ട്ടിയിലും ആര്‍ എസ് എസിലും അംഗം ആയിരിക്കുന്നതിനെതിരെ രാജ് നാരായൺ രംഗത്തെത്തുകയും  മന്ത്രിസഭയിലെ ആര്‍എസ്എസ് അംഗങ്ങളായ വാജ്പേയ്, അദ്വാനി എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദ്വയാംഗത്വ പ്രശ്‌നത്തില്‍ അന്നത്തെ ഉപ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിംഗ് കൂടി  രംഗത്തെത്തിയതോടെ മൊറാര്‍ജി രാജി വെച്ചു. തുടര്‍ന്ന് 1979 ജൂലൈ 29 ന്  ചരണ്‍സിങ് ജനതാ പാര്‍ട്ടി സെക്കുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ 24 ആഴ്ച ചരണ്‍സിംഗ് ഇന്ത്യ ഭരിച്ചു. അതേസമയം ചരണ്‍ സിംഗും സംഘവും ജനതാ പാര്‍ട്ടി സെക്യൂലര്‍ രൂപീകരിച്ച് പോയതോടെ വാജ്‌പേയി- അദ്വാനി സംഘം ജനതാപാര്‍ട്ടിയില്‍ തന്നെ തുടരുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം 1980-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തന്നെ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളിനെ അതിജീവിച്ച് ഇന്ദരിഗാന്ധി അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും അധികാരത്തിലെത്തിയതോടെ വലിയ സ്വീകാര്യതയാണ് അവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിച്ചത്. പക്ഷേ, അപ്പോഴേക്കും പഞ്ചാബില്‍ നിന്ന് ഖാലിസ്ഥാന്‍ പ്രശ്നമടക്കം രൂക്ഷമായിരുന്നു, തുടര്‍ന്ന് 1984-ലെ സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയിലടക്കം ഇന്ദിരയ്ക്ക് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. 1984 ല്‍ സിഖ് വംശജനായ സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് ഇന്ദിരാഗന്ധി കൊല്ലപ്പെടുമ്പോഴേക്കും അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ചരിത്രം രചിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.

placeholder
ഇന്ദിരാഗന്ധി രാംലീല മൈതാനിയിൽ സംസാരിക്കുന്നു | ഫോട്ടോ: മാക്സ് നാഷ്

21 മാസം; അധികാരം  ഇന്ദിരയില്‍ മാത്രം

1975 ജൂണ്‍ 25-നും 1977 മാര്‍ച്ച് 21നും ഇടയിലുള്ള 21 മാസങ്ങളെയാണ് അടിയന്തരാവസ്ഥ എന്ന ഒറ്റ വാക്കില്‍ നമ്മള്‍ പറയുന്നത്. കൃത്യമായി കണക്കുകൂട്ടുമ്പോള്‍ 49 വയസ്സ്. രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹ്‌മദിനെക്കൊണ്ട് അടിയന്തരാവസ്ഥ' പ്രഖ്യാപിപ്പിക്കുകയായിരുന്നു.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിരാഗാന്ധി എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമായി. തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങള്‍ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറുമാസം കൂടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തു കൊണ്ടിരുന്നു

വിലക്കയറ്റം, പട്ടിണി, അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി മുതലായ വിവിധങ്ങളായ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകാര്‍, നക്‌സലേറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ നേതൃത്വത്തിന്‍ കീഴില്‍ ഉയര്‍ന്ന ജനകീയ മുന്നേറ്റങ്ങള്‍, ഒരു വശത്ത് ശക്തമായി ഇന്ദിരാ ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തി. മറുവശത്ത്  ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ദിരാ സര്‍ക്കാരിന്റേയും നിലനില്‍പ്പ് അപകടത്തിലാകുന്ന സാഹചര്യവും സംജാതമായി.

ഈ സ്ഥിതിവിശേഷം നേരിടാനുള്ള ഭരണകൂട തന്ത്രമായിരുന്നു 1975 ജൂണ്‍ 25 ലെ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ 1975 ജൂണ്‍ 12 ന് ഉണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മറ്റൊരു നിര്‍ണായക കാരണമായി ചൂണ്ടിക്കാട്ടുന്നു. 1971 ലെ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഭാരതീയ ലോക്​ദളിലെ രാജ്‌നാരായണന്‍ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസില്‍, ജസ്റ്റിസ് ജഗ്​മോഹൻലാല്‍ സിന്‍ഹ വിധി പ്രസ്താവിച്ചത് ഇന്ദിരാഗാന്ധിക്ക് എതിരായാണ്. ഇതോടെ ഇന്ദിരയുടെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടു. ആറു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും താല്‍ക്കാലിക വിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരായിരുന്നു സുപ്രീംകോടതിയിലെ ജഡ്ജി.

എന്നാല്‍ ഭരണരംഗത്തും സാമൂഹിക രംഗത്തും പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇന്ദിരയുടെ തീരുമാനം അനുസരിച്ച് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഭരണഘടനയുടെ 352- ആം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖാപിച്ചു.

placeholder
ഇന്ദിരാഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

അവകാശങ്ങള്‍ ഹനിക്കപ്പെട്ടു, നേതാക്കള്‍ ജയിലിലായി

പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14,  21,  22 വകുപ്പുകള്‍ നീര്‍വീര്യമാക്കി. മൗലികാവകാശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും ഇന്ദിര കസ്റ്റഡിയിലെടുത്തു. ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍സിങ്, ജെ.ബി. കൃപലാനി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ്, ലാല്‍ കൃഷ്ണ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിങ്ങനെ പലരും അറസ്റ്റിലായി.

ആര്‍.എസ്.എസ്, ജമാ അത്തെ ഇസ്ലാമി, അകാലിദള്‍, സി.പി.ഐ (എം.എല്‍) അടക്കമുള്ള പല സംഘടനകളും രാജ്യത്ത് നിരോധിക്കപ്പെട്ടു. അക്കാലത്തുതന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരായ ബറോഡാ ഡയനാമിറ്റ് കേസും കേരളത്തെ നടുക്കിയ രാജന്‍ ഉരുട്ടിക്കൊലക്കേസുമൊക്കെ നടക്കുന്നത്. ഒപ്പം പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടിട്ടുണ്ടായിരുന്നു.

placeholder
ഇന്ദിരാഗാന്ധി | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ പോരാട്ടം

ജനാധിപത്യ- പൗരാവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ, രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോട് ഒരര്‍ഥത്തിലും നിശബ്ദമായിരുന്നില്ല കേരളം. പ്രതിഷേധങ്ങളുടെ ശബ്ദം നേര്‍ത്തതായിരുന്നെങ്കിലും അത് പല കോണുകളില്‍ നിന്ന് പല രൂപത്തില്‍ അരങ്ങേറി.

അടിയന്തരാവസ്ഥ കാലഘട്ടത്തിലെ കേരള മോഡല്‍ പ്രതിഷേധങ്ങള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാര്‍ഥികളും തൊഴിലാളികളും സ്ത്രീകളും ഉള്‍പ്പെടെ ഉജ്വലമായ ചെറുത്തുനില്‍പ്പാണ് കേരളം മുന്നോട്ട് വച്ചത്. വിദ്യാര്‍ഥികളും സ്ത്രീകളും പോരാട്ടവേദികളില്‍ അതുവരെ കേരളം കാണാത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തിവിട്ടു. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരമായ അടിച്ചമര്‍ത്തലിന് ഇവരും വിധേയരായി.

കോളജ് കാമ്പസുകളിൽ നിന്നുയര്‍ന്ന പ്രതിഷേധം, തൊഴില്‍ശാലകളിലേയ്ക്കും മറ്റ് സാമൂഹിക ഇടങ്ങളിലേയ്ക്കും പടര്‍ന്നുകയറി. അടിയന്തരാവസ്ഥക്കാലത്ത് കേരളം ഭരിച്ചിരുന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അധികാരം ഇക്കാലയളവില്‍ നന്നായി ആസ്വദിച്ചു. എന്നാല്‍ കേരളത്തിലെ മറ്റ് ഭൂരിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും തൊഴിലാളി സംഘടനകളും സ്ത്രീകള്‍ ഉള്‍പ്പടെ പോരാട്ട രംഗത്തായിരുന്നു. സെന്‍സര്‍ഷിപ്പിന്റെ മറവില്‍ അതെല്ലാം മറച്ചുവെയ്ക്കാന്‍ തല്‍ക്കാലത്തേയ്ക്ക് ഭരണകൂട സംവിധാനങ്ങള്‍ക്ക് സാധിച്ചുവെങ്കിലും അടിയന്തരാവസ്ഥാക്കാലം കേരളത്തിലും പുതിയ ചരിത്രമെഴുതിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ നേരിട്ടനുഭവിച്ച ഉത്തരേന്ത്യക്കാര്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചിരുന്നു. ഇന്ദിരയും കോണ്‍ഗ്രസും തിരിച്ചുവന്നാല്‍ ദുരിതം ഇരട്ടിക്കുമെന്ന് അവര്‍ ഭയന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സെന്‍സര്‍ ഷിപ്പ് മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരാവസ്ഥയുടെ യഥാര്‍ഥമുഖം അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാനായി. ആകെ  ലഭിച്ച 154 സീറ്റില്‍ 112 സീറ്റും ദക്ഷിണേന്ത്യയുടെ സംഭാവനയായിരുന്നു. ആന്ധ്രാപ്രദേശ് (41) മഹാരാഷ്ട്ര (20), കര്‍ണാടക (26), തമിഴ്‌നാട് (14), കേരളം (11) എന്നിങ്ങനെയായിരുന്നു കോണ്‍ഗ്രസിന് സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ സീറ്റുകൾ.