പാണത്തൂർ(കാസർകോട്): ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണം കിട്ടി. എന്നാൽ കേവല ഭൂരിപക്ഷമില്ലാത്തിനാൽ ഭരണം നഷ്ടമാകാതിരിക്കാൻ യുഡിഎഫ് അംഗങ്ങളുടെ സഹായമുറപ്പാക്കൽ തന്ത്രവുമായി എൽഡിഎഫ്. അതോടെ സ്ഥിരംസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പിൽ രണ്ടുപേരെ വിജയിപ്പിച്ച് കോൺഗ്രസ്. സ്ഥിരം സമിതികളിലേക്ക് തിരഞ്ഞടുക്കപ്പെട്ട എൽഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ ലഭിച്ചതോടെയാണ് വികസന, ക്ഷേമകാര്യ സ്ഥിരം സമിതികളുടെ അധ്യക്ഷസ്ഥാനങ്ങൾ കോൺഗ്രസിന് ലഭിച്ചത്. പരസ്പരം സഹായിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സിപിഎമ്മിനും ലഭിച്ചു.

To advertise here,

സ്ഥാനമാനങ്ങൾക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ ബിജെപിയിലെ മൂന്ന് അംഗങ്ങൾക്കും സ്ഥിരംസമിതികളിലെ അംഗത്വം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കെ.ജെ.ജയിംസും റിനാ തോമസുമാണ് എൽഡിഎഫിന്റെ സഹായത്തോടെ അധ്യക്ഷരായ യുഡിഎഫ് അംഗങ്ങൾ. എൽഡിഎഫിലെ കെ.ബി.രതീഷാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ.

ധനകാര്യ അധ്യക്ഷസ്ഥാനം പഞ്ചായത്ത് വൈസ് പ്രസിഡന്റിനായതിനാൽ എൽഡിഎഫിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷരാണുള്ളത്. സിപിഎമ്മിലെ പി.രഘുനാഥാണ് പ്രസിഡന്റ്. 10 വർഷമായി പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല. ആകെയുള്ള 17 വാർഡുകളിൽ എട്ടിടത്ത് എൽഡിഎഫും ആറിടത്ത് യുഡിഎഫും മൂന്നിടത്ത് ബിജെപിയുമാണ് ജയിച്ചത്. അതോടെ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

പഞ്ചായത്ത് ഭരണനിർവഹണം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ബിജെപിയെ അകറ്റിനിർത്താനുമുള്ള നീക്കുപോക്കിന്റെ ഭാഗമായാണ് എൽഡിഎഫും യുഡിഎഫും പരസ്പരം കൈകോർത്തതെന്നാണ് പറയപ്പെടുന്നത്. എന്നാൽ പനത്തടിയിലെ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിതെന്നും അക്കാര്യങ്ങൾ സമൂഹത്തിന് ബോധ്യപ്പെട്ടതായും ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് പലയിടത്തും ജില്ലയിലെ പുല്ലൂർ പെരിയയിലുമടക്കം കോൺഗ്രസും ബിജെപിയും എൽഡിഎഫിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയെന്ന് സിപിഎം ആരോപിക്കുമ്പോഴാണ് അതേ രീതിയിൽ പനത്തടി പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങൾ കോൺഗ്രസും സിപിഎമ്മും പങ്കിട്ടെടുത്തത്.