തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ വീടുകളിൽനിന്നു ശേഖരിക്കുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ആവിഷ്‌കരിച്ച സ്മാർട്സിറ്റി 2.0 പദ്ധതിയുടെ ഫണ്ട് വെട്ടിച്ചുരുക്കി കേന്ദ്ര സർക്കാർ. സ്മാർട്സിറ്റി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിച്ച പദ്ധതി നിർദേശത്തിലാണ് മാറ്റംവരുത്തിയത്. ഇതുപ്രകാരം പദ്ധതിയുടെ ഫണ്ട് 129 കോടി രൂപയിൽനിന്ന്‌ 74 കോടിയായി ചുരുക്കി. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയോളം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്‌കരണത്തിന് ഉപകരണങ്ങളും മറ്റു യന്ത്രങ്ങളും വാങ്ങുന്നതിനും അടിസ്ഥാനസൗകര്യങ്ങൾക്കുമാണ് അനുമതി.

To advertise here,

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ അപ്പക്‌സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ലോക ബാങ്ക് ഫണ്ടിൽ കേരള സ്റ്റേറ്റ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടും(കെ.എസ്.ഡബ്ല്യു.എം.പി.) സ്വച്ഛ് ഭാരത് മിഷനും നഗരത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ആവർത്തനം സ്മാർട്സിറ്റി രണ്ടാംഘട്ടത്തിൽ പാടില്ലെന്ന് കമ്മിറ്റി വിലയിരുത്തി. ഇതാണ് ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.

കേന്ദ്രത്തിന്റെ നിർദേശം ഉൾക്കൊള്ളിച്ച് പദ്ധതി നിർദേശം വീണ്ടും സമർപ്പിക്കാനാണ് സ്മാർട്സിറ്റി ആലോചിക്കുന്നത്. ഇതിന് അംഗീകാരം കിട്ടുന്നതോടെ പദ്ധതിയുടെ വിശദ രൂപരേഖ(ഡി.പി.ആർ.) ഉടൻ തയ്യാറാക്കുമെന്ന് സ്മാർട്സിറ്റി അധികൃതർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ സമർപ്പിച്ച സ്മാർട്സിറ്റി പദ്ധതികളുടെ തുകയും കേന്ദ്രം പരിഷ്‌കരിച്ചിട്ടുണ്ട്.

ഖരമാലിന്യസംസ്‌കരണത്തിന് മംഗളൂരു മാതൃക, മാലിന്യങ്ങൾ സംസ്‌കരിക്കുമ്പോൾ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗം, മാലിന്യം പുനരുപയോഗിച്ച്

വരുമാനം ഉണ്ടാക്കുന്നതിലെ കാര്യക്ഷമത എന്നിവയടക്കം പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദേശിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് പദ്ധതി നിർദേശം സ്മാർട് സിറ്റി സമർപ്പിക്കുന്നത്. 2024-ലാണ് സ്മാർട്സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്. പദ്ധതിപ്രകാരം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീസ്(എം.സി.എഫ്.), മെറ്റീരിയൽ റിക്കവറി ഫെസിലിറ്റീസ്(എം.ആർ.എഫ്.), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റീസ്(ആർ.ആർ.എഫ്.) എന്നിവ സജ്ജമാക്കും. 142 ഇ-ബിന്നുകളും 10 ഷ്രെഡേഷ്‌സ്, ഒൻപത് ബൈലിങ് മെഷീൻ എന്നിവയും വാങ്ങും. ഫ്രഞ്ച് ഡിവലപ്‌മെന്റ് ഏജൻസി, യൂറോപ്യൻ യൂണിയൻ, ജർമൻ ഡിവലപ്‌മെന്റ് ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൺ അഫയേഴ്‌സ്(എൻ.ഐ.യു.എ.) എന്നിവയുടെ സഹായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഫൊറൻസിക് ഓഡിറ്റ് വേണമെന്ന് കോർപ്പറേഷൻ

നഗരവികസനത്തിന്റെ ഭാഗമായി സ്മാർട്സിറ്റി നടത്തിയ നിർമാണങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോർപ്പറേഷൻ െഫാറൻസിക് ഓഡിറ്റ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്ത് നൽകും. വിവിധ പദ്ധതികൾക്കായി സ്മാർട്സിറ്റി ഫണ്ട് വിനിയോഗിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് െഫാറൻസിക് ഓഡിറ്റ് ആവശ്യപ്പെടുന്നത്.

വ്യാപാരികളെ പുനരധിവസിപ്പിക്കാൻ പാളയം കണ്ണിമാറ മാർക്കറ്റിലും തെരുവുകച്ചവടക്കാരെ മാറ്റിപ്പാർപ്പിക്കാനായി മ്യൂസിയത്ത് നിർമിച്ച കെട്ടിടത്തിലും മറ്റു നിർമാണങ്ങളിലും ക്രമക്കേടുണ്ടെന്നാണ് പരാതി. കണ്ണിമാറ മാർക്കറ്റിൽ താത്കാലികമായി നിർമിച്ച കെട്ടിടത്തിൽ സ്ഥലപരിമിതിയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ മേയർ വി.വി.രാജേഷ് പരിശോധിച്ചതിലാണ് അപാകം കണ്ടെത്തിയത്. ഗുണനിലവാരം പാലിക്കാതെയാണ് കെട്ടിടത്തിന്റെ നിർമാണമെന്ന് മേയർ പറഞ്ഞു. ഇതും നഗരത്തിൽ സ്മാർട്സിറ്റി നേതൃത്വം നൽകിയ മറ്റു നിർമാണങ്ങളടക്കം പരിശോധിക്കാനാണ് നീക്കം.

സ്ഥാപനങ്ങൾ നടത്തുന്ന ഒാഡിറ്റിനു പുറമേ മറ്റ് ഏജൻസി വഴി നടത്തുന്നതാണ് െഫാറൻസിക് ഒാഡിറ്റിങ്. കമ്പനിയുടെ ഇടപാടുകൾ കൃത്യമാക്കാനും സുതാര്യമാക്കാനുമാണിത്. അഴിമതി, ഫണ്ട് തട്ടിപ്പ്, അനധികൃത ഇടപാടുകൾ, പേ റോൾ തട്ടിപ്പ് എന്നിവ ഇതുവഴി ഒഴിവാക്കാൻ സാധിക്കും.