
അഗളി(പാലക്കാട്): കോൺഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും രാജിയും വിവാദങ്ങളുയർത്തിയ അഗളി ഗ്രാമപ്പഞ്ചായത്തിൽ ഒടുവിൽ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ച് യുഡിഎഫ്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഷിബു സിറിയക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷിബുവിന് 10 വോട്ടും എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കനകരാജിന് ഒൻപത് വോട്ടും കിട്ടി. രണ്ട് ബിജെപി അംഗങ്ങളുടെ വോട്ട് അസാധുവായി.
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷംനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം എൻ.കെ. മഞ്ജു എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്ന് ഷിബു സിറിയക് തന്നെയായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. തുടർന്ന്, നടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മഞ്ജുവിന്റെ വോട്ടിന്റെ ബലത്തിൽ എൽഡിഎഫ് വിജയം നേടി.
സംഭവം വൻവിവാദമായതോടെ എൻ.കെ. മഞ്ജു സ്ഥാനം രാജിവെച്ച് കോൺഗ്രസിലേക്ക് മടങ്ങി. തുടർന്നാണ് വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ്-10, എൽഡിഎഫ്-ഒൻപത്, ബിജെപി-രണ്ട് എന്നതാണ് കക്ഷിനില.
വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പിന് മുൻപും എൽഡിഎഫ് നേതാക്കൾ യുഡിഎഫ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് നേതൃത്വം അഗളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലിസ് സംരക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മഞ്ജുവിന്റെകൂടി വോട്ടിൽ ജയിച്ച എൽഡിഎഫിന്റെ ഗീത വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ട്. യുഡിഎഫിൽ വൈസ്പ്രസിഡന്റ് സ്ഥാനം മുസ്ലിംലീഗിനാണ് നൽകാമെന്ന് പറഞ്ഞിരുന്നത്. ആറുമാസം കഴിഞ്ഞുമാത്രമേ വൈസ്പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കഴിയുകയുള്ളൂ.
21 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് അവിശ്വാസപ്രമേയം പാസാകണമെങ്കിൽ ബിജെപിയുടെ പിന്തുണകൂടി വേണ്ടിവരും. ധനകാര്യ, വികസന സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾ എൽഡിഎഫിനാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ അധ്യക്ഷസ്ഥാനം യുഡിഎഫിനും.
Content Highlights: UDF regains Agali Panchayat president post after a Congress member`s defection and resignation. Shibu Cyriac elected president with 10 votes. Read more on the political developments in Palakkad.
Published: 17 Jan 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented