
നേമം(തിരുവനന്തപുരം): കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി എസ്.ശൈലജ നറുക്കെടുപ്പിലൂടെ വിജയിച്ചു.
പഞ്ചായത്തിൽ വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർഥിക്കെതിരേയാണ് സിപിഎമ്മിന്റെ നീക്കം വിജയിച്ചത്. സ്വതന്ത്രയായി മത്സരിച്ച യുഡിഎഫ് വിമത അംഗം കാക്കമൂല ബിജുവിനെയും ഒപ്പംകൂട്ടിയാണ് ഓഫീസ് വാർഡിൽനിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ശൈലജയെ പ്രസിഡന്റ് സ്ഥാനത്തേക്കു എൽഡിഎഫ് പിന്തുണച്ചത്.
24 വാർഡുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ പത്ത് സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായ ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിക്കുമെന്ന പ്രതീക്ഷ നിലനിർത്തിയിരുന്നു. ഇതിനിടെയാണ് എട്ട് സീറ്റുകൾ നേടിയ എൽഡിഎഫ് രണ്ടു സ്വതന്ത്രരേയും കൂട്ടി ബിജെപിക്കെതിരേ കരുനീക്കം നടത്തിയത്.
നേരത്തേ 2015ൽ ഇതേ വാർഡിൽ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ചിട്ടുള്ള ശൈലജ അഞ്ചു വർഷം ബിജെപി ഭരണസമിതിക്കു പിന്തുണ നൽകി വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുമുൻപ് ഭർത്താവ് സുരേഷ് ബാബുവും മൂന്നുതവണ സ്വതന്ത്രനായിനിന്നു തുടർച്ചയായി വിജയിച്ച വാർഡായിരുന്നു ഓഫീസ് വാർഡ്. ഒരിടവേളയ്ക്കുശേഷമാണ് ഓഫീസ് വാർഡിൽനിന്ന് ഇത്തവണ ശൈലജ തിരഞ്ഞെടുക്കപ്പെടുന്നത്.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതനായ കാക്കമൂല ബിജു വിജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും സ്വതന്ത്രയും ബിജുവിനെ പിന്തുണച്ചതോടെ ബിജെപിക്കുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച എം. ജയകുമാർ പരാജയപ്പെടുകയായിരുന്നു.
പുതുതായി രൂപവത്കരിച്ച മൂന്ന് വാർഡുകൾ ഉൾപ്പെടെ 24 സീറ്റുകളിൽ നടന്ന മത്സരത്തിൽ ബിജെപി പത്ത് സീറ്റിലും എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് നാല് സീറ്റിലും സ്വതന്ത്രനും യുഡിഎഫ് വിമതനും ഓരോ സീറ്റിലുമാണ് വിജയിച്ചത്.
കക്ഷിനില
• ബിജെപി- 10
• എൽഡിഎഫ്- 8
• യുഡിഎഫ്- 4
• മറ്റുള്ളവർ- 2
Content Highlights: Independent candidate S. Shailaja won the Kalliyoor Grama Panchayat President post via lucky draw, with LDF support. BJP`s hopes dashed. Get details here!
Published: 28 Dec 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented