
തിരുവനന്തപുരം: വനിതാ സംവരണമായ തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിൽ സിപിഎമ്മിലെ വി. പ്രിയദർശിനി പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആഗ്നസ് റാണിയെയാണ് അവർ പരാജയപ്പെടുത്തിയത്.
കല്ലമ്പലം ഡിവിഷനിൽനിന്നു വിജയിച്ച പ്രിയദർശിനി സിപിഎം വർക്കല ഏരിയാ കമ്മിറ്റിയംഗമാണ്. നാവായിക്കുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ബി.പി. മുരളിയാണ് വൈസ് പ്രസിഡന്റ്.
ആകെ 28 സീറ്റുള്ള ജില്ലാപ്പഞ്ചായത്തിൽ ഇടതുമുന്നണിയുടെ 15 വോട്ടുകൾ വി.പ്രിയദർശിനിക്കും മുരളിക്കും ലഭിച്ചു. ജില്ലാ കളക്ടർ അനുകുമാരി, വി.പ്രിയദർശിനിയെ പ്രസിഡന്റായി പ്രഖ്യാപിച്ചു. തുടർന്ന് ദൃഢപ്രതിജ്ഞ ചൊല്ലി അവർ അധികാരമേറ്റു. എസ്ഐആർഡി ഫാക്കൽറ്റി, ശുചിത്വ മിഷൻ-ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, ജില്ലാ ആസൂത്രണ സമിതിയംഗം എന്നീ നിലകളിൽ വി. പ്രിയദർശിനി പ്രവർത്തിച്ചിട്ടുണ്ട്.
യുഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച ആഗ്നസ് റാണിക്ക് 13 വോട്ട് ലഭിച്ചു. ബിജെപിക്ക് ജില്ലാപ്പഞ്ചായത്തിൽ അംഗങ്ങളില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് സജിത്ത് മുട്ടപ്പലമാണ്.
വൈസ് പ്രസിഡന്റ് ബി.പി. മുരളിക്ക് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ ബി.പി. മുരളി വഹിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടരവർഷത്തേക്ക് സിപിഎമ്മും തുടർന്ന് സിപിഐയും പങ്കിടാനാണ് എൽഡിഎഫിലെ ധാരണ.
ജില്ലാപ്പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ഡി.കെ. മുരളി, ജി.സ്റ്റീഫൻ, മുൻ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ജില്ലാപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രിയദർശിനി ജനങ്ങളുടെ പ്രിയങ്കരി
തിരുവനന്തപുരം: ബാലവേദി മുതൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു വി.പ്രിയദർശിനി. കഴിഞ്ഞ തവണ ഭരണസമിതിയിൽ മണമ്പൂർ ഡിവിഷനിൽനിന്ന് 6275 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രിയദർശിനി ജില്ലാപ്പഞ്ചായത്തംഗമായി. ഇത്തവണ കല്ലമ്പലം ഡിവിഷനിൽനിന്ന് 3824 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ ലിസ നിസാമിനെ തോല്പിച്ചുകൊണ്ടായിരുന്നു രണ്ടാംവരവ്.
പാർട്ടിയുടെ പ്രവർത്തനങ്ങളിലെല്ലാം മുൻനിരയിൽത്തന്നെ പ്രിയദർശിനിയുണ്ടായിരുന്നു. രണ്ടാം തവണയും വിജയിച്ചെത്തിയതോടെ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പാർട്ടിയുടെ ആദ്യ നിർദേശം പ്രിയദർശിനിയായിരുന്നു.
നിലവിൽ സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷൻ വർക്കല ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിലിന്റെ വർക്കല താലൂക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കുടുംബശ്രീ ചെയർപേഴ്സൺ, എസ്‌ഐആർഡി ഫാക്കൽറ്റി, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, നവകേരള മിഷൻ തുടങ്ങിയവയിൽ റിസോഴ്സ് പേഴ്സൺ എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതിയിൽ പ്ലാനിങ് കമ്മിറ്റി അംഗമായിരുന്നു. വടശ്ശേരിക്കോണം അരുണോദയത്തിൽ ആർ.വി.ദേവിന്റെയും ചന്ദ്രമതിയുടെയും മകളാണ്. ഭർത്താവ്: പി.അരുളീദാസ്. മക്കൾ: അഥീന പി.ദാസ്, അഗ്രജ് പി.ദാസ്.
Content Highlights: V. Priyadarshini of CPM takes charge as Thiruvananthapuram District Panchayat President, defeating UDF`s Agnes Rani. Learn more about her background and the election results.
Published: 28 Dec 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented