1991 മേയ് 21... ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് നടന്നതിന്റെ തൊട്ടടുത്ത ദിവസം. വിശാഖപട്ടണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിലായിരുന്നു രാജീവ് ഗാന്ധിയുടെ അടുത്ത തിരഞ്ഞെടുപ്പ് പരിപാടി. രാത്രിയോടെ മദ്രാസില്‍ വിമാനമിറങ്ങിയ രാജീവ് ഗാന്ധി കാറില്‍ അവിടേയ്ക്ക് പുറപ്പെട്ടു. യാത്രാമധ്യേ ചില പ്രചാരണവേദികളില്‍ നിര്‍ത്തുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം ശ്രീപെരുമ്പത്തൂരിലെത്തുന്നത്. രാജീവ് ഗാന്ധി അവിടെ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. കാറില്‍ നിന്നിറങ്ങി പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി അദ്ദേഹം വേദിക്കരികിലേക്ക് നീങ്ങി. സ്റ്റേജില്‍ എത്തുന്നതിന് മുമ്പ് പലരും പൂക്കളും പൂച്ചെണ്ടുകളും നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ഇതിനിടെ തനു എന്നറിയപ്പെടുന്ന കലൈവാണി രാജരത്‌നം രാജീവ് ഗാന്ധിയുടെ സമീപത്തേക്ക് നടന്നുനീങ്ങി. പൂച്ചെണ്ട് നല്‍കി അനുഗ്രഹം വാങ്ങാനെന്ന വ്യാജേന കാല്‍തൊട്ടു വന്ദിക്കുന്നതിനിടെ അരയില്‍ കെട്ടിവെച്ച ബെല്‍റ്റ് ബോംബ് പൊട്ടിച്ചു. തുടര്‍ന്നുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഒപ്പം മറ്റ് 14 പേരും.

To advertise here,

രാത്രി 11 മണിയോടെയാണ് ശ്രീപെരുമ്പത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഒരു തിരഞ്ഞെടുപ്പിന്റെ ഭാവി മാറ്റിയെഴുതാന്‍ ആ ഒരൊറ്റ വാര്‍ത്ത മാത്രം മതിയായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി, രണ്ടാം ഘട്ട വിധിയെഴുത്തിന് വെറും 30 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു രാജ്യത്തെ നടക്കിയ ആ സംഭവം. ഇതോടെ മേയ് 23-ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. രാജീവിന്റെ മരണത്തോടെ നേതാവിനെ നഷ്ടപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്. രാജ്യമെമ്പാടും സഹതാപതരംഗം ആഞ്ഞടിച്ചതോടെ, ബി.ജെ.പിയും വി.പി.സിങ്ങിന്റെ ദേശീയ മുന്നണിയും പ്രചാരണതന്ത്രം മാറ്റാന്‍ പാടുപെട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ 232 സീറ്റുകൾ നേടി കോൺ​ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബി.ജെ.പി. നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ മുന്നണി പാടേ തകര്‍ന്നടിഞ്ഞു. രാജീവ് ഗാന്ധിയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ്. എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ മറികടന്നത്? സഹതാപതരംഗം കോണ്‍ഗ്രസിന് നേട്ടമായതെങ്ങനെ? ദേശീയ മുന്നണിക്ക് തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്?

89-ലെ തിരഞ്ഞെടുപ്പും ദേശീയ മുന്നണിയുടെ വീഴ്ചയും 

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ രണ്ടാമത്തെ സഖ്യസര്‍ക്കാര്‍ 1989-ല്‍ വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുമ്പോള്‍, 1977-ലെ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ, ജനതാ പാര്‍ട്ടി സര്‍ക്കാരിന് സമാനമായിരുന്നു വി.പി.സിങ് സര്‍ക്കാരിന്റേയും വിധി. ചെറിയ പാര്‍ട്ടികളുമായി കൈകോര്‍ത്താണ് വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ ദേശീയ മുന്നണി സഖ്യം അധികാരത്തിലെത്തുന്നത്. ബൊഫോഴ്‌സ് അഴിമതി ആരോപണങ്ങള്‍ വലിയ തോതില്‍ തിരിച്ചടിച്ചിട്ടും 197 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ജനതാദള്‍ 143 സീറ്റകള്‍ നേടി. ബി.ജെ.പി 85 സീറ്റും സി.പി.എം. 33 സീറ്റും സി.പി.ഐ. 12 സീറ്റും നേടി. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും 193 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചില്ല. ഇതോടെ ദേശീയ മുന്നണി സഖ്യം മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും നേതൃത്വത്തിലുള്ള ബി.ജെ.പിയും സി.പി.ഐ, സി.പി.എം എന്നീ ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചു. അതോടെ വി.പി. സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

വി.പി. സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഹരിയാന, ഗുജറാത്ത്, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനതാദള്‍ വിജയിച്ചു. മറുവശത്ത്, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരീച്ച് ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. 1984 മുതല്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) 'തര്‍ക്കഭൂമി'യില്‍ പ്രാര്‍ഥിക്കാനുള്ള അനുമതിക്കായി സമ്മര്‍ദം ചെലുത്താന്‍ ഹിന്ദുക്കളുടെ പിന്തുണ തേടി രഥയാത്രകള്‍ നടത്തിവരികയായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് 1989 ജൂണില്‍ ഹിമാചല്‍പ്രദേശിലെ പാലംപുരില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അയോധ്യാ പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ ബി.ജെ.പി.ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. 1990 ഫെബ്രുവരിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്.പി. പ്രഖ്യാപിച്ചു. പിന്നാലെ ആ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട് വി.പി. സിങ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഹൈന്ദവ ഏകീകരണത്തിനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജാതി വൈവിധ്യവും അവരുടെ പിന്നാക്കാവസ്ഥയും കൊണ്ട് എതിരിടുക എന്നതായിരുന്നു വി.പി. സിങ്ങിന്റ ലക്ഷ്യം. 

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി.സിങ്ങ് തീരുമാനിച്ചതിന് പിന്നാലെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്താനുള്ള തീരുമാനം എല്‍.കെ. അദ്വാനി പ്രഖ്യാപിച്ചു. രഥയാത്ര ആരംഭിച്ച് ഒരുമാസത്തിനുശേഷം അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് അഡ്വാനിയെ അറസ്റ്റ് ചെയ്തു. ഇതോടെ ദേശീയ മുന്നണി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു. വി.പി.സിങ്ങിനുശേഷം കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ചന്ദ്രശേഖര്‍ സര്‍ക്കാരിന് 223 ദിവസമാണ് അധികാരത്തിലിരിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ താഴെവീണു. 1991 മാര്‍ച്ച് ആറിന് അദ്ദേഹം രാജിവെച്ചു. ഒരാഴ്ചയ്ക്കുശേഷം സഭ പിരിച്ചുവിടുകയും ഏപ്രില്‍ 12-ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 1991-ല്‍ തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡല്‍ കമ്മിഷന്‍ പ്രതിഷേധം, രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം എന്നീ രണ്ട് പ്രധാന വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടത്. അതിനാല്‍ തന്നെ 'മണ്ഡല്‍-മന്ദിര്‍' തിരഞ്ഞെടുപ്പ് എന്നാണ് 1991-ലെ പൊതുതിരഞ്ഞെടുപ്പ് അറിയപ്പെട്ടത്. രാജ്യം വലിയ തോതില്‍ ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണ് ആ വര്‍ഷം തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡല്‍-മന്ദിര്‍ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധത്തിന് കാരണമാവുകയും വോട്ടര്‍മാര്‍ ജാതി-മത അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെടുകയും ചെയ്തു.

placeholder
രാജീവ് ഗാന്ധി (ഫയല്‍ ചിത്രം) | Photo: Mathrubhumi Archives

തിരഞ്ഞെടുപ്പ് വിധിമാറ്റിയ കൊലപാതകം 

1991 മേയ് 20-നാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശില്‍ 85 മണ്ഡലങ്ങളില്‍ 42 ഇടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 54 എംപിമാരെ തിരഞ്ഞെടുക്കുന്ന ബിഹാറില്‍ 35 മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. പശ്ചിമ ബംഗാളില്‍ 42 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. ഹരിയാന (10), ഡല്‍ഹി (7), ഹിമാചല്‍ (4) എന്നിവിടങ്ങളിലും വോട്ടിങ് പൂര്‍ത്തിയായി. രാജസ്ഥാനില്‍ 25-ല്‍ 14 ഇടത്തും മധ്യപ്രദേശില്‍ 40-ല്‍ 28 ഇടത്തും ആന്ധ്രയില്‍ 42-ല്‍ 17 ഇടത്തും വോട്ടെടുപ്പ് പൂര്‍ത്തിയായി. അന്തമാന്‍, ലക്ഷദ്വീപ്, സിക്കിം, ചണ്ഡീഗഢ് ലോക്‌സഭാ സീറ്റുകളിലും ആദ്യഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന് ഒരു ദിവസത്തിന് ശേഷം തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ മരഗതം ചന്ദ്രശേഖറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ബാക്കിയുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ പകുതി വരെ മാറ്റിവച്ചു. പിന്നീട് ജൂണ്‍ 12, 15 തീയതികളില്‍ വോട്ടിങ് നടന്നു.

തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നാലെ ലഭിച്ച രണ്ടാഴ്ചക്കാലത്ത് പഴയ പ്രകടപത്രികകള്‍ പോലും അര്‍ഥരഹിതമായി. രണ്ടും മൂന്നുംഘട്ട തിരഞ്ഞെടുപ്പുകള്‍ക്കായി എല്ലാ തയ്യാറെടുപ്പുകളും വീണ്ടും ആരംഭിക്കേണ്ട ഗതികേടിലായി രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാരാഷ്ട്ര (48), തമിഴ്‌നാട് (39), കര്‍ണാടക(28), ഗുജറാത്ത് (26), ഒറീസ (21), കേരളം (20) തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീരെ നടന്നിരുന്നില്ല. മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, അസം, ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിലും രാജീവിന്റെ മരണശേഷമാണ് വിധിയെഴുത്ത് നടന്നത്. 56.73 ശതമാനം പേരാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും ആകെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. വിഘടനവാദികളുടെ അക്രമം രൂക്ഷമായ പഞ്ചാബില്‍ തോക്കുധാരികള്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ നരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ തിരഞ്ഞെടിപ്പ് മാറ്റിവെച്ചത്. പിന്നീട് 1992 ഫെബ്രുവരി 19-ന് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നു.   

placeholder
എല്‍.കെ അദ്വാനിയുടെ രഥയാത്ര | Photo: PTI

മാറിമറിഞ്ഞ് പ്രചാരണ മുദ്രാവാക്യങ്ങള്‍

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് മുമ്പ് വ്യക്തമായ നയപരിപാടികളോടെ മൂന്ന് മുന്നണികളാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. ഭരണ സ്ഥിരത എന്ന മുദ്രാവ്യാക്യം ഉയര്‍ത്തി കോണ്‍ഗ്രസും (കോണ്‍ഗ്രസ് ഐ) രാമക്ഷേത്രത്തെ മുന്‍നിര്‍ത്തി ബി.ജെ.പിയും മണ്ഡല്‍ റിപ്പോര്‍ട്ടിനും സാമൂഹിക നീതിക്കും വേണ്ടി വോട്ടു ചോദിച്ച ജനതാദള്‍ ഉള്‍പ്പെട്ട ദേശീയ മുന്നണി സഖ്യവും പരമാവധി വോട്ടര്‍മാരെ തങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. സുസ്ഥിരമായ ഭരണം ഉറപ്പുനല്‍കി കരുത്തനായ ഒരു നേതാവിനെ മുന്നോട്ട് നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് വോട്ട് ചോദിച്ചിരുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ദീര്‍ഘകാലം രാജ്യം ഭരിച്ച പരിചയമുണ്ട്. സോഷ്യലിസത്തോട് ആഭിമുഖ്യമുണ്ട്. പ്രധാനമന്ത്രിയാകാന്‍ പറ്റിയ നേതാവുണ്ടായിരുന്നു. മാത്രമല്ല, 1989-ലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടായ അനിശ്ചിതാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും പാര്‍ട്ടി കരുതി. പക്ഷേ, ഇടയ്ക്ക് വെച്ച് നേതാവിനെ നഷ്ടമായ അവസ്ഥയിലായി കോണ്‍ഗ്രസ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ പടത്തലവനായി മാറിയ വി.പി.സിങിന്റെ ദേശീയ മുന്നണിയാകട്ടെ കുറഞ്ഞ കാലത്തെ ഭരണത്തില്‍ തങ്ങള്‍ കൊണ്ടുവന്ന പുരോഗമനപരമായ നടപടികള്‍ മുന്‍നിര്‍ത്തിയാണ് വോട്ടു ചോദിച്ചത്. മറുവശത്ത് ദേശീയ പ്രശ്‌നങ്ങളേക്കാള്‍ രാമക്ഷേത്രനിര്‍മാണവും രഥയാത്രയും അതുവഴി ലഭിക്കുന്ന ഹിന്ദു വോട്ടുകളുമായിരുന്നു അവര്‍ മുന്നില്‍ കണ്ടത്.

രണ്ടാഘട്ട പോളിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കെ നടന്ന രാജീവ് ഗാന്ധിയുടെ കൊലപാതകം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികളേയും മുദ്രാവാക്യങ്ങളേയും അപ്രസക്തമാക്കിക്കളഞ്ഞു. അതോടെ പല പ്രകടനപത്രികകളും മുദ്രാവാക്യങ്ങളും ജനങ്ങളില്‍ ഏശാതായി. മാറിയ സാഹചര്യത്തില്‍ വോട്ടുകള്‍ സഹതാപതരംഗത്തിന് അനുകൂലമായി കേന്ദ്രീകരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഭയപ്പെട്ടു. കോണ്‍ഗ്രസ് ഒരു നേതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍, ബി.ജെ.പിയും ജനതാദളും ചുവടു മാറ്റി പിടിച്ചു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ അഖണ്ഡത മുഖ്യപ്രമേയമാക്കി നയപരിപാടികളില്‍ വലിയ പൊളിച്ചെഴുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി. മേയ് 25-ന് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഡല്‍ഹിയില്‍ ചേരുകയും നയം തിരുത്തുകയു ചെയ്തു. രാജീവിന്റെ മരണത്തോടെ അപ്രസക്തമായ രാമജന്മഭൂമി പ്രശ്‌നത്തിന് പകരം, കോണ്‍ഗ്രസിന്റെ സ്ഥിരത എന്ന് മുദ്രാവാക്യം അവര്‍ ഏറ്റെടുത്തു. ഹിന്ദുത്വവാദം പിന്നിലേക്ക് പോയതോടെ, ശക്തവും അഖണ്ഡവുമായ ഒരു ഇന്ത്യ നിലനിര്‍ത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. കോണ്‍ഗ്രസ് നേതൃനിരയിലെ ആശയക്കുഴപ്പം മുന്‍നിര്‍ത്തി എല്‍.കെ.അദ്വാനിയേയും അടല്‍ബിഹാരി വാജ്‌പേയിയേയും മുന്‍നിര്‍ത്തി അവര്‍ പ്രചാരണം നടത്തി. അക്രമം ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, പുതിയ ഒരു നേതാവിനെ തിരഞ്ഞെടുക്കുക എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തി. ഒപ്പം രാജീവ് ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ കാസറ്റുകള്‍ ബി.ജെ.പി. പിന്‍വലിച്ചു. 

ജനതാദള്‍- ഇടത് സഖ്യവും അടവ് മാറ്റിച്ചവിട്ടി. ദേശീയ ഐക്യവും സാമൂഹിക നീതിയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പുനല്‍കുമെന്ന് രീതിയിലേക്ക് അവര്‍ പ്രചാരണം മാറ്റി. ഒപ്പം ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ജനതാദള്‍- ഇടത് സഖ്യത്തിന് മാത്രമേ കഴിയൂ എന്നാണ് അവര്‍ വാദിച്ചത്. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും തുല്യ അകലത്തില്‍ നിര്‍ത്തിയിരുന്ന ഇടതുപാര്‍ട്ടികള്‍ ബി.ജെ.പിയെ മുഖ്യ എതിരാളിയായി കാണുകയും അവര്‍ ഭരണത്തില്‍ എത്തുന്നത് തടയാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേടുന്ന സഹതാപവോട്ടുകള്‍ ബി.ജെ.പി. വോട്ടുബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ കണക്കുകൂട്ടി. രാജീവിന്റെ മരണത്തിന് ശേഷം ആദ്യം പ്രചാരണ പര്യടനം ആരംഭിച്ചത് വി.പി.സിങ്ങാണ്. ഒരു ദിവസത്തിന് ശേഷം വാജ്‌പേയിയും അദ്വാനിയും പര്യടനം ആരംഭിച്ചു. രാജീവ് ഗാന്ധിയുടേയും ഇന്ദിരാഗാന്ധിയുടേയും ചിത്രമുള്ള പോസ്റ്ററുകളാണ് കോണ്‍ഗ്രസ് ഇറക്കിയത്. രാജിവ് കൊല്ലപ്പെട്ടതിന് പിന്നാലെ സഹതാപ തരംഗത്തെ വോട്ടാക്കി മാറ്റാനിയി കോണ്‍ഗ്രസിന്റെ ശ്രമം. പി.വി.നരസിംഹ റാവുവിനെ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്ത് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു. 

placeholder
പി.വി.നരസിംഹ റാവു (ഫയല്‍ ചിത്രം) | Photo: Mathrubhumi Archives

കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുത്ത് 

ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും ലോക്‌സഭയില്‍ ഭൂരിപക്ഷം നേടാനായില്ല. പക്ഷേ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്റെ സഹതാപതരംഗം അവര്‍ക്ക് ഗുണകരമായി. കൊലപാതകത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ സഹതാപതരംഗം വലിയ ചലനം സൃഷ്ടിച്ചു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഏതാണ്ട് നിഷ്പ്രഭമായിരുന്നു. പക്ഷേ രണ്ടാം ഘട്ടത്തില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ വന്‍ സഹതാപ തരംഗം അവരെ തുണച്ചു. 487 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 232 സീറ്റുകളില്‍ വിജയിച്ചു. കൊലപാതകത്തിന് മുമ്പ് വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റേത് അത്രനല്ല പ്രകടനമായിരുന്നില്ല. പക്ഷേ, പിന്നീട് നടന്ന രണ്ട് ഘട്ടങ്ങളിലും പാര്‍ട്ടി തിരിച്ചുവരികയും സഭയിലെ ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്തു. മഹാരാഷ്ട്രയില്‍ 38, തമിഴ്നാട്ടില്‍ 28, ആന്ധ്രപ്രദേശില്‍ 25, കര്‍ണാടകയില്‍ 23, മധ്യപ്രദേശില്‍ 27, കേരളം, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 13 വീതം സീറ്റുകള്‍ നേടി. പക്ഷേ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അവരുടെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ബിഹാറില്‍ ഒരു സീറ്റിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും അഞ്ച് വീതം സീറ്റുകളിലുമാണ് കോണ്‍ഗ്രസ് വിജയിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരേന്ത്യയില്‍ പുതിയ രാഷ്ട്രീയ പ്രക്രിയകള്‍ക്ക് തുടക്കമിട്ടു. വോട്ട് ബാങ്ക്  വിഭജിക്കപ്പെടുകയും യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നും കോണ്‍ഗ്രസ് പുറത്താകുകയും ചെയ്തു. ഒരുപക്ഷേ ആദ്യഘട്ടത്തിലെ വോട്ടെടുപ്പിന് മുമ്പായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നതെങ്കില്‍ തിരഞ്ഞെടുപ്പും ജനവിധിയും വലിയ തോതില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിപ്പോയേനെ. 

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ച ജനതാദളിന് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 308 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് 59 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഈ സീറ്റുകളാകട്ടെ ബിഹാര്‍ (31), ഉത്തര്‍പ്രദേശ് (22), ഒറീസ (6) സംസ്ഥാനങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ ഗുണഫലം അവര്‍ക്ക് ലഭിച്ചില്ല എന്ന് വ്യക്തം. ദേശീയ മുന്നണി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎം 35 സീറ്റിലും സിപിഐ 14 സീറ്റലും വിജയിച്ചു. രാജ്യമൊട്ടാകെ 468 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. രഥയാത്രയുടെ കുതിപ്പില്‍ നിന്ന് 120 സീറ്റുകള്‍ നേടി ബി.ജെ.പി. രണ്ടാമത്തെ വലിയ കക്ഷിയായി. ഉത്തര്‍പ്രദേശിലാണ് അവര്‍ വലിയ നേട്ടമുണ്ടാക്കിയത്. 51 സീറ്റുകളാണ് യുപിയില്‍ നിന്ന് മാത്രം ബിജെപിക്ക് ലഭിച്ചത്. ഗുജറാത്തില്‍ 20 സീറ്റുകളും മധ്യപ്രദേശിലും രാജസ്ഥാനിലും 12 വീതം സീറ്റുകളും നേടി. ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതം സീറ്റുകളും അവര്‍ക്ക് ലഭിച്ചു. ഇതോടൊപ്പം യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തി. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടികളില്‍, ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ഒരു സീറ്റും ജനതാ പാര്‍ട്ടി 5 സീറ്റും നേടി. 

കോണ്‍ഗ്രസ് ന്യൂനപക്ഷമായിരുന്നെങ്കിലും മറ്റ് പാര്‍ട്ടികളുടെ പിന്തുണ നേടി പി.വി.നരസിംഹ റാവു ജൂണ്‍ 21-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹം സഭാംഗമായിരുന്നില്ല. പിന്നീട് ആന്ധ്രയിലെ നന്ദ്യാലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ശേഷം നെഹ്​റു കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്നു റാവു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയും.