ചപ്പാരപ്പടവ്(കണ്ണൂർ): വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യുഡിഎഫിന് ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പറ്റിയ വീഴ്ച എൽഡിഎഫിന് നേട്ടമായി. ഇന്നലെ നടന്ന മൂന്ന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടെണ്ണം എൽഡിഎഫിനും ഒന്ന് യുഡിഎഫ് വിമതനും ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനായി പെരുമ്പടവ് വാർഡിലെ എം.പി. ഗോപിയും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആയി കൂവേരി വാർഡിലെ ടി.വി. സുനിതയും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടുപേരും സിപിഎം പ്രതിനിധികളാണ്.

To advertise here,

ചപ്പാരപ്പടവ് വാർഡിൽനിന്ന് മുസ്ലിം ലീഗ് വിമതനായി മത്സരിച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ പെരുവണയാണ് എൽഡിഎഫ് പിന്തുണയോടെ വികസനകാര്യ സ്ഥിരംസമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമയപരിധിക്കുള്ളിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിലുണ്ടായ വീഴ്ചയാണ് മൂന്ന് സ്ഥിരസമിതികളുടെ ചെയർമാൻ സ്ഥാനമുൾപ്പെടെ ഭൂരിപക്ഷം എൽഡിഎഫിന് കിട്ടുന്ന അവസ്ഥയുണ്ടാക്കിത്.

നേരത്തേ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സജി ഓതറ പ്രസിഡന്റായും ലീഗിലെ പി. നസീറയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തിരുന്നു. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പു നടന്നാൽ ഒരു സ്ഥിരംസമിതി അധ്യക്ഷസ്ഥാനം മാത്രമേ എൽഡിഎഫിനു കിട്ടുമായിരുന്നുള്ളൂ. സ്ഥിരംസമിതിയിലെ പരാജയം ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഗ്രാമപ്പഞ്ചായത്ത് ഭരണത്തിൽ ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ സ്ഥിരംസമിതികൾക്ക് ഉള്ളതെങ്കിലും ഭൂരിപക്ഷമുള്ള ഭരണസമിതിക്ക് ശുപാർശകൾ സ്വീകരിച്ച് തീരുമാനം എടുക്കുന്നത് നയപരമായ തടസ്സങ്ങൾ സൃഷ്ടിക്കും. പദ്ധതി രൂപവത്കരണം, ഫണ്ട് അനുവദിക്കൽ, ക്ഷേമ പെൻഷൻ അനുവദിക്കൽ എന്നിവയിലൊക്കെ പ്രതിസന്ധി സൃഷ്ടിക്കും.

പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിലേക്ക് ഇന്നലെ 10.30-നായിരുന്നു പത്രിക നൽകേണ്ടിയിരുന്നത്. എന്നാൽ, റിട്ടേണിങ് ഓഫീസറായിരുന്ന തളിപ്പറമ്പ് എആർ ഓഫീസിലെ ഓഡിറ്റർ ദീപ 10.35-നാണ് പത്രിക സ്വീകരിച്ചത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ പ്രതികരിക്കുകയും പത്രികകൾ ചുരുട്ടിക്കൂട്ടുകയും ചെയ്തു എന്നാൽ, സമയം വൈകിയെങ്കിലും പത്രിക സ്വീകരിക്കുകയാണ് ഉണ്ടായത്. റിട്ടേണിങ് ഓഫീസർ വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

എന്നാൽ, ലീഗ് വിമതൻ അബ്ദുറഹ്‌മാന്റെ പത്രിക ഉൾപ്പെടെ പ്രസിഡന്റ് സജി ഓതറ ചുരുട്ടിക്കൂട്ടിയതിനെതിരെ അബ്ദുറഹ്‌മാനെ പിന്തുണയ്ക്കുന്ന ചപ്പാരപ്പടവിലെ യൂത്ത് ലീഗിലെ വിമത വിഭാഗം സജി ഓതറയെ പഞ്ചായത്ത് ഓഫീസിന് പുറത്ത് തടഞ്ഞത് ഏറെനേരം സംഘർഷത്തിന് കാരണമാവുകയും ചെയ്തു. പോലീസ് ഉൾപ്പെടെ ഇടപെട്ടാണ് വലിയ സംഘർഷം ഒഴിവാക്കിയത്.