കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതി ഇടപെടുമെന്നും മറ്റ് നടപടികളെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
24 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സാങ്കേതികാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികകാരണങ്ങളാല്‍ വോട്ടവകാശം മാത്രമല്ല, മത്സരിക്കാനുള്ള അവകാശവും നഷ്ടമാകുന്ന സാഹചര്യമാണ്. ഇത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നത്. ഇത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലാണ് വൈഷ്ണ സുരേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കഴിഞ്ഞദിവസം കമ്മിഷനു പരാതി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട രേഖകള്‍ വൈഷ്ണ കമ്മിഷനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ അച്ചടിച്ചുവന്ന മേല്‍വിലാസത്തിലെ വീട്ടുനമ്പര്‍ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പേര് നീക്കിയത്.
അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, വൈഷ്ണക്കെതിരേ പരാതി നല്‍കിയ ധനേഷ് കുമാറിന്റെ മേല്‍വിലാസത്തിലും ക്രമക്കേടുണ്ടെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖയില്‍ സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷ് കുമാറിന്റെ വീട്ടുനമ്പരില്‍ താമസിക്കുന്നത് 22 പേരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, താന്‍ അനധികൃതമായി വോട്ടൊന്നും ചേര്‍ത്തിട്ടില്ലെന്നും ഒരു നമ്പരില്‍ 22 പേരുകളില്‍ വീടുകളുണ്ടായത് സാങ്കേതികത്തകരാര്‍ മാത്രമാണെന്നും ധനേഷ് കുമാര്‍ പ്രതികരിച്ചു.
Content Highlights: Kerala High Court orders a decision on Congress candidate Vyshna Suresh`s voter list removal by the 19th. HC intervention if no decision made within two days. Read more for details.
Published: 17 Nov 2025, 02:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented