
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ സാംസ്‌കാരിക സ്പന്ദനമായി മാറിയ മാനവീയം വീഥി ഇന്ന് വിവാദങ്ങളുടെ ഇടംകൂടിയായി മാറുകയാണ്. കലയും സംഗീതവും നാടകവും കൂട്ടായ്മകളും നിറഞ്ഞുനിന്നിരുന്ന മാനവീയം വീഥിയിൽ പരിപാടികൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണ് കോർപ്പറേഷൻ നടത്തന്നതെന്ന ആരോപണവുമായി ഒരുകൂട്ടം സാംസ്‌കാരിക പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഗായിക പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ചതും വിവാദങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്. മാനവീയം വീഥിയിലെ പരിപാടികളുടെ സ്വഭാവം പരിശോധിച്ച ശേഷമേ അനുമതി നൽകാനാകൂ എന്ന കോർപറേഷൻ നിലപാട് സാംസ്‌കാരിക കൂട്ടായ്മകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നാണ് വിമർശനം. പുഷ്പവതിയെ പാടാൻ അനുവദിക്കണമെന്നും മാനവീയം വീഥിയിൽ പാടാനുള്ള അവസരം നിഷേധിച്ച കോർപറേഷൻ നടപടി പുനഃപരിശോധിക്കണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, മാനവീയം വീഥിയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കോർപറേഷന്റെ പങ്കാളിത്തമില്ലാത്ത ഒരു സമിതിയുടെ പരിപാടിക്കാണ് അനുമതി നിഷേധിച്ചതെന്നുമാണ് മേയർ വി.വി. രാജേഷിന്റെ വിശദീകരണം.
മാനവീയം വീഥിയിലെ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പിന്നിൽ ക്രമസമാധാനവും പൊതുവിടത്തിന്റെ നടത്തിപ്പും സംബന്ധിച്ച കാരണങ്ങളുണ്ടെന്നാണ് കോർപറേഷൻ വിശദീകരിക്കുന്നത്. പരിപാടികളുടെ സ്വഭാവം, പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, നടത്തിപ്പുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ചാണ് തീരുമാനങ്ങളെന്നാണ് ഭരണസമിതിയുടെ നിലപാട്.
'സംഘർഷങ്ങൾ തുടങ്ങിയപ്പോഴാണ് മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ ആരംഭിച്ചത്'
മാനവീയം വീഥിയിൽ നിലവിലുണ്ടായിരുന്ന സംവിധാനമനുസരിച്ചാണ് പരിപാടികൾ നടന്നിരുന്നതെന്നും സംഘർഷങ്ങൾ ആരംഭിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും മേയർ വി.വി. രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
'മാനവീയം വീഥിയിൽ ഒരു പ്രശ്‌നവുമില്ല. അവിടെ നിലവിലുണ്ടായിരുന്ന ഒരു സിസ്റ്റം അനുസരിച്ചാണ് കാര്യങ്ങൾ നടന്നുകൊണ്ടിരുന്നത്. അനുമതി ഇല്ലാതെ പലരും പരിപാടികൾ നടത്തിയിരുന്നു. സംഘർഷങ്ങൾ തുടങ്ങിയപ്പോഴാണ് കോർപറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്’, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം വന്ന അപേക്ഷ 'മാനവീയം രജതജൂബിലി സാംസ്‌കാരിക സമിതി' എന്ന പേരിലാണ്. അങ്ങനെയൊരു സമിതി ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. അതുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉത്തരവോ കോർപറേഷൻ തീരുമാനമോ ഇല്ല. അപേക്ഷയിലുള്ള സംഘടനയെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ മേയറായിട്ട് ഇന്നുവരെ അതുമായി ബന്ധപ്പെട്ട് ആരും വന്നിട്ടില്ല. അതിന്റെ രേഖകളും കണ്ടിട്ടില്ല. മാനവീയം കോർപറേഷന്റെ ചുമതലയിലുള്ള സ്ഥലമാണ്. കോർപറേഷൻ സെക്രട്ടറിയോ മേയറോ ഡെപ്യൂട്ടി മേയറോ ആരെങ്കിലും ആ സമിതിയിൽ ഉണ്ടാവേണ്ടതല്ലേ? നാളെ വേറെ പത്തുപേർ വന്ന് ഞങ്ങളാണ് മാനവീയം സാംസ്‌കാരിക സമിതി എന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും?
ആർക്കും അനുമതി എടുത്ത് മാനവീയം വീഥിയിൽ പരിപാടി നടത്താം. അതിനൊരു പ്രശ്‌നവുമില്ല. ഉറപ്പായും നടത്താം. ഞാൻ അനുമതി നിഷേധിച്ച സമയത്ത്, മാനവീയം സാംസ്‌കാരിക സമിതിയുടെ ചുമതല പിണറായി വിജയൻ സർക്കാർ ഇന്നയാളുകളെ ഏൽപ്പിച്ചിരുന്നു എന്നൊരു ഉത്തരവ് കൊണ്ടുവരാത്തതെന്തേ. ആരും വന്നില്ലല്ലോ, രാജേഷ് ആരാഞ്ഞു. താൻ കോർപറേഷനിൽ പരിശോധിച്ച രേഖകളിൽ കോർപറേഷൻ കൗൺസിലിന്റെ ഒരു തീരുമാനവും ഇല്ല. മേയർ എന്ന നിലയ്ക്ക് ഒരു പേപ്പറിൽ ഒപ്പിടുമ്പോൾ പ്രാഥമിക പരിശോധന നടത്തേണ്ടേ? അത്രയേ താൻ ചെയ്തിട്ടുള്ളൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
പുഷ്പവതി പാടുന്നതിൽ എന്താണ് തർക്കം? തിരുവനന്തപുരത്ത് എവിടെയെല്ലാം സ്ഥലമുണ്ട്. കോർപറേഷന്റെ കീഴിലുള്ള എവിടെ വേണമെങ്കിലും അവർക്ക് പാടാം. ഗാന്ധി പാർക്കിൽ പാടാമല്ലോ. പുത്തരിക്കണ്ടത്ത് പാടാം, പൂജപ്പുരയിൽ പാടാം. ഞങ്ങളുടെ അധീനതയിലുള്ള ഏത് മൈതാനം വേണമെങ്കിലും അനുവദിക്കാം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം എന്നുമാത്രം, രാജേഷ് പറഞ്ഞു.
അനുമതി ഇല്ലാത്ത പരിപാടികൾ മാനവീയം വീഥിയിൽ നടക്കുകയാണെങ്കിൽ നടപടി എടുക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. ഞങ്ങൾക്ക് നേരിട്ട് പോയി നടപടി സ്വീകരിക്കാനുള്ള സംവിധാനമോ അധികാരമോ ഇല്ല. അതിന് സമയവുമില്ല. ഞങ്ങൾ ഭരണപരമായും നിയമപരമായും ഉള്ള കാര്യങ്ങളിൽ മാത്രമേ ഇടപെടുകയുള്ളൂ', മേയർ വി.വി. രാജേഷ് പറഞ്ഞു. മാനവീയം വീഥിയെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന പരാമർശങ്ങളിൽ പ്രതികരിക്കാനില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
'മാനവീയം വീഥി കേവലം ഒരു തെരുവല്ല'
മാനവീയം വീഥി കേവലം ഒരു തെരുവല്ലെന്നും വിവിധ കലാരൂപങ്ങൾക്കും സ്വതന്ത്രമായ സാംസ്‌കാരിക ആവിഷ്‌കാരങ്ങൾക്കും പൊതുജന കൂട്ടായ്മകൾക്കും ഇടംനൽകുന്ന വേദിയാണെന്നും സാംസ്‌കാരിക പ്രവർത്തകർ വാദിക്കുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും ഈ ഇടം ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ പരിമിതപ്പെടുത്തലാണെന്നാണ് ഉയരുന്ന വിമർശനം.
കലയും സംഗീതവും പൊതുജനങ്ങളുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനവും ഒരുമിച്ച് നിലനിൽക്കുന്ന മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ യഥാർഥ ലക്ഷ്യം എന്താണെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്. പൊതുഇടങ്ങളുടെ നടത്തിപ്പിനുള്ള നടപടികളാണോ അതോ സാംസ്‌കാരിക ഇടത്തിന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള രാഷ്ട്രീയ ഇടപെടലാണോ മാനവീയം വീഥിയിലെ വിവാദത്തിന് പിന്നിലെന്ന ചർച്ചയും ശക്തമാകുകയാണ്.
‘സമിതിയിൽ കോർപറേഷൻ പ്രതിനിധികൾ ഉണ്ടാകണമെന്ന മേയറുടെ വാദത്തിന് എന്താണ് അടിസ്ഥാനം?’
മാനവീയം വീഥിയിൽ ബിജെപിക്ക് രാഷ്ട്രീയ പരിപാടികൾ നടത്താമെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് മാനവീയം രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർപേഴ്സണും അഭിനയ നാടകസംഘം പ്രസിഡന്റുമായ ഡി. രഘൂത്തമൻ പറയുന്നു.
'മാനവീയം രജതജൂബിലി ആഘോഷ കമ്മിറ്റിയുടെ പേരിൽ നവംബർ മൂന്നിനാണ് കോർപറേഷനിൽ അപേക്ഷ നൽകിയത്. അന്ന് വൈകുന്നേരം പരിപാടികൾ ഇല്ലാതിരുന്നതിനാൽ നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച് ഫയൽ സെക്രട്ടറിയുടെ അടുത്തെത്തുകയും അദ്ദേഹം ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, ഫയൽ മേയറുടെ ഡെസ്‌കിലെത്തിയതോടെ തടഞ്ഞുവെച്ചു. തുടർന്ന് പോലീസിന്റെ അനുമതിക്കായി നൽകിയ അപേക്ഷയിലും തടസ്സങ്ങളുണ്ടായി.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷം കലാകാരന്മാരുടെ വികാരമാണ്. ഈ സാംസ്‌കാരിക ഇടം രൂപപ്പെടുത്തുന്നതിലും നിലനിർത്തുന്നതിലും കലാകാരന്മാർക്ക് വലിയ പങ്കുണ്ട്. സുഗതകുമാരി ടീച്ചർ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മാനവീയം വീഥി യാഥാർഥ്യമായത്. അതിന്റെ രജതജൂബിലി ആഘോഷിക്കാൻ കലാകാരന്മാർക്ക് അവകാശമുണ്ട്. അതിന് സർക്കാർ തന്നെ പരിപാടി സംഘടിപ്പിക്കണമെന്ന് നിർബന്ധമില്ല.
സമിതിയിൽ കോർപറേഷൻ പ്രതിനിധികൾ ഉണ്ടാകണമെന്ന മേയറുടെ വാദത്തിന് എന്താണ് നിയമപരമായ അടിസ്ഥാനം? അങ്ങനെയൊരു നിയമമുണ്ടോ? വിവിധ കൂട്ടായ്മകൾ മാനവീയം വീഥിയിൽ പരിപാടികൾ നടത്താറുണ്ട്. അപ്പോഴൊന്നും ഇത്തരം നിബന്ധനകൾ ഉണ്ടായിരുന്നില്ല. മാനവീയം വീഥി വലിയ ഓഡിറ്റോറിയങ്ങൾ വാടകയ്‌ക്കെടുക്കാൻ കഴിയാത്ത സാധാരണക്കാരായ കലാകാരന്മാർക്ക് കലാപ്രകടനങ്ങൾ നടത്താനുള്ള ഇടമാണ്. ആ സാംസ്‌കാരിക ഇടത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
പുഷ്പവതിക്ക് മാനവീയം വീഥിയിൽ പാടാൻ കഴിയാത്ത സാഹചര്യം നിർഭാഗ്യകരമാണ്. അവർക്ക് മറ്റ് പരിപാടികളുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളുണ്ട്. ഇവിടെ പാടിയതിന്റെ പേരിൽ കേസോ മറ്റ് നടപടികളോ നേരിടേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. കലാകാരന്മാരെ ഭയപ്പെടുത്തി മാറ്റിനിർത്തുന്ന സാഹചര്യം ഉണ്ടാകരുത്.
മാനവീയം വീഥിയിൽ ബിജെപിക്ക് രാഷ്ട്രീയ പരിപാടികൾ നടത്താമെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണം. എന്നാൽ, കലാകാരന്മാർ ഇവിടെ പ്രതികരിക്കുന്നത് കലയിലൂടെയാണ്. എല്ലാവർക്കും രാഷ്ട്രീയമുണ്ട്. ബഹുസ്വരതയും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യവുമാണ് മാനവീയം വീഥിയുടെ അടിസ്ഥാന സങ്കൽപ്പം.
ഈ വിഷയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. ജനപിന്തുണയോടെ ജനാധിപത്യപരമായും സമാധാനപരമായും എല്ലാ വഴികളിലൂടെയും പ്രതിഷേധം സംഘടിപ്പിക്കും. കലാകാരന്മാർ കലയിലൂടെ പ്രതികരിച്ചുകൊണ്ടേയിരിക്കും, രഘൂത്തമൻ കൂട്ടിച്ചേർത്തു.
Content Highlights: Thiruvananthapuram Corporation imposed restrictions on Manaveeyam Veedhi due to unauthorized events and rising clashes., Mayor VV Rajesh clarified that permission was denied to an unverified committee, not to genuine artists., Cultural activists and committees argue that restrictions infringe upon the freedom of artistic expression in public spaces.
Published: 16 Nov 2026, 11:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented