കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കുട്ടികളെ സസ്‌പെൻഡ് ചെയ്തിട്ടും മാപ്പപേക്ഷ എന്തിനാണെന്ന് കോടതി ആരാഞ്ഞു. 60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. കുഞ്ചൻ നമ്പ്യാരുടെ വരികളും ഹൈക്കോടതി ഉദ്ധരിച്ചു.

To advertise here,

വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാനുണ്ടായ കാരണം എന്താണെന്ന് ഉൾപ്പെടെ ചില ചോദ്യങ്ങളും ഹൈക്കോടതി സർവകലാശാലയോട് ആരാഞ്ഞു. കേസിൽ ഇന്ന് വാദം കേൾക്കുന്നില്ല. എന്നാൽ, കേസ് എന്താണെന്ന് മനസ്സിലാക്കണം. ഹർജിയിൽ പതിമൂന്നാംതീയതി വിശദമായി വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.

രണ്ട് എഫ്‌ഐആറുകളാണ് സർവകലാശാല, കോടതിക്ക് മുൻപാകെ ഹാജരാക്കിയത്. ഇത് പരിഗണിച്ച കോടതി, ഒരു കേസിൽ രണ്ട് എഫ്‌ഐആർ നിലനിൽക്കുമോയെന്നും മൂന്നുമാസം കുട്ടികളെ സസ്‌പെൻഡ് ചെയ്തിട്ടും ഇനിയെന്തിനാണ് മാപ്പ് അപേക്ഷയെന്നും ആരാഞ്ഞു. സസ്പെൻഷൻ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിലും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും കോടതി അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

എന്നാൽ, വിദ്യാർഥികളുടെ പ്രതിഷേധ രീതിയോട് യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങളെ പൂർണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചു.