തിരുവനന്തപുരം: രണ്ടാംഘട്ട പട്ടിക പ്രഖ്യാപനത്തോടെ ചൊവ്വാഴ്ച സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. യുഡിഎഫിൽ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് വിഭാഗങ്ങളുമായാണ് തർക്കം ബാക്കിയുള്ളത്.

To advertise here,

മുസ്‌ലിം ലീഗ് അഞ്ച് വാർഡിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതിൽ ബീമാപള്ളി വാർഡ് ഇല്ലാതായി. കഴിഞ്ഞതവണ മത്സരിച്ച വാർഡുകൾ വെച്ചുമാറി ചാല, കമലേശ്വരം, പുത്തൻപള്ളി വാർഡുകൾ നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.

ജേക്കബ് വിഭാഗത്തിന് കഴിഞ്ഞ തവണ മത്സരിച്ച വലിയവിളയ്ക്കു പകരം മറ്റൊരു വാർഡ് വേണം. കഴിഞ്ഞതവണ മത്സരിക്കാത്ത ജോസഫ് വിഭാഗം അഞ്ച് വാർഡുകളാണ് ആവശ്യപ്പട്ടിരിക്കുന്നത്. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഏറെ മുന്നിലെത്തിയ കോൺഗ്രസിന് ഇതിൽ പല വാർഡുകളും വിട്ടുനൽകാനാവാത്ത സ്ഥിതിയാണ്‌.

ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കോർ കമ്മിറ്റിയും മുസ്‌ലിം ലീഗുമായി ചർച്ചയുണ്ട്. ഈ ചർച്ചയിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ കോൺഗ്രസിന്റെ ബാക്കി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാണ് ശ്രമം.

പാർട്ടി നൽകുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും- കെ.എസ്.ശബരീനാഥൻ

കവടിയാർ വാർഡിൽനിന്ന് കോർപ്പറേഷനിലേക്ക് മത്സരിക്കാനുള്ള ഉത്തരവാദിത്വം സന്തോഷത്തോടെയും വിനയത്തോടെയും ഏറ്റെടുക്കുന്നതായി കെ.എസ്.ശബരീനാഥൻ. തനിക്ക് എല്ലാം നൽകിയത് പാർട്ടിയാണെന്നും ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സീറ്റ് നേടി കോർപ്പറേഷൻ ഭരണം നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആശ പ്രവർത്തകർ മുതൽ ടെക്കികളും വിദ്യാർഥികളും വരെയുള്ളവർ ഉൾപ്പെടുന്ന മികച്ച സ്ഥാനാർഥിപ്പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും ശബരീനാഥൻ പറഞ്ഞു.

ആർഎസ്‌പി അഞ്ച് വാർഡിൽ മത്സരിക്കും

തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്‌പി അഞ്ച് വാർഡിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ അഞ്ച് വാർഡുകളിൽ മത്സരിച്ച പാർട്ടി ഇത്തവണ ആറ് വാർഡുകളാണ് ആവശ്യപ്പെട്ടിരുന്നത്. ആർ.എസ്.മായ(കുറവൻകോണം), ദേവികാ സുനിൽ(കരിക്കകം), ബി.ഷീജ(അമ്പലത്തറ), സിമി എസ്.ശിവൻ(പുഞ്ചക്കരി), എസ്.സത്യലാൽ(ആറ്റിപ്ര) എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ യുഡിഎഫിന്റെ 55 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

നേമത്ത് കോൺഗ്രസ് വിമതർ രംഗത്ത്

നേമം: നേമം മണ്ഡലത്തിൽ കോൺഗ്രസ് വിമതർ പാർട്ടി സ്ഥാനാർഥികൾക്കെതിരേ മത്സരത്തിനൊരുങ്ങുന്നു. അർഹരായവർക്ക് സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമായി ഒരുവിഭാഗം കുറെ നാളുകളായി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുമായി സഹകരിക്കാതെ ഇന്ദിരാജി സെന്റർ നേമം എന്ന പേരിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു വരുകയാണ്. നേമം, എസ്റ്റേറ്റ്, പൊന്നുമംഗലം എന്നീ മൂന്ന് വാർഡുകളിൽ വിമത സ്ഥാനാർഥികളുടെ ചിത്രംവെച്ച് സ്വാഗത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.