ന്യൂഡൽഹി: വ്യാജ ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് 129 വാതുവെപ്പ് വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര ടെലികോം വകുപ്പ്. രാജസ്ഥാൻ, അലഹബാദ് ഹൈക്കോടതികളുടെ പേരിലുള്ള വ്യാജ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയത്. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവ് വ്യാജമാണെന്ന് രാജസ്ഥാൻ ഹൈക്കോടതിയും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

To advertise here,

ജൂലൈ 21, സെപ്റ്റംബർ 2 തീയതികളിലാണ് വെബ്സൈറ്റുകൾ തടയാനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജസ്ഥാൻ ഹൈക്കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും പേരിലുള്ള ഉത്തരവുകളുടെ പകർപ്പുകളും ഇതിനൊപ്പം ചേർത്തിരുന്നു. എന്നാൽ, കോടതികളുടെ ഓൺലൈൻ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചപ്പോൾ ഈ ഉത്തരവുകളൊന്നും കണ്ടെത്താനായില്ല. രാജസ്ഥാൻ ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവ് വ്യാജമാണെന്ന് സംശയിക്കുന്നതായും കോടതിയുടെ സെർവറിൽ ഇതുമായി ബന്ധപ്പെട്ട രേഖകളില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതിയുടെ പേരിൽ ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ചതായി കാണിച്ച ഉത്തരവും വ്യാജമാണെന്ന് കോടതി കണ്ടെത്തി. ഇതേത്തുടർന്ന് നവംബർ ആറിന് പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി, തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.

ഉത്തരവ് വ്യാജമാണെന്ന് ഉത്തർപ്രദേശിലെ മുതിർന്ന സൈബർ ക്രൈം ഉദ്യോഗസ്ഥൻ ഘനശ്യാം യാദവും സ്ഥിരീകരിച്ചു. അലഹബാദ് ഹൈക്കോടതിയുടെ യഥാർഥ ഉത്തരവല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കോടതിയുടെ ലോഗോയും മുദ്രയും ക്യുആർ കോഡും ഉൾപ്പെടുത്തിയാണ് വ്യാജ ഉത്തരവ് തയ്യാറാക്കിയിരുന്നത്. ജസ്റ്റിസ് ഗരിമ പ്രസാദിന്റെ പേരിലായിരുന്നു ഉത്തരവ്. എന്നാൽ, ഇത്തരമൊരു ഉത്തരവ് ജഡ്ജി പുറപ്പെടുവിച്ചിട്ടില്ലെന്ന് അവരുടെ ഓഫീസ് സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

വ്യാജരേഖകൾ എങ്ങനെയാണ് തയ്യാറാക്കിയതെന്നോ അതിനായി നിർമിതബുദ്ധി ഉപയോഗിച്ചിട്ടുണ്ടോയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.