തിരുവനന്തപുരം: ജില്ലയിലെ 73 ഗ്രാമപ്പഞ്ചായത്തുകളിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 36 എണ്ണത്തിൽ എൽഡിഎഫിനും 31ൽ യുഡിഎഫിനും അഞ്ചെണ്ണത്തിൽ എൻഡിഎയ്ക്കും ഭരണസമിതി ലഭിച്ചു.

To advertise here,

പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണത്തിൽ യുഡിഎഫും അഞ്ചെണ്ണത്തിൽ എൽഡിഎഫും അധ്യക്ഷസ്ഥാനങ്ങളിലെത്തി. യുഡിഎഫും എൽഡിഎഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ചപ്പോൾ ഏറ്റവും വലിയ കക്ഷിയായിട്ടും കല്ലിയൂർ പഞ്ചായത്ത് ബിജെപിക്കു ലഭിച്ചില്ല.

പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതിലെ തർക്കത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് രാജിവെച്ചു. നാവായിക്കുളം പഞ്ചായത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കാരണം പാർട്ടിയിലെ മെമ്പർമാർതന്നെ രണ്ടു വിഭാഗമായി തിരിഞ്ഞാണ് മത്സരിച്ചത്. ഇതിൽ ഒരു വിഭാഗത്തിന് സിപിഎം പിന്തുണ നൽകി. ഇവരാണ് വിജയിച്ചത്.

പത്തോളം പഞ്ചായത്തുകളിൽ നറുക്കെടുപ്പോ സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയോ വേണ്ടിവന്നു അധ്യക്ഷൻമാരെ നിശ്ചയിക്കാൻ. അഞ്ചുതെങ്ങിൽ എൽഡിഎഫ്- ഏഴ്, യുഡിഎഫ്- ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെ യുഡിഎഫ് അധ്യക്ഷസ്ഥാനം നേടി. ചെമ്മരുതിയിൽ എൽഡിഎഫ്- ഒൻപത്, യുഡിഎഫ്- ഒൻപത്, എൻഡിഎ- ഒന്ന്, ബിഎസ്പി- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിഎസ്പി പിന്തുണച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.

കുന്നത്തുകാലിൽ യുഡിഎഫിനും എൽഡിഎഫിനും പത്ത് വീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടി. മംഗലപുരത്ത് എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രൻ പ്രസിഡന്റായപ്പോൾ പുല്ലമ്പാറയിൽ സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് അധ്യക്ഷസ്ഥാനത്തെത്തി.

വെമ്പായത്ത് യുഡിഎഫിനും എൽഡിഎഫിനും തുല്യമായിരുന്നു സീറ്റുകൾ. യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെ എൽഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ചു. അതിയന്നൂരിൽ നറുക്കെടുപ്പിലൂടെ എൻഡിഎ അധികാരത്തിലെത്തിയപ്പോൾ വെങ്ങാനൂരിൽ നറുക്കെടുപ്പിലെ ഭാഗ്യം തുണച്ചത് എൽഡിഎഫിനെയാണ്. വിളവൂർക്കലിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി.