
മഹാഭാരതത്തിലേയും രാമായണത്തിലേയും രഥങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചിത്രപ്പണികളും അലങ്കാരവും വര്‍ണക്കുടയും ചേര്‍ന്ന രഥം പതിയെ മുന്നോട്ടുനീങ്ങാന്‍ ആരംഭിച്ചു. അന്തരീക്ഷത്തില്‍ മന്ത്രധ്വനികള്‍ അലയടിച്ചു..സോമനാഥ ക്ഷേത്രത്തിന് മുന്നിലെ വഴിക്ക് ഇരുവശവും നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ നായകനെ ആശീര്‍വദിച്ച് യാത്രയാക്കി. 'രാജ്യത്ത് ഐക്യം വളര്‍ത്താനും ദേശീയതയെ ശക്തമാക്കാനുമുള്ള യജ്ഞമാണിത്. ഈ രഥത്തെ ആരും തടയരുത്. കാരണം ഇത് ജനങ്ങള്‍ ആഗ്രഹിക്കുന്ന യാത്രയാണ്. അയോധ്യയില്‍ തന്നെ ഞങ്ങള്‍ ക്ഷേത്രം നിര്‍മിക്കും. ആരാണ് തടയുന്നതെന്ന് കാണട്ടെ..' രഥയാത്രാ നായകനായ അദ്വാനി പറഞ്ഞുനിര്‍ത്തിയപ്പോഴേക്കും ആള്‍ക്കൂട്ടം ഇരമ്പിയാര്‍ത്തു. പുഷ്പവൃഷ്ടിയോടെ രഥം വീണ്ടും മുന്നോട്ട്, ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെട്ടു. രാമരഥയാത്രയേയും അയോധ്യയേയും കുറിച്ച് പറയാതെ വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ച് പറയാനാവില്ല. കാരണം ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ രാഷ്ട്രീയ സാംസ്‌കാരിക നേട്ടമായി ബിജെപി മുന്നോട്ടുവെക്കുന്ന രാമക്ഷേത്രത്തിന് അടിത്തറപാകിയത് 1990ല്‍ അദ്വാനി സംഘടിപ്പിച്ച രഥയാത്രയായിരുന്നു. ബിജെപിയുടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തമായ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന ആ രഥയാത്രയും അതുണ്ടാക്കിയ ഓളങ്ങളും ചെറുതായൊന്നുമല്ല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിച്ചത്. എന്തായിരുന്നു രഥയാത്ര, എങ്ങനെയാണ് അത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയത്? രഥയാത്ര ബിജെപിക്ക് നല്‍കിയ നേട്ടങ്ങളെന്തൊക്കെയാണ്?
രാമജന്മഭൂമിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രാമന്റെ ജന്മസ്ഥലത്താണ് അയോധ്യയിലെ ബാബറി പള്ളി നിലനില്‍ക്കുന്നതെന്ന ചര്‍ച്ചകള്‍ ശക്തമായത് 1980കളിലാണ്. രാമജന്മഭൂമി വിഷയം പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും തിരികൊളുത്തുകയും ചെയ്തത് വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളാണ്. പിന്നീട് ബിജെപി ആ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മിക്കണമെന്ന രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ ഏറ്റെടുക്കുകയും ചെയ്തു. 1980ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയുണ്ടായ 1984ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന കാലം കൂടിയായിരുന്നു അത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ അയോധ്യപ്രക്ഷോഭം രാഷ്ട്രീയപരമായി ഏറ്റെടുക്കാന്‍ ബിജെപി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ബിജെപി അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര സംഘടിപ്പിച്ചത്. രാമജന്മഭൂമി വിഷയം സജീവമാക്കിയതോടെ അതിന്റെ ഫലങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിലും വലിയതോതില്‍ പ്രതിഫലിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡല്‍ കമ്മീഷന്‍ വിഷയം ദേശീയരാഷ്ട്രീയത്തില്‍ ആളിക്കത്തി തുടങ്ങി.
Also Read
മണ്ഡല്‍ കമ്മീഷനെ നേരിടാന്‍ മന്ദിര്‍ പൊളിറ്റിക്‌സ്
കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടിക്കൊണ്ട് അധികാരത്തിലെത്തുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു 1984ലേത്. എന്നാല്‍ അടുത്ത, 1989ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട കാലത്ത് ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസ് നിരവധി രാഷ്ട്രീയ പ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും അധികാരം പിടിക്കാനായില്ല. ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി, അസംഗണപരിഷത്ത് തുടങ്ങിയവര്‍ ചേര്‍ന്ന സഖ്യമായ ദേശീയമുന്നണി അധികാരത്തിലെത്തുകയും വി.പി സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ബിജെപി ഈ സഖ്യത്തെ പുറത്തു നിന്ന് പിന്തുണച്ചു. ആ സഭയില്‍ 86 സീറ്റുണ്ടായിരുന്നു ബിജെപിക്ക്
.അധികാരത്തിലെത്തിയതിന് പിന്നാലെ വിപി സിങ് പ്രഖ്യാപിച്ച സുപ്രധാന തീരുമാനമായിരുന്നു 1980ലെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നത്. പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ദേശവ്യാപക പ്രതിഷേധങ്ങളിലേക്കാണ് വഴിതുറന്നത്. അധികാരത്തിലെത്തിയാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നത് ജനതാദളിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നെങ്കിലും റിപ്പോര്‍ട്ട് നടപ്പാക്കുമെന്നത് വിപി സിങ് സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു. ഹിന്ദുവോട്ട് ഏകീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ മുന്‍കൂട്ടികണ്ടുകൊണ്ടാണ് വിപി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങിയത് എന്നായിരുന്നു ഇതിനുവന്ന വ്യാഖ്യാനങ്ങള്‍. ഒപ്പം പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളാണിതെന്നും രാഷ്ട്രീയ നിഗമനങ്ങളുണ്ടായി.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ (എസ്.ഇ.ബി.സി) തിരിച്ചറിയാനും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. 1990 ഓഗസ്റ്റ് 7-നാണ് വി.പി.സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍, കേന്ദ്രസര്‍വീസുകളിലും പൊതുസ്ഥാപനങ്ങളിലും ജോലികള്‍ക്കായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. വി.പി സിങ്ങിന്റെ പ്രഖ്യാപനം രാജ്യത്തെ ഞെട്ടിച്ചു. ഇതിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറി. രാഷ്ട്രീയമുതലെടുപ്പാണ് വി.പി സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനമുയര്‍ന്നു. ഉത്തരേന്ത്യയില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തി. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഹിന്ദിഹൃദയഭൂമിയാകെ കലുഷിതമായി. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അക്രമത്തിലേക്ക് വഴി തിരിഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ദേശബന്ധു കോളജ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി തീ കൊളുത്തി ആത്മാഹത്യയ്ക്ക് ശ്രമിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പിന്നേയും പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യാശ്രമങ്ങള്‍ നടന്നു. സമരരംഗത്തേക്ക് എത്തിയ എല്‍.കെ. അദ്വാനിക്കെതിരേയും വിദ്യാര്‍ത്ഥികള്‍ ആക്രമണമഴിച്ചുവിട്ടു. പ്രതിഷേധം അതിരുവിട്ടുപടര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതോടെ പ്രതിഷേധങ്ങളും കെട്ടടങ്ങി.

രഥയാത്ര തുടങ്ങുന്നു..
മണ്ഡല്‍ കമ്മീഷന്‍ ബഹങ്ങള്‍ക്കിടെ മുങ്ങിപ്പോയ രാമജന്മഭൂമി ആവശ്യങ്ങള്‍ സജീവമാക്കാനായാണ് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ എല്‍.കെ അദ്വാനി രഥയാത്ര സംഘടിപ്പിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അന്നത്തെ വി.പി സിങ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വടക്കേ ഇന്ത്യയിലുള്‍പ്പെടെയുള്ള ഹിന്ദുസമൂഹം പിന്നോക്കവും മുന്നോക്കവുമായി ഭിന്നിച്ചിരിക്കുകയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വി.പി സിങ് സര്‍ക്കാരിന് പിന്നോക്കവിഭാഗങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന ആശങ്കകള്‍ ബിജെപിയെ പൊതിഞ്ഞിരുന്നു. മണ്ഡല്‍ അജണ്ട തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഇറപ്പായതോടെ ബിജെപി ആശങ്കയിലായി. ഇതിനെ മറികടക്കാനായാണ് രാമജന്മഭൂമി എന്ന രാഷ്ട്രീയ ആയുധം ബിജെപി പ്രയോഗിച്ചത്. അയോധ്യയെ മറയാക്കി ഹൈന്ദവ ഏകീകരണമായിരുന്നു ലക്ഷ്യം. മണ്ഡല്‍ വിഭജിച്ച ഇന്ത്യയെ രഥയാത്ര ഒന്നിപ്പിക്കുമെന്ന് സംഘപരിവാര്‍ വിശ്വസിച്ചു. ഇതിനായാണ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന രഥയാത്ര പ്രഖ്യാപിക്കപ്പെട്ടത്. സോമനാഥില്‍ നിന്നാരംഭിച്ച് യാത്ര പത്ത് സംസ്ഥാനങ്ങളിലൂടെ 10,000 കിലോമീറ്റര്‍ സഞ്ചരിച്ച് അയോധ്യയില്‍ അവസാനിപ്പിക്കുന്ന തരത്തിലായിരുന്നു രഥയാത്ര.

രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ യാത്രയായിരുന്നു രാമരഥയാത്ര. രഥയാത്ര ആരംഭിക്കാനായി ഗുജറാത്തിലെ സോമനാഥ് തിരഞ്ഞെടുത്തതിന് പിന്നിലും ബിജെപിക്ക് വിശദീകരണങ്ങളുണ്ടായിരുന്നു. 1026കളില്‍ മഹമൂദ് ഗസ്നവി ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നിലനിന്നിരുന്ന സ്ഥലമായിരുന്നു സോമനാഥ്. നിരവധി തവണ തകര്‍ക്കലുകള്‍ക്കും കൊള്ളയടിക്കലുകള്‍ക്കും വിധേയപ്പെട്ട ക്ഷേത്രനഗരം പില്‍ക്കാലത്ത്, 1950കളില്‍ സര്‍ദാര്‍ പട്ടേലിന്റെ മേല്‍നോട്ടത്തിലാണ് പുനഃസൃഷ്ടിക്കപ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുള്ള ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം ഐക്യവും സാമുദായിക സൗഹാര്‍ദ്ദവും സംരക്ഷിക്കുന്നതിന്റെ ആദ്യ അധ്യായമാണെന്നാണ് ബിജെപി കണക്കാക്കിയിരുന്നത്. അതിനാല്‍ സോമനാഥിനെ യാത്രയുടെ ആരംഭകേന്ദ്രമാക്കി കണക്കാക്കി. യാത്ര അവസാനിപ്പിക്കുന്ന അയോധ്യയിലെ രാമജന്മഭൂമിയുടെ വീണ്ടെടുപ്പായിരുന്നു ബിജെപി പറയുന്ന രണ്ടാമത്തെ അധ്യായം. 1990 സെപ്തംബര്‍ 25ന് സോമനാഥില്‍ ആരംഭിച്ച യാത്രയില്‍ കര്‍സേവകരും സംഘപരിവാര്‍ അനുകൂലികളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അണിചേര്‍ന്നത്. ഇന്ത്യ കണ്ട വമ്പന്‍ യാത്രകളിലൊന്നായി രഥയാത്ര മാറി. നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട് യാത്ര മുന്നോട്ടുപോയി. ദിവസം 300 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിട്ടിരുന്നത്. ഒരു ദിവസം തന്നെ ആറ് പൊതുജന റാലികളെ വരെ അദ്വാനി അഭിസംബോധന ചെയ്തു. പോകുന്നിടത്തെല്ലാം രാമജന്മഭൂമിയെ കുറിച്ചും രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചും ഹിന്ദു ഐക്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് ഹിന്ദുവിഭാഗങ്ങളില്‍ സാമുദായിക ചിന്തകള്‍ ഉണര്‍ത്തുന്നതിലേക്കും ചര്‍ച്ചകളിലേക്കും നയിച്ചു.
ബിഹാറില്‍ അറസ്റ്റ്, കലാപം
രഥയാത്ര രാജ്യത്ത് നിരവധി സാമുദായിക സംഘര്‍ഷങ്ങള്‍ക്കും വഴിതുറന്നിരുന്നു. വടക്കേ ഇന്ത്യയില്‍ കലാപസാഹചര്യം രൂക്ഷമായിരുന്നു നിലനിന്നിരുന്നത്. വിലക്കുകള്‍ ലംഘിച്ച് സംസ്ഥാനത്തേക്ക് കടന്ന അദ്വാനിയെ ഒക്ടോബര്‍ 22ന് ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശത്തില്‍ അറസ്റ്റ് ചെയ്തു. സോമനാഥില്‍ നിന്ന് പുറപ്പെട്ട യാത്ര ഉത്തര്‍പ്രദേശിലെ ദേവരയില്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബിഹാറിലെ സമസ്തപുരിയിലെത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അദ്വാനിയുടെ അറസ്റ്റ്. അദ്വാനിക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഉത്തര്‍ പ്രദേശ് പോലീസും അറസ്റ്റ് ചെയ്തു. ദേശീയ ഐക്യത്തിന് വെല്ലുവിളിയാകുന്ന രഥയാത്ര നിര്‍ത്തിയില്ലെങ്കില്‍ അദ്വാനിയെ അറസ്റ്റ് ചെയ്യുമെന്നും ഉത്തര്‍പ്രദേശില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവും മുന്നറിയിപ്പ് നല്‍കിയിരുന്നു. രഥയാത്രയുടെ പശ്ചാത്തലത്തില്‍ സമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് അദ്വാനിയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ വിശദീകരണം.
അദ്വാനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലും അയോധ്യയിലേക്ക് കര്‍സേവകരുടെ മാര്‍ച്ച് നീങ്ങുന്നുണ്ടായിരുന്നു. ഒക്ടോബര്‍ 30ന് ആയിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയിലെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബാബറി മസ്ജിദിന്റെ സംരക്ഷണത്തിനായി 25000 പോലീസുകാരെ മുലായം സിങ് സര്‍ക്കാര്‍ അയോധ്യയില്‍ വിന്യസിച്ചിരുന്നു. പള്ളി തകര്‍ക്കാന്‍ ശ്രമിച്ച കര്‍സേവകരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലും ബിഹാറിലും ഗുജറാത്തിലുമെല്ലാം കലാപസാഹചര്യം പൊട്ടിപ്പുറപ്പെട്ടു, നൂറുകണക്കിന് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അദ്വാനിയുടെ അറസ്റ്റിന് പിന്നാലെ അന്നത്തെ വിപി സിങ് സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചു. ശിവസേനയും ഹിന്ദുമഹാസഭയും ബിജെപിക്കൊപ്പം പിന്തുണ പിന്‍വലിച്ചു. വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് വിപി സിങ് നയിക്കുന്ന ദേശീയമുന്നണിക്ക് മുന്നില്‍ വന്നതെങ്കിലും ഭൂരിപക്ഷം തെളിയിക്കുമെന്നും പ്രധാനമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നുമായിരുന്നു വിപി സിങ്ങിന്റെ പ്രഖ്യാപനം. എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വി.പി സിങ് സര്‍ക്കാര്‍ താഴെവീണു. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്കെത്തി.
1991ലെ തിരഞ്ഞെടുപ്പും ബിജെപിയും
വി.പി സിങ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. ചന്ദ്രശേഖറായിരുന്നു. എന്നാല്‍ 223 ദിവസങ്ങള്‍ മാത്രമാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനാല്‍ ചന്ദ്രശേഖറിന് ആ സ്ഥാനത്ത് തുടരാന്‍ സാധിച്ചില്ല. അതോടെയാണ് 1991ലെ തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യയെത്തിയത്. മണ്ഡല്‍ കമ്മീഷന്‍, രാമജന്മഭൂമി, ബാബറി മസ്ജിദ്, എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട കാലത്തെ പ്രധാനവിഷയങ്ങള്‍. 1991 മേയ് 20, ജൂണ്‍ 12, ജൂണ്‍ 15 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. മേയ് 20-ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന് ഒരു ദിവസത്തിന് ശേഷം ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് പിന്നീട് ജൂണിലാണ് നടന്നത്. ശ്രീപെരുമ്പത്തൂരില്‍ എല്‍.ടി.ടി പുലികളുടെ ചാവേര്‍ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അതോടെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിമുടി മാറുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത്. അതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഏതാണ്ട് നിഷ്പ്രഭമായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ രണ്ടാം ഘട്ട വോട്ടിങ്ങില്‍ സഹതാപതരംഗം ആഞ്ഞുവീശി. ഇത് വോട്ടിലും പ്രതിഫലിച്ചു. അതേസമയം മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ച ജനതാദള്‍ 59 സീറ്റുകളിലൊതുങ്ങി. എന്നാല്‍ യഥാര്‍ഥത്തില്‍ നേട്ടമുണ്ടാക്കിയത് ബിജെപി ആയിരുന്നു. 89ലെ തിരഞ്ഞെടുപ്പില്‍ 85 സീറ്റ് ലഭിച്ചിടത്തുനിന്ന് 120 സീറ്റുകളിലേക്ക് ബിജെപി വളര്‍ന്നു. ഇതോടൊപ്പം യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തി. വെറും രണ്ട് വര്‍ഷം കൊണ്ടാണ് ബിജെപി അവരുടെ പിന്തുണ ഇത്രത്തോളം വര്‍ധിപ്പിച്ചത് എന്ന് ശ്രദ്ധേയം.
തിരഞ്ഞെടുപ്പുകളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ ബിജെപി രാമജന്മഭൂമിയെ മുഖ്യ പ്രചാരണ ആയുധമാക്കി. ഉള്‍ഗ്രാമങ്ങളിലേക്കടക്കം വിഷയം എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. പിന്നോക്ക ഹൈന്ദവ വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് നേടുന്നതിലേക്ക് അത് നയിച്ചു. അതിന് മുന്‍പ് നഗര-മധ്യവര്‍ഗത്തിന്റെ പിന്തുണ മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. അയോധ്യവിഷയത്തിന് പ്രചാരം വര്‍ധിപ്പിച്ചത് 91ലെ തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചിരുന്നു. ദേശവ്യാപകമായി ബിജെപിയുടെ വോട്ട് ശതമാനം ഇരട്ടിച്ചു. തെക്കേ ഇന്ത്യയില്‍ കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വടക്ക് കിഴക്ക് അസ്സമിലും ബിജെപിക്ക് വലിയ രീതിയില്‍ നേട്ടമുണ്ടാക്കാനായി. ഉത്തര്‍ പ്രദേശില്‍ ഭൂരിപക്ഷം നേടി. നിയമസഭാ തിരഞ്ഞെടുപ്പിലും കരുത്ത് തെളിയിച്ച് അധികാരത്തിലെത്തി. ജനതാദളിനും കോണ്‍ഗ്രസിനുമായി മുസ്ലീം വോട്ടുകള്‍ വിഭജിക്കപ്പെട്ടതും ബിജെപിക്ക് ഗുണം ചെയ്തു. ലോക്‌സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ബിജെപി മാറി. രാജസ്ഥാനും മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാനായി.
അവകാശവാദങ്ങളും തര്‍ക്കങ്ങളും തുടരുന്നതിനിടെ 1980ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പ്രചാരണം ആരംഭിച്ചു. ബിജെപി ഇത് രാഷ്ട്രീയപരമായി ഏറ്റെടുത്തു. രഥയാത്രയോടനുബന്ധിച്ച് അയോധ്യയിലേക്ക് നടന്ന മാര്‍ച്ചില്‍ കര്‍സേവകരും പൊലീസും ഏറ്റുമുട്ടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബാബറി പള്ളിക്കെതിരേ ആക്രമണം നടന്നെങ്കിലും പള്ളി തകര്‍ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1992 ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യയില്‍ സംഘടിച്ചു. സമാധാനപരമായി നീങ്ങിയ സമ്മേളനത്തിനിടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബാബറി പള്ളിയിലേക്ക് ഇരച്ചുകയറി പള്ളി തകര്‍ക്കുകയായിരുന്നു. പള്ളി തകര്‍ക്കപ്പെട്ടത് രാജ്യത്തുടനീളം സാമുദായിക സംഘര്‍ഷങ്ങളിലേക്ക് നയിച്ചു. വര്‍ഗീയ കലാപങ്ങളാല്‍ രാജ്യം ആളിക്കത്തി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ബിജെപിക്ക് അല്‍പം തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. വടക്കേ ഇന്ത്യയില്‍ കൈപ്പിടിയിലുണ്ടായിരുന്ന നാല് സംസ്ഥാനങ്ങളും ബിജെപിയെ കൈവിട്ടു. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയായി, പക്ഷേ ഗവര്‍മെന്റ് അസ്ഥിരമായിരുന്നു. 1998ലും 1999ലും ബിജെപി തന്നെയായിരുന്നു വലിയകക്ഷി. രണ്ട് തവണയും കൂട്ടുകക്ഷിമന്ത്രിസഭയുണ്ടാക്കി. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വന്തം ഭൂരിപക്ഷം ഉണ്ടാക്കി.
ബിജെപിയുടെ തളര്‍ച്ചയും വളര്‍ച്ചയും
1952ല്‍ സ്ഥാപിതമായ ജനസംഘത്തില്‍ നിന്നാണ് 1980-ല്‍ ബിജെപി എന്ന പാര്‍ട്ടിയുടെ ജനനം. പിന്നാലെ വന്ന 1982 തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. എന്നാല്‍ തോല്‍വിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് ബിജെപി അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനിടെ അയോധ്യ വിഷയത്തില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതും ബിജെപിക്ക് ഗുണം ചെയ്തു. 1990-ല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ എല്‍കെ അദ്വാനി രഥയാത്ര കൂടി സംഘടിപ്പിച്ചതോടെ ബിജെപിയുടെ വളര്‍ച്ചയും ആരംഭിച്ചു. 1984-ല്‍ നിന്ന് 89ലേക്ക് എത്തുമ്പോഴേക്കും ബിജെപിയുടെ സീറ്റ് 86 ആയും 1991-ലേക്ക് എത്തുമ്പോള്‍ 120 ആയി വര്‍ധിച്ചിരുന്നു. 1967 മുതല്‍ക്ക് ചില സംസ്ഥാനങ്ങളില്‍ സഖ്യകക്ഷി സര്‍ക്കാരുകളില്‍ പങ്കാളിയായിരുന്നെങ്കിലും ഒരിടത്തും ഒറ്റയ്ക്ക് ഭരണത്തിലെത്തിയിരുന്നില്ല. പാര്‍ട്ടി രൂപീകരിച്ചതിന്റെ പത്താംവര്‍ഷം, 1990ല്‍ രാജസ്ഥാനത്തില്‍ അധികാരത്തിലെത്തിയതോടെയാണ് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിന് തുടക്കമായത്. 200ല്‍ 85 സീറ്റിന്റെ ഭൂരിപക്ഷം നേടിക്കൊണ്ടാണ് ബിജെപി രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഭൈരോണ്‍ സിങ് ശെഖാവത് ആയിരുന്നു ആദ്യ ബിജെപി മുഖ്യമന്ത്രി. 1996ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ബിജെപിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായത്.
ബിജെപിയെ ഇന്ത്യയിലെ ചലനാത്മക ശക്തിയാക്കി മാറ്റിയതിന് പിന്നില്‍ അദ്വാനിയുടെ ശ്രമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നത് പറയാതെ വയ്യ. രാജ്യത്ത് ബിജെപി അവരുടെ അടിത്തറ വികസിപ്പിക്കുന്നതിന് നാന്ദി കുറിച്ചത് രഥയാത്ര ആണെന്നതിലും തര്‍ക്കമില്ല. രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍ രഥയാത്ര സംഘപരിവാറിന്റെ ഏറ്റവും മികച്ച തന്ത്രങ്ങളിലൊന്നായിരുന്നു. ഒരുപക്ഷെ ഏറ്റവും മോശവും...
Content Highlights: BJP's journey from just two seats in Lok Sabha in 1984 to winning two back-to-back majority
Published: 31 Jan 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented